കൊവിഡ് 19 -നെതിരായ ഭാരതത്തിന്റെ വജ്രായുധം തയ്യാറാക്കിയ ജീനിയസ് വൈറോളജിസ്റ്റ് , ഡോ.മീനൽ ദഖാവേ ഭോസലേ

By Web TeamFirst Published Mar 29, 2020, 5:48 AM IST
Highlights

ഇറക്കുമതി ചെയുന്ന കിറ്റുകൾ ഫലം വരാൻ 6-7  മണിക്കൂറെങ്കിലും എടുക്കുമ്പോൾ, മൈലാബ് ഡിസ്കവറിയുടെ കിറ്റുകൾ രണ്ടരമണിക്കൂറിനുള്ളിൽ ഫലം തരും.

കൊവിഡ് 19 ടെസ്റ്റിംഗിന്റെ കാര്യത്തിൽ ഇന്ത്യ ദക്ഷിണ കൊറിയക്കും, അമേരിക്കക്കും, ജർമനിക്കും ഒരുപാട് പിറകിലാണ് എന്നൊരു വിമർശനം ഇപ്പോൾ ഉയരുന്നുണ്ട്. അതുകൊണ്ടു മാത്രമാണ് ഇന്ത്യയിലെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ഇത്രകണ്ട് കുറഞ്ഞിരിക്കുന്നത് എന്നും അഭിപ്രായമുണ്ട്. ഇവിടുത്തെ പരിശോധനകൾ, വേണ്ടത്ര ടെസ്റ്റിങ് കിറ്റുകൾ ലഭ്യമല്ലായിരുന്നു എന്ന സാങ്കേതികത്വത്തിൽ കുരുങ്ങിയാണ് വൈകിയിരുന്നത് ഇതുവരെ. അത്, ഇനി മാറാൻ പോവുകയാണ്. ഒരു വനിതാ വൈറോളജിസ്റ്റ് അഹോരാത്രം നടത്തിയ ഭഗീരഥപ്രയത്നം ഒടുവിൽ ഫലം കണ്ടിരിക്കുന്നു. പൂർണമായും ഇന്ത്യയിൽ തന്നെ  നിർമിച്ച ആദ്യത്തെ 'മേക്ക് ഇൻ ഇന്ത്യ' കൊറോണാ വൈറസ് ടെസ്റ്റ് കിറ്റ് വിപണിയിൽ ഇറങ്ങിയിരിക്കുകയാണ്. അത് ഫ്ലൂവിന്റെ ലക്ഷണങ്ങളോട് കൂടി വരുന്ന രോഗികളിൽ കൊവിഡ് 19 ബാധയുണ്ടോ എന്ന് വളരെ കുറഞ്ഞ ചെലവിൽ, താരതമ്യേന കുറഞ്ഞ സമയം കൊണ്ട് കണ്ടെത്താൻ സഹായിക്കുന്ന ഒരു പരിശോധനാ രീതിയാണ്. 

 

ഈ ടെസ്റ്റ് കിറ്റ് മാർക്കറ്റിൽ എത്തിയത്. ഇത് വിജയകരമായി പ്രയോഗിക്കാനായാൽ രാജ്യത്ത് നടക്കുന്ന കൊറോണയ്ക്കെതിരായ പോരാട്ടം ഇപ്പോൾ നടക്കുന്നതിനേക്കാൾ ഏറെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരിന് ആകും. കൊറോണയ്ക്കെതിരായ യുദ്ധത്തിന്റെ ആദ്യ പടി എന്നത് രോഗബാധിതരെ എത്രയും പെട്ടെന്ന് ടെസ്റ്റ് ചെയ്ത് കണ്ടെത്തുക, അവരെ ജനസാമാന്യത്തിൽ നിന്ന് അകറ്റി ഐസൊലേഷനിൽ പാർപ്പിച്ച് ചികിത്സിക്കുക, അവരുമായി സമ്പർക്കത്തിൽ വന്നവരെ ഹോം ക്വാറന്റൈനിൽ നിർത്തി നിരീക്ഷിക്കുക, അവരെയും എത്രയും പെട്ടെന്ന് ടെസ്റ്റിംഗിന് വിധേയരാക്കി, അവരിലുമുണ്ടാകാൻ സാധ്യതയുള്ള അസുഖബാധ സ്ഥിരീകരിക്കുക. വീണ്ടും ഇതേ നടപടിക്രമങ്ങൾ തന്നെ ആവർത്തിക്കുക എന്നതാണ്. അതിന് ആദ്യം വേണ്ടത് ചെലവുകുറഞ്ഞ, പെട്ടെന്ന് ഫലം തരുന്ന ഒരു തദ്ദേശീയ പരിശോധനാ മാർഗമാണ്. പുതിയ ടെസ്റ്റിങ് കിറ്റ് ലഭ്യമാകുന്നതും അതുതന്നെയാണ്.

