ഗാന്ധിജിയെ കണ്ട ദിവസം ജീവിതം മാറിപ്പോയ ഒരു പെണ്‍കുട്ടി!

By Web TeamFirst Published Aug 4, 2021, 8:12 PM IST
Highlights

ഗാന്ധിജിയുടെ കേരള സന്ദര്‍ശത്തിനിടയ്ക്ക് സര്‍വ്വ ആഭരണങ്ങളും അദ്ദേഹത്തിന് ഊരിക്കൊടുത്ത കൗമുദി ടീച്ചറുടെ ചരമദിനമാണ് ഇന്ന്. ആ മഹതിയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ഓര്‍മ്മ.

'സംഭവ ബഹുലമായ അനുഭവങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരു ജീവിതകാലത്തിനിടയില്‍ ഹൃദയത്തെ സ്പര്‍ശിക്കുന്നവയും, ആത്മാവിനെ ഉണര്‍ത്തുന്നവയുമായ അനേകം കാഴ്ചകള്‍ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാല്‍ ഹരിജനോദ്ധാരണത്തെ സംബന്ധിച്ചുണ്ടായ ഒരു കാഴ്ചയെക്കാള്‍ ഹൃദയസ്പൃക്കായ മറ്റൊന്ന് ഇതെഴുതുന്ന അവസരത്തില്‍ ഓര്‍ക്കുന്നതിന് എനിക്ക് സാധിക്കുന്നില്ല'

ഇത് മഹാത്മാ ഗാന്ധിജിയുടെ വാക്കുകളാണ്. 1934 ജനുവരി 19 ലക്കം ഹരിജനിലാണ് ഗാന്ധിജി ഇങ്ങനെ എഴുതിയത്. ഗാന്ധിജി പറഞ്ഞത് കൗമുദി ടീച്ചറെ കുറിച്ചായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ കേരളീയ അധ്യായത്തിലെ ഏറ്റവും കാമ്പുള്ള ഭാഗം.  സ്വജീവിതം കാലത്തില്‍ അടയാളപ്പെടുത്തി കടന്ന് പോയ ആ മഹതിയുടെ ചരമദിനമാണ് ഇന്ന്. മറ്റുപലതും പോലെ നാം മറന്നുകളഞ്ഞ ഒരു ദിനം. 

ഗാന്ധിജി കൗമുദി ടീച്ചറിനെ കുറിച്ച് പറഞ്ഞതുപോലെ, ഹൃദയസ്പര്‍ശിയായ ഒരനുഭവമായിരുന്നു, കൗമുദി ടീച്ചറിനെ അന്വേഷിച്ച് നടത്തിയ ഒരു യാത്ര. 1987-ലാണ്  ടീച്ചറെ തിരഞ്ഞ് അവരുടെ ഗ്രാമമായ കാടാച്ചിറയില്‍ എത്തിയത്. കണ്ണൂര്‍ ജഒില്ലയിലെ കൂത്തുപറമ്പിനും പെരളശ്ശേരിയ്ക്കും ഇടയിലുള്ള ഒരു കൊച്ചുഗ്രാമമായിരുന്നു അത്.  

ബസിറങ്ങി, അവിടെ ഒരു പീടിക ബെഞ്ചില്‍ ഒരാള്‍ ഇരിക്കുന്നു. 

''കൗമുദി ടീച്ചറുടെ വീട് എവിടെയാ?'' -അയാളേട് ചോദിച്ചു. 

'അറീല്ല' എന്ന ഒറ്റവാക്കായിരുന്നു ഉത്തരം. 

അതു പറഞ്ഞതും സമീപത്തുനിന്നും മറ്റൊരു ശബ്ദം ഉയര്‍ന്നു കേട്ടു.

