'ഈ യാചകരുടെ കുട്ടികളെ പഠിപ്പിച്ചിട്ടെന്ത് കിട്ടാനാണ്' എന്ന് ചോദിച്ചവരോട് അവള്‍ക്ക് പറയാനുള്ളത്...

By Web TeamFirst Published May 30, 2019, 6:59 PM IST
Highlights

 'നമുക്ക് ഈ കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. ഇവരോ അവരുടെ രക്ഷിതാക്കളോ പഠനത്തെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. ഒരുപാട് കാലം അവര്‍ സ്കൂളില്‍ വരാതിരിക്കും. അവര്‍ സ്ഥിരമായി സ്കൂളില്‍ ഹാജരാകുമെന്ന് നിങ്ങള്‍ ഉറപ്പു തരുമോ?' 

എല്ലാ ദിവസവും ഹൈമന്തി സെന്‍, കന്ദിവാലി സ്റ്റേഷനില്‍ കാണും. അവള്‍ക്ക് ചുറ്റുമായി പതിനഞ്ചോളം കുട്ടികളും. അവളവരെ, അക്ഷരങ്ങളും, അക്കങ്ങളും, കലയും, ക്രാഫ്റ്റും, വാക്കുകളും പഠിപ്പിക്കും സൗജന്യമായി. ആ കുഞ്ഞുങ്ങളെല്ലാം  തെരുവില്‍ താമസിക്കുന്നവരാണ്. യാചകവൃത്തി നടത്തി ജീവിക്കുന്നവരുടെ മക്കള്‍. 

2018 മെയ് മാസം മുതല്‍ ഹൈമന്‍തി ഈ കുഞ്ഞുങ്ങള്‍ക്ക് ക്ലാസെടുക്കുന്നുണ്ട്. 'റൈറ്റ് ടു എജുക്കേഷന്‍ ആക്ട്' പ്രകാരം രാജ്യത്തെ എല്ലാ കുഞ്ഞുങ്ങള്‍ക്കും സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നുണ്ട്. ഒരു സാധാരണ സ്കൂളില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ അവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പഠിക്കാനാവുന്ന തരത്തിലാണ് ഹൈമന്‍തിയുടെ പരിശീലനം. 

അടുത്തിടെയായി ജുനൂണ്‍ (Junoon) എന്ന പേരില്‍ ഒരു എന്‍ ജി ഒയും നടത്തുന്നുണ്ട് ഹൈമന്‍തി. ഓരോ ദിവസവും ജോലിക്ക് പോയി വരുമ്പോള്‍ ഒരുപാട് കുഞ്ഞുങ്ങളെ തെരുവുകളില്‍ കണ്ടുമുട്ടാറുണ്ടായിരുന്നു അവള്‍. ഒന്നുകില്‍ അവര്‍ യാചിക്കുകയാവും, അല്ലെങ്കില്‍ വെറുതെ അലഞ്ഞു നടക്കുകയായിരിക്കും. ഈ അവസ്ഥ തുടര്‍ന്നാല്‍ ഈ കുഞ്ഞുങ്ങളുടെ ഭാവി എന്തായിത്തീരുമെന്ന ആശങ്ക അവളെ അലട്ടിയിരുന്നു. 'വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് അവര്‍ക്ക് എന്തെങ്കിലും ബോധ്യമുണ്ടാകുമോ? അവര്‍ സ്കൂളില്‍ പോകുമോ? അവര്‍ക്ക് റൈറ്റ് ടു എജുക്കേഷന്‍ ആക്ടിനെ കുറിച്ച് അറിയുമോ?' എന്നെല്ലാം അവള്‍ ചിന്തിച്ചു. 

ആ കുഞ്ഞുങ്ങളുടെ വീട്ടുകാരെ കാണാനും ഒരുത്തരം തേടാനും ഹൈമന്‍തി തീരുമാനിച്ചു. കന്ദിവാലി സ്റ്റേഷനിലെ പടികള്‍ക്കരികിലായി കുറേ കുഞ്ഞുങ്ങള്‍ ഇങ്ങനെ വെറുതെയിരിക്കുന്നത് അവള്‍ കണ്ടു. ആ കുഞ്ഞുങ്ങളോട് എന്നെ നിങ്ങളുടെ വീട്ടുകാരുടെ അടുത്തെത്തിക്കാമോ എന്ന് ചോദിച്ചു ഹൈമന്‍തി. കുഞ്ഞുങ്ങള്‍ അവളെ രക്ഷിതാക്കളുടെ അടുത്തെത്തിച്ചു. അവരോട് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ചോദിച്ചെങ്കിലും അവരൊന്നും തുറന്നു പറയാന്‍ സമ്മതിച്ചില്ല. അതോടെ, അവരില്‍ നിന്നും സത്യമറിയാന്‍ കഴിയില്ലെന്ന് ഹൈമന്‍തിക്ക് മനസിലായി. അവസാനം അവള്‍ ആ രക്ഷിതാക്കളോട് പറഞ്ഞു, 'ഇവര്‍ സ്കൂളില്‍ പോയാലും ശരി ഇല്ലെങ്കിലും ശരി, അവധി ദിവസങ്ങളില്‍ മൂന്ന് മണിയാകുമ്പോള്‍ എത്തി ഞാനിവര്‍ക്ക് കലയും ക്രാഫ്റ്റും പഠിപ്പിച്ചുകൊടുക്കും...'

