'മരണമോ, അതെന്താ?'- എത്ര വയസ്സായാലും മരിക്കാത്ത ഈ വിചിത്രജീവിയുടെ അതിജീവനരഹസ്യമിതാണ്

By Web TeamFirst Published Jun 29, 2020, 12:10 PM IST
Highlights

ചാവുന്നില്ലെങ്കിൽ പിന്നെ ഇവ പെറ്റുപെരുകി കടൽ നിറയാത്തതെന്ത് എന്നൊരു സംശയം സ്വാഭാവികമായും തോന്നാം.

അമരത്വത്തിനായി മനുഷ്യൻ നടത്തിയിട്ടുള്ള അന്വേഷണങ്ങൾക്ക് മനുഷ്യോത്പത്തിയോളം തന്നെ പഴക്കമുണ്ട്. എത്ര ശക്തനായ മനുഷ്യനും ഏറെ ഭയപ്പെടുന്ന ഒരു സത്യം സ്വന്തം മരണമാണ്. മരിക്കാൻ ആർക്കാനിഷ്ടം? എല്ലാവർക്കും ഭയമാണ്, മടിയാണ്. ബന്ധുമിത്രാദികൾക്കൊപ്പം രമിച്ചുള്ള ഇഹലോകജീവിതം വെടിഞ്ഞ് മരിച്ചുപോകാൻ ആർക്കാണ് താത്പര്യമുണ്ടാവുക? അമരത്വത്തിനുവേണ്ടി പാലാഴിമഥനം നടത്തി അമൃതകുംഭം കണ്ടെത്തിയത് പക്ഷേ പുരാണങ്ങളിൽ മാത്രമാണ്. യഥാർത്ഥത്തിൽ അമരത്വമേകുന്നൊരു സിദ്ധൗഷധം ഇന്നും കണ്ടെത്തപ്പെട്ടിട്ടില്ല.  എന്തുവരം വേണമെന്ന് പണ്ട് ബ്രഹ്‌മാവ്‌ ചോദിച്ചപ്പോൾ രാവണൻ പോലും പറഞ്ഞത് തനിക്ക് അമരത്വം മതി എന്നാണ്. എന്നത് നൽകാൻ ബ്രഹ്മനുമായിട്ടില്ല. എന്നാൽ, ആൽക്കെമിയിലെ അത്ഭുതക്കൂട്ടുകൾ മുതൽ ബ്രെയിൻ അപ്പ്ലോഡിങ് വരെ പല പരീക്ഷണങ്ങളും അമരത്വത്തിനായി മനുഷ്യൻ ഈ ഭൂമിയിൽ നടത്തിവരുന്നുണ്ട്.  പലതും തേടി ഭൂമിയിലത്രയും തേരാപ്പാരാ നടന്നപ്പോഴും മനുഷ്യൻ തിരിച്ചറിയാതിരുന്ന ഒരു സത്യമുണ്ട്. അമരത്വത്തിന്റെ രഹസ്യം പേറി ജീവിക്കുന്ന ഒരു ജലജീവി അങ്ങ് ആഴക്കടലിലുണ്ട് എന്ന സത്യം. 

ഭൂതലത്തിന്റെ മുക്കാൽ ഭാഗവും നിറഞ്ഞുനിൽക്കുന്ന സമുദ്രങ്ങളുടെ ഗർഭത്തിൽ വിചിത്രസ്വഭാവികളായ നിരവധി ജീവജാലങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. പുരുഷഗർഭം എന്ന അത്ഭുതം പ്രവർത്തിക്കുന്ന കടൽക്കുതിര തൊട്ട്, കടൽപ്പേനയും, നക്ഷത്ര മത്സ്യവും, കണവയും, നീരാളിയുമെല്ലാം അതിൽപ്പെടും. അക്കൂട്ടത്തിലാണ്, ഭൂമിയിലെ ഏറ്റവുമദ്യമുണ്ടായ ജീവികളിൽ ഒന്നായ, അമരത്വത്തിന്റെ രഹസ്യങ്ങൾ സ്വജീവിതത്തിൽ പ്രവർത്തികമാക്കുന്ന ഒരു പ്രത്യേകയിനം ജെല്ലി ഫിഷും ഉള്ളത്. മലയാളത്തിൽ കടൽച്ചൊറി എന്നും പേരുള്ള ഈ ജീവിക്ക് കുടയുടെ ആകൃതിയുള്ള ഉടലും നെടുനീളൻ സ്പർശനികളുമുണ്ട്‌. ഇരപിടിക്കാൻ പ്രയോജനപ്പെടുത്തുന്ന ഈ സ്പർശനികൾക്ക്, ചില ഭീമൻ ജെല്ലി ഫിഷുകളിൽ 30 മീറ്റർ വരെ നീളമുണ്ടാകാറുണ്ട്. ബോക്സ് ജല്ലിഫിഷ് പോലുള്ളവയ്ക്ക് മനുഷ്യനെവരെ കൊല്ലാൻ ശേഷിയുള്ള വിഷമുണ്ടെങ്കിലും എല്ലാത്തരം ജെല്ലിഫിഷുകളും അപകടകാരികളാണ്. ഈ വിചിത്രജീവികളിലെ ടുരിട്ടോപ്സിസ് ഡോർണി (Turritopsis dohrnii) എന്ന ഒരു പ്രത്യേകയിനത്തിന് വിഷമില്ല എന്ന് മാത്രമല്ല, അവയിൽ ഒളിഞ്ഞിരിക്കുന്നത് അമരത്വത്തിന്റെ പ്രപഞ്ച രഹസ്യങ്ങളുമാണ്. 