'ഇനിക്ക് കൗമുദി ടീച്ചറിനെ അറിയില്ലേ? ഇന്നെയൊക്കെ വെടിവെച്ചു കൊല്ലേണ്ട ടൈപ്പാണല്ലോപ്പാ'

അപ്പുറത്തെ കടക്കാരനായിരുന്നു അത്.  എന്റെ ചോദ്യവും അയാളുടെ ഉത്തരവും കേട്ട് വന്ന കടക്കാരന്‍ അല്‍പ്പം ചൂടിലായിരുന്നു. 

എന്തായാലും വഴി പറയാതെ കുഴങ്ങിയില്ല. കടക്കാരന്‍ വഴി പറഞ്ഞുതന്നു. അങ്ങനെ, കാടാച്ചിറ ഹൈസ്‌കൂളിന് പിന്നിലുള്ള മരങ്ങളാല്‍ ചുറ്റപ്പെട്ട 'ഉദയപുരം' എന്ന വീട്ടിലെത്തി. അവിവാഹിതയായ അവര്‍ സഹോദരങ്ങളോടും മറ്റ് ബന്ധുക്കളോടുമൊപ്പം അവിടെ താമസിക്കുകയായിരുന്നു. 

കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക്, അകത്തെ അരണ്ട വെളിച്ചത്തില്‍നിന്നും ഖദര്‍ വസ്ത്രം ധരിച്ച്, ആഭരണങ്ങളൊന്നുമില്ലാതെ, ഇളം കാറ്റുപോലെ അവര്‍ കടന്ന് വന്നു.  ഗാന്ധിയന്‍ വിശുദ്ധി അവരുടെ മുഖത്താകെ നിറഞ്ഞിരുന്നു. 

സ്‌നേഹത്തോടെ അവര്‍ ചിരിച്ചു. പിന്നെ ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. 

സ്വാഭാവികമായും സംസാരം ആ ദിവസത്തിലേക്ക് എത്തി. ഗാന്ധിയുടെ മനസ്സില്‍ മായാതെ നിന്ന ആ ദിവസം. 

 

 

''1934 ജനുവരി 14-നായിരുന്നു അത്. ഒരു ഞായറാഴ്ച. ഗാന്ധിജി അന്ന് കേരളത്തിലുണ്ട്. വടകര കോട്ടപ്പറമ്പില്‍ വന്ന ഗാന്ധിജിയെക്കാണാന്‍ അച്ഛനോടൊപ്പം ഞാനും പോയി. അവിടെവെച്ച് ഹരിജനോദ്ധാരണത്തിന് വേണ്ടിയുള്ള ഫണ്ടിലേക്ക്  സ്ത്രീകള്‍ അവരുടെ ആഭരണങ്ങള്‍ സംഭാവനയായി നല്‍കണമെന്ന് ഗാന്ധിജി  അപേക്ഷിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞ ഉടനെ ഞാന്‍ വേദിയിലേക്ക് കയറി. ആദ്യം ഞാനെന്റെ ഒരു വള അഴിച്ചു ഗാന്ധിജിക്ക് നല്‍കി. പിന്നെ, മറ്റേ കൈയ്യിലെ വളയും. അത് കഴിഞ്ഞു കഴുത്തിലെ മാലയും, പിന്നെ കമ്മലുകളും. ഇത് കണ്ട് സദസ്സ് ആരവം മുഴക്കി''

''ഇങ്ങനെ ആഭരണങ്ങള്‍ അഴിച്ചുനല്‍കാന്‍ അച്ഛനമ്മമാരുടെ സമ്മതമുണ്ടോ?''

ഗാന്ധിജി ചോദിച്ചു. 

അച്ഛന്‍ വേദിയില്‍ത്തന്നെയുണ്ടെന്ന് ആരോ വിളിച്ചു പറഞ്ഞു. 

'തുമരാ ത്യാഗ് തുമരാ ഭൂഷണ്‍ ഹോഗാ'-എന്ന് ഓട്ടോ ഗ്രാഫില്‍ എഴുതിത്തന്ന് അദ്ദേഹം വേഗം അവിടെ നിന്ന് എഴുന്നേറ്റ് പോയി. 

