പേമാരി, പ്രളയം: ചോദ്യം ചോദിക്കണം, പഠിച്ച് ഉത്തരം കണ്ടെത്തണം, അതൊന്നും പിന്നീട് നമ്മൾ മറക്കില്ല...

By Web TeamFirst Published Aug 12, 2019, 7:05 PM IST
Highlights

കിഴക്കുനിന്നുള്ള ഒഴുക്കുവെള്ളവും നാട്ടിലെ പെയ്ത്തു വെള്ളവും എങ്ങനെയൊക്കെയാണ് നമ്മുടെ നാട്ടിലെ ജലവിതാനത്തിനെ സ്വാധീനിക്കുന്നത്? നാട്ടിലെ തണ്ണീർ തടങ്ങളും കുളങ്ങളുടെയും മൊത്തം സ്റ്റോറേജ് കപ്പാസിറ്റി എന്താണ്?
 

എന്റെ നാട്ടുകാരോടാണ്... നമ്മൾ ഓരോരുത്തർക്കും പറയാം ഇത്... അപ്പോൾ കേരളത്തിലെ പലപല നാട്ടുകാരോടാവും.

കുട്ടികൾ ചാലുകീറി കളിക്കുന്ന പോലെയുള്ള ലാളിത്യമേ കര ഭൂമിയിലെ വെള്ളത്തിന്റെ ഒഴുക്കിനുള്ളൂ. അതി സങ്കീർണമായ ചിന്താ പദ്ധതികളൊന്നുമില്ലാതെതന്നെ നമുക്ക് നമ്മുടെ നാടിന്റെ നീരൊഴുക്കും ജലശേഖരണ മേഖലകളും വെള്ളത്തിന്റെ കൈവഴികളും മനസ്സിലാക്കാം.

സത്യം പറഞ്ഞാൽ നമ്മുടെ കുഞ്ഞുഗ്രാമത്തിന്റെ ജലരേഖകൾ വരച്ചുണ്ടാക്കാൻ നമുക്കേ കഴിയൂ.

വേനലിൽ പത്ത് ചാക്ക് മണ്ണുകൊണ്ട് ആരും ശ്രദ്ധിക്കാതെ കിടക്കുന്ന ഒരു കുഞ്ഞു കൈത്തോട് അടച്ചിട്ടാൽ ഞങ്ങളുടെ പഞ്ചായത്തില് ഒന്നര സ്ക്വയർ കിലോമീറ്റർ കിണറുകളിൽ വേനൽ കാലത്ത് ഉപ്പ് വെള്ളം ഉണ്ടാവില്ല എന്ന് പത്തിരുപത് കൊല്ലം മുമ്പ് ഞങ്ങൾ പഠിച്ചെടുത്തത് അങ്ങനെയാണ്.

പഞ്ചായത്തിന്റെ വലിയൊരു മാപ്പ് സംഘടിപ്പിച്ചു. എന്നിട്ട് തൃശൂർ ഭാവന ഫോട്ടോ സ്റ്റാറ്റിൽ പോയി എ സീറോ സെസിൽ നാല് ഷീറ്റുകളിലായി ഡൈനിങ്ങ് ടേബിളിനോളം വലിപ്പത്തിൽ വലിയൊരു മാപ്പ് ഒട്ടിച്ചുണ്ടാക്കി. വേനലിൽ ഉപ്പു കയറുന്ന മേഖലകൾ സ്കെച്ച് പേന കൊണ്ട് അടയാളപ്പെടുത്തി. സാധ്യമായാത്ര കിണറുകളും കുളങ്ങളും വെള്ളത്തിന്റെ കൈവഴികളും വട്ടം വട്ടം വരച്ചു. വേനലിൽ കടൽവെള്ളം എത്തിച്ചേരാൻ ഒട്ടുമേ സാധ്യതയില്ലാത്ത ഒരു മേഖലയിൽ എല്ലാ കൊല്ലവും കിണറുകളിൽ ഉപ്പുവെള്ളം കയറുന്നതായി മനസ്സിലാക്കി.

