ഗ്രാസ് റൂട്ടോ, വിഐപിയോ?, വിയറ്റ്നാമിൽ നിന്ന് യുകെയിലേക്ക് മരണം വഴി!

By Web TeamFirst Published Oct 29, 2019, 2:57 PM IST
Highlights

"പോയിരിക്കുന്നത് ഗ്രാസ് റൂട്ട് വഴിയണേൽ അവൻ മരിച്ചിട്ടുണ്ടാകും. ഉറപ്പാ..! രക്ഷപ്പെടാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ് . വിഐപി റൂട്ടാണ് സുരക്ഷിതം. പക്ഷേ കാശുകൂടുതലാണ്."

വിയറ്റ്നാമിൽ നിന്ന് ഒരാൾ യുകെയിലേക്കെന്നും പറഞ്ഞ് കച്ചമുറുക്കി ഇറങ്ങിപ്പുറപ്പെടുമ്പോൾ, വീട്ടുകാർ ചോദിക്കുന്നൊരു ചോദ്യമുണ്ട്. 'വിഐപി' വഴിയാണോ പോവുന്നെ, അതോ 'ഗ്രാസ്' വഴിയോ? ആ ചോദ്യത്തിന്റെ ഉത്തരത്തിൽ പോകുന്നയാളിന്റെ ഭാവി തന്നെ ഒളിഞ്ഞിരിപ്പുണ്ട്. കാരണം, ഒന്ന് ഒരു റോസാപ്പൂ കൈവെള്ളയിൽ വെച്ചുകൊണ്ടുപോകുന്നത്ര സുരക്ഷിതവും സുഖദവുമാണെങ്കിൽ, രണ്ടാമത്തേത് കുപ്പിച്ചില്ലിമേൽ കൂടിയുള്ള നടത്തമാണ്. ഒന്നാമത്തെ വഴി, ചെന്നെത്തുന്ന പറുദീസയോളം തന്നെ സുരക്ഷിതമാണെങ്കിൽ, രണ്ടാമത്തെ വഴിയിലൂടെ പോയാൽ മരണം സുനിശ്ചിതമാണ്. 

മനുഷ്യക്കടത്തുകാരുടെ കയ്യിൽ എല്ലാ സാമ്പത്തികനിലവാരത്തിലുള്ളവർക്കുള്ള പാക്കേജുകളുണ്ട്. കാര്യങ്ങളുടെ കിടപ്പുവശം അവർ ആദ്യമേ തന്നെ വെട്ടിത്തുറന്നു പറയുകയും ചെയ്യും. വിഐപി റൂട്ടിന് കാശ് നാലിരട്ടിയെങ്കിലും ചെലവാകും ഗ്രാസ് റൂട്ടിന്റെ. എന്നാൽ വിഐപി റൂട്ടിൽ പോകുന്നയാളിന്റെ രോമത്തിനുപോലും ഇളക്കം തട്ടില്ല എന്ന് കൊണ്ടുപോകുന്നവർ ഉറപ്പുകൊടുക്കും. കാശില്ല കയ്യിൽ, ഗ്രാസ് റൂട്ട് മതി എന്ന് പറഞ്ഞു വരുന്നവരോട് സ്നേക്ക് ഹെഡ്‌സ് ആദ്യമേ തന്നെ പറയും, പോകുന്ന വഴിയിൽ ഒരിത്തിരി കഷ്ടപ്പാടൊക്കെ അനുഭവിക്കേണ്ടി വരും. യാത്ര ഏറെ ദുഷ്കരമാകും. ഒന്നോ രണ്ടോ ദിവസം ചിലപ്പോൾ ഭക്ഷണം പോലും കിട്ടിയില്ലെന്നു വരും. അതിനൊക്കെ സമ്മതമുണ്ടെങ്കിൽ ഇറങ്ങിപ്പുറപ്പെട്ടാൽ മതി എന്ന്. 

