ഗോർബച്ചേവിനെപ്പോലും വിറപ്പിച്ച യഥാർത്ഥ കമ്യൂണിസ്റ്റ്...

By Babu RamachandranFirst Published Aug 1, 2019, 12:18 PM IST
Highlights

അവിടെ നിന്നിറങ്ങിയ സുർജീത് ആദ്യം ചേർന്നു പ്രവർത്തിച്ച പ്രസ്ഥാനം ഭഗത് സിംഗിന്റെ നൗജവാൻ ഭാരത് സഭ ആയിരുന്നു. 1936 -ൽ അദ്ദേഹം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 

2008 -ൽ ഇന്നേദിവസമാണ് സഖാവ് സർദാർ ഹർകിഷൻ സിങ് സുർജീത് മരിക്കുന്നത്. ഒരു കറയറ്റ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. ദില്ലിയിലെ രാഷ്ട്രീയക്കളികളുടെയെല്ലാം രസതന്ത്രം കിറുകൃത്യമായി അറിഞ്ഞിരുന്ന തികഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞൻ. 

ഒരിക്കലും ഒരു  കമ്യൂണിസ്റ്റ് ബുദ്ധിജീവി പരിവേഷമായിരുന്നില്ല ഹർകിഷൻ സിങ് സുർജീത്തിന്. തന്റെ പ്രസംഗങ്ങളിൽ അദ്ദേഹം പുട്ടിന് പീര പോലെ മാർക്സ്, ഏംഗൽസ്, ലെനിൻ എന്ന് ഉദ്ധരണികൾ നിരത്തുമായിരുന്നില്ല. കാലടികൾ ഈ മണ്ണിൽ തന്നെ ഉറപ്പിച്ചു നടന്നിരുന്ന ഒരു പച്ചമനുഷ്യനായിരുന്നു സുർജീത്. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന് വിപി സിങ്ങിനോടൊ, മുലായത്തിനോടോ, മായാവതിയോടോ, എന്നുവേണ്ട ജയലളിതയോടോ, അമർസിംഗിനോടൊ പോലും സംസാരിക്കാൻ ഒരു വിമുഖതയും ഉണ്ടായിരുന്നില്ല.  അന്ന് സിപിഎമ്മിന്റെ തലപ്പത്ത് ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു എങ്കിലും, പ്രവർത്തനങ്ങളിൽ ഏറ്റവും സജീവം സുർജീത് തന്നെയായിരുന്നു. സിഖ് മതത്തിന്റെ ചിഹ്നമായ പഗ്ഡി ധരിക്കുമായിരുന്നു എങ്കിലും, ആജീവനാന്തം ഒരു തികഞ്ഞ നാസ്തികനായിരുന്നു സുർജീത്. 

1916 -ൽ പഞ്ചാബിലെ ജലന്ധർ ജില്ലയിലെ ബുൻഡാല എന്ന ഗ്രാമത്തിലായിരുന്നു ഹർകിഷൻ സിങ് സുർജീതിന്റെ ജനനം. നന്നേ ചെറുപ്പത്തിൽ തന്നെ, നാട്ടുകാരനായ ഭഗത് സിങിന്റെ വിപ്ലവാത്മകമായ ആശയങ്ങളിൽ ആകൃഷ്ടനായി സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളുടെ തീച്ചൂളയിലേക്ക് സുർജീത് എടുത്തുചാടി. ഭഗത് സിങിന്റെ രക്തസാക്ഷിത്വം വളമേകിയ ഒരു വിപ്ലവജീവിതമായിരുന്നു സുർജീതിന്റെ യൗവ്വനം.

