Latest Videos

INS Vikrant: 23000 കോടി ചെലവ്, 14000 പേരുടെ അധ്വാനം, നാവികസേനയ്ക്ക് കൊച്ചിയില്‍നിന്നൊരു വജ്രായുധം!

By RP VinodFirst Published May 14, 2022, 4:11 PM IST
Highlights

ഈ വരുന്ന സ്വാതന്ത്യ ദിനത്തില്‍ നാവിക സേനയ്ക്ക് കൈമാറുന്ന ഐ എന്‍ എസ് വിക്രാന്തിന്റെ വിശേഷങ്ങള്‍. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനിക്കപ്പല്‍ കൊച്ചി കപ്പല്‍ നിര്‍മാണ ശാലയിലാണ് പണിതീര്‍ത്തത്.  ആര്‍പി വിനോദ് എഴുതുന്നു
 

രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് നാവിക സേനയ്ക്ക് വേണ്ടി നിര്‍മ്മിച്ച  HMS ഹെര്‍ക്കുലീസ് എന്ന വിമാനവാഹിനി കപ്പല്‍ ഇന്ത്യ വാങ്ങി. 1961 -ല്‍  INS വിക്രാന്ത് എന്ന പേരില്‍ ആ കപ്പല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലായിരുന്ന വിക്രാന്ത്, 1971 -ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ ഇന്ത്യന്‍ ആക്രമണത്തിന്റെ നട്ടെല്ലായിരുന്നു. ധാരാളം പോരായ്മകളുണ്ടായിരുന്ന വിക്രാന്ത് 1997 -ല്‍ നാവിക സേനയില്‍ നിന്ന് വിരമിച്ചു.

 

 

ബ്രീട്ടീഷ് നാവിക സേന ഉപയോഗിച്ച HMS ഹെര്‍മസ് പിന്നീട് സെക്കന്‍ഹാന്‍ഡ് വിലയ്ക്ക്  വാങ്ങി 1987 -ല്‍ INS വിരാട് എന്ന പേരില്‍ ഇന്ത്യ നാവിക സേനയുടെ  ഭാഗമാക്കി. 2017 മാര്‍ച്ചില്‍ വിരാടും നാവിക സേനയില്‍ നിന്ന് വിടവാങ്ങി. തുടര്‍ന്ന്, 2014 -ല്‍ റഷ്യന്‍ നാവികസേന ഉപയോഗിച്ചിരുന്ന 'അഡ്മിറല്‍ ഗോര്‍ഷ്‌കോവ്' വിമാനവാഹിക്കപ്പല്‍ വലിയ വിലയ്ക്ക് ഇന്ത്യ വാങ്ങുന്നു. INS വിക്രമാദിത്യ എന്ന പേരില്‍ആ കപ്പല്‍ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാവുന്നു. മുംബൈയിലെ പടിഞ്ഞാറന്‍ വ്യോമകമാന്‍ഡില്‍ വിന്ന്യസിച്ചിരിക്കുന്ന വിക്രമാദിത്യയാണ് നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ഒരേയൊരു വിമാനവാഹിനി കപ്പല്‍

പഴകിയതും പല രാജ്യങ്ങള്‍ ഉപയോഗിച്ച് കളഞ്ഞതുമായ വിമാനവാഹിനി കപ്പലുകള്‍ വന്‍തോതില്‍ പണം മുടക്കി വാങ്ങി ഉദ്ദേശിച്ച പ്രയോജനം ലഭിക്കാതെ പോയ ചരിത്രമാണ് ഇന്ത്യയ്ക്ക് ഉള്ളത്. തദ്ദേശീയമായി കപ്പല്‍ നിര്‍മ്മിക്കാനുള്ള ശേഷിയും സാങ്കേതിക വിദ്യയും അടിസ്ഥാന സൗകര്യവും ഉണ്ടായിരുന്നിട്ടും സ്വന്തമായി നിര്‍മിച്ച വിമാനവാഹിനി കപ്പല്‍ എന്ന ലക്ഷ്യം പതിറ്റാണ്ടുകളായി ഒരു സ്വപ്നമായി തുടര്‍ന്നു. എന്നാല്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യത്തിലാകാന്‍ പോകുകയാണ്. ഇനിയതിന് കുറച്ച് ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി.