അത് ചിലപ്പോൾ 'അതു'കൊണ്ടായിരിക്കും അല്ലെങ്കിൽ ഭൂമിയുടെ ഏതോ പ്രത്യേകതയായിരിക്കും എന്നൊക്കെ അലസചിന്തയുടെ കോൺസ്പിറസികളിൽ വിശ്രമിക്കാൻ ഞങ്ങൾ ഒരുക്കമല്ലായിരുന്നു. ഓരോ കാരണത്തിനും ഒരു കാര്യം വേണം ആ കാര്യം നിരീക്ഷിച്ച് പഠിച്ച് കണ്ടുപിടിക്കുക എന്നത് മാത്രമാണ് ഉത്തരങ്ങളിലേക്കുള്ള ശരിയായ വഴി. നടന്നും സൈക്കിളിലും ചുറ്റിത്തിരിഞ്ഞ് തിരഞ്ഞ് തിരഞ്ഞാണ് ആരും ശ്രദ്ധിക്കാതെ കിടക്കുന്ന കനാലിന്റെ കൈവഴിയായ ആ ഉപ്പ് തോട് കണ്ടെത്തിയത്.

ഞാൻ ഇപ്പോൾ പറയാനൊരുങ്ങുന്നത് പ്രളത്തെ കുറിച്ചാണ്...

എല്ലാവരുടെയും കയ്യിൽ ഇപ്പോൾ സ്മാർട്ട് ഫോണും ഇന്‍റര്‍നെറ്റും ഉണ്ട്. പഠിക്കാൻ തീരുമാനിച്ച് പത്ത് ചെറുപ്പക്കാർ ഒരുമിച്ചിറങ്ങണം.

കഴിഞ്ഞ പ്രളയത്തിലും ഈ പ്രളയത്തിലും എവിടെ വരെ വെള്ളം എത്തി? എവിടെയാണ് ആദ്യം വെള്ളം വലിയുന്നത്? സൂഷ്മമായ ഒഴുക്കുകൾ എങ്ങോട്ടൊക്കെയാണ്? വേലിയേറ്റവും വേലിയിറക്കവും നമ്മുടെ നാട്ടിലെ വെള്ളമൊഴുക്കിൽ മാറ്റം വരുത്തുന്നുണ്ടോ? എങ്കിൽ കടലിനോട് കരവെള്ളം ഏതൊക്കെ ജലരേഖകളിലൂടെയാണ് ബന്ധപ്പെടുന്നത്?

കിഴക്കുനിന്നുള്ള ഒഴുക്കുവെള്ളവും നാട്ടിലെ പെയ്ത്തു വെള്ളവും എങ്ങനെയൊക്കെയാണ് നമ്മുടെ നാട്ടിലെ ജലവിതാനത്തിനെ സ്വാധീനിക്കുന്നത്? നാട്ടിലെ തണ്ണീർ തടങ്ങളും കുളങ്ങളുടെയും മൊത്തം സ്റ്റോറേജ് കപ്പാസിറ്റി എന്താണ്?

നാട്ടിലെ പുഞ്ചനിലത്തിന്റെയും കായലിന്റെയും ചുറ്റളവ് കുട്ടികൾക്ക് പോലും ഗൂഗിൾ തപ്പി കണ്ടുപിടിക്കാവുന്ന സാഹചര്യം നിലവിലുണ്ട്. ശരാശരി ആഴവും എളുപ്പത്തിൽ കണ്ടുപിടിക്കാം. ഇത് രണ്ടുമുണ്ടെങ്കിൽ വ്യാപ്തം കണ്ടു പിടിക്കാൻ ഏഴാം ക്ലാസ്സിലെ ഗണിത ശാസ്ത്രം മതിയാവും. ടെലിവിഷൻ ചാനലുകളിലേത് പോലെ വെള്ളത്തിന്റെയും ഒഴുക്കിന്റെയും പലപല ചിത്രങ്ങൾ മൊബൈലിൽ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും വാട്ട്‌സ് ആപ്പ് അയച്ചാൽ പോര? ഘടനാപരമായ അച്ചടക്കമില്ലാത്ത ഇത്തരം വാട്ട്‌സ് ആപ്പ് കൈമാറ്റങ്ങൾ കൊണ്ട് വലുതായി ഗുണങ്ങളൊന്നുമില്ല. ഈ വർഷം തന്നെ എന്റെ നാട്ടിൽ ഒരു പ്രത്യേക സ്ഥലത്ത് വെള്ളം കയറുകയാണോ കുറയുകയാണോ എന്ന് ചോദിച്ചപ്പോൾ കുറയുന്നു, കൂടുന്നു, മാറ്റമില്ല എന്ന മൂന്ന് ഉത്തരങ്ങളാണ് പലരിൽ നിന്നുമായി ലഭിച്ചത്!

