ഹിജാബ് ധരിക്കാത്ത സ്ത്രീകളെ അവര്‍ മര്‍ദിച്ചു,  ചിലരെയൊക്കെ കാണാതായി, അന്ന് ഇറാനില്‍ നടന്നത്

By Web TeamFirst Published Aug 23, 2021, 6:25 PM IST
Highlights

അന്ന് ഇറാനില്‍ നടന്നത് ഇന്ന് അഫ്ഗാനില്‍ നടക്കുന്നു  ഫേസ്ബുക്ക്, ഡ്രോപ് ബോക്‌സ്, ഊബര്‍, airbnb എന്നീ സംരംഭങ്ങളുടെ ആദ്യകാല നിക്ഷേപകനും ഉപദേശകനുമായ, ടെക്‌നോളജി രംഗത്തെ പ്രമുഖന്‍ മനസ്സ് തുറക്കുന്നു 
 

അഫ്ഗാനിസ്ഥാനിലെ ഇന്നത്തെ  കുട്ടികളെക്കുറിച്ച് ഞാന്‍ ചിന്തിക്കുമ്പോള്‍, എന്റെ അതെ അനുഭവത്തിലൂടെ ഇനി എത്ര ദശലക്ഷങ്ങള്‍ കടന്നുപോകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അവരില്‍ ആര്‍ക്കെങ്കിലും അവരുടെ മുഴുവന്‍ കഴിവുകളും തിരിച്ചറിയാനുള്ള അവസരം ലഭിക്കുമോ എന്ന് ആശങ്കപ്പെടുന്നു. പ്രതിഭ എല്ലായിടത്തുമുണ്ട്, പക്ഷേ അവസരം അങ്ങനെയല്ല. അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന ഈ പഴയ ചരിത്രം കാണുമ്പോള്‍, യുദ്ധത്തിന്റെ അളവറ്റ നഷ്ടങ്ങളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും ഓര്‍ക്കാം. യുദ്ധത്തില്‍ നശിച്ച ജീവിതങ്ങള്‍ മാത്രമല്ല, കുട്ടികളില്‍ നിന്ന് അപഹരിക്കപ്പെടുന്ന അവസരങ്ങള്‍ കൂടി അതിലുള്‍പ്പെടുന്നു.

 

 

''അഫ്ഗാനിസ്താനില്‍നിന്നും രക്ഷപ്പെടാനായി വിമാനത്താവളത്തില്‍ മനുഷ്യര്‍ തിക്കും തിരക്കും കൂട്ടുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത്, എന്റെ കുട്ടിക്കാലമാണ്. ഇനിയൊരിക്കലും ജീവിതം പഴയതുപോലാവില്ല എന്ന ഭീതിയില്‍ കഴിച്ചുകൂട്ടിയ നാളുകള്‍. ഏതു സമയവും കൊല്ലപ്പെടുമെന്ന ആശങ്കകള്‍ക്കിടയില്‍ ജീവിച്ച നേരങ്ങള്‍. അഫ്ഗാനിലെ കുട്ടികള്‍ അന്ന് ഞങ്ങള്‍ അനുഭവിച്ച അതേ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്.''

പറയുന്നത്, ഹാദി പര്‍തോവി. സാങ്കേതിക വിദ്യയുടെ ലോകത്തെ ശ്രദ്ധേയമായ നാമം. ടെക്‌നോളജി രംഗത്ത് അമേരിക്കയിലെ ഏറ്റവും പ്രമുഖനായ സംരംഭകരിലൊരാള്‍. ലോകമെങ്ങുമുള്ള ഏതു കുട്ടിക്കും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കോഡ്. ഓര്‍ഗ് എന്ന സംരംഭത്തിന്റെ സിഇഒ ആയ ഹാദി ഫേസ്ബുക്ക്, ഡ്രോപ് ബോക്‌സ്, ഊബര്‍, airbnb എന്നീ സംരംഭങ്ങളുടെ ആദ്യകാല നിക്ഷേപകനും ഉപദേശകനുമാണ്. 

