​ഗ്രി​ഗറി റാസ്‍പുടിൻ: ചില മിത്തുകളും സത്യങ്ങളും!

By Web TeamFirst Published Apr 11, 2021, 2:22 PM IST
Highlights

രാജകീയ കോടതികളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന റാസ്‍പുടിന് റോയല്‍ ദമ്പതികള്‍ക്കുമീതെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ഉണ്ടായിരുന്നു എന്നൊരു സംസാരവും ഉണ്ടായിരുന്നു. 

ഗ്രിഗറി റാസ്പ്യുടിന്‍ അതായിരുന്നു അയാളുടെ പേര്. ജനനം 1869 ജനുവരി 22 -ന്. ഭ്രാന്തന്‍ സന്യാസി എന്ന് അറിയപ്പെട്ടിരുന്ന മനുഷ്യന്‍. റാസ്പുടിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ കേള്‍ക്കാറുണ്ട്. ലൈംഗികജീവിതവും ആത്മീയജീവിതവുമെല്ലാം പലതരത്തിലുള്ള സങ്കല്‍പകഥകള്‍ക്കും കാരണമായിത്തീര്‍ന്നിട്ടുണ്ട്. റാസ്‍പുടിൻ കാഴ്ചയിൽ തന്നെ ഒരു നി​ഗൂഢഭാവം പേറിയിരുന്നു, അ​ഗ്നി ജ്വലിക്കുന്ന കണ്ണുകളും താടിയും എല്ലാം അതിന് കരുത്ത് നൽകി. നിരവധി അനുയായികൾ റാസ്‍പുടിനെ ആരാധിച്ചു. എങ്കിലും റാസ്‍പുടിനെ ചുറ്റിപ്പറ്റി നിരവധി സങ്കൽപകഥകളും നിലനിന്നിരുന്നു എന്ന് പറയപ്പെടുന്നു. റാസ്‍പുടിനുമായി ബന്ധപ്പെട്ട പ്രധാന മിത്തുകൾ ഇവയാണ്. 

നി​ഗൂഢമായ ശക്തിയുണ്ടായിരുന്നു റാസ്പുടിന്: പടിഞ്ഞാറൻ സൈബീരിയയിലെ ഒരു ചെറിയ ഗ്രാമത്തിൽ കൃഷിക്കാരുടെ കുടുംബത്തിലാണ് റാസ്‍പുടിന്‍ ജനിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ മതചിന്തകളിലേക്ക് തിരിഞ്ഞു. കുട്ടിക്കാലത്ത് പോലും റാസ്പുടിന് ചില നിഗൂഢമായ കഴിവുകള്‍ ഉണ്ടായിരുന്നു എന്ന് പ്രാദേശിക ജനങ്ങൾക്കിടയിൽ കിംവദന്തികൾ ഉണ്ടായിരുന്നു. സന്യാസജീവിതത്തില്‍ ആകൃഷ്‍ടനാവുകയും അതിലേക്ക് തിരിയുകയും ചെയ്‍തിട്ടും അയാള്‍ തിരികെ വന്ന് വിവാഹിതനായി. ഭാര്യയിലും മറ്റ് ബന്ധത്തിലുമായി കുട്ടികളും ഉണ്ടായി. എന്നിട്ടും ഓർത്തഡോക്സ് ക്രിസ്ത്യൻ മതഭക്തി തേടി റാസ്പുടിൻ കുടുംബജീവിതം ഉപേക്ഷിച്ചു. വർഷങ്ങളോളം അലഞ്ഞുതിരിഞ്ഞു നടന്നതിനും മതപരമായ പഠിപ്പിക്കലിനും ശേഷം, രാജകീയ ശക്തിയുടെ ഇരിപ്പിടമായ സെന്റ് പീറ്റേഴ്‌സ്ബർഗിലാണ് റാസ്‍പുടിന്‍ എത്തിച്ചേര്‍ന്നത്. റാസ്പുടിൻ സാർ നിക്കോളസിനും ഭാര്യ സറീന അലക്സാണ്ട്രയ്ക്കും പരിചിതനായിരുന്നു പലവഴികളിലൂടെയും. 

