കുൽഭൂഷണ്‍ കേസില്‍ അന്താരാഷ്ട്ര കോടതി വിധി പാക്കിസ്ഥാന്‍ പാലിക്കുമോ? ഇല്ലെങ്കില്‍ സംഭവിക്കുന്നത്...

By Babu RamachandranFirst Published Jul 18, 2019, 6:54 PM IST
Highlights

പാക്കിസ്ഥാൻ  സരബ്ജിത് സിങ്ങിന്റെ കാര്യത്തിൽ സ്വീകരിച്ച ഒട്ടും സത്യസന്ധമല്ലാത്ത നിലപാട് ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്. കുൽഭൂഷൺ ജാധവ്  ഇന്ത്യൻ മണ്ണിൽ കാലുകുത്തുന്ന നിമിഷം വരെ നമ്മുടെ മനസ്സുകളിൽ നിന്നും ആശങ്ക ഒഴിയുന്നില്ല..! 

പാക്കിസ്ഥാൻ സൈനിക കോടതി ഇന്ത്യൻ പൗരനായ കുൽഭൂഷൺ ജാധവിന് വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നും, പാകിസ്ഥാനെ വിയന്ന കൺവെൻഷൻ തത്വങ്ങളുടെ ലംഘനത്തിന് കുറ്റക്കാരായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു   അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യ കേസ് നടത്തിയത്. ഏറെനാൾ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ വിധി ഇന്ത്യക്ക് അനുകൂലമായി വന്നിരിക്കുകയാണ്. പാക്കിസ്ഥാനോട് കോടതി വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ നമ്മുടെ മുന്നിലുള്ള ചോദ്യം ഇതാണ്. കുൽഭൂഷൺ ജാധവിന്റെ ജീവിതത്തിൽ ഇനി എന്താണ് സംഭവിക്കാൻ പോവുന്നത്..? 

അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ വിധി അംഗീകരിച്ചുകൊണ്ട്, പാക്കിസ്ഥാൻ അദ്ദേഹത്തെ സുരക്ഷിതമായി ഇന്ത്യയിൽ എത്തിക്കുമോ? അതോ കോടതി വിധി തങ്ങൾക്ക് സ്വീകാര്യമല്ല എന്ന നയം സ്വീകരിക്കുമോ? 

വിയന്ന കൺവെൻഷന്റെ ആർട്ടിക്കിൾ 36  പ്രകാരം ഒരു രാജ്യത്തിൻറെ അതിർത്തിക്കുള്ളിൽ  വെച്ച് എന്തെങ്കിലും കാരണവശാൽ ഏതെങ്കിലും വിദേശപൗരൻ അറസ്റ്റുചെയ്യപ്പെട്ടാൽ ഒട്ടും വൈകാതെ തന്നെ അത് പ്രസ്തുത രാജ്യത്തിൻറെ ഏറ്റവും അടുത്തുള്ള കോൺസുലേറ്റിലേക്ക് ഫാക്സ് സന്ദേശം മുഖേന അറിയിക്കാൻ  ബാധ്യസ്ഥമാണ്. ഈ ഫാക്സിൽ പൊലീസിന് അറസ്റ്റുചെയ്ത ആളുടെ പേരും, വിശദാംശങ്ങളും, അറസ്റ്റുചെയ്യാനുണ്ടായ കാരണവും അറിയിക്കാനുള്ള ബാധ്യതയുണ്ട്.    എന്നാൽ കുൽഭൂഷൺ  ജാധവിന്റെ കാര്യത്തിൽ ഇത് പാലിക്കപ്പെട്ടില്ല.  മാർച്ച് മൂന്നിന് അറസ്റ്റു ചെയ്യപ്പെട്ട വിവരം പാക്കിസ്ഥാൻ ഗവണ്മെന്റ് ഇന്ത്യയെ അറിയിക്കുന്നത് 26-നു മാത്രമാണ്. അതും ഒരു പത്രക്കുറിപ്പിലൂടെ.

