പോളിയോ ബാധിച്ച് കാല്‍ തളര്‍ന്നു, പുരുഷ എതിരാളികളോടേറ്റുമുട്ടി ഒടുവില്‍ ജയം കൊയ്‍തു, ചരിത്രവിജയത്തിന്‍റെ കഥ

By Web TeamFirst Published Jun 7, 2020, 9:48 AM IST
Highlights

ജൂബിലി എന്ന കുതിരയുടെ മുകളില്‍ കയറുന്നതിനും ഇറങ്ങുന്നതിനും അവള്‍ക്ക് മറ്റൊരാളുടെ സഹായം ആവശ്യമായിരുന്നു. എന്നാല്‍, കുതിരപ്പുറത്ത് കയറിക്കഴിഞ്ഞാലുള്ള അവളുടെ പ്രകടനം ആരെയും വെല്ലുന്നതായിരുന്നു. 

1921 മാര്‍ച്ച് 14 -ന് ഡെന്മാര്‍ക്കിലാണ് ഹാർടേൽ ജനിച്ചത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അമ്മയില്‍ നിന്നും ഹോഴ്‍സ് റൈഡിംഗ് പഠിച്ചെടുത്തിരുന്നു ഹാര്‍ടേല്‍. കുതിരപ്പുറത്തുള്ള അഭ്യാസപ്രകടനങ്ങള്‍ (അശ്വാഭ്യാസ പ്രകടനം) അന്ന് പ്രധാനപ്പെട്ട കായികവിനോദമായിരുന്നു. അതിനോടായിരുന്നു അവളുടെ ആദ്യത്തെ പ്രണയവും.

ഇരുപതാമത്തെ വയസ്സില്‍ ഒരു കുതിരക്കാരനെത്തന്നെയാണ് ഹാര്‍ടേല്‍ വിവാഹം ചെയ്‍തതും. പക്ഷേ, ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കെ അവളുടെ ജീവിതം മാറിമറിഞ്ഞു. ആരോഗ്യമുള്ള ഒരു കുഞ്ഞിന് ഹാര്‍ടേല്‍ ജന്മം നല്‍കിയെങ്കിലും അവളുടെ ശരീരം തളര്‍ന്നുപോയി. 1944 -നും 47 -നും ഇടയില്‍ അവള്‍ തന്‍റെ ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ക്രച്ചസുപയോഗിച്ച് നടക്കാനാവുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കുപോലും ഉറപ്പില്ലായിരുന്നു. പക്ഷേ, കുതിരയോട്ടത്തിലുള്ള തന്‍റെ കമ്പം അവള്‍ക്ക് അടക്കിവെക്കാനാവില്ലായിരുന്നു. എങ്ങനെയെങ്കിലും പഴയ സ്ഥിതിയിലായേ തീരൂവെന്ന് അവള്‍ക്ക് അത്രയേറെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, പോളിയോ അവളെ വളരെ ഗുരുതരമായിത്തന്നെ ബാധിച്ചിരുന്നു. കാലുകളെ മാത്രമല്ല, കൈകളുടെ ചലനങ്ങളെയും അത് ബാധിച്ചു.

പക്ഷേ, എട്ട് മാസത്തിനുള്ളില്‍ അവള്‍ ക്രച്ചസുപയോഗിച്ച് പതുക്കെ നടന്നുതുടങ്ങി. പിന്നീടുള്ള മൂന്ന് വര്‍ഷങ്ങളില്‍ അവളുടെ ശ്രമം എങ്ങനെയെങ്കിലും കുതിരപ്പുറത്ത് കയറാനും ബാലന്‍സ് ചെയ്യാനുമായിരുന്നു. ഒരുപാടൊരുപാട് തവണ അവള്‍ വീണു. പക്ഷേ, അവള്‍ക്ക് അവളുടെ ഇഷ്‍ടമുപേക്ഷിക്കാന്‍ വയ്യായിരുന്നു. പതുക്കെ പതുക്കെ അവള്‍ തന്‍റെ കൈകളുടെ കരുത്ത് തിരിച്ചെടുത്തു തുടങ്ങി. മൂന്നുവര്‍ഷത്തെ കഷ്‍ടപ്പാടിനൊടുവില്‍ 1947 -ല്‍ അവള്‍ ആരേയും അമ്പരപ്പിക്കുന്ന തിരിച്ചുവരവ് നടത്തി. സ്‍കാന്‍ഡിനേവിയന്‍ ഇക്വസ്ട്രിയന്‍ ചാമ്പ്യന്‍ഷിപ്പില്‍ (സ്കാന്‍ഡിനേവിയന്‍ അശ്വാഭ്യാസപ്രകടന മത്സരം) പങ്കെടുത്തുകൊണ്ടായിരുന്നു അത്. രണ്ടാമതെത്തുകയും 1948 -ലെ ഒളിമ്പിക് ഗെയിമില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുകയും ചെയ്‍തു അന്ന് ഹാര്‍ടേല്‍.

എന്നാല്‍, കഷ്‍ടമെന്ന് പറയട്ടെ അവള്‍ക്ക് അതില്‍ പങ്കെടുക്കാനാവില്ലായിരുന്നു. കാരണം, പുരുഷന്മാരായ സൈനികര്‍ക്ക് മാത്രമായി മത്സരം പരിമിതപ്പെടുത്തിയിരുന്നു. സ്ത്രീകള്‍ക്കും മറ്റ് പൗരന്മാര്‍ക്കും അതില്‍ പങ്കെടുക്കാനാവില്ലായിരുന്നു. എന്നാല്‍, നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, ഹെലെന്‍സ്‍കിയില്‍ വെച്ച് ഹാര്‍ടേല്‍ ചരിത്രം സൃഷ്‍ടിച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും വികാരനിര്‍ഭരമായ കായികാനുഭവമായി അത് മാറിയെന്ന് ഇന്‍ഡിപെന്‍ഡന്‍റ് എഴുതുന്നു.