 

പുണെ നഗരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൈലാബ് ഡിസ്കവറി എന്ന സ്വകാര്യ ഗവേഷണ സ്ഥാപനമാണ് ഈ കൊറോണാ ടെസ്റ്റിങ് കിറ്റിന് പേറ്റന്റ് എടുത്തിട്ടുള്ളത്. അതിന് വേണ്ട ഫുൾ അപ്പ്രൂവൽ കിട്ടിക്കഴിഞ്ഞു. ആദ്യബാച്ചിൽ നിർമിച്ച 150 ടെസ്റ്റിംഗ് കിറ്റുകൾ അവർ പുണെ, മുംബൈ, ഡൽഹി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ ലാബുകളിലേക്ക് കൊടുത്തയച്ചും കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് അവധി നൽകാതെ 24X7 പ്രവർത്തിപ്പിക്കുകയാണ് അവരുടെ നിർമാണശാല. അടുത്ത ബാച്ച് തിങ്കളാഴ്ചയ്ക്ക് തയ്യാറാകും എന്ന് മൈലാബിന്റെ മെഡിക്കൽ അഫയേഴ്‌സ് ഡയറക്ടർ ഡോ. ഗൗതം വാംഖഡെ മാധ്യമങ്ങളോട് പറഞ്ഞു.

മോളിക്കുലാർ ടെസ്റ്റിങ് രംഗത്തെ അറിയപ്പെടുന്ന സ്ഥാപനമായ മൈലാബ് ഡിസ്കവറി ഇപ്പോൾ തന്നെ HIV , ഹെപ്പറ്റിറ്റിസ് ബി, സി തുടങ്ങിയവയ്ക്കുള്ള ടെസ്റ്റുകൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമിച്ച് വിതരണം ചെയ്യുന്നുണ്ട്. ആവശ്യം വരുന്ന പക്ഷം, രണ്ടു ലക്ഷം കൊവിഡ് 19 കിറ്റുകൾ ആഴ്ച തോറും നിർമിക്കാനുള്ള ശേഷി മൈലാബിന്റെ ഫാക്ടറിക്കുണ്ട് എന്നും ഡോ. വാംഖഡെ പറഞ്ഞു. ഒരു മൈലാബ് കിറ്റിൽ നൂറു സാമ്പിളുകൾ പരിശോധിക്കാം. ഒരു കിറ്റിന് 1200 രൂപ മാത്രമാണ് വില. ഇപ്പോൾ നമ്മൾ സമാനമായ ഇറക്കുമതി ചെയ്ത കിറ്റിന് കൊടുക്കുന്നത് 4500 രൂപയാണ്. അതായത് പുതിയ കിറ്റിന്റെ വില നാലിൽ ഒന്ന് മാത്രമാണ് എന്ന് സാരം.

 ആദ്യം കിറ്റിന്റെ ഡെലിവറി, പിന്നെ സ്വന്തം പ്രസവം...
 
"ഞങ്ങളുടെ കിറ്റുപയോഗിച്ചാൽ രണ്ടര മണിക്കൂറിനുള്ളിൽ ഫലം വരും. ഇറക്കുമതി ചെയ്ത ടെസ്റ്റിങ് കിറ്റുകൾക്ക് ചുരുങ്ങിയത് 6-7  മണിക്കൂറെങ്കിലും എടുക്കും ഫലം വരാൻ. " ഈ ഉത്പന്നത്തിനു പിന്നിൽ പ്രവർത്തിച്ച തലച്ചോർ, ഡോ. മീനൽ ഡാഖ്‌വേ ഭോസ്‌ലെ അറിയിച്ചു. മൈലാബിന്റെ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് വിഭാഗം മേധാവിയാണ് ഡോ. മീനൽ. 'പാത്തോ ഡിറ്റക്റ്റ്' എന്ന വ്യാപാരനാമത്തിൽ പുറത്തിറങ്ങുന്ന കിറ്റ്, അതിന്റെ പ്രതീക്ഷിത സമയത്തിനും മുമ്പാണ് ഗവേഷണം പൂർത്തിയാക്കി അന്തിമോല്പന്നത്തിലേക്ക് എത്തിയത്. മൂന്നോ നാലോ മാസം വേണ്ടി വരുമെന്നു കരുതിയിരുന്ന കിറ്റ് വെറും ആറാഴ്ച കൊണ്ട് നിർമ്മിച്ചെടുക്കുകയായിരുന്നു.

