സിറിയയിലെ തുർക്കി-കുർദ് യുദ്ധം , കോളടിക്കാൻ പോവുന്നത് ഐസിസിനോ..?

By Web TeamFirst Published Oct 13, 2019, 5:10 PM IST
Highlights

തുർക്കിയുടെ ആക്രമണങ്ങൾ പല കൊടിയ ഐസിസ് തീവ്രവാദികളുടെയും മോചനത്തിന് വരെ വഴിവെച്ചിട്ടുണ്ട്. അവർ പുറത്തെത്തുന്നതോടെ, ഉറപ്പായും ഐസിസ് കൂടുതൽ ശക്തിയാർജ്ജിക്കും എന്നുതന്നെ വേണം കരുതാൻ. 

ഒക്ടോബർ ഒമ്പതാം തീയതി തുർക്കി ഒരു പ്രഖ്യാപനം നടത്തി. "സിറിയയിൽ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് (SDF) എന്ന സംഘത്തിനെതിരെ ഞങ്ങളിതാ ആക്രമണം അഴിച്ചുവിടാൻ പോവുകയാണ്. ". ഒരൊറ്റ സാങ്കേതിക തടസ്സം മാത്രമായിരുന്നു തുർക്കിക്കു മുന്നിൽ ഉണ്ടായിരുന്നത്. സഖ്യകക്ഷിയായ അമേരിക്ക, അവിടെ സിറിയയിൽ SDF-ന്റെയും സഖ്യകക്ഷിയാണ്. അമേരിക്കൻ സൈന്യം അവരുടെ കൂടെ ചേർന്നാണ് സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചു നീക്കാനുള്ള യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത്. സിറിയയിൽ തങ്ങളുടെ ഒരു ചെറിയ സംഘത്തെയെങ്കിലും നിലനിർത്തണമെന്നും  ഐസിസിനെതിരായ പോരാട്ടം തുടരണമെന്നുമുള്ള പെന്റഗണിന്റെയും സിഐഎയുടെയും നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രസിഡണ്ട് ഡോണൾഡ്‌ ട്രംപ് , തുർക്കി അക്രമിക്കാനുദ്ദേശിക്കുന്ന ടെൽ അബിയാദ്, എയ്ൻ എയ്‌സ എന്നിവിടങ്ങളിലെ  അമേരിക്കൻ സാന്നിധ്യത്തെ പാടെ നീക്കി തുർക്കിയുടെ ആക്രമണത്തിന് സാധുത നൽകിയതോടെ ആ തടസ്സവും നീങ്ങിക്കിട്ടി. തുർക്കി പ്രസിഡണ്ട് റിസെപ്പ് തയ്യിപ്പ് എർഡോഗാനെ ഫോണിൽ ബന്ധപ്പെട്ട് ട്രംപ് നേരിട്ടാണ് ആക്രമണത്തിന് പച്ചക്കൊടി കാണിച്ചത്. 

അതോടെ തുർക്കി സിറിയക്കെതിരെ വ്യോമാക്രമണം തുടങ്ങി. തുർക്കിയും സിറിയയിലെ കുർദുകളും തമ്മിലുള്ള സംഘർഷത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. അതിൽ പ്രാദേശികമായ അധികാരബലതന്ത്രത്തിന്റെ ഏറെ നാളത്തെ ചരിത്രമുണ്ട്. അതിൽ പലരുടെയും നിക്ഷിപ്ത താത്പര്യങ്ങൾ കെട്ടുപിണഞ്ഞു കിടക്കുകയാണ്. വർഷങ്ങളായി വഷളായിരിക്കുന്ന പ്രാദേശിക സംഘർഷത്തിന് പുറമെയാണ്, ഇരുപക്ഷത്തിനുമിടയിലെ അമേരിക്കയുടെ സാന്നിധ്യം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ. 

