സ്വന്തം സഖാക്കളെ കുടുക്കാൻ മോസ്‌കോയിൽ കോമ്രേഡ് സ്റ്റാലിൻ ഒരുക്കിയിരുന്ന മരണക്കെണി: 'ഹോട്ടൽ ലൂക്സ്'

By Web TeamFirst Published Oct 27, 2020, 2:22 PM IST
Highlights

പലരെയും സ്റ്റാലിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ കിങ്കരന്മാർ ഈ മുറികൾക്കുള്ളിൽ വെച്ച് തല്ലിക്കൊന്നു.

ഹോട്ടൽ ലൂക്സ് എന്നത് മോസ്‌കോ റെഡ് സ്‌ക്വയറിനടുത്തുള്ള ട്വെർസ്‌കായ സ്ട്രീറ്റിൽ(പഴയ ഗോർക്കി സ്ട്രീറ്റ്) സ്ഥിതിചെയ്യുന്ന ഒരു ആഡംബര ഹോട്ടലിന്റെ പേരാണ്. തെരുവിലെ പത്താം നമ്പർ കെട്ടിടം. അതെന്താണ് എന്നറിവുള്ളവർ റഷ്യയിൽ തന്നെ ചുരുക്കമാണ്. അതേപ്പറ്റി നേരിട്ടറിവുള്ളവർക്ക്, ആ ദുരനുഭവങ്ങളുടെ പേടിപ്പെടുത്തുന്ന ഓർമ്മകൾ മനസ്സിൽ തികട്ടി വരാതെ അതും താണ്ടി മുന്നോട്ടു പോകാനാവില്ല. എന്തുകൊണ്ടെന്നോ? 1930 -കളിൽ റഷ്യയിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ, 'ദ ഗ്രേറ്റ് പർജ്ജ്' എന്ന പേരിൽ കൊടിയ വേട്ടയാടലുകൾ നടക്കുന്ന കാലത്ത്, കോമ്രേഡ് തന്റെ പാർട്ടിയിൽ തന്നെയുള്ള, തന്റെ അനിഷ്ടം സമ്പാദിച്ച സഖാക്കളെ അവർപോലും അറിയാതെ കെണിയിൽ പെടുത്താനും, പിന്നീട് ക്രൂര പീഡനങ്ങൾക്ക് വിധേയരാക്കി കൊന്നുകളയാനും ഒക്കെ പ്രയോജനപ്പെടുത്തിയത് ഇതേ ആഡംബര ഹോട്ടലിനെയാണ്.  

 

 

ഈ കെട്ടിടം നിർമ്മിക്കപ്പെടുന്നത് റഷ്യൻ വിപ്ലവത്തിനൊക്കെ പതിറ്റാണ്ടുകൾ മുമ്പാണ്. അക്കാലത്തെ പ്രസിദ്ധനായ റഷ്യൻ റൊട്ടി നിർമ്മാതാവായിരുന്ന ദിമിത്രി ഫിലിപ്പോവാണ് ഈ കെട്ടിടം പടുത്തുയർത്തുന്നത്. 1911 -ൽ ഈ കെട്ടിടത്തിന്റെ ഒരു ഭാഗത്തിന് രൂപമാറ്റം വരുത്തി ഫ്രാൻസ് എന്നപേരിൽ ഒരു അത്യാഢംബര ഹോട്ടൽ തുടങ്ങി ഫിലിപ്പോവ്. അതിമനോഹരമായിരുന്നു ഈ കെട്ടിടത്തിന്റെ അകവും പുറവും. മാർബിളിൽ തീർത്ത നിലം, ലോബിയിൽ നിരത്തിയിരുന്ന വലിയ കണ്ണാടികൾ എന്നിങ്ങനെ അന്നൊന്നും ഒരു ഹോട്ടലിലും ഇല്ലാതിരുന്ന പലതും ഫിലിപ്പോവിന്റെ ഹോട്ടലിൽ ഉണ്ടായിരുന്നു. റെഡ് സ്ക്വയറിനോട് ചേർന്നായിരുന്നു എന്നതുകൊണ്ട് അവിടം റഷ്യയിലെ ധനികരും പ്രസിദ്ധരുമായ കുലീനരെ എന്നും അതിലേക്കാകർഷിച്ചുകൊണ്ടിരുന്നു. 

