'വെടിവെച്ചോളൂ, ഭീരൂ... നിങ്ങൾ കൊല്ലാൻ പോകുന്നത് വെറുമൊരു മനുഷ്യനെ മാത്രമാണ്...' ചെഗുവേരയുടെ അവസാന നിമിഷങ്ങള്‍...

By Babu RamachandranFirst Published Oct 9, 2019, 11:12 AM IST
Highlights

എന്നാൽ, അതിനിടയിലൂടെ, ചെയുടെ വിശ്വസ്തനായ റിക്രൂട്ട് വില്ലി കവർ ഫയർ കൊടുത്ത് ചെയെ ആ മലഞ്ചെരിവിന്റെ ഒരു ഭാഗത്തേക്ക് മാറ്റിക്കിടത്തി. അവിടെ നിന്ന് രക്ഷപ്പെടാൻ വേണ്ടി മുന്നോട്ടു പോയ അവരെ വീണ്ടും റേഞ്ചേഴ്സിന്റെ സംഘം വളഞ്ഞു. "കീഴടങ്ങുന്നതാണ് നിങ്ങൾക്ക് നല്ലത്..." എന്ന അറിയിപ്പുണ്ടായി. 

1967  ഒക്ടോബർ 8, ലാ ഹിഗ്വെറ, ബൊളീവിയ...

"വെടിവെക്കരുത്. ഞാൻ ചെഗുവേരയാണ്. എന്നെ ജീവനോടെ പിടികൂടുന്നതായിരിക്കും നിങ്ങൾക്ക് ലാഭം" -ഓടി രക്ഷപ്പെടാനാകാത്ത വിധം പരിക്കേറ്റ്, ഫയറിങ്ങിൽ കയ്യിലെ യന്ത്രത്തോക്ക് തെറിച്ചുപോയ അവസ്ഥയിൽ കാട്ടിനുള്ളിൽ ഒരു മരത്തിൻ ചുവട്ടിൽ ഇരിക്കെ, തന്റെ നേർക്ക് തോക്കും ചൂണ്ടിപ്പിടിച്ചുകൊണ്ട് വന്ന അമേരിക്കൻ പരിശീലിത ബൊളീവിയൻ കമാൻഡോകളോട്, ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളിൽ ഒരാളായ ചെഗുവേര പറഞ്ഞു.

ലാ ഹിഗ്വെറയിലെ മലയിടുക്കുകളിൽ ഒളിച്ചു പാർത്തിരുന്ന ചെഗുവേരയെയും സംഘത്തെയും ലക്ഷ്യമിട്ടുകൊണ്ട് ബൊളീവിയൻ റേഞ്ചേഴ്‌സിന്റെ ഒരു സായുധസംഘം ഏറെ നാളായിരുന്നു അവർക്കു പിന്നാലെ കൂടിയിട്ട്. തങ്ങളുടെ തൊട്ടുപിന്നാലെ മരണമുണ്ട്‌ എന്ന് ആ സംഘത്തിന് ബോധ്യപ്പെട്ടിരുന്നു. 1967  ഒക്ടോബർ 7-ന് വഴിയിൽ വെച്ച് കണ്ടുമുട്ടിയ ആടുമേയ്ക്കുന്നൊരു സ്ത്രീയോട് അവർ പ്രദേശത്തെ പട്ടാളസാന്നിധ്യത്തെപ്പറ്റി അന്വേഷിച്ചു. ആ ചോദ്യങ്ങളുടെ പേരിൽ അവർ തന്നെ പട്ടാളത്തിന് തങ്ങളെപ്പറ്റിയുള്ള വിവരം ചോർത്തിക്കൊടുത്താലോ എന്ന് സംശയിച്ച ചെ തന്റെ സംഘത്തിലെ രണ്ടു പേരെ അമ്പത് പെസോസ് നൽകി അവരെ നിശ്ശബ്ദയാക്കാൻ പറഞ്ഞുവിടുന്നുണ്ട്. പണം കൈപ്പറ്റിയാലും അവർ തങ്ങളെ ചിലപ്പോൾ ഒറ്റിക്കൊടുത്തേക്കാം എന്ന സംശയവും ചെ തന്റെ ഡയറിയിൽ കുറിക്കുന്നുണ്ട്.

