കോന്നിയില്‍ കളഞ്ഞുകുളിച്ചു, വട്ടിയൂര്‍ക്കാവില്‍ ഉറക്കംതൂങ്ങി; യുഡിഎഫിന് കാലിടറിയത് ഇങ്ങനെ

By Nizam SyedFirst Published Oct 24, 2019, 4:05 PM IST
Highlights

പതിനെട്ട് മാസങ്ങള്‍ക്കുശേഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്‍റെ ഡ്രസ് റിഹേഴ്‍സലായാണ് ഈ ഉപതെരഞ്ഞെടുപ്പുകളെ രാഷ്ട്രീയപാര്‍ട്ടികളും നിരീക്ഷകരും വീക്ഷിച്ചത്.

അഞ്ചുനിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളുടെ ഫലം വ്യക്തമാകുമ്പോള്‍ എല്‍ഡിഎഫിന് അഭിമാനാര്‍ഹമായ നേട്ടത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. യുഡിഎഫിന്‍റെ രണ്ടു സിറ്റിംഗ് സീറ്റുകള്‍ വലിയ മാര്‍ജിനില്‍ പിടിച്ചെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയസാഹചര്യമുണ്ടായിരുന്ന 2016 -ല്‍ പോലും നഷ്‍ടമായ രണ്ടു മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് കഴിഞ്ഞ മൂന്നരവര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമായി സ്വാഭാവികമായും ഇടതുപക്ഷമുന്നണിയും മുഖ്യമന്ത്രിയും അവകാശപ്പെടും. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ ദുരന്തപൂര്‍ണമായ പരാജയം ഒരു അപഭ്രംശമായിരുന്നുവെന്നും വ്യാഖ്യാനിക്കാന്‍ അവര്‍ തയ്യാറാവും. പക്ഷേ, കഴിഞ്ഞതവണ മുപ്പത്തിയെണ്ണായിരം വോട്ടിനു ജയിച്ച അരൂരിലുണ്ടായ പരാജയം പൂര്‍ണമായ ഒരു രാഷ്ട്രീയവിജയമായി ഈ ഫലത്തെ വ്യഖ്യാനിക്കാന്‍ എല്‍ഡിഎഫിന് കഴിയാതാക്കും. രണ്ടു സിറ്റിംഗ് സീറ്റുകളുടെ നഷ്‍ടത്തെ അരൂരിലെ വിജയംകൊണ്ടു പ്രതിരോധിക്കാനാവും യുഡിഎഫിന്‍റെ ശ്രമം. 

പതിനെട്ട് മാസങ്ങള്‍ക്കുശേഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്‍റെ ഡ്രസ് റിഹേഴ്‍സലായാണ് ഈ ഉപതെരഞ്ഞെടുപ്പുകളെ രാഷ്ട്രീയപാര്‍ട്ടികളും നിരീക്ഷകരും വീക്ഷിച്ചത്. പ്രചരണഘട്ടത്തില്‍തന്നെ മഞ്ചേശ്വരവും എറണാകുളവും യുഡിഎഫ് നിലനിര്‍ത്തുമെന്ന് ഏതാണ്ടുറപ്പായിരുന്നു. മറ്റു മൂന്നൂ മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമായിരുന്നു. സിറ്റിംഗ് സീറ്റുകള്‍ കൈമാറ്റം ചെയ്യപ്പെട്ടതോടെ കൃത്യമായ ഒരു രാഷ്ട്രീയസന്ദേശം ഈ ഫലങ്ങളില്‍നിന്നും വായിച്ചെടുക്കുക ബുദ്ധിമുട്ടായിരിക്കും. 

തെരഞ്ഞെടുപ്പിനുശേഷം മത്സരഫലത്തെ ഏറ്റവുമധികം ബാധിക്കുക പോളിംഗ് ദിവസം നടന്ന മഴയായിരിക്കുമെന്ന ധാരണ ഉണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്ലാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞിരുന്നു. പക്ഷേ, ഒരു മണ്ഡലത്തിലും അന്തിമഫലത്തെ പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവ് ബാധിച്ചതായി കാണുന്നില്ല. 

