'ഭൂമിയിലെ നരകം', ജയിലിൽ ആളുകളെ ക്രൂരമായി പീഡിപ്പിച്ചു, സിറിയൻ കേണലിനെ ജീവപര്യന്തം ശിക്ഷിച്ച് ജർമ്മൻ കോടതി

By Web TeamFirst Published Jan 14, 2022, 10:53 AM IST
Highlights

2019 -ൽ ജർമ്മനിയിൽ അഭയം തേടിയ റസ്‌ലാൻ അറസ്റ്റിലാവുകയായിരുന്നു. തടവുകാരോട് മോശമായി പെരുമാറിയതുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ചില തടവുകാരെ സഹായിക്കാൻ താൻ യഥാർത്ഥത്തിൽ ശ്രമിച്ചുവെന്നും ഇയാള്‍ പറഞ്ഞു. 

ഒരു മുൻ സിറിയൻ കേണലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ജർമ്മൻ കോടതി(German court). മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ(Crimes against humanity)ക്കാണ് ഇയാൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ 'ഹെൽ ഓൺ എർത്ത്'(Hell on Earth) എന്നറിയപ്പെടുന്ന ജയിലിൽ 4,000 -ത്തിലധികം ആളുകളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് 58 -കാരനായ അൻവർ റസ്‌ലാനെ ശിക്ഷിച്ചിരിക്കുന്നത്. 

സിറിയയിൽ ഭരണകൂടം നടത്തുന്ന പീഡനങ്ങൾക്കെതിരെയുള്ള ലോകത്തിലെ ആദ്യത്തെ ക്രിമിനൽ കേസാണ് കോബ്ലെൻസിലെ വിചാരണ. യുഎൻ റൈറ്റ്സ് മേധാവി മിഷേൽ ബാഷെലെറ്റ് ഈ ശിക്ഷാവിധിയെ, 'സത്യത്തെ പിന്തുടരുന്നതിലെ നാഴികക്കല്ലായ കുതിച്ചുചാട്ടമാണ്' എന്ന് പ്രശംസിച്ചു. പ്രസിഡന്റ് ബാഷർ അൽ-അസാദിന്റെ കീഴിൽ ഒരു ഉയർന്ന സുരക്ഷാ സേനാ ഉദ്യോഗസ്ഥനായ റസ്‌ലാന്‍റെ നേതൃത്വത്തില്‍ ബഹുജന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നു എന്നും ആക്ഷേപമുണ്ട്. 

ഭരണകൂടത്തെ എതിർക്കുന്നുവെന്ന് സംശയിക്കുന്ന നിരവധി പ്രതിഷേധക്കാരെയും മറ്റുള്ളവരെയും ഡമാസ്‌കസിലെ അൽ-ഖത്തീബ് കേന്ദ്രത്തിൽ തടഞ്ഞുവച്ചു, അവിടെ റസ്‌ലാനാണ് ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയതെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. 58 കൊലപാതകങ്ങൾ, ബലാത്സംഗം, ലൈംഗികാതിക്രമം, 2011 -നും 2012 -നും ഇടയിൽ അവിടെ തടവിലാക്കിയ കുറഞ്ഞത് 4,000 പേരെയെങ്കിലും പീഡിപ്പിക്കല്‍ എന്നിവയെല്ലാം റസ്‍ലനെതിരെ ചുമത്തിയിട്ടുണ്ട്.

പ്രത്യേകിച്ച് പീഡനങ്ങളെ അതിജീവിച്ച് വിചാരണ വേളയിൽ തെളിവ് നൽകിയവരെ സംബന്ധിച്ച് ഈ വിധി പ്രാധാന്യമർഹിക്കുന്നതാണ്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ അസദ് ഭരണകൂടം സ്വന്തം പൗരന്മാർക്കെതിരെയാണ് ചെയ്തതെന്ന് ഒരു ക്രിമിനൽ കോടതി ഇപ്പോൾ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നു. 

2019 -ൽ ജർമ്മനിയിൽ അഭയം തേടിയ റസ്‌ലാൻ അറസ്റ്റിലാവുകയായിരുന്നു. തടവുകാരോട് മോശമായി പെരുമാറിയതുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ചില തടവുകാരെ സഹായിക്കാൻ താൻ യഥാർത്ഥത്തിൽ ശ്രമിച്ചുവെന്നും ഇയാള്‍ പറഞ്ഞു. തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും ചെയ്‍തു.

ഇപ്പോൾ ജർമ്മനിയിൽ താമസിക്കുന്ന ഏകദേശം 800,000 സിറിയക്കാരിൽ പലരും അസാദ് ഭരണകൂടത്തെ എതിർത്തവർക്ക് എന്ത് സംഭവിച്ചു എന്നതിന്റെ ഭയാനകമായ കഥകൾ പറയാനുള്ളവരായിരുന്നു എന്ന് ബിബിസി എഴുതുന്നു. ജർമ്മൻ മനുഷ്യാവകാശ അഭിഭാഷകർ അവരുടെ ന്യായം ഏറ്റെടുത്തു, കേസ് കോടതിയിൽ കൊണ്ടുവരാൻ സാർവത്രിക അധികാരപരിധി(principle of universal jurisdiction) എന്ന തത്വം ഉപയോഗിച്ചു. ഒരു രാജ്യത്ത് നടക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾ മറ്റെവിടെയെങ്കിലും വിചാരണ ചെയ്യാൻ ഇത് അനുവദിക്കുന്നു. ഏതായാലും ഇതേ തുടർന്നാണ് ഇപ്പോൾ റസ്‍ലാനെ ശിക്ഷിച്ചിരിക്കുന്നത്. 

click me!