പക്ഷേ, നാട്ടിൽ  ചെയ്യുന്ന ജോലിക്ക് ലഭിക്കുന്ന കൂലി മറ്റുരാജ്യങ്ങളിൽ ഉള്ളതിനേക്കാൾ കുറവാണ്. കുടുംബാംഗങ്ങളെ മുഴുവൻ പോറ്റാൻ ചിലപ്പോൾ ഒരാൾ ജോലിചെയ്തുകിട്ടുന്ന പണം തികഞ്ഞെന്നു വരില്ല. എന്നാൽ, കൂലിയിലെ കുറവിന് ആനുപാതികമായി ജീവിതച്ചെലവിൽ കാര്യമായ കുറവൊന്നുമില്ല. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സർക്കാരിന്റെയും പാർട്ടിയുടെയും നിയന്ത്രണങ്ങൾ നിലവിലുള്ള രാജ്യത്ത് ഉദ്യോഗസ്ഥരുടെ അഴിമതിയും സർവ്വവ്യാപിയാണ്. അതിൽ നിന്നൊക്കെ രക്ഷപ്പെട്ടോടാനുള്ള പരാക്രമത്തിനിടെ എന്ത് ദുരിതവും സഹിക്കാനുളള മാനസികാവസ്ഥ അവർക്ക് കൈവരും.ഇങ്ങനെ വരുന്നവർക്കൊന്നും തന്നെ ആഡംബരജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങളൊന്നും കാണില്ല. തങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് അടിസ്ഥാനപരമായ ജീവിതസൗകര്യങ്ങൾ ഒരുക്കാൻ ജനിച്ചുവളർന്ന നാട്ടിൽ സാധിക്കില്ല എന്ന തോന്നൽ ബലപ്പെടുമ്പോഴാണ് അവർ ഇത്തരത്തിലുള്ള പലായനങ്ങൾക്കും, കുടിയേറ്റ ജീവിതങ്ങൾക്കും മനസ്സിനെ പാകപ്പെടുത്തി, ഇറങ്ങിപ്പുറപ്പെടുന്നത്. 

ങ്ഗുയെൻ ഡിൻ ഗിയ എന്ന വിയറ്റ്‌നാംകാരന് സ്വന്തം മകൻ ഇപ്പോൾ എവിടെയാണുള്ളത് എന്നറിയില്ല. എസ്സെക്സിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളിൽ ഒന്ന് മകൻ ങ്ഗുയെൻ ഡിൻ ലോഞ്ചിന്റെതാണ് എന്ന് പലരും ങ്ഗുയെനോട് പറയുന്നുണ്ട്. മകൻ ജോലിയന്വേഷിച്ച് വീട്ടിൽ നിന്ന് പുറപ്പെട്ടിട്ട് നാളേറെയായി എന്ന് ങ്ഗുയെൻ സമ്മതിക്കുന്നു. അവനിപ്പോൾ എവിടെയാണെന്ന് അദ്ദേഹത്തിനറിയില്ല. പക്ഷേ, ഒരു കാര്യത്തിൽ മാത്രം തികഞ്ഞ ഉറപ്പ് അദ്ദേഹത്തിനുണ്ട്. അത് അദ്ദേഹം ഇടയ്ക്കിടെ പറയുന്നുമുണ്ട്, "അവൻ പോയിരിക്കുന്നത് ഗ്രാസ് റൂട്ട് വഴിയണേൽ അവൻ മരിച്ചിട്ടുണ്ടാകും. ഉറപ്പാ! രക്ഷപ്പെടാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്. വിഐപി റൂട്ടാണ് സുരക്ഷിതം. പക്ഷേ കാശുകൂടുതലാണ്. അത് വഴി പോയിരുന്നേൽ ഇപ്പോൾ അവൻ യുകെയിൽ എത്തിയിരുന്നേനെ.." ങ്ഗുയെൻ ഡിൻ പറഞ്ഞു. 

വിയറ്റ്‌നാമിൽ നിന്ന് യുകെയിലേക്ക് അനധികൃതമാർഗ്ഗങ്ങളിൽ കടക്കുന്നവരിൽ, വേണ്ടത്ര പണമോ, ബന്ധങ്ങളോ ഇല്ലാത്തവർ പലരും തൊഴിലെടുക്കുന്നത് യുകെയിലെ അനധികൃത കഞ്ചാവ് തോട്ടങ്ങളിലാണ് എന്നതുകൂടിയാണ്, കാശില്ലാത്തവന്റെ റൂട്ടിന് 'ഗ്രാസ് റൂട്ട്' എന്ന പേരുവരാൻ കാരണം. വിയറ്റ്‌നാമിൽ നിന്ന് ചൈന, ചൈനയിൽ നിന്ന് റഷ്യ, അവിടെ നിന്ന് ഉക്രെയിൻ, ലാത്‌വിയ അങ്ങനെ കരമാർഗമുള്ള യാത്രയാണ്. കാറിലും, പലപ്പോഴും കാട്ടിനുള്ളിലൂടെയും, മഞ്ഞുവീണുകിടക്കുന്ന മലയിടുക്കുകളിലൂടെയും ഒക്കെയുള്ള കരസഞ്ചാരം യുകെയിൽ എത്തുമ്പോൾ മാസങ്ങൾ കഴിയും. 