രാഷ്ട്രീയത്തിനപ്പുറം സ്ഥാനാര്‍ത്ഥികളുടെ വൃക്തിപ്രഭാവമാണ് അന്തിമഫലത്തെ നിര്‍ണയിച്ചതെന്നു ബോധ്യമാവും. മികച്ച സ്ഥാനാര്‍ത്ഥിയും ചിട്ടയായ പ്രവര്‍ത്തനവുമുണ്ടെങ്കില്‍ ഏതു മുന്നണിക്കും ജയിച്ചുവരാന്‍ കഴിയുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നാണ് ഈ ഉപതെരഞ്ഞെടുപ്പുകള്‍ വ്യക്തമാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെപ്പോലെ ഇരുമുന്നണിക്കും അനുകൂലമായ തരംഗം ഇന്ന് നിലവിലില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ അപ്രസക്തരായിരുന്നു. രാഹുലും ശബരിമലയുമാണ് അന്ന് ഫലം നിര്‍ണയിച്ചത്. പക്ഷേ, ഇത്തവണ സ്ഥാനാര്‍ത്ഥികളുടെ പ്രകടനം നിര്‍ണായകമായിരുന്നു. അതുപോലെതന്നെ സമുദായ സംഘടനകളുടെ ഊതിപ്പെരുപ്പിച്ച സ്വാധീനവും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും എന്‍എസ്എസ്സിന്‍റെ തുറന്ന പിന്തുണ യുഡിഎഫിനെ വിജയത്തിലെത്തിച്ചില്ലെങ്കില്‍ വെള്ളാപ്പള്ളി നടേശന്‍റെ ശാക്തികമേഖലയിലുള്ള അരൂരില്‍ എസ്എന്‍ഡിപിയുടെ ഉറച്ച പിന്തുണ എല്‍ഡിഎഫിന് തുണയായില്ല. 

സ്ഥാനാര്‍ത്ഥിയുടെ മികവ് ഏറ്റവുമധികം ദൃശ്യമായത് വട്ടിയൂര്‍ക്കാവിലാണ്. സാമൂഹ്യമാധ്യമങ്ങളുടെ ശക്തമായ സഹായത്തോടെ മികച്ച പ്രതിച്ഛായ സൃഷ്ടിച്ച വി കെ പ്രശാന്തിന് വട്ടിയൂര്‍ക്കാവില്‍ തനിക്കെതിരായ എല്ലാ സാമുദായിക സമവാക്യങ്ങളെയും അതിജീവിച്ച് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ കഴിഞ്ഞു. കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മികവിനേക്കാള്‍ ശരിയായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ യുഡിഎഫിന് കഴിയാതിരുന്നതാണ് എല്‍ഡിഎഫിനെ സഹായിച്ചത്. അരൂരില്‍ മറ്റ് ഘടകങ്ങളോടൊപ്പം ഷാനിമോള്‍ക്ക് അനുകൂലമായുണ്ടായ സഹതാപതരംഗവും അട്ടിമറിവിജയത്തിന് കാരണമായി. 

ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായത് ഇടതുമുന്നണിയുടെ ഉപതെരഞ്ഞെടുപ്പ് മെഷീനറിയുടെ പ്രവര്‍ത്തനമായിരുന്നു. കേരളചരിത്രത്തില്‍ ഇടതുപക്ഷമുന്നണി അധികാരത്തിലിരിക്കുമ്പോള്‍ 2009 വരെ ഒരിക്കലും അവര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടിട്ടില്ല. മന്ത്രിമാരും എംഎല്‍എമാരും സംസ്ഥാന നേതാക്കളുമടങ്ങുന്ന വന്‍സംഘം ശക്തമായ പാര്‍ട്ടിസംവിധാനത്തിന്‍റെ പിന്തുണയോടെ വാര്‍ഡുതോറും കേന്ദ്രീകരിച്ചു വീടുകയറി നടത്തുന്ന പ്രവര്‍ത്തനമാണ് ഈ മെഷീനറിയുടെ പ്രത്യേകത. ഭരണത്തിന്‍റെ സൗകര്യമുപയോഗിച്ച് സ്വാധീനവും സമ്പത്തും അകമ്പടിയായുണ്ടാവും. വ്യത്യസ്‍ത വിഭാഗങ്ങളുടെയും വ്യക്തികളുടെയും ആവലാതികള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാക്കും. ഈ മെഷീനറിയുടെ വലിയ വിജയമാണ് ഈ ഗവണ്‍മെന്‍റ് വന്നതിനുശേഷം ചെങ്ങന്നൂരിലും പാലായിലുമുണ്ടായത്. എല്ലാ മണ്ഡലങ്ങളിലും മുന്നൊരുക്കങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. വട്ടിയൂര്‍ക്കാവില്‍ പ്രളയകാലം മുതല്‍ പ്രശാന്തിന്‍റെ പ്രഭാവം ഉയര്‍ത്തിക്കൊണ്ടുവന്നു. എല്ലായിടത്തും താരതമ്യേന യുവാക്കളെ സ്ഥാനാര്‍ത്ഥികളാക്കി. പക്ഷേ,അഞ്ചുമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരു മണ്ഡലത്തില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പോലെ ഈ സംവിധാനം കാര്യക്ഷമമല്ലാ എന്നതാണ് അരൂര്‍ തെളിയിക്കുന്നത്. മാത്രവുമല്ല അവിടെ ഏതാണ്ട് ജി സുധാകരന്‍റെ വണ്‍മാന്‍ ഷോ ആയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പ്രചരണരംഗത്തെല്ലാം സുധാകരന്‍റെ അപ്രമാദിത്വം വ്യക്തമായിരുന്നു. അരൂരിലെ ഫലത്തിന്‍റെ ആഘാതം ഏറ്റവുമധികം ഏല്‍ക്കുന്നതും സുധാകരനാണ്. കൂടുതല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രത്യേകിച്ച് ഭരണത്തിന്‍റെ സാധ്യത കൂടിയുള്ളപ്പോള്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് മെഷീനറി ഇത്രമാത്രം ഫലവത്താവുകയില്ല എന്ന സന്ദേശം ഈ തെരഞ്ഞെടുപ്പ് എന്‍ഡിഎഫിന് നല്‍കുന്നുണ്ട്. 