ഇറാനിലെ തെഹ്റാനില്‍ ജനിച്ച ഹാദി ഇറാന്‍-ഇറാഖ് യുദ്ധത്തിനിടയിലാണ് വളര്‍ന്നത്. സ്‌കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ക്ലാസുകളില്ലാത്തതിനാല്‍ വീട്ടില്‍ ഇരുന്ന് അദ്ദേഹം കോഡിങ് ചെയ്യാന്‍ സ്വയം പഠിച്ചു. അമേരിക്കയിലേക്ക് കുടിയേറിയ ശേഷം, ഹൈസ്‌കൂളിലും കോളേജിലും പഠിക്കാനുള്ള പണം കണ്ടെത്താനായി സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി അദ്ദേഹം ജോലി ചെയ്തു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം മൈക്രോസോഫ്റ്റില്‍ ചേര്‍ന്നു.  എക്‌സിക്യൂട്ടീവ് റാങ്കിലേക്ക് ഉയര്‍ന്ന ഹാദി പിന്നീട് ലോകത്തെ മാറ്റിമറിച്ച ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഇറാനില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ഹാദി, ഇറാന്‍ വിപ്ലവകാലത്തും ഇറാഖിന്റെ ഇറാന്‍ അധിനിവേശ കാലത്തും താന്‍ അനുഭവിച്ച അരക്ഷിതാവസ്ഥകളെ കുറിച്ചാണ് ട്വിറ്ററിലൂടെ വിവരിക്കുന്നത്. 

 

 

ഹാദി പര്‍തോവി

 

ഹാദി ട്വിറ്ററില്‍ എഴുതിയ കുറിപ്പ്.

അഫ്ഗാനില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നത് കാണുമ്പോള്‍, ഞാന്‍ എന്റെ കുട്ടിക്കാലമാണ് ഓര്‍ക്കുന്നത്. ഇറാനില്‍ വിപ്ലവവും യുദ്ധവും കൊടുമ്പിരികൊണ്ട സമയം. അറിയാവുന്ന എല്ലാവരും പേടിയോടെ രാജ്യം വിട്ട കാലം. ഞങ്ങള്‍ കുറച്ച് പേര്‍ മാത്രം അവശേഷിച്ചു. എനിക്കും എന്റെ ഇരട്ട സഹോദരനും ആറ് വയസ്സായിരുന്നു. 1979 -ല്‍ ഇസ്‌ലാമിക വിപ്ലവത്തിന് തുടക്കമിട്ട തെഹ്റാനിലെ പഹ്ലവി അവന്യൂവിനടുത്തായിരുന്നു എന്റെ താമസം. 

എന്റെ മാതാപിതാക്കള്‍ ഞങ്ങളോട് വീടിനുള്ളില്‍ തന്നെ കഴിയാന്‍ പറഞ്ഞു. പുറത്ത് നിലവിളികളും വലിയ ശബ്ദവും കേള്‍ക്കാമായിരുന്നു. ജീവിതം തലകീഴായി മാറുകയാണെന്ന് മനസ്സിലാക്കാനുള്ള പ്രായം അന്ന് എനിക്കില്ലായിരുന്നു.  