അങ്ങനെയിരിക്കെ 1917 -ൽ ബോൾഷെവിക്ക് വിപ്ലവം നടക്കുന്നു. വിപ്ലവാനന്തരം റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി ചെയ്ത ഒരു നടപടി, ഫിലിപ്പോവിനെപ്പോലുള്ള ബൂർഷ്വാ ധനികരുടെ, ഫ്രാൻസ് ഹോട്ടൽ പോലുള്ള പല ഹർമ്മ്യങ്ങളും പാർട്ടി ദേശസാൽക്കരണത്തിലൂടെ സ്വന്തമാക്കി. ആദ്യം ഒരു നിലമാത്രമേ ഉണ്ടായിരുന്നുള്ളൂ ഹോട്ടലിന്. ദേശസാൽക്കരണത്തിനു ശേഷം രണ്ടാമത്തെയും മൂന്നാമത്തെയും നിലകൾ വന്നു. ആകെ മുറികളുടെ എണ്ണം 300 ആയി ഉയർന്നു. ഹോട്ടലിന്റെ പേര് ഫ്രാൻസ് എന്നതിൽ നിന്ന് ലൂക്സ് എന്നാക്കി മാറ്റി. ഒരു സമയത്ത് ചുരുങ്ങിയത് 600 അതിഥികളെയെങ്കിലും പ്രവേശിപ്പിക്കാവുന്ന ഒരു നക്ഷത്ര ഹോട്ടലായി ലൂക്സ് മാറി. 

വിപ്ലവം കഴിഞ്ഞ കാലമാണ്. കോമിന്റേൺ(Comintern) എന്ന അന്താരാഷ്ട്ര കമ്യൂണിസ്റ്റ് സംഘടനയുടെ സമ്മേളനങ്ങളിൽ പങ്കെടുക്കാനോ ഏതെങ്കിലുമൊക്കെ സാമ്രാജ്യത്വ ഗവണ്മെന്റുകളുടെ അടിച്ചമർത്തലുകളിൽ നിന്ന് രക്ഷപ്പെട്ടോടി കമ്യൂണിസത്തിന്റെ പറുദീസയിൽ അഭയം തേടാനും ഒക്കെയായി  സോവിയറ്റ് റഷ്യയിലേക്ക് ലോകത്തിന്റെ പലഭാഗത്ത് നിന്നും അറിയപ്പെടുന്നതും അല്ലാത്തതുമായ പല കമ്യൂണിസ്റ്റ് കോമ്രേഡുകളുടെ കുത്തൊഴുക്കുണ്ടായി. അക്കൂട്ടത്തിൽ പെട്ട ജർമ്മൻ കമ്യൂണിസ്റ്റ് നേതാവ് വാൾട്ടർ ഉൾബ്രൈറ്റ്, വിൽഹേം പിയേക്ക്, ഹേർബെർട്ട് വെയ്‌നർ, ഹിറ്റ്ലറുടെ രാഷ്ട്രീയ എതിരാളി ഏൺസ്റ്റ് താൽമാൻ, അന്നത്തെ അറിയപ്പെടുന്ന ജർമൻ പത്രപ്രവർത്തകനും പിന്നീട് റഷ്യൻ ചാരൻ എന്ന് വെളിപ്പെട്ട ആളുമായ റിച്ചാർഡ് സോർഗേ എന്നിവർക്ക് ആതിഥ്യമരുളി അന്നത്തെ ഹോട്ടൽ ലൂക്‌സ്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രഥമ പ്രീമിയർ ചൗ എൻ ലായ്, വിയറ്റ്‌നാം വിപ്ലവനായകൻ ഹോ ചി മിൻ എന്നിവരൊക്കെ റഷ്യയിൽ വന്നപ്പോൾ തങ്ങിയത് ഹോട്ടൽ ലൂക്സിൽ തന്നെ ആയിരുന്നു. 