തങ്ങളുടെ മകന് ഹീമോഫീലിയയുടെ പ്രശ്നം ഉണ്ടായപ്പോള്‍ അവര്‍ ഒരുരാത്രി റാസ്‍പുടിനെ വിളിപ്പിച്ചു. റാസ്‍പുടിനെത്തി കുറച്ച് കഴിഞ്ഞപ്പോള്‍ കുട്ടിക്ക് രക്തസ്രാവം ഉണ്ടായത് നിന്നു. ഇത് അയാളുടെ നിഗൂഢമായ ശക്തിയാലാണ് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ചില ചരിത്രകാരന്മാര്‍ പറയുന്നത് രക്തസ്രാവം നിര്‍ത്താനായി കൊടുത്തിരിക്കുന്ന ആസ്‍പിരിന്‍ കൊടുക്കരുത് എന്ന് പറഞ്ഞതിനാലാണ് രക്തസ്രാവം നിലച്ചത് എന്നാണ്. ആസ്‍പിരിന്‍ രക്തം കട്ടപിടിക്കുന്നത് വൈകിപ്പിക്കുന്ന ഒന്നാണ്. 

അയഞ്ഞ ലൈംഗികജീവിതവും രാജ്ഞിയുടെ കാമുകനായിരുന്നു എന്ന വാദവും: മതവിശ്വാസിയും ഈശ്വരവിശ്വാസിയും ആയിരുന്ന റാസ്‍പുടിന്‍റെ വേശ്യാലയ സന്ദര്‍ശനങ്ങള്‍ അന്ന് തന്നെ ചര്‍ച്ച ആയിരുന്നു. കൂടിയ അളവില്‍ മദ്യപിക്കുന്നതും വേശ്യാലയം സന്ദര്‍ശിക്കുന്നതുമെല്ലാം ചേര്‍ന്ന് റാസ്‍പുടിനെ കുറിച്ച് ആളുകളില്‍ ഇത്തരം ചിന്തകളുണ്ടാക്കി. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, റാസ്പുടിൻ ഖ്ലിസ്റ്റ് മതവിഭാഗത്തിൽ അംഗമായിരിക്കാം, അല്ലെങ്കിൽ ആ മതം റാസ്‍പുടിനെ സ്വാധീനിച്ചിട്ടുണ്ടാകാം എന്ന് കരുതുന്നു. പാപം എന്ന് കരുതപ്പെടുന്ന കാര്യങ്ങള്‍ ആളുകളെ ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കും എന്ന് അവർ കരുതിയിരുന്നു. എന്നിരുന്നാലും, റഷ്യയിലെ രാജ്ഞിയുമായി രഹസ്യബന്ധം പുലർത്തിയിരുന്ന, ലൈംഗിക ചൂഷണം നടത്തുന്ന ഒരു ഭ്രാന്തനായിരുന്നു റാസ്പുടിൻ എന്നതിന് തെളിവുകളൊന്നുമില്ല. റാസ്‍പുടിന്‍റെ ജീവിതം പിന്നീടും അതിശയോക്തിപരമായി അവതരിപ്പിച്ചിട്ടുണ്ട്. 1917 -ലെ ഫെബ്രുവരി വിപ്ലവത്തെ തുടര്‍ന്ന് ശത്രുക്കളും റാസ്‍പുടിനെ കുറിച്ച് ഇത്തരം കഥകള്‍ പ്രചരിപ്പിച്ചിരുന്നു എന്നും അതിന്‍റെ ഭാഗമായിരിക്കാം ഇത്തരം കഥകളെന്നും ടൈം എഴുതിയിരുന്നു. 

റഷ്യയുടെ രഹസ്യ ഭരണാധികാരി ആയിരുന്നു: രാജകീയ കോടതികളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന റാസ്‍പുടിന് റോയല്‍ ദമ്പതികള്‍ക്കുമീതെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ഉണ്ടായിരുന്നു എന്നൊരു സംസാരവും ഉണ്ടായിരുന്നു. എന്നാല്‍, മകന്‍റെ അസുഖകാലത്ത് സഹായിച്ചതും മറ്റുമായി റാസ്‍പുടിനോട് അടുപ്പമുണ്ടായിരുന്നു ഇവര്‍ക്ക്. മിലിറ്ററി, മെഡിക്കല്‍ ഉപദേശങ്ങള്‍ നല്‍കിയിരുന്നു റാസ്‍പുടിന്‍. എന്നാല്‍, ആ ഉപദേശങ്ങള്‍ റഷ്യന്‍ ആര്‍മ്മിക്കോ സാര്‍ നിക്കോളാസിനോ എന്തെങ്കിലും തരത്തിലുള്ള ഗുണമുണ്ടാക്കിയോ എന്ന കാര്യം വ്യക്തമല്ല. 