ഇറാനിലെ ഏറ്റവും വലിയ വ്യാവസായിക കുടുംബങ്ങളില്‍ ഒന്നായിരുന്നു ഞങ്ങളുടേത്. വിപ്ലവത്തിന്റെ പേരില്‍ ആളുകള്‍ വധിക്കപ്പെടുമെന്ന് കേട്ടപ്പോള്‍ എല്ലാം ഉപേക്ഷിച്ച് എന്റെ വലിയ കുടുംബം ഓടിപ്പോയി. എണ്ണമറ്റ ബന്ധുക്കള്‍ ഒരേ സമയം നാട് കടന്നു. ഇറാന്റെ പുതിയ നേതാക്കള്‍ ഞങ്ങളുടെ കുടുംബ സ്വത്തുക്കള്‍ പിടിച്ചെടുത്തു. എന്റെ മുത്തശ്ശനും, മുത്തശ്ശിയും അവരുടെ കഠിനാധ്വാനം കൊണ്ട് നിര്‍മ്മിച്ച മനോഹരമായ വീടുകളിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ആ വീടുകള്‍ പിടിച്ചെടുത്ത് പുതിയ നേതാക്കളായി മാറിയ പുരോഹിതന്മാര്‍ താമസമാക്കി. ഞങ്ങളുടെ സ്‌കൂള്‍ പുസ്തകങ്ങളെല്ലാം മാറി. ഞങ്ങള്‍ക്ക് പെട്ടെന്ന് അതുവരെയില്ലാത്ത ചരിത്രവും സംസ്‌കാരവും പഠിക്കേണ്ടിവന്നു. യുദ്ധഭൂമിയില്‍ നിന്ന് ക്ലാസ് മുറികളിലേക്കു പാഠപുസ്തകങ്ങളിലേക്കും യുദ്ധങ്ങള്‍ നീങ്ങുമ്പോള്‍ ചരിത്രം വിജയികള്‍ക്കായി മാറ്റി എഴുതപ്പെടുകയായിരുന്നു എന്ന് ഞാന്‍ പിന്നീടറിഞ്ഞു. 

 

 

ചുമരുകള്‍ക്ക് വരെ കാതുണ്ടായിരുന്നു അന്ന്

ടെഹ്റാനിലെ തെരുവുകളില്‍ റവല്യൂഷണറി ഗാര്‍ഡ് പട്രോളിംഗ് നടത്തിയിരുന്നു. പത്തിരുപത് വയസ്സുള്ള ചെറുപ്പക്കാര്‍ മെഷീന്‍ ഗണ്ണുകളുമായി തെരുവുകള്‍ കീഴടക്കി. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ അവര്‍ മര്‍ദിക്കുകയോ, ചാട്ടവാറുകൊണ്ട് അടിക്കുകയോ ചെയ്തു. പലപ്പോഴും ആ സ്ത്രീകള്‍ അപ്രത്യക്ഷരായി. 

പോലീസ് കാറുകള്‍ ഞങ്ങളുടെ തെരുവിലൂടെ റോന്തുചുറ്റി. ഹിജാബ് മാത്രമല്ല, സര്‍ക്കാരിനേയോ, വിപ്ലവത്തേയോ വിമര്‍ശിച്ചാല്‍ മതി നിങ്ങള്‍ അപ്രത്യക്ഷരാകാന്‍. എന്റെ പിതാവിന്റെ ഉറ്റ സുഹൃത്തിനെ ഒരിക്കല്‍ തെരുവില്‍ പിടികൂടി, ഒരു കാരണവുമില്ലാതെ ജയിലിലടച്ചു. ഒരു വര്‍ഷത്തിനുശേഷം, കുറ്റമൊന്നും ചെയ്തില്ലെന്നു പറഞ്ഞ് അദ്ദേഹത്തെ വിട്ടയച്ചു. എന്നാല്‍ മറ്റുള്ളവര്‍ അത്ര ഭാഗ്യമുള്ളവരായിരുന്നില്ല. തെറ്റായ രീതിയില്‍ എന്തെങ്കിലും പറയാന്‍ ഞാന്‍ ഭയപ്പെട്ടു. വീടിനുള്ളില്‍ പോലും സുരക്ഷിതമല്ലായിരുന്നു. ചുമരുകള്‍ക്ക് വരെ കാതുണ്ട് എന്ന് എന്റെ മാതാപിതാക്കള്‍ പറയുമായിരുന്നു. അതുകൊണ്ട് തന്നെ വായ പൂട്ടിവയ്ക്കാന്‍ ഞാന്‍ പഠിച്ചു. 

ഇറാന്‍ ഭരണാധികാരിയായ റിസാ ഷാ പഹ്‌ലവിയെ ഒഴിവാക്കാന്‍ അവര്‍ വിപ്ലവം നടത്തി. ചരിത്രത്തില്‍ പലപ്പോഴും സംഭവിക്കുന്നതുപോലെ, മോശം ആളുകളെ അട്ടിമറിച്ച് അതിലും മോശം ആളുകള്‍ അധികാരത്തിലേറി. 1980 -കളില്‍ ഭരണാധികാരികളെയോ അവരുടെ രാഷ്ട്രീയത്തെയോ വിമര്‍ശിച്ചാല്‍ നിങ്ങള്‍ അറസ്റ്റിലാവുകയും, പീഡനത്തിനോ, കൊലപാതകത്തിനോ ഇരയാവുകയും  ചെയ്യുമായിരുന്നു. 

