സൈബര്‍ ഗുണ്ടകളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ്?

By Ajitha CPFirst Published Oct 14, 2020, 6:14 PM IST
Highlights

സൈബര്‍ സ്‌പേസില്‍ ഒരു സ്ത്രീ അപമാനിക്കപ്പെട്ടാല്‍ എവിടെ എങ്ങനെ പരാതിപ്പെടണം. സൈബര്‍ ആക്രമണത്തിനെതിരെ എന്തെല്ലാം വകുപ്പുകള്‍. പോരായ്മകള്‍, പ്രശ്‌നങ്ങള്‍.  അജിത സി പി എഴുതുന്നു

ഇത്രയൊക്കെ നിയമങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നത് ? എന്താണിതിലെ പോരായ്മ?

 

 

കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങളെല്ലാം സൈബര്‍ കുറ്റങ്ങളുടെ പരിധിയില്‍ വരും. മറ്റൊരാളുടെ കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവിയിലേക്ക് കടന്നു കയറുക. ഇലക്ട്രോണിക് മാധ്യമങ്ങളില്‍ സ്ത്രീകളെ മോശമായി ചിത്രികരിക്കുക പ്രചരിപ്പിക്കുക,
സോഷ്യല്‍ മീഡിയയില്‍ മറ്റൊരാളുടെ പേരില്‍ ഫേക്ക് അക്കൗണ്ടുണ്ടാക്കുക, അക്കൗണ്ട് ഹാക്ക് ചെയ്യുക, ഭീഷണിപ്പെടുത്തുക, പണം തട്ടിയെടുക്കുക തുടങ്ങി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ വരെ നീളുന്നതാണ് സൈബര്‍ കുറ്റകൃത്യങ്ങളുടെ പൊതുവായ പട്ടിക.

സൈബര്‍ സ്‌പേസില്‍ ഒരു സ്ത്രീ അപമാനിക്കപ്പെട്ടാല്‍ എവിടെ എങ്ങനെ പരാതിപ്പെടണം?

സൈബര്‍ കുറ്റകൃത്യത്തിനിരയായ ഒരാള്‍ക്ക് ലോകത്ത് എവിടെനിന്നു വേണമെങ്കിലും നമ്മുടെ സൈബര്‍ സെല്ലില്‍ പരാതിപ്പെടാം. അതാതിടങ്ങളിലെ ലോക്കല്‍ പൊലീസ് സ്‌റ്റേഷനിലാണ് പരാതി എത്തുക. എല്ലാ ജില്ലകളിലും പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് സൈബര്‍ സെല്ലുകള്‍ ഉണ്ട്. പരാതിയോടൊപ്പം, പേര്, മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ അഡ്രസ് എന്നിവ നല്‍കണം. തെളിവായി സംശയമുള്ളവരുടെ പേരുവിവരം, പരാതിക്ക് അടിസ്ഥാനമായ വെബ് പേജിന്റെ സോഫ്റ്റ് കോപ്പിയും ഹാര്‍ഡ് കോപ്പിയും. സെര്‍വര്‍ ലോഗുകള്‍ തുടങ്ങി സാധ്യമായ വിവരങ്ങള്‍ നല്‍കണം.  www.cybercrime.gov.in  എന്ന സൈറ്റിലൂടെയും പരാതിപ്പെടാം.

സൈബര്‍ ആക്രമണത്തിനെതിരെ എന്തെല്ലാം വകുപ്പുകള്‍ ?

66 ഇ ഐ റ്റി. ആക്ട് 2008 
വിവര സാങ്കേതിക നിയമം (Information Technology Act 2008) ആണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ നിലവിലുള്ളത്.

66 ഇ ഐ റ്റി. ആക്ട് 2008 ആണ് കൂട്ടത്തില്‍  പ്രധാനം.  സൈബര്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച്, അത് മൊബൈല്‍ ഫോണായാലും കമ്പൂട്ടറായാലും, മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നത് ശിക്ഷാര്‍ഹമാണ്. ഒളിക്യാമറ വച്ച്  സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ എടുക്കുന്നതും ട്രാന്‍സ്ഫര്‍ ചെയ്യുന്നതും , പ്രചരിപ്പിക്കുന്നതും കുറ്റമാണ്, ശിക്ഷ അര്‍ഹിക്കുന്നതാണ്.  നിയമപ്രകാരം മൂന്നുവര്‍ഷംവരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായാണ് ഇതിനെ കണക്കാക്കുന്നത്.

