എവിടെയാണ് കാലാപാനി, ഇന്ത്യയും നേപ്പാളും ഒരുപോലെ അവകാശവാദമുന്നയിക്കുന്ന ആ വിവാദഭൂമി

By Web TeamFirst Published Nov 29, 2019, 1:42 PM IST
Highlights

കാലാപാനിയുടെ കാര്യത്തിൽ ഇന്ത്യക്ക് നേപ്പാളിനേക്കാൾ ആശങ്ക ടിബറ്റിന്മേൽ നിയന്ത്രണം കൈവശം വെച്ചിരിക്കുന്ന ചൈനയെ ഓർത്താണ്.  

കാലാപാനി - അക്ഷാംശം 30.214°, രേഖാംശം  80.984°.  ഉത്തരാഖണ്ഡിലെ പിതോറാഗഢ് ജില്ലയുടെ ഭാഗമെന്ന്  ഇന്ത്യയും, അല്ല, സുദുർപശ്ചിമിലെ ദാർച്ചുല ജില്ലയുടെ ഭാഗമെന്ന് നേപ്പാളും ഒരുപോലെ അവകാശപ്പെടുന്ന ഒരു വിവാദഭൂമി. ഇത് യഥാർത്ഥത്തിൽ മൂന്നു രാജ്യങ്ങളുടെ സംഗമഭൂമിയാണ്. ഇന്ത്യക്കും നേപ്പാളിനും പുറമെ തിബത്തിനും ഇവിടെ അതിർത്തിയുണ്ട്. 1962  മുതൽ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റെ(ITBP) നിയന്ത്രണത്തിലാണ് ഈ അതിർത്തിപ്രദേശം. 


 

മഹാകാളീ നദിയുടെ പോഷകനദികളിൽ ഒന്നായ കാലാപാനി നദി കടന്നുപോകുന്നത് ഈ വഴിക്കാണ്. സമുദ്രനിരപ്പിൽ നിന്ന് നാലായിരത്തിലധികം മീറ്റർ ഉയരത്തിൽഹിമാലയപർവത നിലകളിലാണ് കാലാപാനി. കാലാപാനി താഴ്‌വരയിൽ നിന്ന്, ലിപുലേഖ് ചുരം കടന്നു കയറിച്ചെന്നാൽ കൈലാസ് മാനസ് സരോവറിലെത്തും. 

കേവലം 35 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ അതിസുന്ദരവും പ്രകൃതിരമണീയവുമായ  വാഗ്‌ദത്ത ഭൂമിക്കുവേണ്ടിയാണ് കാലങ്ങളായി ഇന്ത്യയും നേപ്പാളും തമ്മിൽ തർക്കം നടന്നുകൊണ്ടിരിക്കുകയാണ്. 


എന്താണ് വിവാദത്തിന്റെ അടിസ്ഥാനം ?

വിവാദം നടക്കുന്നത് മഹാകാളീ നദിയുടെ ഉത്ഭവകേന്ദ്രത്തെച്ചൊല്ലിയാണ്. 1816-ൽ ബ്രിട്ടീഷ് ഇന്ത്യയും നേപ്പാളും തമ്മിൽ ഒപ്പുവെച്ച സെഗൗളി ഉടമ്പടി പ്രകാരം, നേപ്പാളിന്റെ പടിഞ്ഞാറൻ അതിർത്തിയാണ് മഹാകാളീ നദി. പലതായി പിരിഞ്ഞൊഴുകുന്ന മഹാകാളീ നദിയുടെ കൈവഴികളൊക്കെയും സംഗമിക്കുന്നത് കാലാപാനിയിലാണ്. കൈവഴികളുടെ സംഗമസ്ഥാനത്തിന് അപ്പുറമാണ് നേപ്പാളെന്ന് ഇന്ത്യ വാദിക്കുമ്പോൾ, അതല്ല, ആ കൈവഴികൾ തുടങ്ങുന്ന ലിപുലേഖ് ചുരത്തിലാണ് അതെന്ന് നേപ്പാളും പറയുന്നു. ലിപുഗഡിന് കിഴക്കുള്ളതെല്ലാം തങ്ങളുടേതാണെന്നാണ് നേപ്പാളിന്റെ അവകാശവാദം.  ചുരുക്കത്തിൽ ഉടമ്പടിയിൽ പറയുന്ന മഹാകാളി എവിടെ എന്നതാണ് ഇപ്പോൾ വിവാദത്തിന് ആസ്പദമായ വിഷയം.  

ഇന്ത്യ തങ്ങളുടെ വാദങ്ങൾക്ക് പിൻബലമായി ഇന്ത്യൻ ഗവണ്മെന്റ് 1830 മുതൽക്കുള്ള  കരമടച്ച രസീതുകൾ ഹാജരാക്കുന്നുണ്ട്. ആ രേഖകൾ പ്രകാരം കാലാപാനി പിതോറാഗഡിന്റെ ഭാഗമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നടത്തപ്പെട്ട സർവേകളുടെ റെക്കോർഡുകളും ഇന്ത്യയുടെ വാദത്തെ പിന്തുണക്കുന്നതാണ്. 1879-ൽ നിർമ്മിക്കപ്പെട്ട ഒരു ഭൂപടവും സൂചിപ്പിക്കുന്നത് അതുതന്നെ. 

കാലാപാനിയുടെ കാര്യത്തിൽ ഇന്ത്യക്ക് നേപ്പാളിനേക്കാൾ ആശങ്ക ടിബറ്റിന്മേൽ നിയന്ത്രണം കൈവശം വെച്ചിരിക്കുന്ന ചൈനയെ ഓർത്താണ്.  ഈ പ്രദേശം വഴിക്കുള്ള  ചൈനീസ് അതിക്രമണത്തെ ഇന്ത്യ കരുതിയിരിക്കണം എന്ന അഭിപ്രായമാണ് വിദഗ്ധർ പ്രകടിപ്പിച്ചിട്ടുള്ളത്.  ഉത്തരാഖണ്ഡ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ വളരെയധികം നുഴഞ്ഞുകയറ്റ ഭീഷണി നിലനിൽക്കുന്ന ഒരു അതിർത്തി സംസ്ഥാനമാണ്. ഐടിബിപി എന്ന അതിർത്തി സംരക്ഷണ സേനയാണ് ഇപ്പോൾ ഈ സീമ കാത്തുകൊണ്ടിരിക്കുന്നത്. നേപ്പാളുമായി 80.5 കിലോമീറ്ററും, ചൈനയുമായി 344 കിലോമീറ്ററുമാണ് ഉത്തരാഖണ്ഡിന്റെ അതിർത്തി. 


1996-ലെ മഹാകാളി ഉടമ്പടിയ്ക്ക് ശേഷമാണ് വിവാദങ്ങൾക്ക് തിരികൊളുത്തപ്പെടുന്നത്. എന്തായാലും 1981-ൽ ഇരു രാജ്യങ്ങളും ചേർന്ന് രൂപം കൊടുത്ത ജോയിന്റ് ടെക്നിക്കൽ ബൗണ്ടറി കമ്മിറ്റി ഇതുവരെ ഒരു അന്തിമതീരുമാനത്തിൽ എത്തിയിട്ടില്ല. 

click me!