നമ്മുടെ പ്രജുഡിസം നിരീക്ഷണത്തെ പോലും ബാധിക്കുന്നു എന്നു കരുതേണ്ടി വരും.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് വെള്ളപ്പൊക്കം വലിയ ഇഷ്ടമായിരുന്നു. പുഞ്ചപ്പാടത്തിന്‍റെ ഓരത്തായിരുന്നു വീട്. ഞാനും അനിയത്തിയും എന്നും ഈർക്കിൽ കുത്തിവെച്ച് വെള്ളം കയറുന്നോ, ഇറങ്ങുന്നോ എന്ന് മനസ്സിലാക്കുമായിരുന്നു. സാമ്പിൾ സൈസ് കൂടുമ്പോൾ നമുക്ക് കൃത്യമായ ധാരണകളിൽ എത്തിച്ചേരാൻ പറ്റും... ഒരു പഞ്ചായത്തിന്റെ ഒരു സ്ഥലത്ത് വെള്ളം കൂടുകയും വേറേ ഒരിടത്ത് കുറയുകയും ചെയ്യുന്നു എങ്കിൽ നിരീക്ഷക എന്ന നിലയിൽ നിങ്ങൾ അസ്വസ്ഥയാകണം.

തിരഞ്ഞാൽ കണ്ടെത്താനാകാതെ ഉത്തരങ്ങളില്ല. ഉത്തരങ്ങൾക്ക് വേണ്ടി അസ്വസ്ഥമാകുന്ന അന്വേഷണ മനസ് നമ്മുടെ കുട്ടികളിലേക്ക് പകരുക ആ അന്വേഷണത്തിന്റെ ചരിത്രമാണ് മാനവികത...

പഞ്ചായത്തിന്റെ ഫ്ലഡ് മാപ്പും വെള്ളത്തിന്റെ വഴികളും വരയ്ക്കാൻ ഏഴാം ക്ലാസ്സിൽ എത്തുമ്പോഴേക്കും നമ്മുടെ കുട്ടികൾക്ക് കഴിയണം. ഇതുവായിക്കുന്ന നിങ്ങളിൽ എത്രപേർക്ക് തങ്ങളുടെ പഞ്ചായത്തിന്റെ ചിത്രം വരയ്ക്കാൻ പറ്റും? പൊളിറ്റിക്കൽ മാപ്പ് പോലെ തന്നെ പ്രധാനമാണ് ടെറൈൻ മാപ്പും രണ്ടും പഠിക്കണം.

ബൂത്ത് തിരിച്ചുള്ള പൊളിറ്റിക്കൽ വോട്ടുകളുടെ ജെന്‍ഡറും മതവും ജാതിയും തിരിച്ചുള്ള എണ്ണം പോലും കൃത്യമായി അറിയാവുന്നവരാണ് നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ. ഓരോ കുടുംബത്തിലും 'നമ്മുടെ പാർട്ടിക്ക്' എത്ര വോട്ടുണ്ട് എന്നറിയാം. തിരഞ്ഞെടുപ്പിൽ തോറ്റാലോ ജയിച്ചാലോ എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്? എന്ന് ചിന്തിക്കുന്ന അതേ ആകാംഷയും അനേഷണബുദ്ധിയും നാടിനെ കുറിച്ചുള്ള മറ്റുള്ള അന്വേഷണങ്ങളിലും പുലർത്തണം.

മുകളിൽ പറഞ്ഞത് മുഴുവൻ നാട്ടിലെ നീരൊഴുക്കിനെ കുറിച്ച് മാത്രമാണ്...

മണ്ണിടിച്ചിലും മഴയും അങ്ങനെയല്ല, നമുക്ക് പഠിച്ചെടുക്കാൻ ഇത്തിരികൂടി പ്രയാസമാണ്. പക്ഷേ സ്വതന്ത്ര ശാസ്ത്ര ചിന്താ സംസ്കാരമുള്ള കുഞ്ഞുങ്ങളാണ് വളരുമ്പോൾ മഴയും മണ്ണിടിച്ചിലും കടലൊഴുക്കും കാറ്റുമെല്ലാം പ്രവചിക്കാൻ പ്രാപ്തരായ ഗവേഷകരായി വളരുന്നത്.

