തെരുവുനായകള്‍ കൂടുന്നു, നമുക്കും കണ്ടുപഠിക്കാവുന്ന നയം സ്വീകരിച്ച് ഈ ഭൂട്ടാന്‍ നഗരം

By Web TeamFirst Published Nov 17, 2019, 3:47 PM IST
Highlights

അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ പ്രത്യേകിച്ചും നായകള്‍ നഗരവാസികള്‍ക്കും മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഈ ദത്തെടുപ്പ് നയം ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. 

തെരുവുനായകള്‍ പെരുകുന്നത് എവിടെയായാലും കേരളത്തിലായാലും ഭൂട്ടാനിലായാലും ഒരിത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ് അല്ലേ? കേരളത്തിലാണെങ്കില്‍ ആളുകള്‍ ഗര്‍ഭിണിയായ പൂച്ചകളെ വരെ തൂക്കിക്കൊല്ലുന്നത്രേം ക്രൂരന്മാരായി വരികയാണ്. എന്നാല്‍, ഭൂട്ടാനിലുള്ളവര്‍ ഈ തെരുവുനായകളെ ഒന്നും ചെയ്യില്ല. അതുകൊണ്ട്, തെരുവാകെ തടിച്ചുകൊഴുത്ത നായകളുടെ വിഹാരകേന്ദ്രങ്ങളായി മാറി. അപ്പോള്‍ ഈ തെരുവ്നായകളുടെ എണ്ണം കുറക്കാന്‍ എന്തെങ്കിലും ചെയ്‍തേ മതിയാകൂ എന്നുമായി. അങ്ങനെയാണ് ഭൂട്ടാനിലെ ട്രോംഗ്‍സാ എന്ന നഗരം ഇക്കാര്യത്തില്‍ വ്യത്യസ്‍തമായൊരു തീരുമാനത്തിലെത്തിയത്. 

അടുത്തിടെ വിളിച്ച ഒരു യോഗത്തിലാണ് സോങ്‌ഖാഗ് ഭരണകൂടം നായകളുടെ കാര്യത്തിലുള്ള ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. തെരുവ് നായ്ക്കളെ ദത്തെടുക്കുക, പിന്നെ അവയ്ക്ക് കുത്തിവയ്പ്പ് എടുക്കുകയും ചെയ്യുക. ദത്തെടുക്കുന്നവര്‍ അവയ്‍ക്ക് കഴിയാനൊരു കൂടും കുത്തിവെപ്പും ഈ രണ്ട് കാര്യങ്ങളും ഉറപ്പുവരുത്തണം. 

അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ പ്രത്യേകിച്ചും നായകള്‍ നഗരവാസികള്‍ക്കും മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഈ ദത്തെടുപ്പ് നയം ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ട്രോംഗ്‍സയിലെ കന്നുകാലി വിഭാഗം ഓഫീസര്‍ ജിഗ്മെ ചോഫേല്‍ പറയുന്നത്, നായകളെ കൊണ്ടുള്ള ശല്യം മറ്റു മൃഗങ്ങളെക്കൊണ്ടുള്ള ശല്യത്തേക്കാള്‍ കൂടുതലാണ് എന്നാണ്. തെരുവ് നായകളെ ശ്രദ്ധിക്കാനോ പരിപാലിക്കാനോ എന്തെങ്കിലും സംഘടനകളോ മറ്റോ അവിടെയില്ല. ആശുപത്രികളില്‍ നായകളുടെ കടിയേല്‍ക്കുന്ന സംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പേവിഷബാധയേല്‍ക്കാതിരിക്കാനും മറ്റുമായി നായകളുടെ എണ്ണം പെരുകുന്നത് ഇല്ലാതാക്കിയേ തീരൂ. ഇല്ലെങ്കില്‍ അത് ജനങ്ങള്‍ക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്‍ടിക്കുമെന്നും അദ്ദേഹം പറയുന്നു. അതിനായി ചെയ്യാവുന്ന ഒരേയൊരു വഴി ഈ നായകളെ ദത്തെടുക്കുക എന്നുള്ളതാണ് എന്നും അദ്ദേഹം പറയുന്നു.

നാല് തരമാക്കി തിരിച്ചിട്ടുണ്ട് ഈ ദത്തെടുക്കലിനെ. അതില്‍ വീട്, കടുംബം, വിവിധ സ്ഥാപനങ്ങള്‍ എല്ലാം പെടുന്നുണ്ട്. അതായത് വീട്ടിലേക്ക് മാത്രം ദത്തെടുത്താല്‍ പോരാ സ്‍കൂളുകളടക്കം വിവിധ സ്ഥാപനങ്ങളും ഓരോ നായയെ ദത്തെടുക്കേണ്ടി വരും എന്നര്‍ത്ഥം. നായയെ ദത്തെടുക്കുന്നത് രജിസ്റ്റര്‍ ചെയ്‍തിരിക്കണം, കുത്തിവെപ്പെടുക്കണം, വന്ധ്യംകരിക്കണം എന്നതൊക്കെയും നിര്‍ബന്ധമാണ്. ഓരോ സ്ഥാപനത്തിലും നായയുടെ പരിചരണത്തില്‍ താല്‍പര്യമുള്ള ഓരോ യൂണിറ്റുണ്ടാക്കാനും അതിന് ഒരു കോര്‍ഡിനേറ്ററെ കൂടി നിയമിക്കാനും നിര്‍ദ്ദേശമുണ്ട്. കന്നുകാലി വിഭാഗം ദത്തെടുത്തിരിക്കുന്നത് അഞ്ച് നായകളെയാണ്. 

മാത്രവുമല്ല, ഈ ദത്തെടുപ്പെല്ലാം ശരിയാംവിധം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ഒരു ഓഫീസറെ കൂടി ഭരണസമിതി നിയമിച്ചിട്ടുണ്ട്. എന്തായാലും നമ്മുടെ ജില്ലാ ഭരണകൂടത്തിനൊക്കെ വേണമെങ്കില്‍ മാതൃകയാക്കാവുന്ന കാര്യമാണ് ഭൂട്ടാനില്‍ നടപ്പിലാക്കിയിരിക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം. 


 

click me!