മുന്നൊരുക്കങ്ങള്‍ നടത്തുന്നതിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിലും യുഡിഎഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായ വീഴ്‍ചകളാണ് രണ്ടു മണ്ഡലങ്ങളില്‍ വിജയത്തിന്‍റെ വായില്‍നിന്നും പരാജയം പിടിച്ചുവാങ്ങുന്ന സാഹചര്യമുണ്ടാക്കിയത്. വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്‍റെ പ്രഭാവത്തെ നേരിടാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയല്ല മോഹന്‍ കുമാര്‍ എന്ന് വ്യക്തമായിരുന്നു. അവസാനമായി അദ്ദേഹം ഒരു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് 2006 -ലാണ്. അവസാനമായി വിജയിച്ചത് 2001 -ലും. പുതിയ തലമുറയെ ആകര്‍ഷിക്കുന്ന ഒന്നും അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലില്ലായിരുന്നു. പ്രശാന്തിന്‍റെ പ്രഭാവത്തെ ഇല്ലാതാക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ അവിടെ കണ്ടെത്താന്‍ കഴിയാതിരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വീഴ്‍ചയാണ്. അതുപോലെ തന്നെ കോന്നിയില്‍ സാമാന്യരാഷ്ട്രീയ ബുദ്ധിയനുസരിച്ച് ചെയ്യാമായിരുന്നത് അടൂര്‍ പ്രകാശ് നിര്‍ദ്ദേശിക്കുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിക്കുന്നതിനുള്ള ചുമതല അദ്ദേഹത്തിന് നല്‍കുകയെന്നതായിരുന്നു. എല്‍ഡിഎഫ് മെഷീനറിയെ കോന്നിയില്‍ ഫലപ്രദമായി നേരിടാന്‍ അടൂര്‍ പ്രകാശിനു മാത്രമേ കഴിയുകയുള്ളൂ എന്ന് ഏതു സാധാരണ രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും ബോധ്യമായിരുന്നു. അതിനുപകരം പത്തനംതിട്ടയിലെ പക്വതയില്ലാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വാക്കുകള്‍ സ്വീകരിച്ച് പ്രകാശിന്‍റെ താല്‍പര്യത്തിന് വിരുദ്ധമായി ഒരു സ്ഥാനാര്‍ത്ഥിയെ അവിടെ പ്രഖ്യാപിച്ചു. അടൂര്‍ പ്രകാശിനെ അപമാനിച്ചു എന്ന പ്രതീതിയാണ് അവിടെ ഉണ്ടായത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കുറേക്കൂടെ ഭാവനാപൂര്‍ണമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന തോല്‍വിയായിരുന്നു കോന്നിയിലേത്. 

വിജയിച്ച അരൂര്‍ പോലും സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതില്‍ കുറ്റകരമായ കാലവിളംബമുണ്ടായി. ഏറ്റവും സാധ്യതയുള്ള സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ആണ് എന്ന് ഉറപ്പുണ്ടായിട്ടും അനാവശ്യമായ ഒട്ടേറെ ചര്‍ച്ചകള്‍ നടത്തി പ്രഖ്യാപനം വലിച്ചുനീട്ടി. വിലപിടിച്ച പ്രചരണസമയമാണ് അതുമൂലം നഷ്‍ടമായത്. 