സെക്ഷന്‍ 67 ഐ.ടി. ആക്ട് 2008  

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ പ്രയോഗിക്കാവുന്ന വകുപ്പാണ് ഇത്. അശ്ലീല വാക്കുകള്‍, പ്രയോഗങ്ങള്‍ എന്നിവ നടത്തി സ്ത്രീകളുടെ അന്തസിന് കളങ്കമുണ്ടാക്കിയാല്‍ അത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ എല്ലാം ഈ വകുപ്പ് ഉപയോഗിക്കാം.  മൂന്നുവര്‍ഷം വരെ തടവും അഞ്ചുലക്ഷം രൂപവരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.

67 A ഐ.ടി. ആക്ട് 2008

ലൈംഗിക കാര്യങ്ങള്‍ വിവരിക്കുന്ന തരത്തില്‍ ഓഡിയോ വീഡിയോ പ്രചരിപ്പിച്ചാല്‍ ഈ വകുപ്പനുസരിച്ച് നടപടി എടുക്കാം. 5 വര്‍ഷം തടവും 10 ലക്ഷം പിഴയും പിന്നെയും കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍  7വര്‍ഷം തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.

67 B ഐ.ടി ആക്ട് 2008

കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ്. അഞ്ച് വര്‍ഷം തടവും 10 ലക്ഷം രൂപ വരെ പിഴയും ആദ്യ ശിക്ഷയില്‍ ലഭിക്കും. ഏഴ് വര്‍ഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയും പിന്നീടുള്ള ശിക്ഷകളിലും ലഭിക്കും. പോക്‌സോ നിയവും ഇക്കാര്യത്തില്‍ ബാധകമാണ് .

പോരായ്മകള്‍, പ്രശ്‌നങ്ങള്‍
ഇത്രയൊക്കെ നിയമങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നത് ? എന്താണിതിലെ പോരായ്മ? സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനോട് ചോദിച്ചാല്‍ അവര്‍ ആദ്യം പറയുക എടുത്ത് കളഞ്ഞ ഒരു വകുപ്പിനെ കുറിച്ചാകും. 

ഐ.ടി ആക്ട് 2008- ലെ 66 എ വകുപ്പ് ആണത്.  സൈബര്‍ സങ്കേതങ്ങള്‍ വഴി അലോസരപ്പെടുത്തുന്നതോ അന്തസ്സിന് കോട്ടം തട്ടുന്നതോ ആയ പ്രസ്താവനകളും സന്ദേശങ്ങളും പ്രചരിപ്പിക്കുക, തെറ്റാണെന്ന് അറിഞ്ഞും അപഖ്യാതി പരത്തുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 3 വര്‍ഷം തടവും പിഴയും കിട്ടാവുന്ന വകുപ്പാണിത്. മാരകമായ ദുരുപയോഗ സാദ്ധ്യതകളുള്ളതായിരുന്നു ഇത്. ഈ ദുരുപയോഗ സാധ്യത ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇത് എടുത്ത് കളഞ്ഞത്. ഇതിന് സമാനമായ 118 ഡി കേരളാ പൊലീസ് ആക്ടും എടുത്തു കളഞ്ഞു.

എന്നാല്‍, ഇത് ഇല്ലെങ്കിലും, ഉന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റു വകുപ്പുകള്‍ ഈ വിഷയത്തില്‍ ഉപയോഗിക്കാവുന്നതാണ്. 

ഐ പി എസി 509 പ്രകാരം അപമാനിക്കുന്ന പരാമര്‍ശം നടത്തല്‍,  354 (എ) പ്രകാരം ലൈംഗികചുവയുള്ള പരമാര്‍ശം, 354 ഇ അനുസരിച്ച് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം എന്നിവ പ്രകാരം  കേസുകള്‍ എടുക്കാം. മന്ത്രിമാര്‍ക്കും മറ്റും എതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഉടനടി നടപടി ഉണ്ടാകുന്നതും  മിക്കപ്പോഴും ഈ വകുപ്പുകള്‍ അടിസ്ഥാനമാക്കിയാണുതാനും,

