എഞ്ചിനീയറിങ്ങിൽ നിന്ന് സോഷ്യലിസത്തിലൂടെ ബിഹാറിന്റെ സോഷ്യൽ എഞ്ചിനീയറിങ്ങിലേക്ക് : നിതീഷ് കുമാറിന്റെ രാഷ്ട്രീയം

By Web TeamFirst Published Nov 11, 2020, 12:34 PM IST
Highlights

കൊവിഡ് കടുത്ത സാഹചര്യത്തിൽ ഇത്തവണ ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു തെരഞ്ഞെടുപ്പായിരുന്നു നിതീഷ് കുമാറിന് നേരിടേണ്ടി വന്നത്. 

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി നാലു വർഷങ്ങൾക്കു ശേഷം, പട്നയിൽ നിന്ന് അമ്പത് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ബക്തിയാർപൂർ  എന്ന ചെറു പട്ടണത്തിൽ, 1951 മാർച്ച് ഒന്നാം തീയതിയാണ് നിതീഷ് കുമാർ ജനിച്ചത്. ഇന്ത്യക്ക് ഇന്ന് അദ്ദേഹം ബിഹാറിനെ പതിനഞ്ചുകൊല്ലം അടക്കിഭരിച്ച മുഖ്യമന്ത്രിയാണെങ്കിലും ബക്തിയാർപൂർകാർക്ക് അദ്ദേഹം ഇന്നും അവരുടെ പ്രിയപ്പെട്ട മുന്നയാണ്. അച്ഛൻ രാം ലഖൻ സിംഗ്  ബക്തിയാർപൂരിലെ അറിയപ്പെടുന്ന ആയുർവേദ ഭിഷഗ്വരനായിരുന്നു. അച്ഛന്റെ ഔഷധശാലയിൽ നിതീഷും സഹായിക്കാൻ  ചെന്ന് ഇരിക്കുമായിരുന്നു. അച്ഛന്റെ നിർദ്ദേശാനുസാരം രോഗികൾക്കുള്ള കഷായവും ചൂർണവുമെല്ലാം നിർമ്മിച്ചുനൽകിയിരുന്നു നിതീഷ് അന്നൊക്കെ. 

 

എഴുപതുകളിൽ ദിലീപ്കുമാറും, രാജ്‌കുമാറും, മനോജ് കുമാറും, കിഷോർ കുമാറുമെല്ലാം ബോളിവുഡിൽ നിറഞ്ഞാടിയിരുന്ന സമയത്ത്, രാഷ്ട്രീയ നഭസ്സിലെ ഒരേയൊരു 'കുമാറാ'യിരുന്നു അന്ന് നിതീഷ് കുമാർ. 1972 -ൽ, ബിഹാർ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ(ഇന്നത്തെ എൻഐടി പട്ന) നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദം നേടുന്ന നിതീഷ്, അന്നത്തെ BSEB -ൽ ചേരുന്നു. 1973 -ൽ അദ്ദേഹം മഞ്ജു കുമാരി സിൻഹയെ വിവാഹം കഴിക്കുന്നു. ആ ബന്ധത്തിൽ അദ്ദേഹത്തിന് രണ്ടു കുട്ടികളുണ്ട്. മകൻ നിഷാന്ത് എഞ്ചിനീയർ ആണ്, രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാതെ എഞ്ചിനീയറിങ് മേഖലയിൽ തന്നെ ഉദ്യോഗം ചെയ്യുകയാണ് നിഷാന്ത്. അധികാര സ്ഥാനങ്ങളിൽ നിന്ന് തന്റെ മക്കളെ മാത്രമല്ല, ബന്ധുക്കളെപ്പോലും ദൂരെ നിർത്തുന്ന പ്രകൃതമായിരുന്നു നിതീഷ് കുമാറിന്റെത്.