പ്രതീക്ഷിച്ചിരുന്ന രീതിയില്‍ ഈ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ല. അഞ്ച് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ ഉച്ചസ്ഥായിയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ട സമയത്ത് മാധ്യമങ്ങള്‍ കൂടത്തായിയിലെ കൊലപാതകങ്ങള്‍ക്ക് പിന്നാലെയായിരുന്നു. ക്രൈം വാര്‍ത്തകള്‍ക്ക് രാഷ്ട്രീയത്തേക്കാള്‍ ഡിമാന്‍ഡുള്ളതുകൊണ്ട് മാധ്യമങ്ങള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതുകൊണ്ട് തന്നെ സജീവമായ ചര്‍ച്ചാവിഷയമാകും എന്ന് നാം പ്രതീക്ഷിച്ച ഒന്നും പ്രചാരണരംഗത്ത് ശ്രദ്ധ നേടിയില്ല. 

ഈ തെരഞ്ഞെടുപ്പില്‍ നിന്നും ഉറപ്പിച്ചുപറയാന്‍ പറ്റുന്ന ഒരു പ്രവണത കേരളത്തിലെ ബിജെപി -യുടെ തളര്‍ച്ചയാണ്. കേന്ദ്രത്തില്‍ മോദി വീണ്ടും അധികാരത്തിലെത്തിയിട്ടും അതിന്‍റെ യാതൊരു പ്രയോജനവും കേരളത്തില്‍ ലഭ്യമായില്ല. എല്ലാ മണ്ഡലങ്ങളിലും ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അവര്‍ക്ക് ഗണ്യമായ വോട്ട് നഷ്ടമുണ്ടായി. എല്ലാ സുവര്‍ണാവസരവുമുണ്ടായിട്ടും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് സീറ്റുനേടാന്‍ കഴിയാതിരുന്നത് അവരെ പിന്തുണച്ച വിഭാഗങ്ങളില്‍ വലിയ വീണ്ടുവിചാരമുണ്ടാക്കിയിരിക്കുന്നു. 

വിജയം എന്ന കടമ്പ കടക്കാന്‍ കേരളത്തിലെ പ്രത്യേകസാഹചര്യത്തില്‍ ബിജെപി -ക്ക് കഴിയില്ലെന്ന ധാരണ പരമ്പരാഗതചേരികളിലേക്ക് മടങ്ങിപ്പോവാന്‍ ബിജെപി വോട്ടര്‍മാരെ പ്രേരിപ്പിക്കുന്നു. നായര്‍ വോട്ടുകള്‍ യുഡിഎഫിലേക്കും ഈഴവവോട്ടുകള്‍ എല്‍ഡിഎഫിലേക്കും മടങ്ങുന്ന പ്രവണതയുടെ ലക്ഷണങ്ങള്‍ ഈ തെരഞ്ഞെടുപ്പുകളില്‍ ദൃശ്യമായിരുന്നു. 

2021 -ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് വ്യക്തമായ എന്തെങ്കിലും സൂചനകള്‍ ഈ ഉപതെരഞ്ഞെടുപ്പുകള്‍ നല്‍കും എന്ന് പ്രതീക്ഷിച്ചവര്‍ക്ക് നിരാശയാണ് നല്‍കുന്നത്. ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് എന്ന ആത്മവിശ്വാസം വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും വിജയം എല്‍ഡിഎഫിന് നല്‍കുമെങ്കിലും ഉരുക്കുകോട്ടയായിരുന്ന അരൂരെ പരാജയം അവരെ തളര്‍ത്തും. ഏറ്റവും മോശമായ 2016 -ലെ രാഷ്ട്രീയ കാലാവസ്ഥയിലും നേടാന്‍ കഴിഞ്ഞ സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായത് യുഡിഎഫിനെയും നിരാശരാക്കും. അടിയന്തരപ്രാധാന്യമുള്ള രാഷ്ട്രീയവിഷയങ്ങള്‍ ഇല്ലാത്തപ്പോള്‍ പ്രഗല്‍ഭരായ സ്ഥാനാര്‍ത്ഥികളും ചിട്ടയായ പ്രവര്‍ത്തനവുമുണ്ടെങ്കില്‍ ഏതു മണ്ഡലത്തിലും ആര്‍ക്കും വിജയിക്കാം എന്ന സന്ദേശമാണ് ഇരുമുന്നണികള്‍ക്കും ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്. 2021 -ലേക്കുള്ള ഏറ്റവും വലിയ ചൂണ്ടുപലകയുമതാണ്. 

click me!