ജൂബിലി എന്ന കുതിരയുടെ മുകളില്‍ കയറുന്നതിനും ഇറങ്ങുന്നതിനും അവള്‍ക്ക് മറ്റൊരാളുടെ സഹായം ആവശ്യമായിരുന്നു. എന്നാല്‍, കുതിരപ്പുറത്ത് കയറിക്കഴിഞ്ഞാലുള്ള അവളുടെ പ്രകടനം ആരെയും വെല്ലുന്നതായിരുന്നു. അന്ന് ആ അഭ്യാസപ്രകടനത്തില്‍ വെള്ളി മെഡല്‍ തന്നെ നേടി ഹാര്‍ടേല്‍. അതും പുരുഷന്മാരായ എതിരാളികള്‍ക്കൊപ്പം മത്സരിച്ചുകൊണ്ട്. അങ്ങനെ സമ്മര്‍ ഗെയിംസില്‍ ആദ്യമായി പുരുഷ എതിരാളികളുമായി ഏറ്റുമുട്ടുന്ന വനിതയെന്ന വിശേഷണവും ഹാര്‍ടേല്‍ സ്വന്തമാക്കി. മെഡല്‍ ഏറ്റുവാങ്ങുന്നതിനായി പോഡിയത്തിലേക്കുള്ള അവളുടെ നടപ്പ് പോലും ദുഷ്‍കരമായിരുന്നു. വെറും 20 പോയിന്‍റ് വ്യത്യാസത്തിലാണ് ഗോള്‍ഡ് മെഡല്‍ അന്ന് സ്വീഡന്‍റെ ഹെന്‍‍റി സൈന്‍റ് സിര്‍ നേടുന്നത്. അദ്ദേഹമാണവളെ മെഡല്‍ സെറിമണിയില്‍ പങ്കെടുക്കുന്നതിനായി സ്റ്റേജിലേക്ക് കയറാന്‍ സഹായിച്ചത്. തളര്‍ന്ന, ദുര്‍ബലമായ പാദങ്ങളോടെ കഷ്‍ടപ്പെട്ട് നിന്ന് വെള്ളിമെഡലേറ്റുവാങ്ങുന്ന ഹാര്‍ടേലിനെ കണ്ട് കാണികളില്‍ പലരുടെയും കണ്ണുകള്‍ അന്ന് നിറഞ്ഞൊഴുകി.

പിന്നീട്, നാലുതവണ കൂടി ഹാര്‍ടേല്‍, ഡാനിഷ് ഡ്രസേജ് ചാമ്പ്യനായി. 1956 -ലെ ഗെയിംസില്‍ വീണ്ടും സൈന്‍റ് സിറിനു തൊട്ടുപിന്നാലെ ഫിനിഷ് ചെയ്‍തു. പക്ഷേ, ആ കാലമാകുമ്പോഴേക്കും ഭിന്നശേഷിക്കാരുടെ ഐക്കണായി മാറിയിരുന്നു ഹാര്‍ടേല്‍.

തന്‍റെ തെറാപ്പിസ്റ്റിന്‍റെ സഹായത്തോടെ ആദ്യത്തെ തെറാപ്യൂട്ടിക് റൈഡിംഗ് സെന്‍ററിന് ഹാര്‍ടേല്‍ തുടക്കം കുറിച്ചു. 1960 -ന്‍റെ അവസാനമാകുമ്പോഴേക്കും അത് പലയിടത്തായി വ്യാപിച്ചിരുന്നു. അവർ വിരമിച്ചതിനുശേഷവും അംഗീകാരങ്ങൾ അവരെ പിന്തുടര്‍ന്നു. 1992 -ൽ ഡെൻമാർക്കിന്‍റെ ഹാൾ ഓഫ് ഫെയിമിൽ അവരെ ഉൾപ്പെടുത്തി, 2005 -ൽ അവരുടെ രാജ്യത്ത് നിന്നുള്ള എക്കാലത്തെയും മികച്ച പത്ത് അത്‌ലറ്റുകളിൽ ഒരാളായി അവർ തെരഞ്ഞെടുക്കപ്പെട്ടു.

തന്നെപ്പോലെയുള്ളവര്‍ക്ക് പിന്തുണ നൽകാനായും, പോളിയോ ബാധിതർക്കായി പണം സ്വരൂപിക്കുന്നതിനായും നെതർലാൻഡിൽ ലിസ് ഹാർടേൽ ഫൗണ്ടേഷൻ അവർ സ്ഥാപിച്ചു. എങ്ങനെയത് സാധ്യമാകുമെന്ന് അവള്‍ തന്നെ മറ്റുള്ളവരെ പഠിപ്പിച്ചു. തന്‍റെ 87 -ാമത്തെ വയസ്സിലാണ് അവര്‍ മരിക്കുന്നത്. അപ്പോഴേക്കും കാലാകാലം ഓര്‍മ്മിക്കാനുള്ളതും പ്രചോദനമാവാനുള്ളതും തന്‍റെ ജീവിതം കൊണ്ട് അവര്‍ ലോകത്തിന് കാഴ്‍ച വച്ചിരുന്നു.

click me!