ബിഹാർ ഇലക്ട്രിസിറ്റി ബോർഡിലെ എഞ്ചിനീയറുടെ ജോലിയിൽ, മനസ്സില്ലാമനസ്സോടെ ഏർപ്പെട്ടുകൊണ്ടിരുന്ന നിതീഷ് എന്ന രാഷ്ട്രീയ ജീവി, അത് പാതിവഴി ഉപേക്ഷിച്ചിട്ടാണ് ഇന്ദിരാഗാന്ധിക്കെതിരെ ജെപി തുടങ്ങിവെച്ച ബിഹാർ പ്രക്ഷോഭത്തിലേക്ക് എടുത്തുചാടുന്നത്.  ജെപിയുടെ ശിഷ്യനെന്ന നിലയിൽ, റാം മനോഹർ ലോഹ്യയുമായി സഹവാസത്തിനു യോഗം സിദ്ധിച്ച ഭാഗ്യവാനെന്ന നിലയിൽ തികഞ്ഞൊരു സോഷ്യലിസ്റ്റ് ആയിട്ടാണ് നിതീഷ് കുമാർ രാഷ്ട്രീയത്തിൽ തുടക്കം കുറിക്കുന്നത്. 1974 -77 കാലത്ത് ജെപിക്കൊപ്പം നിയയുറപ്പിച്ചു പോരാടിയിട്ടുണ്ട് നിതീഷ്. തുടർച്ചയായ 19 മാസക്കാലം  അതിനു ശേഷം സത്യേന്ദ്ര നാരായൺ സിൻഹ ബീഹാർ ജനതാ പാർട്ടി രൂപീകരിച്ചപ്പോൾ നിതീഷ് അതിന്റെ ഭാഗമായി. 

 

 

1989 -ൽ, ബാഡ് മണ്ഡലത്തിൽ നിന്നും മത്സരിച്ചു ജയിച്ച്,  ആദ്യമായി പാർലമെന്റിൽ എത്തുന്നു നിതീഷ് കുമാർ.1989 -ൽ തന്നെ വിപിസിങ്ങിന്റെ മന്ത്രി സഭയിലെ കൃഷിവകുപ്പ് മന്ത്രിയായി നിതീഷ് കുമാർ. 1994 -ൽ ഇദ്ദേഹം ജോർജ് ഫെർണാണ്ടസുമായി ചേർന്ന് സമതാ പാർട്ടി എന്നൊരു പാർട്ടി ഉണ്ടാക്കുന്നു. 1997 -ൽ ലാലുവിനെതിരെ കാലിത്തീറ്റ കുംഭകോണം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ജനതാദളിൽ ശരദ് യാദവ് ഇടയുന്നു. ലാലു രാഷ്ട്രീയ ജനതാ ദൾ (RJD) ഉണ്ടാക്കി വേറിട്ടുപോകുന്നു. പിന്നീട് 2003 -ൽ ശരദ് യാദവിന്റെ ജനതാദളും, സമതാപാർട്ടിയിലെ ബഹുഭൂരിപക്ഷം പേരും ചേർന്ന് ലയിച്ച് ഒരൊറ്റ പാർട്ടിയായതാണ് ജനതാദൾ യുണൈറ്റഡ് അഥവാ ജെഡിയു. അതിന്റെ ഭാഗമാണ് ഇന്നും നിതീഷ് കുമാർ.

 1998-99 കാലത്ത് വാജ്‌പേയി സർക്കാരിൽ റെയിൽവേയ്സ്, ഗതാഗത മന്ത്രിയായിരുന്നു നിതീഷ്. പിന്നീട് കൃഷിവകുപ്പിലും മന്ത്രിപദം അലങ്കരിച്ചു. 1999 -ൽ ഗെയ്സലിൽ മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ട്രെയിനപകടം ഉണ്ടായപ്പോൾ മന്ത്രി എന്ന നിലയിൽ അതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് കുമാർ രാജിവെച്ചിറങ്ങുന്നു. 2001 -ൽ വീണ്ടും  റെയിൽവേ മന്ത്രിയായി തിരിച്ചുവരുന്നു. ഇത്തവണ 2004 മെയ് വരെ തുടരുന്നു. 