എ കെ രാമവര്‍മ രാജയുടെയും, വി ദേവകി കെട്ടിലമ്മയുടെയും മകളായി 1917- മെയ് 17-ന് ജനിച്ച കൗമുദി ടീച്ചര്‍ ഏറെക്കുറെ സ്വതന്ത്ര്യമനസ്ഥിതിയും ദേശാഭിമാനവും നിറഞ്ഞു നിന്ന അന്തരീക്ഷത്തിലായിരുന്നു വളര്‍ന്നു വന്നത്. ഗാന്ധിയുമായുള്ള ഈ കൂടിക്കാഴ്ച പക്ഷേ, കൗമാരക്കാരിയായ ടീച്ചറുടെ ജീവിതത്തെ മാറ്റിമറിച്ചു. 
 
പിറ്റേന്ന് കോഴിക്കോട് സില്‍വര്‍ ഹില്‍സിലായിരുന്നു ഗാന്ധിജിയുടെ പ്രാര്‍ത്ഥനായോഗം. ഞാനും അച്ഛനും അന്ന് വൈകുന്നേരമാണ് കോഴിക്കോട് എത്തിയത്. ഗാന്ധിജി കൗമുദിയെ അന്വേഷിക്കുന്നു എന്ന് കേളപ്പജി വന്നു പറഞ്ഞു. അന്ന് മൗനവ്രതമായതിനാല്‍ പറയാനുള്ളതൊക്കെ എഴുതിക്കാണിക്കുകയായിരുന്നു ഗാന്ധിജി. 

''ഞാന്‍ കൗമുദിയെക്കുറിച്ച് ഒരു ലേഖനം എഴുതിയിട്ടുണ്ട്. അത് പൂര്‍ത്തിയാവുന്നതിന് മുന്‍പ് കൗമുദിയോട് ഒരു കാര്യം ചോദിക്കാനുണ്ട്.''-ഗാന്ധിജി പറഞ്ഞു. 

ഞാന്‍ കാതോര്‍ത്തു. 

'' കൗമുദി ഇനി ആഭരണങ്ങള്‍ അണിയുമോ?''-അദ്ദേഹം ചോദിച്ചു. 

''ഇല്ല. ''അതിനുത്തരം പറയാന്‍ കൗമുദിക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു. 

''അപ്പോള്‍, വിവാഹ സമയത്തോ''-അദ്ദേഹം വീണ്ടും ചോദിച്ചു. 

''അങ്ങിനെയുള്ള ആളെ മാത്രമേ വിവാഹം കഴിക്കൂ''-ഞാന്‍. പറഞ്ഞു. 

''അതിന് അച്ഛനും, അമ്മയും സമ്മതിക്കുമോ?'' -ഗാന്ധിജി വീണ്ടും ചോദിച്ചു. 

''അവള്‍ക്കതാണ് ഇഷ്ടമെങ്കില്‍ ഞങ്ങള്‍ക്കെതിര്‍പ്പില്ല''-അച്ഛന്‍ പറഞ്ഞു. 

അന്നത് കഴിഞ്ഞു. ഗാന്ധിജിയുടെ അനുഗ്രഹാശിസ്സുകളോടെ കൗമുദി വീട്ടിലേക്ക് പോന്നു. ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള ഒരനുഭവം ആയിരുന്നു അത്. പിന്നീടുള്ള ജീവിതത്തിലാകെ ഗാന്ധിജിയുടെ ആ വാക്കുകള്‍ അവര്‍ കൊണ്ടുനടന്നു. 

എന്നിട്ടെന്തായി? വിവാഹം ചെയ്‌തോ?'' ഞാന്‍ സംശയം ചോദിച്ചു. 