1932 മാർച്ചിൽ, പഞ്ചാബ് ഗവർണ്ണർ ഹോഷിയാർപൂർ സന്ദർശിക്കുന്ന വിശേഷാവസരത്തിൽ,  തന്നെ കോടതിയ്ക്ക് മുകളിലെ യൂണിയൻ ജാക്ക് ഇറക്കി പകരം ത്രിവർണ്ണപതാക പാർട്ടിക്കും എന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചു. വിവരമറിഞ്ഞ  കളക്ടർ കോടതിക്ക് തോക്കുധാരികളായ പട്ടാളത്തിന്റെ  കാവൽ ഏർപ്പെടുത്തി. ത്രിവർണ്ണ പതാകയുയർത്താൻ കേറുന്നവന്റെ ജഡമായിരിക്കും താഴെ ഇറക്കുക എന്നൊരു മുന്നറിയിപ്പും നൽകി. 

പരിപാടിക്ക് സാക്ഷ്യം വഹിക്കാനാണ് സുർജീത് സത്യത്തിൽ ജലന്ധറിൽ നിന്നും പത്തുപതിനഞ്ചു കിലോമീറ്റർ യാത്ര ചെയ്ത് ഹോഷിയാർപൂറിൽ ചെന്നത്. പക്ഷേ, അവിടെ എത്തിയപ്പോഴാണ് അറിയുന്നത്, പട്ടാളത്തെ ഇറക്കിയതോടെ കൊടികെട്ടാനുള്ള പ്ലാൻ ഉപേക്ഷിച്ചു എന്ന്. അദ്ദേഹം നേരെ കമ്മിറ്റി ഓഫീസിൽ ചെന്ന് വിവരം തിരക്കി. ഓഫീസിലെ സെക്രട്ടറി ഹനുമാൻ ആണ് കളക്ടറുടെ ഭീഷണിയെപ്പറ്റി സുർജീത്തിനോട് സൂചിപ്പിക്കുന്നത്. അപ്പോൾ അദ്ദേഹം ഹനുമാനോട് ചോദിച്ചു, " തോക്ക് എന്ന് കേട്ടപ്പോഴേക്കും ധൈര്യമൊക്കെ ചോർന്നുപോയോ നേതാക്കളുടെ..? " 

അത് ഹനുമാന് ക്ഷീണമായി. അദ്ദേഹം തിരിച്ച് സുർജീത്തിനെ വെല്ലുവിളിച്ചു, " നിനക്ക് അത്ര ധൈര്യമാണെങ്കിൽ നീ പോയി കെട്ട് കൊടി..! "

സുർജിത് ആ വെല്ലുവിളി സ്വീകരിച്ച് കൊടിയുമെടുത്ത്‌ കോടതിയിലെത്തി. അപ്പോഴേക്കും കെട്ടും എന്ന് പറഞ്ഞ സമയം കഴിഞ്ഞിരുന്നു. കെട്ടാൻ നേതാക്കളാരും വരാതിരുന്നതുകൊണ്ട് പട്ടാളവും അതിനെപ്പറ്റി മറന്നിരുന്നു. സുർജിത് പതുക്കെ കോണി കയറി മട്ടുപ്പാവിൽ എത്തി യൂണിയൻ ജാക്ക് അഴിച്ചു മാറ്റി, കയ്യിൽ കരുതിയിരുന്ന ത്രിവർണ്ണപതാക എടുത്ത് കൊടിമരത്തിൽ കെട്ടി. 

ഗുരുതരമാണ് കുറ്റം. പൊലീസുകാർ ആ ചെറുപ്പക്കാരനെ പിടികൂടി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി. മജിസ്‌ട്രേറ്റ് ചോദിച്ചു, "എന്താണ് നിന്റെ പേര്..?" സുർജീത് തെല്ലും കൂസാതെ മറുപടി പറഞ്ഞു, "ലണ്ടൻ തോഡ് സിങ്ങ്" - എന്നുവെച്ചാൽ ലണ്ടനെ തകർക്കും സിങ്ങ് എന്നർത്ഥം.

കുപിതനായ മജിസ്‌ട്രേറ്റ്  ശിക്ഷവിധിച്ചു.. ഒരു വർഷം.. പ്രായപൂർത്തിയാകാത്തതിനാൽ ദുർഗുണപരിഹാരപാഠശാലയിലേക്കാണ് പോവേണ്ടത്. 