വാസ്തവത്തിൽ, 1915 ഓഗസ്റ്റ് 23 -ന് റാസ്പുടിന്റെയും സറീന അലക്സാണ്ട്രയുടെയും ഉപദേശപ്രകാരം സാർ നിക്കോളാസ് തന്റെ സൈന്യത്തിന്റെമേൽ വ്യക്തിപരമായ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം, റഷ്യയുടെ യുദ്ധഭൂമിയിലെ പരാജയങ്ങളുടെ ഉത്തരവാദിത്തം സാറിന് ആയി. അതേസമയം, സാർ അകലെ പോരാട്ടത്തിലായതോടെ ഭരണകാര്യങ്ങള്‍ സറീന നിയന്ത്രിച്ചു. സറീനയുടെ മേലായിരുന്നു ചുമതലയെങ്കിലും, അവളുടെ ഉപദേഷ്ടാവെന്ന നിലയിൽ റാസ്പുടിൻ വലിയ ശക്തി പ്രയോഗിച്ചു. സ്വന്തം സഭാ ശുശ്രൂഷകരെയും മറ്റ് പൊതു ഉദ്യോഗസ്ഥരെയും നിയമിക്കുകയും ചെയ്‍തു. 

റാസ്‍പുടിനെ കൊല്ലാന്‍ കഴിയില്ല: കൊല്ലപ്പെടുന്നതിന് മുമ്പും പലതവണ കൊലപാതകശ്രമങ്ങള്‍ റാസ്‍പുടിന് നേരെ ഉണ്ടായിട്ടുണ്ട്. 1914 ജൂണില്‍ ഒരു യാചകസ്ത്രീ റാസ്‍പുടിന്‍റെ വയറില്‍ കുത്തുകയുണ്ടായി. നിഷ്‍കളങ്കരെ വഴിതെറ്റിക്കുന്നു എന്ന് ആരോപിച്ചായിരുന്നു അക്രമം. ഒരുപാട് ചോരപോയിട്ടും റാസ്‍പുടിന്‍ അതിജീവിച്ചു. 1916 ഡിസംബര്‍ 30 -ന് ഫെലിക്സ് യുസപോവ് പ്രഭുവും കൂട്ടരും റാസ്‍പുടിനെ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. എന്നാല്‍ ഭക്ഷണത്തിലും വൈനിലും അയാള്‍ മദ്യം കലര്‍ത്തിയിരുന്നു. എന്നാല്‍, വിഷം ഉള്ളില്‍ ചെന്നതിന്‍റെ യാതൊരു അടയാളവും അയാള്‍ കാണിച്ചില്ല. കൊല്ലാനുള്ള ആ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വെടിവച്ചു. മൂന്ന് വെടിയുണ്ടകളേറ്റു. തണുത്തുറഞ്ഞ നദിയിലേക്ക് അവര്‍ റാസ്പുടിന്‍റെ മൃതദേഹം വലിച്ചെറിഞ്ഞു. 

ഉയിര്‍ത്തെഴുന്നേറ്റു: അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ കഥ പോലെ തന്നെ, റാസ്പുടിന്റെ മരണത്തിനുശേഷവും ഒരുപാട് കഥകളുണ്ടായി. മിത്ത് അനുസരിച്ച്, റാസ്പുട്ടിന്റെ വെടിയേറ്റ ശരീരം നദിയിലേക്ക് വലിച്ചെറിഞ്ഞു ശേഷം കുറച്ചുപേര്‍ ആ ദേഹം കാണുകയും നദീതീരത്തേക്ക് വലിച്ചെടുക്കുകയും ചെയ്‍തു. അപ്പോള്‍ റാസ്‍പുടിന് ജീവനുണ്ടായിരുന്നു എന്നാണ് പ്രചരിച്ചത്. എന്നിരുന്നാലും, റാസ്‍പുടിന്‍റെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുകയും പിന്നീട് കണ്ടെത്തപ്പെടുകയും ചെയ്യുകയായിരുന്നു. 

ഏതായാലും റാസ്‍പുടിന്റെ മരണശേഷം ചക്രവർത്തിക്കും നല്ലകാലമായിരുന്നില്ല. ഞാനില്ലെങ്കിൽ എല്ലാം നശിക്കുമെന്ന് റാസ്പുടിൻ പറഞ്ഞിരുന്നു. 1918 -ൽ ബോൾഷെവിക്കുകൾ ചക്രവർത്തിയിൽ നിന്നും ഭരണം പിടിച്ചെടുക്കുകയായിരുന്നു. 
 

click me!