''ഇല്ല. എനിക്ക് വിവാഹജീവിതത്തോട് ആദ്യമേ  തീരെ താല്‍പര്യമില്ലായിരുന്നു. ഗാന്ധിജിയുമായുണ്ടായ ആ കൂടിക്കാഴ്ച്ച അതിന് ആക്കം കൂട്ടി. ഇടയില്‍ ഹിന്ദിയുടെ പ്രാധാന്യം മനസ്സിലാക്കി വിശാരദ്, വിദ്വാന്‍, പ്രവീണ്‍, പ്രചാരക് എന്നിവ  പൂര്‍ത്തിയാക്കുകയും 1939-ല്‍ ഹിന്ദി ടീച്ചറായി ജോലിയില്‍ പ്രവേശിക്കയും ചെയ്തു. 1946-ല്‍ ദക്ഷിണ്‍ ഭാരത് ഹിന്ദി പ്രചാര സഭയുടെ രജത ജൂബിലി ആഘോഷത്തിനായി മദ്രാസ്സില്‍ പോയപ്പോള്‍ വീണ്ടും ഗാന്ധിജിയെക്കണ്ട് സംസാരിക്കാന്‍ ഭാഗം കിട്ടി. ''-അവര്‍ പറഞ്ഞു.

ഗാന്ധിജി അവര്‍ക്ക് ഒരു നേതാവ് മാത്രമായിരുന്നില്ല എന്നു തോന്നി. ദൈവത്തെപ്പോലെ ഒരു സാന്നിധ്യം. പ്രണയത്തെ പോലെ ഒരു വികാരം. കടലിലുള്ള കപ്പലുകള്‍ക്ക് വഴികാട്ടുന്നതുപോലെ വഴി തെളിച്ചു കാട്ടിയിരുന്ന ഒരു വിളക്കുമരം. അങ്ങനെ പലതും. 

ഗാന്ധിയെക്കുറിച്ചുള്ള സംസാരങ്ങളിലെത്തുമ്പോള്‍ അവര്‍ ആളാകെ മാറിയിരുന്നു. ജീവിതത്തേക്കാള്‍ വലുപ്പമുള്ള ഒരു വന്‍മരം പോലെ ഗാന്ധിയെ അവര്‍ കാണിച്ചുതന്നു. 

വടകരയിലെ ചടങ്ങിലേക്ക് പോവുന്ന കാലത്ത് അവരൊരു കുട്ടി മാത്രമായിരുന്നു. വീട്ടിലെയും നാട്ടിലെയും സാഹചര്യങ്ങളില്‍ സ്വാതന്ത്ര്യ സമരത്തോട് മാനസികമായ അഭിനിവേശം ഉണ്ടായിരുന്ന ഒരു സാധാരണ നാടന്‍ പെണ്‍കുട്ടി. എന്നാല്‍, ആ ദിവസം അവരെ മാറ്റിമറിച്ചു കളഞ്ഞു. അന്നുമുതല്‍ അവര്‍ സ്വാതന്ത്ര്യ സമരത്തിനായി ജീവിതം നോറ്റിരുന്നു. വിവാഹം പോലും കഴിക്കാതെ, ഹിന്ദി പഠിപ്പിക്കാനും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജീവിതത്തെ മാറ്റിയെടുത്തു. ഒരു സാധാരണ കുട്ടിയില്‍നിന്നും ഗാന്ധിയന്‍ മാതൃക പിന്‍പറ്റിയ ഉജ്വലമായ സ്ത്രീമാതൃകയായി ഒരൊറ്റ ദിവസം കൊണ്ട് ടീച്ചര്‍ മാറി. 

ഗാന്ധിജിയുടെ മരണ വാര്‍ത്ത ഒരു ഷോക്കായിരുന്നു തനിക്കെന്ന് അവര്‍ പറഞ്ഞു. അതിനുശേഷം, ഏറ്റവും ലളിതമായും സാധാരണമായും ജീവിതത്തെ കണ്ടുമറിഞ്ഞും, ഇളം കാറ്റുപോലെ തന്നെ അവര്‍ കടന്നുപോയി. 2009 ആഗസ്റ്റ് 4-ന് മരിക്കുമ്പോള്‍ ടീച്ചര്‍ക്ക് 92 വയസ്സായിരുന്നു.  

click me!