ഒറ്റുകൊടുത്തത്, ആ ആട്ടിടയസ്ത്രീയോ അതോ സംഘത്തെ കണ്ട മറ്റേതെങ്കിലും നാട്ടുകാരോ എന്നറിയില്ല, എന്തായാലും, ഒക്ടോബർ എട്ടാം തീയതി ഞായറാഴ്ച നേരം പുലർന്നപ്പോഴേക്കും ക്യാപ്റ്റൻ ഗാരി പ്രാദോയുടെ നേതൃത്വത്തിലുള്ള ബൊളീവിയൻ റേഞ്ചേഴ്‌സിന്റെ നൂറുകണക്കിന് പട്ടാളക്കാർ ലാ ഹിഗ്വെറ വളഞ്ഞു കഴിഞ്ഞിരുന്നു. സാന്താ ക്രൂസിലെ അമേരിക്കൻ സൈന്യത്തിന്റെ പരിശീലനക്യാംപിൽ നിന്ന് കോംബാറ്റ് ട്രെയിനിങ്ങ് പൂർത്തിയാക്കിയവരായിരുന്നു ആ കമാൻഡോകൾ എല്ലാം. രാത്രിയിലായിരുന്നു ചെയുടെയും സംഘത്തിന്റെയും സഞ്ചാരം. തലേന്ന് രാത്രിമുഴുവൻ യാത്രയിലായിരുന്നു ആ സംഘം. പകൽ മരത്തണലിൽ വിശ്രമിച്ച് ഇരുട്ടിന്റെ മറവിൽ രാത്രി വീണ്ടും യാത്രതുടരാനായിരുന്നു പ്ലാൻ.

ഉച്ചയോടെ പ്രാദോയുടെ ഒരു പട്രോൾ സംഘം കാട്ടിനുള്ളിൽ ചെഗുവേരയുടെ സംഘത്തെ കാണുന്നു. ആദ്യപോരാട്ടത്തിൽ പട്രോൾ സംഘത്തിന് ഗറില്ലകളിൽ നിന്ന് തിരിച്ചടി നേരിടുന്നു. രണ്ടു കമാൻഡോകൾ വധിക്കപ്പെടുന്നു. മറ്റുള്ളവർക്ക് പരിക്കേൽക്കുന്നു. പട്രോൾ സംഘത്തെ നയിച്ചിരുന്ന ലെഫ്റ്റനന്റ് ക്യാപ്റ്റൻ പ്രാദോയെ റേഡിയോ വഴി ബന്ധപ്പെട്ട് വിവരം കൈമാറുന്നു. തുടർന്നവിടെ നടന്ന കാര്യങ്ങൾ, അന്നത്തെ ഏതൊരു അമേരിക്കൻ കൗണ്ടർ ഇൻസർജൻസി ഹാൻഡ്ബുക്കിലും പറഞ്ഞിരിക്കും പ്രകാരം തന്നെയായിരുന്നു. ക്യാപ്റ്റൻ പ്രാദോയുടെ സംഘം ചെയും കൂട്ടരും ഒളിച്ചിരുന്ന കാടിനെ നാലുപാടുനിന്നും വളയുന്നു. ചെ തന്റെ വളരെ ചെറിയ സംഘത്തെ വീണ്ടും രണ്ടായി പകുത്ത് രണ്ടുവഴിക്ക് പറഞ്ഞയച്ച് റേഞ്ചേഴ്‌സ് സംഘത്തെ കുഴപ്പിച്ച് രക്ഷപ്പെടാൻ ഒരു അവസാന പരിശ്രമം നടത്തി. നിർഭാഗ്യവശാൽ ചെയും കൂട്ടരും എത്തിപ്പെട്ടത് ക്യാപ്റ്റൻ പ്രാദോ ഒരുക്കിയ കെണിക്കുള്ളിലേക്കായിരുന്നു. ചുറ്റും തഴച്ചു വളർന്നു നിന്ന കാട്ടുപുല്ലിന്റെ മറവുണ്ടായിരുന്നു എങ്കിലും, നേരിയ ഒരു അനക്കതിനു നേർക്കുപോലും യന്ത്രത്തോക്കുകൾ വെടിയുണ്ടകൾ ചൊരിഞ്ഞുകൊണ്ടിരുന്നു. സംഘാംഗങ്ങൾ ഒന്നൊന്നായി വെടിയേറ്റു വീണുകൊണ്ടിരുന്നു. 