ഇറാനിലെ റവല്യൂഷണറി ഗാര്‍ഡുകള്‍ പ്രധാന ഹൈവേകളിലും ട്രാഫിക് കവലകളിലും ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചു. സംഗീതവും സിനിമയും ഉള്‍പ്പെടെ പാശ്ചാത്യമായതെല്ലാം നിയമവിരുദ്ധമാക്കി. വിപ്ലവ വിരുദ്ധമായ എന്തെങ്കിലും കണ്ടെത്താന്‍ അവര്‍ സദാ കാറില്‍ ചുറ്റിത്തിരിഞ്ഞു. കാറുകളില്‍ റോക്ക് സംഗീത കാസറ്റുകള്‍ ഉണ്ടോ എന്നു പരിശോധിച്ചു. എന്റെ മാതാപിതാക്കള്‍ റോക്ക് സംഗീതത്തിന്റെ ആളുകളായിരുന്നില്ല. പക്ഷേ അവര്‍ക്ക് ധാരാളം പാശ്ചാത്യ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. എനിക്കും ഇരട്ട സഹോദരനും ഇംഗ്ലീഷ് അറിയാമായിരുന്നു, അതിനാല്‍ ഷേക്‌സ്പിയര്‍, ഡിക്കന്‍സ് അല്ലെങ്കില്‍ വിജ്ഞാനകോശങ്ങള്‍ ഉള്‍പ്പെടെ വീട്ടില്‍ കാണുന്ന എല്ലാ പുസ്തകങ്ങളും ഞങ്ങള്‍ വായിച്ചു. സ്‌കൂളില്‍ നമുക്ക് കിട്ടാതിരുന്ന കാര്യങ്ങള്‍ പഠിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു.

 

 

എന്തൊരു വിരോധാഭാസം!

ഒരു വര്‍ഷത്തിനുശേഷം അടുത്ത ദുരന്തമുണ്ടായി. അമേരിക്കന്‍ പിന്തുണയോടെ ഇറാഖ് ഇറാനെ ആക്രമിച്ചു. രക്തരൂക്ഷിതമായ യുദ്ധം ആരംഭിച്ചു. ഇറാഖിലെ സദ്ദാം ഹുസൈന്റെ ബലം അമേരിക്ക ആയിരുന്നു. ഇറാനികള്‍ക്കെതിരെ അദ്ദേഹം അമേരിക്ക നല്‍കിയ രാസായുധം പ്രയോഗിച്ചു. അതേ അമേരിക്ക പിന്നീട് അതേ സദ്ദാമിന്റെ ഇറാഖിനെ ആക്രമിച്ചു. മുമ്പ് തങ്ങള്‍ നല്‍കിയ അതേ രാസായുധം സൂക്ഷിച്ചു എന്നാരോപിച്ചായിരുന്നു ഇത്. എന്തൊരു വിരോധാഭാസം!

ഇറാഖ് ആക്രമണത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമായിരുന്ന തെഹ്റാനിലെ ടിവി സ്റ്റേഷനടുത്താണ് ഞങ്ങള്‍ താമസിച്ചിരുന്നത്. രാത്രിയില്‍, ഇറാഖി ബോംബര്‍ വിമാനങ്ങള്‍ വരുന്നു എന്ന 'ചുവന്ന സൈറണ്‍' മുഴങ്ങും. വിമാനങ്ങള്‍ വെളിച്ചം കാണാതിരിക്കാന്‍ ടെഹ്റാനിലെ എല്ലാ വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെടുമായിരുന്നു. ബോംബാക്രമണ സമയത്ത് ഞങ്ങള്‍ മെഴുകുതിരികളുമായി മണിക്കൂറുകളോളം ബേസ്‌മെന്റിലേക്ക് പോയി. ഞങ്ങളുടെ വീടിന് ഒന്നും സംഭവിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു ആ ഇരിപ്പ്. 