ദിവസങ്ങൾ മാത്രമാണ് വിഐപി റൂട്ടിന്റെ ദൈർഘ്യം. അതിൽ മിക്കവാറും പോകുന്നവർക്ക് ഒരു വ്യാജപാസ്പോർട്ട് കൊടുക്കും. യൂറോപ്യൻ രാജ്യങ്ങളിൽ ഏതിലെങ്കിലും ഫ്‌ളൈറ്റിൽ ചെന്നിറങ്ങി അവിടെ നിന്ന് കരമാർഗം യുകെയിലേക്ക് കയറും. 3000 പൗണ്ടാണ് ഗ്രാസ് റൂട്ടിന്റെ ചെലവെങ്കിൽ, വിഐപി റൂട്ടിന് ചുരുങ്ങിയത് 11,000 പൗണ്ടെങ്കിലും ചെലവുണ്ട്. 

അനധികൃതമായി കുടിയേറി, സർക്കാരിന്റെ കണ്ണുവെട്ടിച്ച് പാശ്ചാത്യ രാജ്യങ്ങളിലെത്തിപ്പെട്ട്  ഗവണ്മെന്റിന്റെ കണ്ണുവെട്ടിച്ച് അവിടെ പാർക്കുന്നവർ നിരവധിയുണ്ട്. അങ്ങനെ വരുന്നവർ നഗരങ്ങളുടെ തിരക്കിൽ അദൃശ്യനായി കഴിഞ്ഞുകൂടുകയാണ് പതിവ്. റെസ്റ്റോറന്റുകളുടെ അടുക്കളകളിലും, കൃഷിയിടങ്ങളിലും, എന്തിന് കഞ്ചാവ് തോട്ടങ്ങളിൽ വരെ അവർ ഇത്തരത്തിൽ പണിയെടുക്കുന്നു. സ്ത്രീകൾ സലൂണുകളിലും, മസാജിങ് സെന്ററുകളിലും, വേശ്യാലയങ്ങളിലും പണമുണ്ടാക്കാനുള്ള വഴികണ്ടെത്തുന്നു. ചിലർ വീടുകളിൽ ജോലിക്ക് നില്കുന്നു. അങ്ങനെ കഠിനമായി അദ്ധ്വാനിച്ച് കയ്യിൽ വരുന്ന കാശ് നാട്ടിൽ കുടുംബത്തിന് അയച്ചുകൊടുക്കുന്നു. അവരെ പതുക്കെപ്പതുക്കെ തങ്ങൾ വന്ന വഴിയേ തന്നെ ഇങ്ങോട്ടെത്തിക്കാൻ ശ്രമിക്കുന്നു. കുറേക്കാലം കഴിയുമ്പോൾ എങ്ങനെയെങ്കിലും ഇവിടത്തെ പൗരത്വം നേടാൻ ശ്രമിക്കുന്നു. ചിലർ  വിജയിക്കുന്നു, ചിലർ തിരികെ നാടുകടത്തപ്പെടുന്നു, അവർ വീണ്ടും അനധികൃത മനുഷ്യക്കടത്തുമാഫിയകൾക്ക് പണം നൽകി തിരികെ പ്രവേശിക്കാൻ നോക്കുന്നു.

ഇത് വർഷങ്ങളായി ഇവിടെ നടന്നുപോരുന്ന ഒരു പ്രക്രിയയാണ്. ഒരാളുമറിയാതെ, എന്നാൽ, അറിയേണ്ടവർ ആനുകൂല്യങ്ങൾ പറ്റി, കണ്ണടച്ചുകൊടുത്തുകൊണ്ട്, നടന്നുപോകുന്ന ഈ അനധികൃത മനുഷ്യക്കടത്തിനിടെ ഇപ്പോൾ യുകെയിലെ എസ്സെക്സിൽ സംഭവിച്ചതുപോലുള്ള ഒരു കൂട്ടമരണം സംഭവിക്കുമ്പോൾ അതിലേക്ക് മാധ്യമശ്രദ്ധ വരുന്നു എന്നുമാത്രം. മകൻ വിഐപി റൂട്ടിൽ പോകും എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയതെന്ന് ങ്ഗുയെൻ ഡിൻ പറയുന്നു. പിന്നെങ്ങനെ അവൻ ഈ ഗ്രാസ് റൂട്ടുകാരുടെ കയ്യിൽ ചെന്നുപെട്ടു എന്നറിയുന്ന് മകന്റെ വിധിയോർത്ത് വിലപിക്കുന്ന ആ അച്ഛൻ പറയുന്നു. 

 

click me!