 

 

കൊച്ചിയില്‍നിന്നൊരു വജ്രായുധം

ആ സ്വപ്‌നത്തിന്റെ പേരാണ് ഐ എന്‍ എസ് വിക്രാന്ത്. കൊച്ചിന്‍ കപ്പല്‍ നിര്‍മ്മാണ ശാലയിലാണ് മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി വിക്രാന്ത് തദ്ദേശീയമായി നിര്‍മ്മിച്ച് പൂര്‍ത്തിയായത്. വിക്രാന്ത് നാവികസേനയുടെ ഭാഗമാകുന്നതോടെ മലയാളികള്‍ക്കും തല ഉയര്‍ത്തി നില്‍ക്കാം.

2007 -ലാണ് ഇന്ത്യ തദ്ദേശീയ വിമാനവാഹിനി കപ്പലിനെ കുറിച്ചുള്ള ആലോചന തുടങ്ങുന്നത്. പിന്നെയും ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞു കൊച്ചിന്‍ കപ്പല്‍ നിര്‍മ്മാണ ശാലയില്‍ അതിന്റെ നിര്‍മ്മാണം തുടങ്ങാന്‍. ആലോചന മുതല്‍ എടുത്ത 15 വര്‍ഷമെന്ന നീണ്ട കാലയളവിനൊടുവിലാണ് INS വിക്രാന്ത് എന്ന സ്വപ്നം നാവിക സേനയുടെ ഭാഗമാകുന്നത്. മെയ് മാസം അവസാന ആഴ്ച നടക്കുന്ന അവസാന സമുദ്രപരീക്ഷണം കൂടി കഴിഞ്ഞാല്‍ ഇന്ത്യന്‍ നാവിക സേന കപ്പലിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കും. സ്വാതന്ത്ര്യ ദിനത്തില്‍ കൊച്ചി നാവിക സേനാ ആസ്ഥാനത്ത് വച്ചായിരിക്കും ഔദ്യോഗികമായി വിക്രാന്ത് സേനയ്ക്ക് കൈമാറുക. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുന്നതെന്ന് ഉന്നത നാവികസേനാ വൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


23000 കോടി രൂപ ചെലവ്,14000 പേരുടെ അധ്വാനം

45000 ടണ്‍ ഭാരശേഷിയാണ് വിക്രാന്തിന്. സ്‌കൈ ജംപ് ടെക്‌നോളജിയാണ് എടുത്ത് പറയേണ്ട സവിശേഷത. കപ്പലിന്റെ മുന്‍ഭാഗം ഒരു വളഞ്ഞ റാമ്പ് പോലെ സജ്ജീകരിച്ചിരിക്കുന്നു. കുറഞ്ഞ ദൂരത്തിലുള്ള റണ്‍വേയില്‍ നിന്ന് പോലും പോര്‍വിമാനങ്ങള്‍ക്ക് അതിവേഗത്തില്‍ കപ്പലില്‍ നിന്ന് പറന്ന് ഉയരാനാകും. 

മണിക്കൂറില്‍ 52 കിലോമീറ്ററാണ് കപ്പലിന്റെ വേഗത. 23000 കോടി രൂപയാണ് ചെലവ്. 14000 പേരുടെ അധ്വാനം. 14 ഡെക്കുകള്‍ ഉള്ള കപ്പലില്‍ 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും ഉണ്ട്. ഒരേ സമയം 1800 ക്രൂ അംഗങ്ങളെ ഉള്‍ക്കൊള്ളാനാകും. വനിതാ ഓഫിസര്‍മാര്‍ക്ക് പ്രത്യേകം ക്യാമ്പിനും സജ്ജീകരിച്ചിട്ടുണ്ട്

...................................