 

ടെസ്റ്റിങ് കിറ്റിന്റെ ഗവേഷണത്തിന്റെ ഡെഡ് ലൈനിനോടൊപ്പം ഡോ.മീനലിന്റെ മുന്നിൽ  മറ്റൊരു വ്യക്തിഗത ഡെഡ്‌ലൈനും ഉണ്ടായിരുന്നു. അത്, സ്വന്തം വയറ്റിൽ വളരുന്ന കുരുന്നിന്റെ പ്രസവത്തിനുള്ള ഡോക്ടർമാർ കുറിച്ച് നൽകിയ തീയതി ആയിരുന്നു. കഴിഞ്ഞാഴ്ച അതും വന്നു, അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഫെബ്രുവരിയിൽ പൂർണ്ണഗർഭിണിയായിരിക്കെ ആണ് ഡോ. മീനൽ കൊറോണാ ടെസ്റ്റിങ് കിറ്റ് ഗവേഷണം എന്നും പറഞ്ഞ് ഇറങ്ങിപ്പുറപ്പെടുന്നത്. "വല്ലാത്തൊരു എമർജൻസി സാഹചര്യം ആയിരുന്നു. രാജ്യത്തിനുവേണ്ടി വല്ലതുമൊക്കെ ചെയ്യാൻ കിട്ടിയ സാഹചര്യം. അത് ഞാനൊരു വെല്ലുവിളിയായി ഏറ്റെടുത്തു. " അവർ പറഞ്ഞു. ആഴ്ചകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ടെസ്റ്റ് കിറ്റിന്റെ പ്രോട്ടോ ടൈപ്പ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പരിഗണനനയ്ക്കായി സമർപ്പിക്കുമ്പോൾ, പ്രസവിക്കാൻ ഒരാഴ്ച മാത്രം സമയമാണ് ബാക്കിയുണ്ടായിരുന്നത് മീനലിന്.

സിസേറിയൻ നടത്താൻ വേണ്ടി ആശുപത്രിയിലേക്ക് അഡ്മിറ്റ് ചെയ്യപ്പെടുന്നതിന് മണിക്കൂറുകൾ മാത്രം മുമ്പാണ് ഡോ. മീനൽ തന്റെ സ്ഥാപനത്തിന് വേണ്ടി, വ്യാവസായികമായി നിർമിക്കാനുള്ള അനുമതി തേടി, FDA, ഡ്രഗ്സ് കൺട്രോൾ അതോറിറ്റി തുടങ്ങിയവയ്ക്ക് മുന്നിൽ ഈ ഉത്പന്നം അവതരിപ്പിക്കുന്നത്. " ഇത് ഞങ്ങളുടെ അഭിമാനത്തിന്റെ പ്രശ്നമായിരുന്നു. ഒട്ടും സമയമില്ലായിരുന്നു കയ്യിൽ. അനുനിമിഷം ആളുകൾ മരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വല്ലാത്ത സമ്മർദമായിരുന്നു ഞങ്ങളുടെ റിസർച്ച് ടീമിന്റെ മുകളിൽ, എങ്കിലും അവർ വിജയിക്കുക തന്നെ ചെയ്തു." ഡോ. ഗോഖലെ പറഞ്ഞു. 