 

 

ആ ഒരു കാലത്തിനു ശേഷമാണ് 1930 -കളിൽ സ്റ്റാലിൻ തന്റെ രാഷ്ട്രീയ ശത്രുക്കളെ ഭൗതികമായിത്തന്നെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെ 'ദ ഗ്രേറ്റ് പർജ്ജ്' എന്ന വിളിപ്പേരിൽ പിൽക്കാലത്ത്  അറിയപ്പെട്ട ഒരു വേട്ടയാടൽ തുടങ്ങുന്നത്. അതോടെ ഈ ഹോട്ടൽ ലൂക്സ് എന്ന ആഡംബര ഹോട്ടൽ, സ്റ്റാലിന്റെ അനിഷ്ടം സമ്പാദിച്ച സഖാക്കളെ കുടുക്കാനുള്ള എലിപ്പത്തായങ്ങളിൽ ഒന്നായി രൂപാന്തരപ്പെട്ടു. 

അക്കാലത്തെ പതിവുരീതി ഇങ്ങനെയായിരുന്നു. ചെക്ക് ഇൻ ചെയ്യാൻ നേരത്ത്, അതിഥികളിൽ നിന്ന് റിസപ്‌ഷനിൽ വെച്ചുതന്നെ അവരുടെ പാസ്പോർട്ട് ചോദിച്ച് വാങ്ങിക്കപ്പെടും. പകരം അവർക്ക് ഒരു പാസ് അനുവദിച്ചുനല്കും ഹോട്ടൽ ജീവനക്കാർ. കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്ന ഈ ഹോട്ടലിൽ നിന്ന് ജീവനക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ അനുമതി കൂടാതെ ചെക്ക് ഇൻ ചെയ്തവർക്ക് പോലും പുറത്തേക്കിറങ്ങാനോ, രാജ്യം വിടാനോ സാധിച്ചിരുന്നില്ല. ചുരുക്കത്തിൽ, ചെക്ക് ഇൻ ചെയ്ത നിമിഷം തൊട്ട് ആ നക്ഷത്ര ഹോട്ടൽ അവർക്കൊരു അനൗപചാരിക തടവറ തന്നെയായി മാറി. 

സർക്കാർ ഏറ്റെടുത്ത ശേഷം ഹോട്ടലിൽ വേണ്ടപോലെ മെയിന്റനൻസ് നടക്കുന്നുണ്ടായിരുന്നില്ല. മുറികളിൽ എലികളും പാറ്റകളും മൂട്ടകളും വിളയാട്ടം തുടങ്ങി. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് ഈ ജീവികൾക്കൊപ്പം വർഷങ്ങളോളം ഈ മുറികൾക്കുള്ളിൽ തന്നെ കഴിച്ചു കൂട്ടേണ്ടി വന്നവർ എത്രയോ പേരുണ്ട്. അവിടെ ആരൊക്കെ താമസിച്ചു എന്നോ, അതിനിടെ ആരൊക്കെ മരിച്ചുവെന്നോ, അപ്രത്യക്ഷമായി എന്നോ ഒന്നും കണക്കുണ്ടായിരുന്നില്ല. കമ്യൂണിസ്റ്റുകാരുടെ പ്രവർത്തനങ്ങളുടെ ഒരു രഹസ്യ സ്വഭാവം വെച്ച്, അവരുടെ യഥാർത്ഥ നാമങ്ങൾ പാസ്സ്പോർട്ടിലെ പേരുമായി ഒത്തുചേർന്നിരുന്നില്ല. പാർട്ടിക്കുള്ളിൽ അവർക്ക് മൂന്നാമതൊരു വിളിപ്പേര് വേറെയും ഉണ്ടായിരുന്നു. 