Photo Gallery : കടല്‍ കീഴടക്കാന്‍ ഐഎന്‍എസ് വിക്രാന്ത്; കടലിലെ പരിശീലനം ആരംഭിച്ചു

 

ചൈനയ്‌ക്കെതിരായ ചാട്ടുളി

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ ഇടപെടലുകളാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഈ മേഖലയിലെ പല രാജ്യങ്ങള്‍ക്കും പണം  അങ്ങോട്ട് കൊടുത്ത് തുറമുഖങ്ങള്‍ പാട്ടത്തിനെടുത്ത് സമുദ്രമേഖലയില്‍ സാന്നിധ്യം ഉറപ്പിക്കലാണ് ചൈനീസ് തന്ത്രം. ശ്രീലങ്കയിലെ ഹമ്പന്‍തോട തുറമുഖത്തും മാലിദ്വീപിലും, ജിബൂട്ടിയിലും ചൈനീസ് പടക്കപ്പലുകള്‍ക്ക് എത്താനുള്ള  സാഹചര്യം ഇപ്പോള്‍ ഉണ്ട്. ഇന്തോ- പസഫിക് മേഖലയില്‍ സാമ്പത്തികമായി സ്വാധീനം ഉണ്ടാക്കാനും ചൈന ശ്രമിച്ച് വരുന്നു. 

നിലവില്‍ രണ്ട് വിമാനവാഹിനി കപ്പലുകള്‍ ചൈനയ്ക്കുണ്ട്. രണ്ടെണ്ണം നിര്‍മ്മാണത്തിലുമാണ്. ഇന്ത്യയുടെ പക്കലുള്ളതിനേക്കാള്‍ ശേഷിയും കരുത്തും ഉള്ളവയാണ് ചൈനീസ് വിമാന വാഹിനി കപ്പലുകള്‍.

ചൈനയുടെ വെല്ലുവിളി മറികടക്കലാണ് ഇനി വിക്രാന്തിന്റെ പ്രധാനദൗത്യം. ഇന്ത്യന്‍ മഹാസമുദ്രത്തിനോട് ചേര്‍ന്ന് ഇന്ത്യയുടെ കിഴക്കന്‍ നാവിക കമാന്‍ഡായ വിശാഖപട്ടണമായിരിക്കും വിക്രാന്തിന്റെ പ്രവര്‍ത്തന മേഖലയെന്നാണ് സൂചന. റഫാല്‍, മിഗ്-29 , തേജസ്  എന്നീ പോര്‍വിമാനങ്ങളും ധ്രുവ്, കെഎ -31 ഹെലികോപ്ടറുകളും വിക്രാന്തില്‍ നിന്ന് പറന്നുയരും. കപ്പലില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകളും  മിനിട്ടില്‍ 120 റൗണ്ട് വരെ വെടി ഉതിര്‍ക്കാന്‍ കഴിവുള്ള സൂപ്പര്‍ റാപ്പിഡ് തോക്കുകളും  അത്യാധുനിക റഡാര്‍ സംവിധാനവും വിക്രാന്ത്രിലുണ്ട്. വിക്രാന്തിന്റെ സാന്നിധ്യം കടല്‍ സുരക്ഷയില്‍ ഇന്ത്യയ്ക്ക് കരുത്ത് പകരും എന്ന് ഉറപ്പ്.

 

..........................................

Read More ; ആദ്യ ഘട്ട സമുദ്ര പരീക്ഷണം വിജയം: ഐഎൻഎസ് വിക്രാന്ത് തിരിച്ചെത്തി, സേനയ്ക്ക് കൈമാറാൻ ആറ് പരീക്ഷണങ്ങൾ ബാക്കി


അടുത്തത് INS വിശാല്‍?

ഇന്ത്യയുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പലായ നിര്‍മാണവും ആരംഭക്കാനിരിക്കുകയാണ്. INS വിശാല്‍ എന്നാണ് ഇപ്പോള്‍ കരുതുന്ന പേര്. ഈ പേര് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൊച്ചിന്‍ കപ്പല്‍ നിര്‍മ്മാണശാല തന്നെയായിരിക്കും ഐ എന്‍ എസ് വിശാലിന്റെയും നിര്‍മ്മാതാക്കള്‍. വിക്രാന്തിന് 15 വര്‍ഷം എടുത്തെങ്കില്‍ വിശാലിന് വെറും അഞ്ച് വര്‍ഷം മതിയാവുമെന്നാണ് കൊച്ചിന്‍ കപ്പല്‍ നിര്‍മ്മാണ ശാല പറയുന്നത്. 65000 ടണ്ണിലായിരിക്കും കപ്പല്‍ നിര്‍മ്മിക്കുക. ഭരണാനുമതിയും ഫയല്‍ നീക്കവും വേഗത്തിലായാല്‍, INS വിശാല്‍ 2030 -ന് മുന്‍പ് പുറത്തിറങ്ങും. 
 

click me!