ഒരേസമയം മഹാഅഗ്നിബാധയും മഹാമാരിയുമുണ്ടായാല്‍: ലണ്ടനില്‍ അന്ന് സംഭവിച്ചതെന്ത്?

By Web TeamFirst Published Apr 4, 2020, 1:53 PM IST
Highlights

1665 -ലെ ശൈത്യകാലത്തിന്‍റെ അവസാനത്തിലും വസന്തത്തിന്‍റെ ആദ്യവുമാണ് പ്ലേഗ് ഇവിടെ പൊട്ടിപ്പുറപ്പെടുന്നത്. ജൂലൈ ആയപ്പോള്‍ ചാള്‍സ് രണ്ടാമന്‍ രാജാവ് നഗരം വിട്ടു. 

കൊവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മരണസംഖ്യയും രോ​ഗബാധിതരുടെ എണ്ണവും അതിവേ​ഗം കൂടുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ പടർന്നുപിടിച്ചൊരു മഹാമാരിയാണ് പ്ലേ​ഗ്. എന്നാൽ, അന്ന് ഇത്രയധികം വികസിതമല്ലാത്തതിനാൽത്തന്നെ മരണസംഖ്യ വളരെ കൂടുതലായിരുന്നു. എന്നാൽ ഒരേസമയം രണ്ട് ദുരന്തങ്ങളെ അതിജീവിക്കേണ്ടി വന്ന നഗരമാണ് ലണ്ടൻ. 

1665-1666 കാലഘട്ടത്തിലാണ് ആ നഗരത്തിന് രണ്ട് തരത്തിലുള്ള ദുരന്തങ്ങളെ അതിജീവിക്കേണ്ടി വന്നത്. പ്ലേഗ് എന്ന മഹാമാരിയും, ലണ്ടനിലെ മഹാ അ​ഗ്നിബാധയും. നഗരത്തിലെ ജനസംഖ്യയുടെ 15 മുതല്‍ 20 ശതമാനം വരെ ആളുകളാണ് അന്ന് പ്ലേഗില്‍ കൊല്ലപ്പെട്ടത്. വളരെ കുറച്ച് മരണം മാത്രമേ തീപ്പിടിത്തത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളൂവെങ്കിലും അന്ന് പതിമൂവ്വായിരത്തിലധികം വീടുകളാണ് തീപ്പിടിത്തത്തെ തുടർന്ന് ഇല്ലാതായത്. മാത്രവുമല്ല, പാവപ്പെട്ട മനുഷ്യർ മരിച്ചത് കണക്കിൽ പെടുത്തിയിട്ടില്ല എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

പ്ലേ​ഗ് മരണം കുറയാൻ കാരണം അ​ഗ്നിബാധയോ? 

ദുരന്തം വരുമ്പോള്‍ അതിന് എന്തെങ്കിലും ഒരു കാരണവും ആശ്വാസവും കണ്ടെത്താന്‍ മനുഷ്യര്‍ ശ്രമിക്കുമല്ലോ? അങ്ങനെ പടര്‍ന്നൊരു മിഥ്യാധാരണയായിരുന്നു പ്ലേഗ് പടര്‍ത്തുന്ന എലികളെ കൊന്നൊടുക്കാനായിട്ടാണ് ഈ അഗ്നിബാധയുണ്ടായത് എന്നും ഈ തീപ്പിടിത്തത്തെ തുടർന്നാണ് പ്ലേ​ഗ് രോ​ഗികളുടെ എണ്ണത്തിൽ കുറവുണ്ടായത് എന്നും. 

 

ബക്കിങ്ഹാം യൂണിവേഴ്സിറ്റിയിലെ ചരിത്ര ഗവേഷകനായ ആഡ്രിയന്‍ ടിന്നിസ്‍വുഡ് പറയുന്നത് അദ്ദേഹമൊക്കെ ആ തെറ്റായ കഥയും കേട്ടാണ് വളര്‍ന്നത് എന്നാണ്. ബൈ പെര്‍മിഷന്‍ ഓഫ് ഹെവന്‍: ദ സ്റ്റോറി ഓഫ് ദ ഗ്രേറ്റ് ഫയര്‍ എന്ന പുസ്തകത്തിന്‍റെ രചയിതാവ് കൂടിയാണ് അദ്ദേഹം. 