ഇത്തരത്തിൽ, പാക്കിസ്ഥാന്റെ മണ്ണിൽ കുൽഭൂഷൺ ജാധവ്‌ എന്ന ഇന്ത്യൻ പൗരന് നേരിടേണ്ടി വന്ന അവകാശലംഘനങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. കുൽഭൂഷൺ ജാധവിനു വേണ്ടി സുപ്രീം കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനായ  ഹരീഷ് സാൽവെ പ്രതിഫലേച്ഛ കൂടാതെ ഹേഗിലെത്തി വാദിച്ചപ്പോൾ അദ്ദേഹത്തിന് മുന്നിൽ പാക്കിസ്ഥാന്റെ സെലിബ്രിറ്റി അഭിഭാഷകനും ക്യൂൻസ് കോൺസലുമായ ഖാവർ ഖുറേഷിക്ക് പിടിച്ചു നിൽക്കാനായില്ല. വിധി ഇന്ത്യക്ക് അനുകൂലമായി . പതിനാറംഗ ജൂറിയിൽ, പാക്കിസ്ഥാനോട് ആഭിമുഖ്യമുള്ള ഒരു ജഡ്ജ് ഒഴികെ മറ്റു പതിനഞ്ചു പേരും ഇന്ത്യയുടെ വാദങ്ങൾ തികച്ചും ന്യായമെന്ന് വിധിച്ചു. പാക്കിസ്ഥാനോട് വധശിക്ഷ പുനഃപരിശോധിക്കാനും, ഇന്ത്യയുടെ മറ്റുള്ള ആവശ്യങ്ങൾ പരിഗണിക്കാനും ആവശ്യപ്പെട്ടു.

ഇനിയെന്ത്..?  ഇന്റർ നാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിന്റെ വിധി അക്ഷരം പ്രതി അനുസരിക്കാനുള്ള ബാധ്യത പാക്കിസ്ഥാനുണ്ടോ..? അങ്ങനെ അനുസരിച്ചില്ലെങ്കിൽ എന്തെങ്കിലും പ്രത്യാഘാതങ്ങൾ അവർക്ക് നേരിടേണ്ടി വരുമോ..? എന്താണ് ഇക്കാര്യത്തിലുള്ള മുന്നനുഭവങ്ങൾ.. ?

മേല്പറഞ്ഞതൊക്കെയും വലിയ ചോദ്യങ്ങളാണ്. ഐക്യരാഷ്ട്ര സഭയുടെ തൊണ്ണൂറ്റി നാലാം ഉപദംശപ്രകാരം അംഗങ്ങൾക്കൊക്കെയും ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിന്റെ വിധിയെ മാനിക്കാനുള്ള ബാധ്യതയുണ്ട്. എന്നാൽ, കോടതിയ്ക്ക്, തങ്ങളുടെ വിധിയെ പാലിക്കാനായി ഒരു അംഗരാജ്യത്തെയും നിർബന്ധിക്കാനാവില്ല. 

മുൻ കാലങ്ങളിൽ അമേരിക്ക, ജപ്പാൻ, ചൈന തുടങ്ങിയ ലോകരാഷ്ട്രങ്ങൾ പല തവണ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ മാനിക്കില്ല എന്ന നിലപാടെടുത്തിട്ടുണ്ട്. ഉദാ.  2018-ൽ ഇറാനുമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കാൻ കോടതി അമേരിക്കയടക്കമുള്ള രാജ്യങ്ങളോട് നിർദ്ദേശിച്ചിട്ടും അന്നവർ അതിന് പുല്ലുവില കല്പിച്ചില്ല. 

നമ്മുടെ കാര്യത്തിൽ, വേണമെങ്കിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയ്ക്ക്, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി നടപ്പിലാക്കാൻ വേണ്ടി പാക്കിസ്ഥാനുമേൽ സമ്മർദ്ദം ചെലുത്താവുന്നതാണ്. അത് പക്ഷേ, സുരക്ഷാ സമിതിയിൽ അംഗങ്ങളായ മുഴുവൻ രാജ്യങ്ങളുടെയും, അതായത് അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, യുകെ എന്നീ അഞ്ചു രാജ്യങ്ങളുടെയും ,  സമവായമുണ്ടെങ്കിലേ നടക്കൂ. ഇക്കാര്യത്തിൽ ഒരംഗമെങ്കിലും തിരിച്ചൊരു നിലപാടെടുത്താൽ അത് വീറ്റോ ചെയ്യപ്പെടാം.  പാക്കിസ്ഥാൻ വധശിക്ഷയുടെ മുന്നോട്ടു പോയെന്നിരിക്കാം. ചൈന ഇക്കാര്യത്തിൽ പാക്കിസ്ഥാന് അനുകൂലമായ ഒരു നിലപാടെടുക്കാനുള്ള സാധ്യത ഏറെയാണ്. 

ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നത് ഒരൊറ്റ കാര്യമാണ്...