എന്നാല്‍, സൈബര്‍ ഇടങ്ങളിലെ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്തിനകത്ത് നിന്ന് പരിഹാരം തേടുന്നതില്‍ ഏറെ പരിമിതികളുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം. പല സോഷ്യല്‍ മീഡിയ സൈറ്റുകളുടെയും സെര്‍വറുകള്‍ വിവിധ രാജ്യങ്ങളില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് യുട്യൂബ് സംബന്ധമായ ഒരു പരാതിക്ക് തെളിവുകളും ഫോറന്‍സിക് വശങ്ങളില്‍ വ്യക്തതയും നല്‍കേണ്ടത്  അമേരിക്കന്‍ കമ്പനിയായ യുട്യൂബാണ്. ആ അര്‍ത്ഥത്തില്‍ കേരളത്തില്‍ ഇരുന്ന് ഒരു സൈബര്‍ ക്രൈം ചെയ്യുന്ന വ്യക്തിയുടെ സ്ഥലപരിധി കേരളമോ, ഇന്ത്യയോ ആണെന്ന് സാങ്കേതികമായി സ്ഥാപിക്കാന്‍ ആവില്ല. ഫേസ്ബുക്ക് പോസ്റ്റുകള്‍, സ്‌ക്രീന്‍ ഷോട്ടുകള്‍ തുടങ്ങിയവയെല്ലാം കോടതികളില്‍ സ്വീകരിക്കുന്ന അവസ്ഥയുണ്ടാകണം. തെളിവുകള്‍ ശേഖരിക്കുന്നതിലും ശിക്ഷ ഉറപ്പാക്കുന്നതിലും കാലതാമസം വലുതാണ്. ഇങ്ങനെ പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. എങ്കിലും, നേതാക്കളും മറ്റും ഉള്‍പ്പെടുന്ന വിഷയങ്ങളില്‍ ഈ പരിമിതികളൊന്നും കേസ് എടുക്കുന്നതില്‍ ബാധിക്കാറില്ല. 

 സാധാരണക്കാരുടെ കാര്യത്തില്‍ സംഭവിക്കുന്നത് എന്താണ്? 

നിവൃത്തിയുണ്ടെങ്കില്‍ പൊലീസ് കേസെടുക്കില്ല, കേസെടുത്താലും ഒത്തുതീര്‍പ്പിന് ശ്രമിക്കും. അതും നടന്നില്ലെങ്കില്‍ ദുര്‍ബല വകുപ്പിട്ട് കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും. വനിതാ കമ്മീഷന്‍ അടക്കമുള്ള ഏജന്‍സികളില്‍ പരാതി എത്തിയാലും അത് പൊലീസിന് കൈമാറാനേ നിലവില്‍ വകുപ്പുള്ളു.  

ഇതെല്ലാം ഉണ്ടെങ്കിലും നിയമഭേദഗതിയിലെ മെല്ലെപ്പോക്ക് പരാമര്‍ശിക്കാതിരിക്കാനും കഴിയില്ല. നമുക്കൊരു ഐടി ആക്ട് ഉണ്ടാകുന്നത്. രണ്ടായിരത്തിലാണ്. 2008- ല്‍ ആണ് അതിനൊരു ഭേദഗതി വരുന്നത്. അപ്പോള്‍ നമ്മള്‍ ഓര്‍ക്കുട്ട് കാലത്താണ്. ഫേസ്ബുക്കും ഇന്‍സ്റ്റയും ട്വിറ്ററും എല്ലാം കടന്ന് ക്രിപ്‌റ്റോ കറന്‍സിയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും വരെ സാങ്കേതികത ചെന്ന് നിന്നിട്ടും കാലമേറെയായി. ചുരുക്കി പറഞ്ഞാല്‍ ഒരു സൈബര്‍ കുറ്റകൃത്യം നടക്കുമ്പോള്‍ അതിനെതിരെ നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ പോയിട്ട് നല്ലപോലൊന്ന് കണ്ണുരുട്ടിക്കാണിക്കണമെങ്കില്‍ പോലും നമ്മുടെ നീതിന്യായ സംവിധാനത്തിന് ഒട്ടേറെ പരിമിതി ഉണ്ടെന്ന് ചുരുക്കം.  

 

 

click me!