'40 കിലോ ചോക്ലേറ്റ് എങ്കിലും കഴിച്ചു കാണും' അറ്റ്‍ലാന്റിക്കിന് കുറുകെ തനിച്ച് തുഴഞ്ഞെത്തിയ 21-കാരി പറയുന്നു

By Web TeamFirst Published Feb 22, 2021, 2:27 PM IST
Highlights

മൂവായിരം മൈല്‍ യാത്രകളില്‍ ഒരുപാട് ജീവികളെ അവള്‍ കണ്ടുമുട്ടി. തിമിംഗലം, മാലിന്‍, ഡോള്‍ഫിന്‍ എന്നിവയെല്ലാമുണ്ടായിരുന്നു. അവ ദിവസങ്ങളോളം അവളെ പിന്തുടര്‍ന്നു. 

അറ്റ്ലാന്‍റിക് സമുദ്രത്തിന് കുറുകെ ഒറ്റയ്ക്ക് സഞ്ചരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, അതാണ് ജാസ്മിന്‍ ഹാരിസണ്‍. ആ യാത്രയെ കുറിച്ച് ഓരുപാട് ഓര്‍മ്മകളുണ്ട് ജാസ്മിന്. രാത്രികളിലാണ് മിക്കവാറും കാര്യങ്ങളെല്ലാം കൈവിട്ടുപോയോ എന്ന് തോന്നുന്ന അവസരങ്ങളുണ്ടാകുന്നത്. ഒരു രാത്രിയില്‍ അവളുടെ ബോട്ട് 19.2 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വച്ച് ഒരു കൂറ്റന്‍ തിരമാലയില്‍ പെട്ട് തലകീഴായി മറിഞ്ഞു. അന്ന് അവളുടെ കൈമുട്ടിന് സാരമായി പരിക്കേറ്റു. 'ഉറക്കത്തിലാണ് മിക്കതും സംഭവിക്കുന്നത്. അതിനാല്‍ തന്നെ വേദനയും അതുപോലെ ഉണ്ടായിരുന്നു. മണിക്കൂറില്‍ 20 മൈല്‍ വേഗത്തില്‍ എന്നെ എടുത്ത് ചുമരിനടിക്കുകയായിരുന്നു ആ തിരമാല' എന്ന് ജാസ്മിന്‍ പറയുന്നു. 

എന്നാല്‍, ജാസ്മിന്‍ പിന്തിരിയാനൊന്നും ഒരുക്കമായിരുന്നില്ല. നോര്‍ത്ത് യോക് ഷെയറില്‍ നിന്നുള്ള 21 -കാരിയായ നീന്തല്‍ അധ്യാപികയാണ് അവൾ. 70 ദിവസത്തെ തന്‍റെയീ കടല്‍യാത്ര തന്‍റെ സ്വാതന്ത്ര്യബോധത്തെ കൂടുതലുണർത്തിയെന്നും ആ കടലിലെ സ്വാതന്ത്ര്യം താന്‍ ആസ്വദിച്ചുവെന്നും ജാസ്മിന്‍ പറയുന്നു. താലിസ്‌കർ വിസ്‌കി അറ്റ്ലാന്റിക് ചലഞ്ചിന്‍റെ ഭാഗമായിട്ടായിരുന്നു അവളുടെ യാത്ര. എന്നാല്‍, അത് സ്വന്തം നിബന്ധനകളനുസരിച്ചുമായിരുന്നു. ഒരു ടീമിന്റെ ഭാഗമെന്നതിലുപരി ആ യാത്ര ഒറ്റയ്ക്ക് ചെയ്യാൻ അവൾ തീരുമാനിക്കുകയായിരുന്നു. “എന്തായാലും എന്റെ ജീവിതകാലം മുഴുവൻ ഞാൻ തികച്ചും സ്വതന്ത്രയാണ്. അതുകൊണ്ട് തന്നെ എനിക്ക് ഇത് തനിച്ച് ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ ഞാൻ ഇത് ചെയ്യാൻ പോകുന്നുവെന്ന് തീരുമാനിച്ചു. സ്വയം എന്തെങ്കിലും ചെയ്യുന്നതിലൂടെ നമ്മുടെ ഉള്ളിലുണ്ടാകുന്ന മാറ്റം ഞാൻ ഇഷ്‌ടപ്പെടുന്നു. അതെന്നെ കൂടുതല്‍ സ്വതന്ത്രയാക്കുമെന്ന് ഞാന്‍ വിശ്വസിച്ചു” അവര്‍ പറഞ്ഞു.