പാക്കിസ്ഥാനും വിയന്ന കൺവെൻഷനിൽ ഒപ്പുവെച്ചിട്ടുള്ള ഒരു രാജ്യമാണ്. കൺവെൻഷൻ തത്വങ്ങളിന്മേലുള്ള അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ഈ വിധി അംഗീകരിക്കാതിരുന്നാൽ, അത് പാക്കിസ്ഥാന് പ്രസ്തുത കൺവെൻഷനിൽ നിന്നും പുറത്തേക്കുള്ള വഴി തെളിക്കും. പിന്നീടൊരിക്കലും, തങ്ങളുടെ പൗരന്മാർക്ക് നീതി കിട്ടാൻ വേണ്ടി ഈ കൺവെൻഷന്റെ പേരും പറഞ്ഞുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പാക്കിസ്ഥാൻ കാലെടുത്തുവെക്കാൻ പറ്റില്ല. ഈ ഒരു സാങ്കേതികത്വം നിലനിൽക്കുന്നതുകൊണ്ട്, ചിലപ്പോൾ പാക്കിസ്ഥാൻ ജാധവിന്റെ കാര്യത്തിൽ അനുകൂല നിലപാടെടുക്കാൻ സാധ്യത നിലനിൽക്കുന്നുണ്ട്. 

ഇതിനും പുറമെ, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വന്നത്, ഈ വിഷയത്തിൽ പാക്കിസ്ഥാനുമേൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ സമ്മർദ്ദവും മുറുകാൻ കാരണമാവും. അതിന്റെ പരോക്ഷമായ പ്രത്യാഘാതങ്ങൾ ഇപ്പോൾ തന്നെ മൃതപ്രായമായിരിക്കുന്ന പാക് സാമ്പത്തികവ്യവസ്ഥയ്ക്കുമേൽ വന്നുപെടും എന്നതും ഒരു പരിഗണനയാണ്. 

ഈ വിധി മാനിച്ചില്ലെങ്കിൽ, വേൾഡ് ബാങ്ക്, ഐഎംഎഫ്, എഡിബി തുടങ്ങിയ ഫണ്ടിങ്ങ് ഏജൻസികളും പാക്കിസ്ഥാന് അയിത്തം കൽപിക്കാനിടയുണ്ട്. അതും പാക്കിസ്ഥാന് താങ്ങാവുന്ന ഒന്നല്ല. അമേരിക്കയെപ്പോലെ, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയ്ക്ക് പുല്ലുവില കൽപ്പിക്കാനുള്ള  ശേഷി പാക്കിസ്ഥാൻ എന്ന രാഷ്ട്രത്തിനുണ്ടാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. 

അതിനുള്ള ഉത്തരം ഏറെക്കുറെ 'ഇല്ല' എന്നുതന്നെയാണ്. കാരണം, ഭീകരവാദത്തിനുള്ള ഫണ്ടിങ്ങ്, പല അന്താരാഷ്ട്ര തീവ്രവാദ അക്രമണങ്ങളിലും പാക് പൗരന്മാരുടെ ബന്ധം  തുടങ്ങി പല കാരണങ്ങൾ കൊണ്ടും പാക്കിസ്ഥാൻ ഇപ്പോൾ തന്നെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ട ഒരു സാഹചര്യത്തിലാണ്. 

 പാക്കിസ്ഥാൻ  സരബ്‍ജിത് സിങ്ങിന്റെ കാര്യത്തിൽ സ്വീകരിച്ച ഒട്ടും സത്യസന്ധമല്ലാത്ത നിലപാട് ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്. എന്നാൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായ ശേഷം, ഹമീദ് അൻസാരി എന്ന പൗരന്റെയും, അഭിനന്ദൻ എന്ന വ്യോമസേനാ ഫൈറ്റർ പൈലറ്റിന്‍റെയും ഒക്കെ കാര്യത്തിൽ സ്വീകരിച്ച നിലപാടുകൾ പ്രതീക്ഷ നിലനിർത്തുന്നവയാണ്. ഏതിനും, കുൽഭൂഷൺ ജാധവിനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള ഓരോ ദിവസവും നിർണായകമാണ്. അദ്ദേഹം ഇന്ത്യൻ മണ്ണിൽ കാലുകുത്തുന്ന നിമിഷം വരെ നമ്മുടെ മനസ്സുകളിൽ നിന്നും ആശങ്ക ഒഴിയുന്നില്ല..!

click me!