ഇപ്പോഴുള്ള ഈ ആക്രമണം സിറിയയ്ക്കും തുർക്കിയ്ക്കും ഇടയിലെ തെക്കൻ അതിർത്തിയിൽ പച്ചപിടിക്കുന ടെറർ കോറിഡോറിന്റെ സർവനാശം ഉറപ്പുവരുത്താനാണ് എന്നാണ് തുർക്കി പ്രസിഡണ്ട് റിസെപ്പ് തയ്യിപ്പ് എർഡോഗാന്റെ അവകാശവാദം. SDF നേതാക്കളും, പ്രദേശത്ത് നിഷ്പക്ഷമായി നിലകൊള്ളുന്ന മറ്റുപലരും ഒരേ സ്വരത്തിൽ പറയുന്നത്, തുർക്കിയുടെ ആക്രമണം പ്രദേശത്ത് സിവിലിയൻ ജീവാപായങ്ങൾക്ക് കാരണമാകും എന്നുതന്നെയാണ്. ആക്രമണത്തിൽ തകർന്നുവീഴുന്ന കെട്ടിടങ്ങളുടെയും, നാടുവിട്ടോടുന്ന പൊതുജനങ്ങളുടെയും ഒക്കെ വിഡിയോകളും ഫോട്ടോഗ്രാഫുകളും ഒക്കെ പങ്കുവെച്ചുകൊണ്ട് കുർദുകൾ ലോകമാധ്യമങ്ങളുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. ഇന്നത്തെ ഈ യുദ്ധത്തിന്റെ കഥ അറിയണമെങ്കിൽ, പതിറ്റാണ്ടുകളായി കുർദുകളും തുർക്കിക്കാരും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലമാറിയണം. അതിലേക്ക് അമേരിക്ക എങ്ങനെയാണ് നുഴഞ്ഞുകയറിയത് എന്നും അറിഞ്ഞിരിക്കണം.

ആരാണീ കുർദുകൾ..? 

മധ്യപൂർവേഷ്യയിലെ ഏറ്റവും പ്രബലമായ നാലാമത്തെ വംശമാണ് കുർദുകൾ. ജനസംഖ്യാപരമായി  ഇത്രയധികം പ്രതിനിധ്യമുണ്ടായിരുന്നിട്ടും അവർക്ക് സ്വന്തമെന്നൊരു രാഷ്ട്രമില്ല. തുർക്കിയിലും, ഇറാഖിലും, സിറിയയിലും, ഇറാനിലും, അര്മേനിയയിലുമൊക്കെയായി അവരിങ്ങനെ അഭയാർഥികളായി പാർത്തുപോരുകയാണ്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനമുണ്ടായപ്പോൾ കുർദുകൾക്കിടയിൽ സ്വന്തമായ ഒരു രാജ്യത്തിനായി മുറവിളി ഉയർന്നുകേട്ടിരുന്നു. അക്കാലത്തെ ഉടമ്പടികളിൽ പലതിലും ഭാവിയിൽ ഒരു 'കുർദിസ്ഥാൻ' രൂപീകരിക്കപ്പെടും എന്നുള്ള വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു. അത് ഒരിക്കലും യാഥാർത്ഥ്യമായില്ല എന്നുമാത്രം. 

കുർദുകളോട് തുർക്കിക്ക് എന്താണിത്ര വിരോധം 

അതൊരു നീണ്ട കഥയാണ്. തങ്ങളുടെ തെക്കൻ അതിർത്തിയോട് ചേർന്ന് കുർദുകൾ ശക്തി പ്രാപിക്കുന്നത് തങ്ങൾക്ക് ഭീഷണിയാണ് എന്ന അഭിപ്രായമാണ് തുർക്കിക്കുള്ളത്. കഴിഞ്ഞ കുറേ കാലമായി എർഡോഗൻ ഇത്തരത്തിൽ ഒരു സൈനികനടപടിയെപ്പറ്റി പറയാൻ തുടങ്ങിയിട്ടും. എന്നാൽ അതിന്റെ വേരുകൾ ചികഞ്ഞു ചെന്നാൽ നമ്മൾ എത്തിച്ചേരുക അതിനും പിന്നിലേക്കാണ്. 1980-ൽ അക്രമാസക്തമായ ആഭ്യന്തരകലാപങ്ങൾ അഴിച്ചുവിട്ട അന്നുതൊട്ടേ  തുർക്കി കുർദിഷ് വർക്കേഴ്‌സ് പാർട്ടി(PKK)യുമായി സംഘർഷത്തിലാണ്. തുർക്കിയും അമേരിക്കയും PKK-യെ ഒരു തീവ്രവാദസംഘടനയായാണ് തുടക്കം മുതലേ കാണുന്നതും. 2004 മുതൽ പ്രവർത്തിച്ചുപോരുന്ന മറ്റൊരു സിറിയൻ കുർദ് സംഘടനാ കുർദിഷ് പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റ്സ്(YPG)യും തുർക്കിയുടെ കണ്ണിലെ കരടാണ്. കുർദുകൾക്കായി ഒരു സ്വാതന്ത്രരാഷ്ട്രം എന്നതാണ് അവരുടെയും ആവശ്യം. YPGയുടെ ഐസിസ് വിരുദ്ധത കാരണം ആ സംഘടനയ്ക്ക് പക്ഷെ പാശ്ചാത്യലോകത്ത് പലവേദികളിലും സ്വീകാര്യതയുണ്ട്. 'പ്രഥമദൃഷ്ട്യാ  അകൽച്ചയിലാണ് എങ്കിലും, YPGയും PKKയും തമ്മിലുള്ള അന്തർധാര സജീവമാണ് ' എന്നതാണ് തുർക്കിക്ക് ഈ വിഷയത്തിലുള്ള പ്രധാന പരാതി. ഈ അടിയൊഴുക്കുകൾ ഇരു പക്ഷവും പൊതുജനമധ്യത്തിൽ നിഷേധിച്ചിട്ടുണ്ട് എങ്കിലും. 

