സര്‍ക്കാർ-കൊളീജിയം തര്‍ക്കം; കെട്ടിക്കിടക്കുന്ന കേസുകൾ, കടുംപിടുത്തത്തിൽ ആശങ്കയിലാവുന്ന ജനങ്ങള്‍

By Web TeamFirst Published Dec 3, 2022, 3:38 PM IST
Highlights

കൊളീജിയം സംവിധാനം രൂപീകരിക്കപ്പെട്ടത് എങ്ങനെയാണ് ? നിലവിലെ തര്‍ക്കത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണ്? നിയമനങ്ങളിലെ അനിശ്ചിതാവസ്ഥയുടെ അനന്തരഫലം എന്താവും?

പി. എസ്. വിനയ എഴുതുന്നു.
 

ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കേന്ദ്രസര്‍ക്കാർ - കൊളീജിയം തര്‍ക്കം പ്രതിസന്ധി സൃഷ്ടിക്കുന്നത് രാജ്യത്ത് കെട്ടിക്കിടക്കുന്ന നാലേമുക്കാൽ കോടി കേസുകളിലാണ്. നിയമനങ്ങള്‍ വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. സര്‍ക്കാരും നീതിപീഠവും നിലപാടുകളിൽ കടുംപിടുത്തം പിടിക്കുമ്പോൾ ആശങ്കയിലാവുന്നത് കോടതിയെ അവസാന ആശ്രയമായി കാണുന്ന ജനങ്ങളും.

കൊളീജിയം സംവിധാനം രൂപീകരിക്കപ്പെട്ടത് എങ്ങനെയാണ് ? നിലവിലെ തര്‍ക്കത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണ്? നിയമനങ്ങളിലെ അനിശ്ചിതാവസ്ഥയുടെ അനന്തരഫലം എന്താവും തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.

എന്താണ് കൊളീജിയം? സംവിധാനം രൂപീകൃതമായത് എങ്ങനെ?

സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലം മാറ്റത്തിനുമുള്ള സംവിധാനമാണ് കൊളീജിയം. സുപ്രീംകോടതി ചീഫ് ജസ്റ്റിസും മുതിര്‍ന്ന നാല് ജഡ്ജിമാരുമാണ് കൊളീജിയത്തിലെ അംഗങ്ങൾ. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്. കെ. കൗള്‍, എസ്.അബ്ദുള്‍ നസീർ, കെ. എം. ജോസഫ്, എം. ആര്‍. ഷാ എന്നിവരാണ് നിലവിലെ കൊളീജിയം അംഗങ്ങള്‍. ഹൈകോടതികളില്‍ ചീഫ് ജസ്റ്റിസും മുതിര്‍ന്ന രണ്ട് ജഡ്ജിമാരും ഉള്‍പെടുന്ന മൂന്നംഗ കൊളീജിയമാണുള്ളത്.

കൊളീജിയത്തിന് ഭരണഘടനയുടെയോ പാര്‍ലമെന്‍റ് പാസാക്കിയ ഏതെങ്കിലും നിയമത്തിന്‍റെയോ അടിസ്ഥാനമില്ല. ഭരണഘടന അനുഛേദങ്ങളായ 124 (2),217 എന്നീ അനുഛേദങ്ങളാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജി നിയമനങ്ങളെപറ്റി പ്രതിപാദിക്കുന്നത്. ജഡ്ജിമാരുമായി കൂടിയാലോചന നടത്തിയ ശേഷം രാഷ്ട്രപതി നിയമനം നടത്തണം എന്നത് മാത്രമാണ് രണ്ട് അനുഛേദങ്ങളും പൊതുവിൽ പറയുന്നത്.

ജഡ്ജസ് കേസ് എന്നറിയപ്പെടുന്ന കേസുകളിലെ സുപ്രീംകോടതി വിധിയിലൂടെ ഉരുത്തിരിഞ്ഞ സംവിധാനമാണ് കൊളീജിയം.

1981 -ലെ എസ് പി ഗുപ്ത v/s യൂണിയന്‍ ഓഫ് ഇന്ത്യ

ഫസ്റ്റ് ജഡ്ജസ് കേസ് എന്നാണ് ഈ കേസ് അറിയപ്പെടുന്നത്. നിയമന ശുപാര്‍ശകൾ രാഷ്ട്രപതിക്ക് നല്‍കാനായി കൊളീജിയം എന്നൊരു സംവിധാനം വേണമെന്ന നിര്‍ദേശം കോടതി മുമ്പോട്ടു വെക്കുന്നത് ഈ കേസിലാണ്.