'ഞങ്ങളവരെ സ്കൂളില്‍ അയക്കില്ല. എന്തുകൊണ്ട് നിങ്ങള്‍ക്കവരെ പഠിപ്പിച്ചു കൂടാ, അവര്‍ക്ക് ഡ്രസ്സ് വാങ്ങി നല്‍കിക്കൂടാ, ഭക്ഷണം നല്‍കിക്കൂടാ...' അവര്‍ ഹൈമന്‍തിയോട് കയര്‍ക്കാന്‍ തുടങ്ങി. പക്ഷെ, ഹൈമന്‍തി വിട്ടുകൊടുത്തില്ല. അവരില്‍ ചിലരെ അവള്‍ അടുത്തുള്ള സ്കൂളില്‍ ചേര്‍ക്കാന്‍ ചെന്നു. അവിടെയും ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വെല്ലുവിളികളുണ്ടായിരുന്നു. 

സ്കൂളില്‍ നിന്ന് പറഞ്ഞു, 'നമുക്ക് ഈ കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. ഇവരോ അവരുടെ രക്ഷിതാക്കളോ പഠനത്തെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. ഒരുപാട് കാലം അവര്‍ സ്കൂളില്‍ വരാതിരിക്കും. അവര്‍ സ്ഥിരമായി സ്കൂളില്‍ ഹാജരാകുമെന്ന് നിങ്ങള്‍ ഉറപ്പു തരുമോ?' നോ തന്നെയായിരുന്നു ഹൈമന്‍തിയുടെ ഉത്തരം. കാരണം, ആ കുഞ്ഞുങ്ങള്‍ സ്ഥിരമായി സ്കൂളില്‍ പോകുമെന്ന് അവള്‍ക്ക് യാതൊരുറപ്പുമില്ലായിരുന്നു. 

അങ്ങനെ വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല 
പക്ഷെ, അവള്‍ ആ കുഞ്ഞുങ്ങളെ പഠിപ്പിച്ചു തുടങ്ങി. സ്കൂളില്‍ പോകാന്‍ അവരെ സജ്ജരാക്കാന്‍ തുടങ്ങി. 2018 ഒക്ടോബര്‍ വരെ അവളവരെ ഇടദിവസങ്ങളില്‍ മാത്രമാണ് പഠിപ്പിച്ചിരുന്നത്. എന്നാല്‍, നവംബര്‍ മുതല്‍ എല്ലാ ദിവസവും ഓരോ മണിക്കൂര്‍ അവള്‍ അവര്‍ക്ക് ക്ലാസെടുത്തു തുടങ്ങി. 

ഒറ്റയ്ക്കാണ് തുടങ്ങിയതെങ്കിലും 'ജുനൂണ്‍' ഇന്ന് ഒരു എട്ടംഗ ബോര്‍ഡാണ്. അവര്‍ക്ക് കൃത്യമായി പ്രവര്‍ത്തിക്കാന്‍ ഒരു രീതിയുണ്ട്. എല്ലാ ശനിയും ഞായറും ഡാന്‍സ്, ആര്‍ട്ട്, ക്രാഫ്റ്റ് എന്നിവയാണ് പഠിപ്പിക്കുന്നത്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍. ബുധനാഴ്ചകളില്‍ അവര്‍ കാഴ്ചകള്‍ കാണും. 

ഇതില്‍ മിക്ക കുട്ടികളും ഒരു പ്രത്യേക സമുദായത്തില്‍ പെടുന്നവരാണ്. കാലാകാലങ്ങളായി അവരെ ഗുണ്ടകളെന്നും, കള്ളന്മാരെന്നുമാണ് വിളിച്ചു പോരുന്നത്. മിക്ക വീടുകളിലും മാതാപിതാക്കളും കുട്ടികളുമെല്ലാം മദ്യം കഴിക്കുന്നവരായിരിക്കും. വീട്ടിലെ അവസ്ഥയും പരിതാപകരമായിരുന്നു. അതിനൊരിക്കലും കുഞ്ഞുങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയില്ലായിരുന്നു. കാരണം അവരുടെ മുന്നില്‍ റോള്‍ മോഡലുകളില്ലായിരുന്നു. 

