ഒരേ അൾട്രാ സോണോഗ്രാം നൽകി നാല്പതിലധികം ഗർഭിണികളെ വഞ്ചിച്ച ഗൈനക്കോളജിസ്റ്റിന് ഒടുവിൽ പിടി വീണതെങ്ങനെ..?

Published : Apr 25, 2019, 03:05 PM ISTUpdated : Apr 25, 2019, 03:19 PM IST
ഒരേ അൾട്രാ സോണോഗ്രാം നൽകി നാല്പതിലധികം ഗർഭിണികളെ വഞ്ചിച്ച ഗൈനക്കോളജിസ്റ്റിന് ഒടുവിൽ പിടി വീണതെങ്ങനെ..?

Synopsis

അൾട്രാ സൗണ്ട് സ്കാനിങ്ങിന്റെ സാങ്കേതികതകളുമായി ഏറെയൊന്നും പരിചയിച്ചിട്ടില്ലാത്ത ഭാവി അച്ഛനമ്മമാർക്ക് ഡോക്ടർമാർ എന്ത് പറയുന്നുവോ അതാണ് പ്രമാണം. അവർക്കിടയിലുള്ള കേവല വിശ്വാസമാണ് ഈ പ്രക്രിയയുടെ അടിസ്ഥാനം തന്നെ. എന്നാൽ, ആ ഉടമ്പടി ഒരാൾ ലംഘിക്കാൻ തീരുമാനിച്ചാലോ..? അങ്ങനെയൊരു ഞെട്ടിക്കുന്ന കേസാണ് ചിലിയിൽ നിന്നും പുറത്തുവന്നിരിക്കുന്നത്.


ഗർഭം ധരിക്കുന്ന ഓരോ സ്ത്രീയും കൃത്യമായ ഇടവേളകളിൽ ചെയ്തു പോരുന്ന ഒരു പരിശോധനയാണ് പ്രസവപൂർവ അൾട്രാ സോണോ ഗ്രാം അഥവാ അൾട്രാ സൗണ്ട് സ്കാനിങ്ങ്. ഇന്ത്യയിൽ ഏകദേശം 3000 -5000  രൂപയ്ക്കിടയിലാണ് ഇതിനുള്ള ചെലവ്. അമേരിക്കയിൽ ഇതേ സ്കാനിങ്ങിന് ഇന്ത്യയിലേതിന്റെ നാലിരട്ടിയെങ്കിലും വരും. ഗർഭത്തിന്റെ പല ഘട്ടങ്ങളിലെ കുഞ്ഞിന്റെ വളർച്ചയെ നിരീക്ഷിക്കാനും കുഞ്ഞിൽ ഉണ്ടാവാൻ സാധ്യതയുള്ള തകരാറുകൾ ( anomalies) കണ്ടെത്താനാണ് ഈ സ്കാനുകൾ പ്രയോജനപ്പെടുത്തുന്നത്. സാധാരണ ഗതിയിൽ ഈ സ്കാനുകളിൽ, ജനിക്കാൻ പോവുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പും, കൈകാലുകളും, മുഖവും മറ്റും അച്ഛനമ്മമാരെ വിളിച്ചു കാണിക്കും ഗൈനക്കോളജിസ്റ്റുകൾ. അതുകാണുന്ന അച്ഛനമ്മമാർക്ക് ഏറെ സന്തോഷവും ഉണ്ടാവാറുണ്ട്. 