1993 -ലെ സുപ്രീംകോടതി അഡ്വക്കറ്റ്സ് ഓണ്‍ റെക്കോഡ്സ് അസോസിയേഷൻ v/s യൂണിയന്‍ ഓഫ് ഇന്ത്യ എന്ന സെക്കന്‍ഡ് ജഡ്ജസ് കേസാണ് രണ്ടാമത്തെത്. നിയമനത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും മറ്റു മുതിർന്ന ജഡ്ജിമാരുടേയും അഭിപ്രായങ്ങൾക്ക് പ്രാമുഖ്യം നല്‍കണമെന്ന് വിധി പ്രസ്താവത്തിൽ കോടതി എഴുതി.

മൂന്നാമത് 1998 -ലെ  തേര്‍ഡ് ജഡ്ജസ് കേസ്. തേര്‍ഡ് ജഡ്ജസ് കേസിലൂടെ കൊളീജിയം സംവിധാനത്തില്‍ പാലിക്കേണ്ടതായ 9 മാര്‍ഗ രേഖകൾ സുപ്രീംകോടതി വ്യക്തമാക്കി. ഇതാണ് നിലവിലെ കൊളീജിയം സംവിധാനത്തിന്‍റെ അടിസ്ഥാനം.

കൊളീജിയം തീരുമാനങ്ങള്‍ ഐക്യകണ്ഠേന ആയിരിക്കണം, ഭൂരിപക്ഷ തീരുമാനം എന്നൊന്നില്ല. ഐക്യകണ്ഠേന എടുക്കുന്ന ശുപാര്‍ശകള്‍ സര്‍ക്കാരിനയക്കും. കൊളീജിയം യോഗങ്ങളുടെ ഔദ്യോഗിക മിനുട്സ് സൂക്ഷിക്കാറില്ല. അതായത് ജഡ്ജി നിയമനത്തിനായി ജഡ്ജിമാര്‍ രൂപീകരിച്ച കൊളീജിയത്തിന്‍റെ യോഗങ്ങൾ എപ്പോൾ നടക്കുന്നു, എന്തൊക്കെ ചര്‍ച്ചയായി, ശുപാര്‍ശകളുടെ അടിസ്ഥാനമെന്ത് എന്നതൊന്നും പൊതുജനങ്ങള്‍ക്ക് അറിയാന്‍ മാര്‍ഗമില്ല.

എന്‍ ജെ എ സി എന്ന നാഷണൽ ജുഡീഷ്യൽ അപ്പോയിന്‍റ്മെന്‍റ്സ് കമ്മീഷൻ

ജഡ്ജി നിയമനത്തിൽ സര്‍ക്കാരിന്‍റെ പ്രാതിനിധ്യവും ഇടപെടലും ഉറപ്പാക്കാനായി കൊണ്ടുവന്ന സംവിധാനമാണിത്. കൊളീജിയം സംവിധാനത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കാനായി 1998 -ല്‍ അധികാരത്തിൽ വന്ന വാജ്പേയ് സര്‍ക്കാർ ജസ്റ്റിസ് എം.എൻ. വെങ്കടാചലയ്യ കമ്മീഷനെ നിയമിച്ചു. ഈ കമ്മീഷനാണ് എന്‍ ജെ എ സി രൂപീകരിക്കണം എന്ന് ശുപാർശ ചെയ്തത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതിയിലെ മുതിര്‍ന്ന 2 ജഡ്ജിമാര്‍, കേന്ദ്ര നിയമമന്ത്രി, പൊതുസമൂഹത്തില്‍ നിന്നുള്ള പ്രമുഖ വ്യക്തി എന്നിവരാണ് എൻ ജെ എ സി അംഗങ്ങള്‍. നിയമവും ഭരണഘടനാ ഭേദഗതിയും ഒന്നാം മോദി സര്‍ക്കാർ പാര്‍ലമെന്‍റിൽ വേഗത്തിൽ പാസാക്കിയെങ്കിലും രണ്ടും ഭരണഘടനാ വിരുദ്ധമാണെന്ന് 2015 -ല്‍ 5 അംഗ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി എഴുതി. ബെഞ്ചിലെ അംഗമായിരുന്ന ജ. ചെലമേശ്വര്‍ കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ച് ഭിന്നവിധിയെഴുതി എന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ട കാര്യമാണ്. ഈ വിധിയോടെ എൻ ജെ എ സി അവസാനിച്ചു.

എന്താണ് നിലവിലെ തര്‍ക്കം? കാര്യങ്ങൾ നീങ്ങുന്നത് നിയമനങ്ങൾ അനന്തമായി നീളുന്നതിലേക്കും അതുവഴി ഭരണഘടനാ പ്രതിസന്ധിയിലേക്കുമാണോ?

കൊളീജിയം നല്‍കുന്ന നിയമന ശുപാര്‍ശകൾ പലതും കേന്ദ്രസര്‍ക്കാർ തുടർച്ചയായി തിരിച്ചയക്കുന്നതും ശുപാര്‍ശകളിൽ സര്‍ക്കാർ തീരുമാനം അനന്തമായി നീളുന്നതുമാണ് കൊളീജിയത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ചരിത്രത്തില്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വാക്ക് തർക്കങ്ങളിലേക്ക് കാര്യങ്ങൾ എത്തി.

ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോർട്ട്, കേന്ദ്ര സര്‍ക്കാർ റിപ്പോര്‍ട്ടുകൾ എന്നിവ കണക്കിലെടുത്തും സീനിയോറിറ്റിയും ജോലി മികവും അടക്കം സര്‍വ്വ കാര്യങ്ങളും ഇഴകീറി പരിശോധിച്ചുമാണ് നിയമന ശുപാര്‍ശകൾ നല്‍കുന്നതെന്നും അതിൽ പുനപരിശോധനക്ക് നിൽക്കാതെ പട്ടിക വേഗത്തിൽ അംഗീകരിക്കുകയാണ് സര്‍ക്കാർ ചെയ്യേണ്ടതെന്നുമാണ് കൊളീജിയത്തിന്‍റെ നിലപാട്.

അതേസമയം കൊളീജിയം സംവിധാനം സുതാര്യമല്ല, നിയമനങ്ങളില്‍ സര്‍ക്കാരിന് കാര്യമായ പ്രാതിനിധ്യം വേണം, നിയമന ശുപാര്‍ശകളിൽ സര്‍ക്കാർ അടയിരിക്കുന്നില്ല, അങ്ങനെ തോന്നല്‍ ഉണ്ടെങ്കിൽ കൊളീജിയം സ്വയം നിയമന ഉത്തരവുകള്‍ ഇറക്കട്ടെ എന്നാണ് കേന്ദ്രസര്‍ക്കാർ നിയമ മന്ത്രിയിലൂടെ പറഞ്ഞു വെക്കുന്നത്. നിയമമന്ത്രിയുടെ പ്രസ്താവനകള്‍ക്ക് ജ. സഞ്ജയ് കിഷന്‍ കൗൾ തുറന്ന കോടതിയില്‍ മറുപടി പറയുന്നതും നാം കണ്ടു.

കേന്ദ്രം ഒരു തവണ തിരിച്ചയച്ച ശുപാര്‍ശ കൊളീജിയം ആവര്‍ത്തിച്ചാൽ അത് കേന്ദ്ര സര്‍ക്കാർ അംഗീകരിക്കണം എന്നതാണ് കീഴ്‍വഴക്കം. വിവിധ ഹൈക്കോടതികളിലേക്കായി കൊളീജിയം നല്‍കിയ 20 നിയമന ശുപാര്‍ശകൾ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാർ തിരിച്ചയച്ചു. മടക്കിയ 20 പേരുകളിൽ 9 എണ്ണം കൊളീജിയം ആവര്‍ത്തിച്ച ശുപാര്‍ശകളാണ്.

ഹൈക്കോടതികളിൽ 20 ശതമാനം ഒഴിവുകൾ നികത്താനുണ്ടെന്ന് ജ. സഞ്ജയ് കിഷന്‍ കൗൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചില ശുപാര്‍ശകൾ സര്‍ക്കാർ മടക്കുമ്പോൾ ചിലതിൽ യാതൊരു വിധത്തിലുള്ള ആശയ വിനിമയവും നടത്തുന്നില്ലെന്നും ജസ്റ്റിസ് കൗള്‍ പറഞ്ഞു. ഒന്നര വര്‍ഷത്തോളമായി കെട്ടിക്കിടക്കുന്ന ശുപാര്‍ശകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2022 മാർച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4.70 കോടി കേസുകളാണ് കെട്ടിക്കിടക്കുന്നത്. സുപ്രീംകോടതിയില്‍ മാത്രം 70000 -ത്തിൽ അധികം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇതില്‍ 40 ശതമാനം കേസുകള്‍ 5 വര്‍ഷത്തിൽ അധികമായി കെട്ടിക്കിടക്കുന്നതാണ്. രാജ്യത്തെ 25 ഹൈക്കോടതികളിലായി 59 ലക്ഷം കേസുകൾ തീര്‍പ്പാക്കാനുണ്ട്. ഹൈക്കോടതികളില്‍ ആകെയുള്ള 1104 ജഡ്ജി പോസ്റ്റുകളിൽ നാനൂറോളം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.

നിയമനങ്ങള്‍ അനന്തമായി നീണ്ടാൽ അത് കോടതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഇപ്പോള്‍ തന്നെ കൂടുതലാണ്. ഭരണ സംവിധാനത്തിന്‍റെ ഭാഗമായല്ല നമ്മുടെ രാജ്യത്ത് ജുഡീഷ്യറി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു സ്വതന്ത്ര സ്ഥാപനം എന്ന നിലയിലാണ്. നിലവിലുള്ള അനിശ്ചിതാവസ്ഥ വേഗത്തിൽ പരിഹരിക്കപെട്ടില്ല എങ്കിൽ അതൊരു ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കും എന്നാണ് ഭരണഘടനാ വിദഗ്ധർ അഭിപ്രായപെടുന്നത്.

click me!