സുർജീത് മജിസ്‌ട്രേറ്റിനോട് ചോദിച്ചു, " ഒരു വർഷമേയുള്ളോ..? 

ചോദ്യം മജിസ്‌ട്രേറ്റിന്റെ വീണ്ടും ചൊടിപ്പിച്ചു. അദ്ദേഹം ശിക്ഷ നാലുവർഷമാക്കി വർധിപ്പിച്ചു.. 

അപ്പോൾ സുർജിത് വീണ്ടും ചോദിച്ചു, " നാലുവർഷം..? വെറും നാലുവർഷം..? " 

മജിസ്‌ട്രേറ്റ് വീണ്ടും കലികൊണ്ടു വിറച്ചു എങ്കിലും, ആ വകുപ്പുപ്രകാരം, പ്രസ്തുത കുറ്റത്തിന് പരമാവധി നാലു വർഷത്തെ ശിക്ഷയേ കൊടുക്കാൻ പറ്റുമായിരുന്നുള്ളൂ. 

അവിടെ നിന്നിറങ്ങിയ സുർജീത് ആദ്യം ചേർന്നു പ്രവർത്തിച്ച പ്രസ്ഥാനം ഭഗത് സിംഗിന്റെ നൗജവാൻ ഭാരത് സഭ ആയിരുന്നു. 1936 -ൽ അദ്ദേഹം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. പഞ്ചാബിൽ കിസാൻ സഭ രൂപീകരിക്കപ്പെടുന്നത് സുർജീതിന്റെ നേതൃത്വത്തിലാണ്. പഞ്ചാബിലെ അക്കാലത്തെ നിർണായകമായ പല സമരങ്ങളുടെയും മുൻനിരയിൽ സുർജീത് ഉണ്ടായിരുന്നു. പത്തുവർഷക്കാലം അദ്ദേഹം തടവറയിൽ കഴിച്ചുകൂട്ടിയിട്ടുണ്ട്. അതിൽ എട്ടു വർഷവും സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുള്ള കാലത്താണ്. 

വർഗീയതയ്‌ക്കെതിരെയുള്ള ചെറുത്തുനിൽപ്പായിരുന്നു ഒറ്റവാക്കിൽ പറഞ്ഞാൽ സുർജീതിന്റെ രാഷ്ട്രീയം. 1978 -ൽ സൽകിയയിലെ പ്ലീനം നടന്നു. ജനറൽ സെക്രട്ടറിയായി ഇഎംഎസ് തെരഞ്ഞെടുക്കപ്പെട്ടു. സുന്ദരയ്യയുടെ അക്രമലൈൻ  വിട്ടുപിടിക്കാനായിരുന്നു പ്ലീനത്തിലെടുത്ത തീരുമാനം. തൊഴിലാളിവർഗത്തിന്റെ ക്ഷേമത്തിന് ഉതകും വിധം പാർലമെന്ററി രാഷ്ട്രീയത്തിലെ ജനാധിപത്യസ്ഥാപനങ്ങളെ പ്രയോജനപ്പെടുത്താൻ പ്ലീനത്തിൽ തീരുമാനമായി. അതിന്റെ ഭാഗമായി ചില അടവുനയങ്ങൾ, കോൺഗ്രസിതര പാർട്ടികളുമായി അത്യാവശ്യഘട്ടങ്ങളിൽ ചില നീക്കുപോക്കുകൾ, സഖ്യങ്ങൾ ഒക്കെ ആവാം എന്നും ഉറപ്പിച്ചു. 

