കാലിയായ പ്ലക്കാർഡും പിടിച്ച് തെരുവിൽ ഒന്നും മിണ്ടാതെ നിന്നാലും പോലീസ് അറസ്റ്റുചെയ്യുന്ന ഒരു രാജ്യം..

By Web TeamFirst Published May 10, 2019, 11:53 AM IST
Highlights

എന്നാൽ, പൊലീസ് ആസ്ഥാനത്ത് എത്തിയ അസ്‌ലൻ കണ്ടത് തന്റെമേൽ എന്തുവകുപ്പുകൾ ചുമത്തണം  എന്നതിന്റെ പേരിൽ പരസ്പരം കലഹിക്കുന്ന പൊലീസ് അധികാരികളെയാണ്. 

കസാഖിസ്ഥാനിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നു എന്ന് പലവട്ടം പരാതി പറഞ്ഞിട്ടും അന്താരാഷ്ട്ര തലത്തിൽ ആരും അതങ്ങ് വിശ്വസിച്ച മട്ടില്ല. സുഹൃത്തുക്കളോട് പരാതി പറഞ്ഞു മടുത്ത് ഒടുവിൽ നൂർ അസ്‌ലൻ സഗുട്ടിനോവ് എന്ന കസാഖി യുവാവ് ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. അതിന്റെ ഫലം നേരിൽ കണ്ടതോടെ അതുവരെ വിശ്വസിക്കാതിരുന്നവരെല്ലാം തന്നെ അത്രനാളും അസ്‌ലൻ പറഞ്ഞതെല്ലാം വിശ്വസിച്ചു. 

പരീക്ഷണം എന്താണെന്നോ..?  കസാഖിസ്ഥാനിൽ വല്ലാത്ത ഒരു രാഷ്ട്രീയാവസ്ഥയായിരുന്നു. ഭരണകൂടത്തിനെതിരെ നിങ്ങൾ വാ തുറന്ന് ഒരക്ഷരം മിണ്ടിയാൽ നിങ്ങളെ രാജ്യദ്രോഹവും മതനിന്ദയും മറ്റും ചാർത്തി അകത്താക്കും. ഈ രാജ്യദ്രോഹം, മതനിന്ദ എന്നൊക്കെ പറയുന്നത് വളരെ വിശാലമായ വ്യാഖ്യാനങ്ങൾക്ക് സ്കോപ്പുള്ള വകുപ്പുകളാണ്. അതുകൊണ്ടുതന്നെ വാതുറന്നുകൊണ്ട് പ്രതിഷേധിച്ചാൽ നിങ്ങളുടെ ഭാഗത്തല്ല തെറ്റെന്ന് തെളിയിക്കുക പ്രയാസമാകും. അസ്‌ലൻ ചെയ്തത് ഇത്രമാത്രം. കയ്യിൽ ഒരു കാലിയായ വെള്ള പ്ലക്കാർഡും ഉയർത്തിപ്പിടിച്ച് നഗരത്തിന്റെ ഒരു കോണിൽ നിശ്ശബ്ദനായി ചെന്ന് നിൽക്കുക. വാതുറന്ന് ഒരക്ഷരം മിണ്ടാൻ തുനിഞ്ഞില്ല അസ്‌ലൻ. 

കാത്തിരിക്കേണ്ടിവന്നത് ഏതാനും നിമിഷങ്ങൾ മാത്രം..! അസ്‌ലൻ ആ നിൽപ്പുതുടങ്ങി നിമിഷങ്ങൾക്കകം നഗരത്തിലെ ക്രമസമാധാന നില തകർന്നു. അണികൾ പാർട്ടി കേന്ദ്രങ്ങളെ വിവരമറിയിച്ചു. അവർ തലസ്ഥാനത്തേക്ക് ട്രങ്ക് കോളുകൾ വിളിച്ചു. മന്ത്രിമന്ദിരങ്ങൾ കലുഷിതമായി. മന്ത്രിമാർ പൊലീസ് മേധാവികളെ വിളിച്ച് ശാസിച്ചു. അവർ തങ്ങളുടെ കീഴുദ്യോഗസ്ഥരെയും. താമസിയാതെ ക്രമാസമാധാനപാലനനിരതരായി അവർ സൈറണുകൾ മുഴക്കിക്കൊണ്ട് ജീപ്പുകളിൽ പാഞ്ഞുവന്നു.  'ഒരക്ഷരം മിണ്ടാതെ. ശുദ്ധശൂന്യമായ പ്ലക്കാർഡും പിടിച്ചുകൊണ്ട്' നഗരമധ്യത്തിൽ നിലയുറപ്പിച്ചു എന്ന ഗുരുതരമായ കുറ്റത്തിന് അസ്‌ലൻ അറസ്റ്റിലായി. 