ഈ പ്രളയത്തിന് ശേഷം "മാപ്പ് തരൂ ഭൂമീ" എന്ന ടോണിൽ മൂന്ന് കവിതകളെങ്കിലും വാട്ട്‌സ് ആപ്പിൽ ലഭിച്ചു! ഫ്ലാറ്റ് വാങ്ങുന്നവരെയും ഫ്ലാറ്റിൽ ജീവിക്കുന്നവരെയും ഏതോ 'എക്കോളജിക്കൽ ക്രിമിനൽസ്' എന്ന മട്ടിലാണ് 'കാവ്യകേരളം' കുറച്ചു കാലം മുമ്പ് വരെ വിശേഷിപ്പിച്ചുകൊണ്ടിരുന്നത് അത് ശരിയല്ല എന്ന് നമുക്ക് ഇന്നറിയാം...

മഴപ്രദേശത്തെ മാമലകളിൽ എല്ലാകാലത്തും ഉരുൾപൊട്ടൽ ഉണ്ടാകാറുണ്ട്. താരതമ്യേന ഏകവിള തോട്ടങ്ങളില്ലാത്ത വിശ്വാസപരമായ കാരണങ്ങളാൽ മനുഷ്യന്റെ ഇടപെടലുകൾ ഒട്ടുമേ ഉണ്ടാവാതെ കാത്തുസൂക്ഷിക്കുന്ന അസ്പർശിത കാടുകൾ ധാരാളമുള്ള മേഘാലയയിലും, നാഗാലാന്‍റിലുമെല്ലാം അതിഭീകരമായ മലയിടിച്ചിൽ സാധാരണയാണ്.

മഴയും കാറ്റുമുള്ള ഭൂമിയിൽ മലകളുടെ ശോഷണവും ആഴങ്ങളിൽ മണ്ണ് വീണ് തൂർന്നുപോകലുകളുടെയും നൈരന്തര്യം സംഭവിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും. പശ്ചിമഘട്ടം പേലവമായ ഒരു ജൈവ വനമേഖലയാണ്... അവിടുത്തെ ജൈവലോകത്തിനെ വല്ലാതെ ആലോസരപ്പെടുത്തതിരിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?

കാടിനോടും മലകളോടും ജലാശയങ്ങളോടും എങ്ങനെയാണ് നമ്മൾ ഇടപെടേണ്ടത് എന്ന കാര്യത്തിൽ ഒറ്റവാക്കുത്തരങ്ങളൊന്നും 
എന്റെ കയ്യിലില്ല. ഭൂമിയിൽ നമ്മൾ സുരക്ഷിതരായിരിക്കാൻ നമ്മൾ തന്നെ കരുതലെടുക്കണം.

വേരാഴമുള്ള മരങ്ങൾ ഒരു പരിധിവരെയൊക്കെ ഉരുൾപൊട്ടൽ തടയും. നമ്മുടെ ഗൃഹനിർമ്മാണത്തിന് പുതിയ രീതികൾ പരീക്ഷിക്കാൻ സമയമായി. എന്‍റെ സുഹൃത്ത് സന്ദീപും മറ്റും വളരെ കുറഞ്ഞ ചിലവിൽ പരിസ്ഥിതി സൗഹൃദമായ ഭംഗിയുള്ള കുഞ്ഞു വീടുകളിലാണ് താമസിക്കുന്നത്! മതിലുകൾ അത്യാവശ്യമാണോ? ചെമ്പരുത്തിയും നീരോലിയും ഗന്ധരാജനും അരളിയും പൂവിട്ടു നിൽക്കുന്ന ജീവനുള്ള വേലികൾ എന്തുഭംഗിയാണ്!

ചോദ്യം ചോദിച്ച് പഠിച്ച് ഉത്തരം കണ്ടെത്തിയതൊന്നും നമ്മൾ മറക്കില്ല... 

(ചിത്രത്തിന് കടപ്പാട്: ജാസി കാസിം)

click me!