1991-ൽ ചെന്നൈ പാർട്ടി കോൺഗ്രസിൽ വെച്ച് സുർജീത് വീണ്ടും സൽകിയാ പ്ലീനത്തിന്റെ കാര്യമെടുത്തിട്ടു. "ഇനി കോൺഗ്രസിനെയും വർഗീയപാർട്ടികളെയും തോൽപ്പിക്കാൻ വേണ്ടി സാധ്യമായ എല്ലാ സഖ്യങ്ങളിലും ഏർപ്പെടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു."

ഉത്തരഭാരതമായിരുന്നു സുർജീത്തിന്റെ ലക്ഷ്യം. വിശേഷിച്ചും ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങൾ. അവിടെ മുലായം സിങ്ങും, ലാലുപ്രസാദും അടങ്ങുന്ന സെക്കുലർ, ദളിത് നേതാക്കളിൽ അദ്ദേഹം പ്രതീക്ഷയർപ്പിച്ചു. 1996 -ൽ പതിമൂന്നു ദിവസത്തെ തത്രപ്പാടിന് ശേഷം വാജ്‌പേയിയുടെ സർക്കാർ വീണപ്പോൾ, ഒരു മൂന്നാം മുന്നണിയെപ്പറ്റിയുള്ള ചർച്ചകൾ വന്നു. പ്രധാനമന്ത്രി പദത്തിലേക്ക് ആദ്യം വന്ന പേര് വി പി സിംഗിന്റേതായിരുന്നു. എന്നാൽ, അദ്ദേഹം ക്ഷയിച്ചുകൊണ്ടിരുന്ന ആരോഗ്യത്തിന്റെ കാരണം പറഞ്ഞുകൊണ്ട് ആ ഓഫർ നിരസിച്ചു.  അന്ന് ജ്യോതിബസുവിന് പ്രധാനമന്ത്രിയാവാൻ ആഗ്രഹമുണ്ടായിരുന്നു. സുർജീതും അതേ പക്ഷക്കാരനായിരുന്നു. മൂന്നുസംസ്ഥാനങ്ങളിൽ മാത്രം സാന്നിധ്യമുള്ള പാർട്ടി എന്ന ദുഷ്പ്പേരിന് അന്ത്യം കുറിച്ച്, കുറച്ചുകാലത്തേക്കെങ്കിലും ദില്ലിയിലും ഭരണത്തിലേറി രാജ്യത്തെക്കുറിച്ചുള്ള തങ്ങളുടെ ദർശനങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണം എന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ, അന്ന് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിലെ 'സംശുദ്ധ രാഷ്ട്രീയവാദികൾ' ചേർന്ന് സുർജീതിന്റെ താത്പര്യങ്ങൾക്ക് തുരങ്കം വെച്ചു. അവർ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള സുർജീതിന്റെ പരിശ്രമങ്ങളെ 'അവസരവാദ'മെന്നു വരെ മുദ്രകുത്തി. ഒടുവിൽ എന്തായി, കപ്പിനും ചുണ്ടിനുമിടയിൽ വെച്ച് ജ്യോതിബസുവിന് പ്രധാനമന്ത്രിപദം നഷ്ടമായി. 1996 -ൽ ദേവഗൗഡ സർക്കാർ അധികാരത്തിലേറി. 

ദേവഗൗഡ സർക്കാർ ദില്ലിയിൽ ഭരണത്തിലിരിക്കെ ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് വന്നു. രാംവിലാസ് പാസ്വാന്റെ ജനതാ ദളിന് മുലായംസിങ്ങിന്റെ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയാൽ കൊള്ളാം എന്നുണ്ടായിരുന്നു. അതുപോലെ ശരദ് യാദവിന് ബഹുജൻ സമാജ്‌വാദി പാർട്ടിയുമായും. ശരദ് യാദവിന് പക്ഷേ, മായാവതി മുഖ്യമന്ത്രിയാവുന്നത് സമ്മതമല്ലായിരുന്നു. അതിന്റെ പേരിൽ ആ ആ സഖ്യം അലസി. ഒടുവിൽ എല്ലാവർക്കും സമാജ്‌വാദി പാർട്ടിയോടൊപ്പം കൂടേണ്ടിവന്നു.  ഈ ദിവസങ്ങളിൽ ചന്ദോലിയിൽ നടന്ന ഒരു സമ്മേളനത്തിൽ സുർജീത് ജനതാദളിനെ പരിഹസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, "ഞങ്ങൾ ജനതാ ദളിന്റെ കൂടെയാണ്. അത് എല്ലാവർക്കും അറിയാം . പക്ഷേ, ജനതാദൾ ആരുടെ കൂടെയാണ് എന്ന് അവർക്കുപോലും അറിയില്ല. ദില്ലിയിലേക്ക് പോകാൻ വേണ്ടി, മുംബൈ ട്രെയിനിൽകേറി ഇരിപ്പുറപ്പിച്ചിരിക്കുകയാണ് അവർ .." 