പിറ്റേന്ന് രാവിലെ, അച്ഛന്‍ മുകളില്‍ കയറും. അയല്‍പക്കത്ത് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായി മനസ്സിലാവും. എന്റെ കുട്ടിക്കാലത്തെ ആയിരത്തിലധികം രാത്രികള്‍ ഞാന്‍ ഇങ്ങനെ ചെലവഴിച്ചു.  യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഇറാഖ് ഇറാനില്‍ ബോംബ് വര്‍ഷിക്കുമ്പോള്‍  ഞാന്‍ കാത് കൂര്‍പ്പിച്ച് ബേസ്‌മെന്റില്‍ ഇരിക്കും. 

താമസിയാതെ യുഎസ് വിരുദ്ധ പ്രചാരണ കേന്ദ്രമായി എന്റെ സ്‌കൂള്‍ മാറി. സ്‌കൂള്‍ പ്രവേശന കവാടത്തില്‍ ഒരു അമേരിക്കന്‍ പതാക ഉണ്ടായിരുന്നു. ഓരോ വിദ്യാര്‍ത്ഥിയും ആ പതാകയില്‍ ചവിട്ടി കടന്നുപോയി. ഓരോ പ്രഭാതത്തിലും ഞങ്ങള്‍ 20 മിനിറ്റ് 'അമേരിക്കയ്ക്ക് മരണം' എന്ന് മന്ത്രിക്കും. ഉച്ചത്തില്‍ പറയുമ്പോഴും, അത് ഒരു ബ്രെയിന്‍ വാഷ് ആണെന്ന് എനിക്ക് രഹസ്യമായി അറിയാമായിരുന്നു. സുരക്ഷിതനായിരിക്കാനും അമേരിക്കയിലേക്ക് കടന്ന എന്റെ കുടുംബാംഗങ്ങളോടൊപ്പം ചേരാനും ഞാന്‍ ആഗ്രഹിച്ചു. ഇക്കാര്യം എന്റെ അധ്യാപകര്‍ അറിയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. 

 


ഹാദി പര്‍തോവി

 

അദ്ദേഹം ഒരു കമ്പ്യൂട്ടര്‍ വീട്ടില്‍ കൊണ്ടുവന്നു

സ്‌കൂളില്‍ പ്രാര്‍ത്ഥന നിര്‍ബന്ധമാണ്. ഞാന്‍ അറബിയും ഇസ്ലാമിക പ്രാര്‍ത്ഥനയും പഠിച്ചു. മറ്റെല്ലാ മതങ്ങളെയും പോലെ അഹിംസയാണ് ഇസ്‌ലാം മതവും ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് ഞാന്‍ പുസ്തകങ്ങളില്‍ നിന്ന് പഠിച്ചു. ഏറ്റവും മോശം പ്രവൃത്തികളെ ന്യായീകരിക്കാന്‍ സര്‍ക്കാറുകള്‍ മതം ഉപയോഗിക്കുന്നുവെന്ന് ഞാന്‍ അനുഭവത്തില്‍ നിന്നും പഠിച്ചു. 

കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച എന്റെ അമ്മ സിസ്റ്റം അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. പെട്ടെന്ന് അവര്‍ ജോലി ഉപേക്ഷിച്ച് മക്കളെ നോക്കാനായി വീട്ടില്‍ തന്നെ തുടര്‍ന്നു. ലളിതമായ കാര്യങ്ങള്‍ പോലും ബുദ്ധിമുട്ടായി. പാല്‍ വാങ്ങാന്‍ പോലും മണിക്കൂറുകളോളം വരി നില്‍ക്കേണ്ടി വന്നു.  