ഇത്തരം യാത്രകളില്‍ ആളുകള്‍ സാധാരണയായി കൊണ്ടുപോകുന്നതോ കഴിക്കുന്നതോ ആയ സാധനങ്ങളായിരുന്നില്ല ജാസ്മിന്‍ കഴിച്ചത്. പകരം ചോക്ലേറ്റുകളും ബിസ്കറ്റുമാണ് അവള്‍ കരുതിയത്. 'എനിക്ക് തോന്നുന്നത് ഞാനൊരു 40 കിലോ ചേക്ലേറ്റ് എങ്കിലും കഴിച്ചു കാണുമെന്നാണ്.' ജാസ്മിന്‍ ചിരിച്ചുകൊണ്ട് പറയുന്നു. തനിക്കിഷ്ടമുള്ളതൊക്കെ താന്‍ ആ യാത്രയില്‍ ചെയ്തു. പുറത്ത് മഴ പെയ്യുമ്പോള്‍ ക്യാബിനില്‍ തന്നെ ഉറക്കമുണര്‍ന്ന് കിടന്നു. അന്ന് പിന്നെ തുഴഞ്ഞില്ല. 12 മണിക്കൂര്‍ നീണ്ട ഷിഫ്റ്റുകളായിട്ടായിരുന്നു തുഴയല്‍. അതില്‍ ഭക്ഷണം കഴിക്കാനും ഒന്ന് ശരീരമയച്ചിടാനും, ബോട്ട് വൃത്തിയാക്കാനുമെല്ലാം ഉള്ള കുഞ്ഞുകുഞ്ഞ് ഇടവേളകളുണ്ടായിരുന്നു. സൂര്യാസ്തമയത്തിന് മുമ്പ് ഇതൊക്കെ ചെയ്യുകയും ഒന്ന് വൃത്തിയായ ശേഷം ഉറക്കം വരുന്നതിന് മുമ്പ് കുറച്ച് ദൂരം കൂടി തുഴയുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ് മുന്നോട്ട് പോയത്. 

ഡിസംബറിൽ കാനറി ദ്വീപുകളിലെ ലാ ഗോമെറയിൽ നിന്ന് പുറപ്പെട്ട അവർ 70 ദിവസം, മൂന്ന് മണിക്കൂർ, 48 മിനിറ്റിനുശേഷം കരീബിയനിലെ ആന്‍റിഗ്വയിൽ എത്തി. ജീവിതത്തിന്‍റെയും കൊവിഡിന്റെയും പിരിമുറുക്കങ്ങളിൽ നിന്ന് ഇങ്ങനെ അകലെയുള്ള സമയം താൻ ആസ്വദിച്ചു. എന്നാല്‍ അധികമൊന്നും ഒറ്റപ്പെടൽ അനുഭവപ്പെട്ടില്ല. പകരം വളരെ അകലെയുള്ള വീട്ടിലേക്ക് വിളിക്കുവാനും  സംസാരിക്കുവാനും അവൾ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു. സാധാരണയുള്ളതിനേക്കാൾ കൂടുതൽ ആളുകളുമായി സംസാരിച്ച സമയമാണ് ജാസ്മിന് ഈ കടല്‍യാത്രക്കാലം. 

മൂവായിരം മൈല്‍ യാത്രകളില്‍ ഒരുപാട് ജീവികളെ അവള്‍ കണ്ടുമുട്ടി. തിമിംഗലം, മാലിന്‍, ഡോള്‍ഫിന്‍ എന്നിവയെല്ലാമുണ്ടായിരുന്നു. അവ ദിവസങ്ങളോളം അവളെ പിന്തുടര്‍ന്നു. ഓരോ രാവിലെയും ചില കുഞ്ഞുമീനുകൾ അവളുടെ കൈവെള്ളയിലെത്തി. 'ഞാനവയുടെ ലോകത്തിലും അവയുടെ പരിസ്ഥിതിയിലുമാണ്. അതുകൊണ്ട് അവയോട് സൌഹാര്‍ദ്ദപരമായി വേണം ഞാനിടപെടാന്‍. അത് എന്ത് രസമായിരുന്നെന്നോ. എനിക്കാണെങ്കില്‍ അവയെ ഒക്കെ ഭയങ്കര ഇഷ്ടവുമായിരുന്നു. ഞാന്‍ കണ്ട കാഴ്ച കാണാന്‍ ആളുകള്‍ക്ക് 10 വര്‍ഷത്തിനുള്ളില്‍ കാണാൻ കഴിയണമെന്ന് ആഗ്രഹമുണ്ട്. അവിശ്വസനീയമാണ് ആ കാഴ്ചകള്‍' അവള്‍ പറയുന്നു.

ബ്ലൂ മറൈന്‍ എന്ന സംഘടനയാണ് ജാസ്മിന്‍റെ യാത്രയെ സാമ്പത്തികമായി സഹായിച്ചത്. അമിതമായ മത്സ്യബന്ധനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങളില്‍ പെട്ടവരെ സഹായിക്കുന്ന ഷെല്‍ട്ടര്‍ബോക്സ് എന്ന സംഘടനയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് ബ്ലൂ മറൈന്‍. 

തന്‍റെ യാത്ര ഇനിയും ഒരുപാട് പേര്‍ക്ക് ഇത്തരം യാത്രകള്‍ നടത്താനും സ്വന്തം കഴിവുകളും ശക്തിയും തിരിച്ചറിയാനുമുള്ള അവസരവുമാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്ന് ജാസ്മിന്‍ ദി ഗാര്‍ഡിയനോട് പറഞ്ഞു. കൊവിഡ് ലോകത്തേക്ക് ആകെ അടച്ചിടുമ്പോള്‍ അതിനുമപ്പുറം ഒരു ലോകമുണ്ടെന്ന പ്രതീക്ഷ കൂടിയാണിതെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. 'നമ്മുടെ മാതാപിതാക്കള്‍ എന്താണ് ചെയ്തത് അത് തന്നെ നിങ്ങളും ചെയ്യണമെന്നില്ല. ഓരോ മനുഷ്യരും വ്യത്യസ്തരാണ്. അത് മനസിലാക്കി നമ്മുടെ പാത കണ്ടെത്തണം' എന്നും ജാസ്മിന്‍ പറയുന്നു. 

click me!