അംഗീകാരത്തിനായി സമർപ്പിക്കുന്നതിനു മുമ്പ് തങ്ങൾ തെരഞ്ഞെടുത്ത പരാമീറ്ററുകൾ അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് എന്ന് പലകുറി മൈ ലാബ് പരിശോധിച്ച് ഉറപ്പിച്ചു. " ഒരേ സാമ്പിളിന്മേൽ പത്ത് കിറ്റ് വെച്ച് ടെസ്റ്റ് ചെയ്‌താൽ, പത്തും ഒരേ ഫലം തരണം എന്നാണ്. ഞങ്ങളുടെ കിറ്റ് അത് സാധിച്ചു. ഞങ്ങളുട കിറ്റ് അത്രക്ക് പെർഫെക്റ്റ് ആയിരുന്നു." ഡോ. ഗോഖലെ അവകാശപ്പെട്ടു. 

ഇന്ത്യയിൽ നടക്കുന്നത് ലോകത്തിൽ ഏറ്റവും കുറവ് ടെസ്റ്റുകൾ

കൊറോണാ ബാധിത രാഷ്ട്രങ്ങളിൽ ലോകത്തിൽ വെച്ച് ഏറ്റവും കുറച്ച് പേരെ ടെസ്റ്റ് ചെയ്യുന്നവരിൽ ഒന്നാണ് ഇന്ത്യ. പത്തു ലക്ഷം പേരിൽ വെറും 6.8 പേരെയാണ് നിലവിൽ ഇന്ത്യ ടെസ്റ്റ് ചെയ്യുന്നത്. വിദേശ രാജ്യങ്ങളിൽ യാത്ര കഴിഞ്ഞെത്തി, അല്ലെങ്കിൽ കൊറോണാ ബാധിതരുമായി സമ്പർക്കം പുലർത്തിയവരിൽ പ്രകടമായ ലക്ഷണങ്ങളോട് കൂടിയവർ മാത്രമാണ് നിലവിലെ പ്രോട്ടോകാൾ പ്രകാരം ഇന്ത്യ പരിശോധിച്ചിരുന്നത്. ഇനി, മേൽപ്പറഞ്ഞ ബന്ധമില്ലാതെ പ്രകടമായ ലക്ഷണങ്ങൾ കാണിക്കുന്നവരും, ബന്ധമുണ്ടായിട്ടും തല്ക്കാലം ലക്ഷണം ഒന്നും തന്നെ കാണിക്കാത്തവരും കൂടി റെസ്റ്റിങ്ങിന്റെ പരിധിയിൽ വരും. 

കൊറോണാ വൈറസ് ബാധയുടെ വൃത്തം വിശാലമായി വരുന്തോറും അണുബാധകളുടെ എണ്ണം ക്രമാതീതമായി കൂടും. ഇതുവരെ സർക്കാർ ലാബുകൾക്ക് മാത്രമായിരുന്നു ടെസ്റ്റിങ്ങിന് അനുമതി ഉണ്ടായിരുന്നത്. ഇനിമുതൽ അത് സ്വകാര്യലാബുകളിലേക്കും എത്തും. മൈ ലാബിന്റെ സ്വദേശി കിറ്റിന് പുറമെ പതിനഞ്ചോളം സ്ഥാപനങ്ങൾ വിദേശനിർമ്മിത കിറ്റുകളും ഇന്ത്യയിൽ വിപണനാനുമതി നേടിക്കഴിഞ്ഞു. 

ദക്ഷിണ കൊറിയയിൽ കൊറോണ ടെസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം 650 ലാബുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നു. ഇന്ത്യയിൽ 118 സർക്കാർ ലാബുകളോടൊപ്പം, 50 പ്രൈവറ്റ് ലാബുകൾ കൂടി ഇപ്പോൾ പരിശോധനയ്ക്കായി മുന്നോട്ടുവന്നിട്ടുണ്ട്. എന്നാൽ 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് അതും തികഞ്ഞേക്കില്ല. കൂടുതൽ കൂടുതൽ സ്വകാര്യ ലാബുകളെ കണ്ടെത്തി അവക്ക് വേണ്ടത്ര കിറ്റുകൾ നൽകിയാൽ മാത്രമേ പരിശോധന ഫലപ്രദമാകൂ എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അതിന് ഡോ. മീനൽ ഡാഖ്‌വേ ഭോസ്‌ലെ എന്ന വനിതാ വൈറോളജിസ്റ്റിന്റെ അധ്വാനത്തിൽ പിറവി കൊണ്ട് ഈ " പാത്തോ ഡിറ്റക്റ്റ് ' എന്ന ഈ കൊറോണാ ടെസ്റ്റ് വഹിക്കുന്ന പങ്ക് ചെറുതാകില്ല. 

click me!