എന്റെ പിതാവ് ഇന്നത്തെ ഷരീഫ് സര്‍വകലാശാലയില്‍ പഠിപ്പിക്കുകയായിരുന്നു. സ്ഥാപക പ്രൊഫസറായ അദ്ദേഹം ഫിസിക്‌സ്  ഡിപ്പാര്‍ട്‌മെന്റ് തലവന്‍ ആയിരുന്നു. ഞങ്ങളുടെ വിപുലമായ കുടുംബത്തിലെ മിക്കവാറുമാളുകളും  ഇറാനില്‍ നിന്ന് പലായനം ചെയ്തപ്പോള്‍, അദ്ദേഹം അവിടെ തന്നെ താമസിക്കാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസത്തെ വിപ്ലവത്തില്‍ നിന്നും, യുദ്ധത്തില്‍ നിന്നും സംരക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചു. 

അദ്ദേഹം ഒരു കമ്പ്യൂട്ടര്‍ വീട്ടില്‍ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ സഹായത്തോടെ ഞാനും സഹോദരനും കോഡിങ് പഠിച്ചു. വിപ്ലവം കഴിഞ്ഞ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഇറാന്‍ വിട്ടു.വര്‍ഷങ്ങള്‍ എടുത്തിരുന്നു അതിന്. യുഎസില്‍ പ്രവേശിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായിരുന്നു. ആദ്യം ഞങ്ങളെ നാടുകടത്തി, എന്നാല്‍ പിന്നീട് തിരികെ സ്വീകരിച്ചു. ഞങ്ങളുടെ ജീവിതത്തിന്റെ അടുത്ത അധ്യായം ആരംഭിച്ചു. 

 

 

പ്രതിഭ എല്ലായിടത്തുമുണ്ട്, പക്ഷേ അവസരം അങ്ങനെയല്ല 

ഒരു ഇറാനിയന്‍ അമേരിക്കന്‍ കുടിയേറ്റക്കാരനെന്ന നിലയില്‍, ഞാന്‍ അമേരിക്കന്‍ സ്വപ്നത്തില്‍ ജീവിച്ചു. ദാരിദ്ര്യത്തില്‍ നിന്ന് തുടങ്ങി. മികച്ച സ്‌കൂളുകളില്‍ പോയി, കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച്, വിജയകരമായ കമ്പനികള്‍ ആരംഭിച്ച് ഇപ്പോള്‍ സ്‌കൂളുകളെയും വിദ്യാര്‍ത്ഥികളെയും സഹായിക്കാന്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കോഡ്. ഓര്‍ഗ് എന്ന സംരംഭത്തെ നയിക്കുന്നു. 

അഫ്ഗാനിസ്ഥാനിലെ ഇന്നത്തെ  കുട്ടികളെക്കുറിച്ച് ഞാന്‍ ചിന്തിക്കുമ്പോള്‍, എന്റെ അതെ അനുഭവത്തിലൂടെ ഇനി എത്ര ദശലക്ഷങ്ങള്‍ കടന്നുപോകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അവരില്‍ ആര്‍ക്കെങ്കിലും അവരുടെ മുഴുവന്‍ കഴിവുകളും തിരിച്ചറിയാനുള്ള അവസരം ലഭിക്കുമോ എന്ന് ആശങ്കപ്പെടുന്നു. പ്രതിഭ എല്ലായിടത്തുമുണ്ട്, പക്ഷേ അവസരം അങ്ങനെയല്ല. അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന ഈ പഴയ ചരിത്രം കാണുമ്പോള്‍, യുദ്ധത്തിന്റെ അളവറ്റ നഷ്ടങ്ങളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും ഓര്‍ക്കാം. യുദ്ധത്തില്‍ നശിച്ച ജീവിതങ്ങള്‍ മാത്രമല്ല, കുട്ടികളില്‍ നിന്ന് അപഹരിക്കപ്പെടുന്ന അവസരങ്ങള്‍ കൂടി അതിലുള്‍പ്പെടുന്നു.

ഹാദിയുടെ ട്വീറ്റ്.
 

As I watch the Afghan evacuations, I remember being left behind in Iran in 1979, when everybody I knew fled the country at a time of revolution and war. My twin brother and I were 6 years old. This is the story of what happened after everybody left:

— Hadi Partovi (@hadip)

 

 

click me!