 

 

ഒന്ന് ചത്തുകാണാൻ വേണ്ടി കാത്തിരുന്ന ഗവേഷകരെ നിരാശരാക്കിക്കൊണ്ട് ചാവാതെ തുടർന്ന ചരിത്രമാണ് 'ടുറിട്ടോപ്സിസ് ഡോർണി' എന്നയിനം ജെല്ലി ഫിഷിനുള്ളത്. ഇങ്ങനെ അനന്തകാലത്തേക്ക് ജീവനോടിരിക്കാൻ ഈ ജെല്ലിഫിഷിനെ സഹായിക്കുന്ന സവിശേഷപ്രക്രിയക്ക് ശാസ്ത്രത്തിൽ പറയുന്ന പേര് 'ട്രാൻസ്ഡിഫറെൻസിയേഷൻ' (transdifferentiation) എന്നാണ്. അതിന്റെ ശരീരത്തിലെ കോശങ്ങൾ ഒരു തരത്തിൽ നിന്ന് മറ്റൊരു തരത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയാണ് ചെയ്യുക. ഒരു വളർച്ചാ കാലം പൂർത്തിയാക്കുമ്പോൾ ജെല്ലി ഫിഷുകളുടെ കോശങ്ങൾ വീണ്ടും പഴയ പോലെ ശ്ലേഷ്‌മ പടലം (polyp) ആയി മാറുകയാണ് ചെയ്യുന്നത്. വീണ്ടും അതിന്റെ ജീവിതം ഒന്നിൽ നിന്ന് തുടങ്ങുന്നതിന് തുല്യമാണ് ഈ മാറ്റം.

 

അപ്പോൾ സ്വാഭാവികമായും ഉയർന്നേക്കാവുന്ന ഒരു ചോദ്യം, ജനിക്കുന്ന ജെല്ലിഫിഷ് ഒന്നും ആയുസ്സെത്തി മരിക്കുന്നില്ല എങ്കിൽ പിന്നെ ഇവ പെറ്റുപെരുകി ലോകം മുഴുവൻ നിറയാത്തതെന്ത് എന്നതാകും. വളരെ സ്വാഭാവികമായും തോന്നാവുന്ന ഒരു സംശയം തന്നെയാണത്. ജൈവികമായ മൃത്യു അവയെ തേടിയെത്തുന്നില്ല എന്നേ പറഞ്ഞുള്ളു. സമുദ്രാന്തർഭാഗത്തെ ഭക്ഷ്യശൃംഖലയുടെ ഒരു ഭാഗമാണ് ഈ ജീവിയും. ഇതിനെ ഇരയാകുന്ന വേട്ടക്കാരും ആ ചങ്ങലയുടെ ഭാഗമാണ്. അങ്ങനെ വേട്ടയാടപ്പെടുന്നതുകൊണ്ട് പെരുകാതെ പോവുകയാണ് ചെയ്യുന്നത്. കടലിന്റെ അടിത്തട്ടിൽ വളരുന്ന സസ്യങ്ങളും, മീൻമുട്ടയും കല്ലിന്മേൽ കായും ഒക്കെയാണ് ഇതിന്റെ ഭക്ഷണം. 

ഇവയെ കടലിന്റെ അടിയിൽ കണ്ടെത്തുക വളരെ ദുഷ്കരമാണ്. ഏറെക്കുറെ അദൃശ്യമാണിവ എന്നുതന്നെ പറയേണ്ടി വരും.  വളരെ ചെറിയ ജീവികളായ ഇവയ്ക്ക് പരമാവധി വലിപ്പം നാലര മില്ലീമീറ്റർ മാത്രമാണ്. 8 മുതൽ 90 വരെ  സ്പർശനികൾ പല പ്രായത്തിലായി ഇവയ്ക്ക് ഉണ്ടാകാറുണ്ട്. ചുവന്ന നിറമുള്ള വയറാണ് ഇതിന്റെ ആകെ കണ്ണിൽ പെടാനിടയുള്ള ഒരേയൊരു ഭാഗം. 

ജപ്പാൻ, പനാമ, ഇറ്റലി, സ്‌പെയിൻ എന്നിവയുടെ ആഴക്കടലിൽ ഈ പ്രത്യേകയിനം ജെല്ലിഫിഷ് അധിവസിക്കുന്നുണ്ട്. ഇതിനെ ലബോറട്ടറി സാഹചര്യങ്ങളിൽ വളർത്തുക ദുഷ്കരമാണ്. ജെല്ലിഫിഷിന്റെ ഈ അമരത്വം അപ്പടി മനുഷ്യർക്ക് അനുകരിക്കാനാവില്ല എന്നുറപ്പാണെങ്കിലും,  ട്രാൻസ്ഡിഫറെൻസിയേഷൻ (transdifferentiation) എന്ന പ്രക്രിയയെ കൂടുതൽ അടുത്ത് പരിചയപ്പെടുന്നത് മനുഷ്യരിലെ ന്യൂറോഡീജെനറേറ്റിവ് രോഗങ്ങളായ പാർക്കിൻസൺസ്, ഡിമെൻഷ്യ തുടങ്ങിയവയ്ക്കുള്ള ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് സഹായകമായേക്കാം എന്ന് ഗവേഷകർ കരുതുന്നു. 
 

 

click me!