 

 

 

തന്റെ രാഷ്ട്രീയ ശത്രുക്കളിൽ പലരെയും സ്റ്റാലിൻ സൂത്രത്തിൽ ഈ ഹോട്ടലിലെത്തിച്ച് ചെക്കിൻ ചെയ്യിക്കുമായിരുന്നു. അവർ ആ മുറികളിൽ സ്റ്റാലിൻ തന്റെ അനുയായികൾ വഴി തയ്യാറാക്കിയിരുന്നു പീഡന കേന്ദ്രങ്ങളിൽ അതിക്രൂരമായ മർദ്ദനങ്ങൾക്കും ചോദ്യം ചെയ്യലിനും വിധേയരായി. പലരും മർദ്ദനങ്ങൾ താങ്ങാനാകാതെ കൊല്ലപ്പെട്ടു. പലരെയും സ്റ്റാലിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ കിങ്കരന്മാർ ഈ മുറികൾക്കുള്ളിൽ വെച്ച് തല്ലിക്കൊന്നു. അപൂർവം ചിലരെ ഹോട്ടലിൽ നിന്ന് നേരെ നാസി ജർമനി പോലുള്ളിടങ്ങളിലേക്ക് നാടുകടത്തി. അവിടെ വെച്ച് അവർ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു, ഫയറിംഗ് സ്‌ക്വാഡിന് മുന്നിലേക്ക് തള്ളിവിടപ്പെട്ടു. 

മോസ്‌കോ എന്നത് അക്കാലത്തെ സോവിയറ്റ് റഷ്യയുടെ അധികാരത്തിന്റെ കേന്ദ്രബിന്ദു ആയിരുന്നു. ഒപ്പം, ഗവണ്മെന്റ് നേരിട്ടും അല്ലാതെയും പ്രവർത്തിച്ചിരുന്ന സകല കുറ്റകൃത്യങ്ങളുടെയും ഗൂഢാലോചനാ കേന്ദ്രവും. 1953 -ൽ സ്റ്റാലിൻ മരിച്ചുപോകും വരെ ഒറ്റയ്ക്കും തെറ്റയ്ക്കുമായി ഈ പരിപാടികളും, പീഡനങ്ങളും, രാഷ്ട്രീയ കൊലപാതകങ്ങളും സോവിയറ്റ് റഷ്യയിൽ ആവർത്തിച്ചുകൊണ്ടിരുന്നു. 

 

 

1950 -കളിൽ സ്റ്റാലിൻ അധികാരത്തിൽ നിന്ന് മാറിയ ശേഷം ഈ ഹോട്ടൽ വീണ്ടും നവീകരണത്തിന് വിധേയമായി. പേര് ലൂക്സ് എന്നതിൽ നിന്ന് മാറി സെൻട്രൽ എന്നായി. പുതുക്കിപ്പണിഞ്ഞ മുറികളിൽ വീണ്ടും അതിഥികൾ വന്നുപോവാൻ തുടങ്ങി. ഇപ്പോൾ 2020 ഒക്ടോബറിൽ ട്വെർസ്‌കായ സ്ട്രീറ്റിലെ ഈ പത്താം നമ്പർ കെട്ടിടം വീണ്ടും പുതുക്കിപ്പണിയുന്ന തിരക്കിലാണ് റഷ്യൻ ഗവൺമെന്റ്. പുതിയൊരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ രൂപത്തിൽ അധികം താമസിയാതെ ഈ കെട്ടിടം വീണ്ടും വ്യാപാരത്തിനായി തുറക്കപ്പെടുമായിരിക്കാം. ഇന്ന് ഈ ഹോട്ടലിനെ താണ്ടിക്കൊണ്ട് ട്വെർസ്‌കായ സ്ട്രീറ്റിന്റെ തെരുവിലൂടെ കടന്നു പോകുന്ന ആയിരങ്ങളിൽ പലർക്കും ഇതിന്റെ രക്തരൂക്ഷിതമായ ഭൂതകാലത്തെപ്പറ്റി യാതൊരറിവും തന്നെ ഉണ്ടാകാനിടയില്ല. 

 

Courtesy : Russia Beyond

click me!