കലാപങ്ങളുടെ തുടക്കത്തിൽ, സിറിയയുടെ വടക്കൻ പ്രവിശ്യകളിൽ റോജാവാ എന്ന പേരിൽ ഒരു സമാധാനം നിറഞ്ഞ ഒരു ഇടനാഴി നിലനിർത്തുന്നതിൽ YPG വിജയിച്ചിരുന്നു എന്ന് പറയാം. YPGയുടെ നിശ്ശബ്ദസഹായത്തോടെ, SDF-ആണ് സിറിയയിൽ നിന്ന്  ഐസിസിനെ തുരത്തുന്നതിന് വേണ്ട പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിയിട്ടുള്ളത്. ഐസിസ് തുരത്തപ്പെടുക എന്നുവെച്ചാൽ, കുർദുകൾക്ക് ശക്തിയേറുക എന്നാണർത്ഥം. അതുതന്നെയാണ് എർഡോഗനെ അലോസരപ്പെടുത്തുന്നതും. 

അമേരിക്കയുടെ എൻട്രി 

SDF-ന് ആധിപത്യമുള്ള പ്രദേശങ്ങളിൽ നിന്ന് അമേരിക്കൻ സൈന്യങ്ങളെ പിൻവലിക്കണം എന്ന ആവശ്യവുമായി എർഡോഗൻ ഏറെനാളായി അമേരിക്കക്ക് പിന്നാലെയാണ്. NATO'യിലെ അംഗങ്ങളായ തുർക്കിയും അമേരിക്കയും ഏറെ നാൾ സൈനിക സഹകരണത്തിലുമാണ്. അതുപോലെ തന്നെയാണ് കുർദുകളും അമേരിക്കയും തമ്മിലുള്ള അടുപ്പവും. ഐസിസിനോടുള്ള പോരാട്ടം ശക്തമായ കാലത്താണ് അമേരിക്ക SDFനോട് അടുക്കുന്നത്. അവർ ചേർന്ന് നടത്തിയ പോരാട്ടങ്ങൾ ഇസ്ലാമിക് സ്റ്റേറ്റിനെ ഒരു പരിധിവരെ പ്രദേശത്തുനിന്ന് തുരത്തുകയും ചെയ്തു. ഇത്രയും നാളും കൈക്കൊണ്ട നയങ്ങളിൽ നിന്ന് ഒരു പിന്മടക്കമാണ് ട്രംപ് എർഡോഗന്റെ അഭ്യർത്ഥന സ്വീകരിക്കുന്നതിലൂടെ ചെയ്തിരിക്കുന്നത്. " ഞങ്ങൾ സിറിയയിൽ നിന്ന് താത്കാലികമായി പിന്മാറുക തന്നെയാണ് .എന്നാൽ ഞങ്ങൾ കുർദുകളെ പാടെ ഉപേക്ഷിച്ചു എന്ന് അതിനർത്ഥമില്ല. ഞങ്ങളുടെ മനസ്സിൽ കുർദുകൾക്ക് ഏറെ വിശിഷ്ടമായ സ്ഥാനമുണ്ട്,  ധീരന്മാരായ പോരാളികളാണ് കുർദുകൾ.."  എന്നാണ് ഒരു ട്വീറ്റിലൂടെ ട്രംപ് വിശദീകരിച്ചത്. 