എന്നാൽ, പൊലീസ് ആസ്ഥാനത്ത് എത്തിയ അസ്‌ലൻ കണ്ടത് തന്റെമേൽ എന്തുവകുപ്പുകൾ ചുമത്തണം  എന്നതിന്റെ പേരിൽ പരസ്പരം കലഹിക്കുന്ന പൊലീസ് അധികാരികളെയാണ്. അതൊരു ദുഷ്കരമായ തീരുമാനമായിരുന്നു. കാരണം, കസാഖിസ്ഥാനിൽ സങ്കുചിതമായ നിയമാവലി പിൻപറ്റിയാൽ പോലും അസ്‌ലൻ കുറ്റമൊന്നും തന്നെ ചെയ്തിരുന്നില്ല. എന്തായാലും പിടിച്ചുകൊണ്ടുവന്ന സ്ഥിതിയ്ക്ക് അവർ അസ്‌ലനെ വിശദമായി ചോദ്യം ചെയ്തു. ഭീകരസംഘടനകളുടെ അസ്‌ലന് ഉണ്ടാകാനിടയുള്ള രഹസ്യബന്ധങ്ങളെപ്പറ്റി തിരിച്ചും മറിച്ചും ചോദിച്ചു. മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയം കാണില്ലല്ലോ.. അസ്‌ലന്റെ വായിൽ നിന്ന് പുറപ്പെട്ട സത്യങ്ങൾക്കുമുന്നിൽ അവർക്ക് കള്ളക്കേസുകൾ ചുമത്താൻ വകുപ്പില്ലെന്നുകണ്ട് അവർ ഒടുവിൽ അവനെ വിട്ടയച്ചു. 

കസാഖിസ്ഥാനിലെ ആക്ടിവിസ്റ്റുകൾക്ക് നാട്ടിൽ നിലവിലുള്ള നിയമം വെച്ച് ഒരു പ്രകടനം നയിക്കുക ഏറെ ദുഷ്കരമാണ്. പ്രകടനത്തിനിടെ ഒരു ഇലയമർന്നുപോയാൽ, ഒരു ചുള്ളിക്കമ്പൊടിഞ്ഞു പോയാൽ ജാഥയിൽ പങ്കെടുത്തവരെ വേണമെങ്കിൽ ജീവപര്യന്തം തടവിലിടാവുന്ന തരത്തിലുള്ള  നിയമങ്ങളാണ് രാജ്യത്ത് ഇപ്പോൾ നിലവിലുള്ളത്. സമാധാനപൂർണ്ണമായി പ്രകടനം നടത്താൻ കസാഖിസ്ഥാനിൽ സ്വാതന്ത്ര്യമുണ്ട് എന്നാണ് വെപ്പ്. എന്നാൽ ആ 'സമാധാനപൂർണം' എന്ന വാക്കിന്റെ ഗവണ്മെന്റ് വ്യാഖ്യാനം പലപ്പോഴും വിചിത്രമായിരിക്കും എന്നുമാത്രം. അസ്‌ലനെതിരെ നടപടികൾ അവസാനിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സ്വന്തം രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യമില്ലായ്കയെപ്പറ്റി സാമൂഹ്യമാധ്യമങ്ങളിൽ വാസ്തവരഹിതവും അതിശയോക്തിപരവുമായ കാര്യങ്ങൾ എഴുതിവെച്ച്  അന്തർദേശീയ തലത്തിൽ രാജ്യത്തെ കരിവാരിത്തേച്ചു എന്ന കുറ്റത്തിന് ഇനിയും അസ്‌ലൻ ചിലപ്പോൾ പ്രോസിക്യൂട്ട് ചെയ്യപ്പെട്ടേക്കാം. 

എന്തായാലും, അസ്‌ലന്റെ ഈ പുതുമയുള്ള പ്രതിഷേധവും, അത് ശരിയെന്ന് തെളിയിച്ച ഉടനടിയുള്ള അദ്ദേഹത്തിന്റെ അറസ്റ്റും ഒക്കെ ചേർന്ന് കസാഖിസ്ഥാനിൽ, 'ദി ബ്ലാങ്ക് പ്ലക്കാർഡ് മൂവ്മെന്റ് 'എന്ന പേരിൽ ഒരു സോഷ്യൽ മീഡിയാ ക്യാമ്പെയിൻ തന്നെ ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. കസാഖിസ്ഥാനിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലുമുള്ള യുവാക്കൾ  ഇല്ലാത്ത പ്ലക്കാർഡുകളും പിടിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങൾ ട്വിറ്ററിലും, ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും മറ്റും പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്.  
 

click me!