കുഞ്ഞ് കിടക്കുന്നത് അമ്മയുടെ വയറ്റിനുള്ളിലാണ്. അതിനെ നിരീക്ഷിക്കാൻ സാധാരണഗതിയിൽ മാർഗ്ഗമൊന്നുമില്ല. അൾട്രാ സൗണ്ട് സാങ്കേതിക വിദ്യ വികാസം പ്രാപിച്ചതോടെയാണ് ശബ്ദതരംഗങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഗർഭസ്ഥശിശുവിന്റെ രൂപവും ചലനങ്ങളും പകർത്താം എന്ന് വന്നത്. വയറിൽ അമർത്തുന്ന ഒരു പ്രോബിൽ നിന്നും പുറപ്പെടുന്ന, നമുക്ക് കേൾക്കാൻ പറ്റാത്ത ഫ്രീക്വൻസിയിലുള്ള ശബ്ദ തരംഗങ്ങൾ കുഞ്ഞിന്റെ ദേഹത്തുതട്ടി തിരിച്ചു വരുന്നു. അതിനെ പ്രോസസ് ചെയ്താണ് നമ്മൾ സ്‌ക്രീനിൽ കാണുന്ന രീതിയിലുള്ള ചിത്രങ്ങളാക്കിയെടുക്കുന്നത്. കുഞ്ഞിനുള്ള ജനിതക തകരാറുകളും മറ്റും കണ്ടുപിടിക്കാൻ ഇത്തരത്തിലുള്ള സ്കാനുകൾ സഹായിക്കാറുണ്ട്. 

അൾട്രാ സൗണ്ട് സ്കാനിങ്ങിന്റെ സാങ്കേതികതകളുമായി ഏറെയൊന്നും പരിചയിച്ചിട്ടില്ലാത്ത ഭാവി അച്ഛനമ്മമാർക്ക് ഡോക്ടർമാർ എന്ത് പറയുന്നുവോ അതാണ് പ്രമാണം. അവർക്കിടയിലുള്ള കേവല വിശ്വാസമാണ് ഈ പ്രക്രിയയുടെ അടിസ്ഥാനം തന്നെ. എന്നാൽ, ആ ഉടമ്പടി ഒരാൾ ലംഘിക്കാൻ തീരുമാനിച്ചാലോ..? അങ്ങനെയൊരു ഞെട്ടിക്കുന്ന കേസാണ് ചിലിയിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. എല്ലാവരെയും  ഒരുപോലെ വേവലാതിപ്പെടുത്തിയേക്കാവുന്ന ഒന്ന്. 

ബെലിൻ അഗ്വിലേറ എന്ന ചിലി സ്വദേശി, ഗർഭിണിയായ മറ്റൊരു യുവതി തന്റെ ഫേസ്ബുക് അക്കൗണ്ടിൽ പോസ്റ്റുചെയ്ത ഒരു അൾട്രാ സൗണ്ട് സ്കാനിന്റെ ചിത്രം കാണുന്നതോടെയാണ് വലിയൊരു തട്ടിപ്പിന്റെ ചുരുളുകൾ അഴിഞ്ഞുതുടങ്ങുന്നത്.  തന്റെ ശിശുവിന്റെ ഗർഭാവസ്ഥയിലുള്ള അൾട്രാ സൗണ്ട് ഇമേജ് ഒരൊറ്റ നോട്ടത്തിൽ തന്നെ ബെലിന് ഹൃദിസ്ഥമായിരുന്നു. അതുകൊണ്ടുതന്നെ ആ പാറ്റേണിനെ അച്ചട്ട് പകർത്തിയിരിക്കുന്ന ഒരു സ്കാൻ ചിത്രം മറ്റൊരു യുവതി തന്റെ കുഞ്ഞിന്റേത് എന്നും പറഞ്ഞ് പങ്കുവെച്ചിരിക്കുന്നത് കണ്ടപ്പോൾ അവർ ഞെട്ടി. 