രാഷ്ട്രീയത്തിൽ തീക്ഷ്ണമായ ഇടപെടലുകൾ നടത്തിയിരുന്നപ്പോഴും, വ്യക്തിജീവിതത്തിൽ ഏറെ സൗമ്യനും ലളിതജീവിതം നയിക്കുന്നവനുമായിരുന്നു സുർജീത്. സ്വന്തമായി ചായയിട്ടു കുടിക്കും. ഭക്ഷണം കഴിച്ച പ്ളേറ്റ് സ്വന്തമായി തന്നെ കഴുകിവെക്കും. അങ്ങനെ പല നിർബന്ധങ്ങളുമുണ്ടായിരുന്നു അദ്ദേഹത്തിന്. 

കമ്യൂണിസ്റ്റുപാർട്ടിയുടെ അന്താരാഷ്‌ട്ര ബന്ധങ്ങളിലെ പ്രധാന കണ്ണിയായിരുന്നു ഹർകിഷൻ സിങ് സുർജീത് എന്ന ഈ ധിഷണാശാലി. ഫിദൽ കാസ്‌ട്രോയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ, അതേസമയം റഷ്യയിൽ പാർട്ടി നേരിട്ടുകൊണ്ടിരുന്ന അപചയങ്ങൾ വിമർശിക്കാനും അദ്ദേഹം മടികാണിച്ചില്ല. 1987 -ൽ തമ്മിൽ നേരിൽ കണ്ടപ്പോൾ അദ്ദേഹം ഗോർബച്ചേവിനോട് പറഞ്ഞു, "നിങ്ങൾ കമ്യൂണിസം എടുത്ത് പെരുമാറുന്ന രീതി കണ്ടിട്ട്, ഇത് അധികനാൾ പോവും എന്ന് തോന്നുന്നില്ല..." ഏറെ പ്രവചനാത്മകമായിപ്പോയി അന്ന് സുർജീതിന്റെ വാക്കുകൾ. അധികം താമസിയാതെ സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞു. 

ഇന്ത്യയിലെ ഭൂപരിഷ്കരണത്തിന്റെ ചരിത്രവും, പഞ്ചാബിലെ ഭീകരവാദവും രാഷ്ട്രീയവും, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നാൾവഴികളും ഒക്കെ പ്രതിപാദിക്കുന്ന നിരവധി പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ആരോഗ്യം നന്നേ ക്ഷയിക്കും വരെയും സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയിൽ സുർജീത് ഉണ്ടായിരുന്നു. ഒരു വെളുത്ത തലപ്പാവും ചൂടി, സദാ പ്രസന്നനായി ജനങ്ങളോട് ഇടപെട്ടിരുന്ന ആ കമ്യൂണിസ്റ്റുകാരന്, എഴുപത്തഞ്ചു വർഷത്തെ തന്റെ രാഷ്ട്രീയ സപര്യയിൽ ഒരു കളങ്കം പോലും ഏൽക്കാൻ അനുവദിക്കാതിരുന്ന ആ രാഷ്ട്രീയ നേതാവിന് ഇന്ന് ഓർമ്മനാൾ..!

click me!