ലണ്ടനില്‍ അവസാനമായിട്ടുണ്ടായ മഹാമാരിയും ദി ഗ്രേറ്റ് പ്ലേഗായിരുന്നു. യെർസീനിയ പെസ്റ്റിസ് എന്ന രോഗകാരിയായിരുന്നു ഇത് പടരാന്‍ കാരണമായിത്തീര്‍ന്നത്. 1665 -ലെ ശൈത്യകാലത്തിന്‍റെ അവസാനത്തിലും വസന്തത്തിന്‍റെ ആദ്യവുമാണ് പ്ലേഗ് ഇവിടെ പൊട്ടിപ്പുറപ്പെടുന്നത്. ജൂലൈ ആയപ്പോള്‍ ചാള്‍സ് രണ്ടാമന്‍ രാജാവ് നഗരം വിട്ടു. സപ്തംബറായതോടുകൂടി മരണനിരക്ക് ക്രമാതീതമായി ഉയര്‍ന്നു. ആ സമയത്ത് ഒരാഴ്ച കൊണ്ട് മരിച്ചത് 7165 ആളുകളാണ്. 

ഔദ്യോഗികമായി 68,596 മരണങ്ങളാണ് പ്ലേഗ് മൂലമുണ്ടായി എന്ന് പറയുന്നത് എന്നാല്‍, ശരിക്കും ഒരു ലക്ഷത്തോളം ആളുകള്‍ പ്ലേഗ് മൂലം കൊല്ലപ്പെട്ടിട്ടുണ്ടാകണം എന്നാണ് കരുതുന്നത്. അതില്‍ ഏറിയ പങ്കും ബ്യൂബോണിക് പ്ലേഗ് മൂലമുണ്ടായ മരണമാണ് എന്നാണ് പറയപ്പെടുന്നത്. ലണ്ടനില്‍ പ്രധാന രോഗവാഹകരായത് എലികളായിരുന്നു.

സപ്തംബറിനുശേഷം നഗരത്തിലെ പ്ലേഗ് മരണങ്ങള്‍ കുറഞ്ഞു തുടങ്ങി. 1666 ഫെബ്രുവരിയില്‍ ചാള്‍സ് രണ്ടാമന്‍ രാജാവ് ലണ്ടനിലേക്ക് തന്നെ മടങ്ങിയെത്തി. നഗരം വീണ്ടും സുരക്ഷിതമായിത്തുടങ്ങി എന്ന് വിശ്വാസമുണ്ടായിത്തുടങ്ങിയ കാലമാണത്. എന്തിരുന്നാലും 1679 വരെ പ്ലേഗ് ഇരകള്‍ നഗരത്തിലുണ്ടായിരുന്നു. അതിനിടെയാണ് നഗരം ആ വലിയ തീപ്പിടിത്തത്തെയും അതിജീവിക്കുന്നത്. 

ലണ്ടന്‍ മഹാ അഗ്നിബാധ -1666

ചില മനുഷ്യരാല്‍ അവരുടെ സ്വന്തം വീടുകളിലോ സ്ഥാപനങ്ങളിലോ ഒക്കെ തീപ്പിടിത്തമുണ്ടാകാറുണ്ട്. എന്നാല്‍, ഒറ്റ മനുഷ്യന്‍ കാരണം 13000 വീടുകള്‍ തീപ്പിടിത്തത്തില്‍ നശിക്കുമോ? ഇവിടെ സംഭവിച്ചത് അതാണ്. തോമസ് ഫാർണിയർ ബേക്കറിയിൽ നിന്നാരംഭിച്ച അഗ്നിബാധയാണ് ഒരു നഗരം തന്നെ കത്തിച്ചാമ്പലാവാന്‍ കാരണമായത്. പക്ഷേ, ഇത് ബാഹ്യ മെട്രോപൊളിറ്റൻ പ്രദേശങ്ങളായ വൈറ്റ്‌ചാപൽ, ക്ലർക്കൻ‌വെൽ, സൗത്ത്‌വാർക്ക് എന്നിവിടങ്ങളിൽ എത്തിയില്ല. ഇതിനർത്ഥം തീ കത്തിച്ചു ചാമ്പലാക്കിയ സ്ഥലത്തുനിന്നും എലികളെ ഇല്ലാതാക്കിയാലും, ലണ്ടനിലെ മറ്റ് പ്രദേശത്ത് പ്ലേഗ് പടർത്തുന്ന എലികളെ ഇതിന് ഇല്ലാതാക്കാനാവില്ലല്ലോ എന്നതാണ്. 