അവർ ആ യുവതിയുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത് അവരുടെ ഗർഭം ആറുവർഷം മുമ്പായിരുന്നു എന്നായിരുന്നു. ബെലിന്റെത് ഏതാണ്ട് രണ്ടുവർഷം മുമ്പും. രണ്ടുപേരും ഒരേ ഗൈനക്കോളജിസ്റ്റിനെ ആണ് കാണിച്ചിരുന്നത്. ഡോ. എഡ്വേർഡോ. ബെലിന്റെ കുടുംബത്തിനുള്ളിലെ തന്നെ ഇതേപ്പറ്റി വിശദമായി അന്വേഷിക്കുകയും, കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഗർഭം ധരിച്ചവരുടെ അൾട്രാ സൗണ്ട് സ്കാൻ ചിത്രങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോൾ ഏഴുവർഷം മുമ്പ് ഗർഭം ധരിച്ചിരുന്ന അവരുടെ ഒരു ബന്ധുവിനും അതേ ചിത്രം തന്നെ കിട്ടി.  അതോടെ താൻ വഞ്ചിക്കപ്പെട്ടു എന്ന് ബെലിന് ഉറപ്പായി.  തന്റെ അമർഷം വ്യക്തമാക്കിക്കൊണ്ട് അവർ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടതോടെയാണ് ഈ തട്ടിപ്പിനെക്കുറിച്ച് പുറംലോകമറിയുന്നത്. നിരവധി സ്ത്രീകൾ ആ പോസ്റ്റിനു ചുവടെ തങ്ങളുടെ പേരിലുള്ള അതേ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള ബെലിന്റെ വെളിപ്പെടുത്തലുകൾ ' മിറർ  പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

 

 

പല കാരണങ്ങളാൽ ബെലിന്  തന്റെ ഗൈനക്കോളജിസ്റ്റിനോട് കടുത്ത ദേഷ്യം തോന്നി. ഒന്നാമതായി, ഒരാളുടെ 'പ്രൈവറ്റ് ഡാറ്റ'യാണ് അയാൾ നാട്ടിൽ എല്ലാവർക്കും അവരുടേത് എന്ന മട്ടിൽ നൽകിയത്.  തന്റെ പെൺകുഞ്ഞ് എന്ന മട്ടിൽ താൻ ഇത്രയും കാലം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന സ്കാൻ ചിത്രങ്ങൾ അവളുടേതല്ലായിരുന്നു. അതിനേക്കാളുപരിയായി, അവൾക്ക് എന്തെങ്കിലും ജനിതക തകരാറുകൾ ഉണ്ടായിരുന്നെങ്കിൽ അത് കണ്ടുപിടിക്കപ്പെടാതെ പോയേനെ. മാത്രവുമല്ല, ചെയ്യാത്ത സ്കാനിനാണ് ആ ഗൈനക്കോളജിസ്റ്റ് ബെലിനിൽ നിന്നും ഓരോ പ്രാവശ്യവും കനത്ത തുകകൾ വാങ്ങിക്കൊണ്ടിരുന്നത്. ചിലിയിൽ ഒരു അൾട്രാ സൗണ്ട് സ്കാനിന്നുള്ള ചെലവ് ഏകദേശം പന്ത്രണ്ടായിരം രൂപയോളം വരും. 

എന്നാൽ ഡോക്ടറുടെ വിശദീകരണം താൻ എല്ലാവര്ക്കും കൃത്യമായിത്തന്നെ നിയോ നാറ്റൽ സ്കാനിങ്ങ് നടത്തിയിട്ടുണ്ടെന്നും,  പ്രിൻറൗട്ടിൽ ഒരേ ചിത്രം തന്നെ വന്നത് വഞ്ചനയല്ലെന്നും, അത് ഒരു 'റെപ്രസെന്റേഷണൽ ' ചിത്രം മാത്രമാണെന്നും, അത് പ്രിന്ററിൽ ഡെമോൺസ്‌ട്രേഷനുവേണ്ടി സൂക്ഷിക്കുന്നതാണ് എന്നുമാണ്. ഈ അൾട്രാ സൗണ്ട് പ്രിന്റൗട്ടുകൾ ആ സ്ത്രീകളുടെ കുഞ്ഞുങ്ങളുടെയാണെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ല എന്നും, താൻ പറഞ്ഞതിലെ വ്യക്തതക്കുറവുമൂലം ആർക്കെങ്കിലും തെറ്റിദ്ധാരണകളോ, തുടർന്ന് മനോവിഷമങ്ങളോ ഉണ്ടാവാനിടയായിട്ടുണ്ടെങ്കിൽ താൻ നിർവ്യാജം ഖേദിക്കുന്നു എന്നും ഡോക്ടർ പറഞ്ഞു. 

PREV
click me!

Recommended Stories

ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ
വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്