2000 -ൽ വെറും ഏഴുദിവസത്തേക്ക് ഒന്ന് ബിഹാർ മുഖ്യമന്ത്രിയാകുന്നുണ്ട് നിതീഷ്. അന്ന്  ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാഞ്ഞതുകൊണ്ട് ഒരാഴ്ച പോലും തികയ്ക്കാതെ ഇറങ്ങിപ്പോരേണ്ടി വന്നു എങ്കിലും, ലാലു പ്രസാദ് യാദവിന്റെ അനിഷേധ്യ നേതൃത്വത്തിന്, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു പ്രധാന എതിരാളിയായി ബിഹാറിൽ നിതീഷ് കുമാർ അതോടെ രംഗത്തെത്തി. അഞ്ചുവർഷത്തിനു ശേഷം, 2005 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി-ജെഡിയു സഖ്യം ലാലുപ്രസാദിന്റെ രാഷ്ട്രീയ ജനതാ ദളിനെ തോൽപ്പിക്കുന്നു, നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നു. 2010 -ൽ വീണ്ടും ജയിച്ചു മുഖ്യമന്ത്രി ആകുന്നു എങ്കിലും,  നരേന്ദ്ര മോദിയെ എൻഡിഎ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നു. 2015 -ലെ തെരഞ്ഞെടുപ്പിൽ ആർജെഡി-കോൺഗ്രസ് സഖ്യത്തിൽ വീണ്ടും മത്സരിച്ച് മുഖ്യമന്ത്രി പദം നിലനിർത്തുന്നു. 2017 -ൽ ആർജെഡിയുമായുള്ള കൂട്ടുവെട്ടി വീണ്ടും എൻഡിഎയുടെ കൂടെ സഖ്യമുണ്ടാക്കുന്നു. അങ്ങനെ സഖ്യങ്ങൾ മാറിയും മറിഞ്ഞും കഴിഞ്ഞ പതിനഞ്ചു വർഷമായി നിതീഷ് കുമാർ തന്നെയാണ് ബിഹാറിന്റെമുഖ്യമന്ത്രി പദത്തിൽ. 

 

 

തന്റെ ഭരണത്തെ വിമർശിക്കുന്നവരോട് നിതീഷ് പറയുന്നത്, അതിനെ അതിനു മുമ്പുള്ള പതിനഞ്ചു വർഷക്കാലം, അതായത് 1990 തൊട്ട് 2005 വരെ ലാലു-റാബ്രി ഗവൺമെന്റുകൾ ഭരിച്ച ജംഗൽരാജിനോട് താരതമ്യം ചെയ്യാനാണ്.  കൊവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകളുടെ പേരിൽ പ്രതിപക്ഷത്തുള്ളവരുടെ നിരന്തര വിമർശനങ്ങൾക്ക് നിതീഷ് ഇരയായിരുന്നു. അങ്ങനെ നോക്കുമ്പോൾ, കൊവിഡ് കടുത്ത സാഹചര്യത്തിൽ ഇത്തവണ ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു തെരഞ്ഞെടുപ്പായിരുന്നു നിതീഷ് കുമാറിന് നേരിടേണ്ടി വന്നത്. ശത്രുപക്ഷത്തുനിന്ന് തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ഉയർന്ന വെല്ലുവിളികളെ ഏറെക്കുറെ അതിജീവിക്കാൻ നിതീഷ് കുമാറിനും, ഇത്തവണ സഖ്യത്തിലുള്ള എൻഡിഎക്കും കഴിഞ്ഞിരിക്കുന്നു എന്നുതന്നെയാണ് ഈ ഘട്ടത്തിൽ പറയാൻ സാധിക്കുക. 

click me!