 

പ്ലേഗ് കുറയുന്നു

വാസ്തവത്തിൽ, തീപിടുത്തം പ്ലേഗ് രോ​ഗികളുടെ എണ്ണത്തെ ബാധിച്ചിട്ടില്ലെന്ന് ഡാറ്റകൾ സൂചിപ്പിക്കുന്നുണ്ട്. തീപ്പിടിത്തം ആരംഭിക്കുമ്പോഴേക്കും ലണ്ടനിലെ പ്ലേഗ് മരണങ്ങൾ കുറഞ്ഞുവരികയായിരുന്നു. എന്നാൽ, അവിടെ ജീവിച്ചിരുന്ന മനുഷ്യർ വിശ്വസിച്ചിരുന്നത് പ്ലേ​ഗ് കുറയാൻ കാരണം അന്നത്തെ തീപ്പിടിത്തമാണ് എന്നാണ്. വിശ്വസിക്കുക മാത്രമല്ല, അത് വലിയ രീതിയിൽ പ്രചാരം നേടുകയും ചെയ്തു. 

സത്യത്തിൽ പ്ലേഗിന്റെ അവസാനവും മഹാഅഗ്നിബാധയും തമ്മിൽ ഒരു ബന്ധവും ഉണ്ടായിരുന്നില്ലായെന്ന് ചരിത്ര ​ഗവേഷകർ തന്നെ പറയുന്നുണ്ട്.. മഹാഅ​ഗ്നിബാധ കുറക്കാനായത് ചാൾസ് രണ്ടാമന്റെ ഇടപെടലാണ് എന്ന തരത്തിലുള്ള കുറിപ്പുകൾ പോലുമുണ്ടെങ്കിലും അതിലെവിടെയും ഈ അ​ഗ്നിബാധയും പ്ലേ​ഗും തമ്മിലെന്തെങ്കിലും ബന്ധമുണ്ടായതായി സൂചിപ്പിക്കുന്നില്ലായെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

ചരിത്രകാരന്മാരാരും ഇതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്തിരുന്നാലും അ​ഗ്നിബാധയെത്തുടർന്ന് ന​ഗരത്തിലെ കെട്ടിടങ്ങളുടെ സ്വഭാവം തന്നെ മാറി. തടിക്കുപകരം ഇഷ്ടിക ഉപയോ​ഗിച്ചു തുടങ്ങി. അതാകുമ്പോള്‍ എളുപ്പത്തിൽ അ​ഗ്നിബാധയുണ്ടാകില്ല. മാത്രവുമല്ല, എലികൾക്ക് മാളമുണ്ടാക്കാനും പ്രയാസമാണ്. എന്നാൽ, ശുചിത്വത്തിന്റെ കാര്യത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ലായെന്നും ചരിത്രകാരന്മാർ സൂചിപ്പിക്കുന്നുണ്ട്. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പോലും പ്ലേഗ് ഗുരുതരമായ രോഗമായി തുടരുന്നു. 2017 ഓഗസ്റ്റിനും നവംബറിനുമിടയിൽ മഡഗാസ്കറിൽ പ്ലേഗ് പടർന്നുപിടിച്ച് 2,417 രോ​ഗികളും 209 മരണങ്ങളുമുണ്ടായി. ആന്റിബയോട്ടിക് ചികിത്സ പ്ലേഗിനെതിരെ വളരെ ഫലപ്രദമാണ്. എന്നാൽ, രോഗം നിർണ്ണയിക്കാത്തപ്പോൾ അല്ലെങ്കിൽ ആൻറിബയോട്ടിക്കുകൾ ലഭ്യമല്ലാതെ വരുമ്പോഴോ ആണ് പ്രശ്നം ​ഗുരുതരമാകുന്നത്. 

ഏതായാലും ലണ്ടനിലെ അ​ഗ്നിബാധയും പ്ലേ​ഗും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. ഒരുപക്ഷേ, ഇന്ന് കൊവിഡിനെ കുറിച്ചുള്ള പല വ്യാജവാർത്തകളും പ്രചരിച്ചതുപോലെയാകാം അതുമുണ്ടായത്. 
 

click me!