ഈ തമ്മിൽതല്ല് ഗുണം ചെയ്യുക ഐസിസിനോ..? 

എന്നുതന്നെ പറയേണ്ടി വരും. കാരണം, ഐസിസിനെ കായികവും സൈനികവുമായി സിറിയൻ മണ്ണിൽ നിന്ന് തുരത്തിയത് SDF ആണ്. ഇപ്പോൾ തുർക്കിയുടെ അക്രമണത്തോടെ ഈ മേഖലയിൽ ഉണ്ടായിരിക്കുന്ന ശാക്തിക അസന്തുലിതാവസ്ഥ ഐസിസ് വീണ്ടും പ്രദേശത്ത് ശക്തിയാർജ്ജിക്കുന്നതിന് വഴിവെക്കും. നിരവധി ഐസിസ് പോരാളികളെയും അവരുടെ കുടുംബങ്ങളെയും SDF തടങ്കലിൽ ആക്കിയിരുന്നു.


കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളിൽ ചുരുങ്ങിയത് 750 ഭീകരരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടാകും ഐൻ ഇസ്സയിൽ ഐസിസ് ഭീകരരെ പാർപ്പിച്ചിരുന്ന ക്യാമ്പിന് സമീപത്തായി ടർക്കിഷ് ഷെല്ലുകൾ തുടർച്ചയായി വന്നു വീണതോടെ, അവർ സംഘടിച്ച് സെക്യൂരിറ്റി ഗാർഡുകളെ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. ജനങ്ങൾക്കിടയിലുള്ള ഐസിസിന്റെ സ്ലീപ്പർ സെല്ലുകളും അവസരം മുതലെടുത്ത് പ്രത്യക്ഷത്തിൽ വന്നിട്ടുണ്ടെന്ന് കുർദ് നേതാക്കൾ പറയുന്നു. ഓപ്പറേഷൻ പീസ് സ്പ്രിങ്ങ് എന്നാണ് തുർക്കി കുർദുകൾക്കു നേരെ തുടങ്ങിയിരിക്കുന്ന ഈ ആക്രമണങ്ങളെ വിളിക്കുന്നത്.

തുർക്കിയുടെ സിറിയയുമായുള്ള അതിർത്തിയിൽ നിന്ന് ഇരുപതു മൈലോളം ദൂരം, അതായത് കുർദിഷ് ഷെല്ലുകളുടെ ആക്രമണപരിധിയോളം ദൂരം ഒഴിപ്പിച്ചെടുത്ത് ഒരു സമാധാനത്തിന്റെ ഇടനാഴി ഉണ്ടാക്കുക എന്നതാണ് ഈ ദൗത്യത്തിന് തുർക്കി പറയുന്ന കാരണം. പക്ഷേ, ഈ പറഞ്ഞ ഇരുപതു മൈൽ ദൂരം ജനസാന്ദ്രത ഏറിയ പ്രദേശമാണ് എന്നത്, നിരവധി പേർ അവരവരുടെ വീടുകൾ വിട്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുന്ന അവസ്ഥയാണ് അതിർത്തി പട്ടണമായ ഐൻ ഇസ്സയിൽ സംജാതമാക്കിയിട്ടുള്ളത്. രണ്ടു ലക്ഷത്തിലധികം പേര് ഇതിനോടകം തന്നെ പലായനം ചെയ്തുകഴിഞ്ഞു. സംഘർഷ ബാധിത പ്രദേശത്ത് സന്നദ്ധസേവനം നടത്തുന്ന കുർദിഷ് റെഡ് ക്രെസന്റ് എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം തുർക്കിയുടെ ഷെല്ലിങ് തുടങ്ങിയ ശേഷം ഇതുവരെ 14 കുർദിഷ് പൗരന്മാർ മരിക്കുകയും, 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തുർക്കിയുടെ ആക്രമണങ്ങൾ പാരീസ് ബോംബിങ്ങിന് ഉത്തരവാദിയായ ഐസിസ് ഭീകരനടക്കം പല കൊടിയ ഐസിസ് തീവ്രവാദികളുടെയും മോചനത്തിന് വരെ വഴിവെച്ചിട്ടുണ്ട്. അവർ പുറത്തെത്തുന്നതോടെ, ഉറപ്പായും ഐസിസ് കൂടുതൽ ശക്തിയാർജ്ജിക്കും എന്നുതന്നെ വേണം കരുതാൻ.  

click me!