ആദ്യമാദ്യം പലരും ഡാന്‍സ് ക്ലാസുകളിലെത്തിയില്ല. പകരം, പള്ളിക്ക് ചുറ്റും യാചിക്കുമായിരുന്നു. പക്ഷെ, പയ്യെപ്പയ്യെ അവര്‍ മുടക്കാതെ ക്ലാസില്‍ വന്നു തുടങ്ങി. ആദ്യമാദ്യം അവര്‍ കടകളുടെ പിറകിലും, കാറിനടിയിലുമൊക്കെ ഒളിച്ചിരിക്കുമായിരുന്നു. അവിടെനിന്നും കണ്ടെത്തിയിട്ടു വേണമായിരുന്നു ഹൈമന്‍തിക്ക് അവരെ ക്ലാസിലിരുത്താന്‍. അവസാനം അവര്‍ തന്നെ അച്ഛനമ്മമാരോട് പഠിക്കാന്‍ പോകണമെന്നും യാചിക്കില്ലെന്നും പറഞ്ഞു തുടങ്ങി. 

പക്ഷെ, ക്ലാസില്‍ പോകണമെന്ന് പറഞ്ഞതിന് പലപ്പോഴും അച്ഛനമ്മാര്‍ അവരുടെ കണ്ണില്‍ മുളക് വരെ തേച്ചു തുടങ്ങി. പക്ഷെ, എന്നിട്ടും അവര്‍ ക്ലാസില്‍ പങ്കെടുക്കാനെത്തിത്തുടങ്ങി. കാരണം, പഠിക്കണമെന്ന് അവര്‍ക്ക് തോന്നി. ഹൈമന്‍തിയോടും ടീച്ചര്‍മാരോടും സൗഹൃദത്തിലായതോടെ അവര്‍ ശുചിത്വകാര്യത്തിലൊക്കെ ശ്രദ്ധിച്ചു തുടങ്ങി. മുടിയൊക്കെ ചീകിയൊതുക്കിയെത്താന്‍ തുടങ്ങി. 

ദിവസം കഴിയുന്തോറും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള അവരുടെ കഴിവ് കൂടിവന്നു. പേരൊക്കെ തെറ്റുകൂടാതെ എഴുതിത്തുടങ്ങി. ഇന്ന് ഹൈമന്‍തിക്കും സംഘത്തിനും ഉറപ്പുണ്ട്, അഞ്ച് കുട്ടികളെ ഇപ്പോള്‍ സ്കൂളില്‍ വിടുന്നു. ഇനിയും ഓരോ വര്‍ഷവും ഇതുപോലെ കുട്ടികളെ സ്കൂളിലയക്കാനാകുമെന്ന്. 

ഉഷിക എന്നൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവള്‍ക്കാദ്യം ക്ലാസില്‍ വരാന്‍ താല്‍പര്യമില്ലായിരുന്നു. അവളുടെ അമ്മ മദ്യപാനിയായിരുന്നു. ഹൈമന്‍തികയ്ക്കരികിലേക്ക് അവളെ അയക്കാന്‍ അവര്‍ക്കും താല്‍പര്യമില്ലായിരുന്നു. ഓരോ തവണ സ്കൂളില്‍ വരാന്‍ തുടങ്ങുമ്പോഴും അവളുടെ അമ്മ അവളുടെ സഹോദരനെ എടുത്ത് കയ്യിലേല്‍പ്പിച്ചു. അവസാനം അമ്മയോട് എനിക്ക് പഠിക്കണം എന്ന് ഉറച്ചു പറയാന്‍ തുടങ്ങി ആ മിടുക്കി. അങ്ങനെ അവള്‍ ഹൈമന്‍തിക്കരികിലെത്തി. ഉഷിക വളരെ പെട്ടെന്ന് കാര്യങ്ങള്‍ പഠിച്ചെടുത്തു. മുടങ്ങാതെ ക്ലാസില്‍ വരാന്‍ താല്‍പര്യം കാണിച്ചു. അതുപോലെ ഒരുപാട് പേര്‍ക്ക് പ്രതീക്ഷയാണ് ഇന്ന് ജുനൂണ്‍.

ഈ യാചകരുടെ കുട്ടികളെ പഠിപ്പിച്ചിട്ട് നിനക്കെന്താണ് കിട്ടുന്നത്? സ്വന്തം നിലവാരം താഴ്ത്തരുത്, ഈ കുട്ടികളെന്ത് ശല്ല്യമാണ് തുടങ്ങി നിരന്തരം നിരവധി കളിയാക്കലുകള്‍ അഭിനന്ദനത്തിനപ്പുറം ഹൈമന്‍തിക്ക് കേള്‍ക്കേണ്ടി വരാറുണ്ട്. പക്ഷെ, അതൊന്നും തന്നെ അവളെ പിന്നോട്ട് വലിച്ചിട്ടില്ല. എല്ലാ കുട്ടികള്‍ക്കും ഒരു നല്ല ഭാവിയുണ്ടാകുമെന്ന സ്വപ്നത്തിന്‍റെ പിറകെ തന്നെയാണ് ഹൈമന്‍തി ഇപ്പോഴും. 

click me!