അതിനിടെ, കറുത്ത വട്ടത്തൊപ്പിയും ധരിച്ചുകൊണ്ട് വെടിയുണ്ടകളിൽ നിന്ന് രക്ഷപ്പെട്ട് പായുന്ന ഒരു ഗറില്ല, ബൈനോക്കുലറിലൂടെ നിരീക്ഷിച്ചുകൊണ്ടിരുന്ന ക്യാപ്റ്റൻ പ്രാദോയുടെ കണ്ണിൽപ്പെട്ടു. അദ്ദേഹം ബെർണാർഡിനോ ഹുവാങ്ക എന്ന തന്റെ സാർജന്റിനോടും സംഘത്തോടും ആ ഗറില്ലയെ പിന്തുടരാൻ പറഞ്ഞു. മുൾപ്പൊന്തകൾക്കിടയിലൂടെ പാഞ്ഞുപോയ്ക്കൊണ്ടിരുന്ന ആ ഗറില്ലയ്ക്കുനേരെ തന്റെ സബ് മെഷീൻഗണ്ണിലൂടെ സാർജന്റ് ഹുവാങ്ക ഉന്നം പിടിച്ചു. ആദ്യത്തെ ഉണ്ട അയാളുടെ തലയിലെ തൊപ്പി തെറിപ്പിച്ചു. തുടർന്നുള്ള രണ്ടുണ്ടകൾ അയാളുടെ കാലിൽ തുളച്ചുകേറി, അയാൾ നിലത്ത് മറിഞ്ഞുവീണു. ഹുവാങ്ക വെടിവെച്ചിട്ടത്, അത്രനാളും അവർ തേടിനടന്ന ചെഗുവേര എന്ന ഭീകരനെയായിരുന്നു. ചെ വീണ ഭാഗത്തേക്ക് പിന്നെ വെടിയുണ്ടകളുടെ പെരുമഴയായിരുന്നു.

എന്നാൽ, അതിനിടയിലൂടെ, ചെയുടെ വിശ്വസ്തനായ റിക്രൂട്ട് വില്ലി കവർ ഫയർ കൊടുത്ത് ചെയെ ആ മലഞ്ചെരിവിന്റെ ഒരു ഭാഗത്തേക്ക് മാറ്റിക്കിടത്തി. അവിടെ നിന്ന് രക്ഷപ്പെടാൻ വേണ്ടി മുന്നോട്ടു പോയ അവരെ വീണ്ടും റേഞ്ചേഴ്സിന്റെ സംഘം വളഞ്ഞു. "കീഴടങ്ങുന്നതാണ് നിങ്ങൾക്ക് നല്ലത്..." എന്ന അറിയിപ്പുണ്ടായി. മരവും ചാരി കിതച്ചുകൊണ്ടിരുന്ന ചെ ആ ഭീഷണിക്ക് മറുപടി പറഞ്ഞത് തന്റെ യന്ത്രത്തോക്കിന്റെ ഗർജ്ജനത്തിലൂടെയാണ്. വീണ്ടും തീപാറുന്ന പോരാട്ടം നടന്നു. ഒടുവിൽ റേഞ്ചേഴ്സ് സംഘത്തിന്റെ ഒരു വെടിയുണ്ട ചെഗുവേരയുടെ തോക്കിൽ വന്നുകൊണ്ടു. അത് പ്രവർത്തനരഹിതമായി.

തുടർന്ന് യന്ത്രത്തോക്കുകളും ചൂണ്ടി റേഞ്ചേഴ്സ് സംഘം അടുത്തേക്ക് വന്നപ്പോഴാണ് ചെ, "വെടിവെക്കരുത്..." എന്ന് പറഞ്ഞത്. കുറച്ചപ്പുറത്ത് വില്ലിയും തന്റെ തോക്കും വലിച്ചെറിഞ്ഞ് കീഴടങ്ങിക്കഴിഞ്ഞിരുന്നു. ഇരുവരെയും ക്യാപ്റ്റൻ പ്രാദോയ്ക്ക് മുന്നിൽ ഹാജരാക്കിയപ്പോഴേക്കും വൈകുന്നേരം നാലുമണി കഴിഞ്ഞിരുന്നു. റേഡിയോ ഓപ്പറേറ്ററോട് അദ്ദേഹം ഉടൻ തന്നെ വിവരം വാലെൻഗ്രേഡിലെ ഡിവിഷണൽ ഹെഡ് ക്വാർട്ടേഴ്സിലേക്ക് കൈമാറാൻ ആവശ്യപ്പെട്ടു. ബന്ധം സ്ഥാപിക്കപ്പെട്ടയുടനെ റേഡിയോ ഓപ്പറേറ്റർ പറഞ്ഞു, "ഹലോ സാറ്റർണോ, വീ ഹാവ് പാപ്പാ..." സാറ്റർണോ എന്നത് എട്ടാം ബൊളീവിയൻ പട്ടാള ഡിവിഷന്റെ കമാൻഡൻറ് കേണൽ ഹോക്വിൻ സെന്റെനോയുടെ കോഡ് നാമമായിരുന്നു. പാപ്പ എന്നത് പട്ടാളവൃത്തങ്ങളിൽ ചെഗുവേരയുടെയും.

തന്റെ കാതുകളിൽ വന്നുവീണ റേഡിയോ സന്ദേശം കേണൽ സെന്റെനോയ്ക്ക് വിശ്വസിക്കാനായില്ല. "എന്ത്..?" അദ്ദേഹം ഒരിക്കൽ കൂടി അത് കേട്ടുറപ്പിച്ചു. വിവരം ഉറപ്പിച്ചതോടെ കേണലിന്റെ ഹെഡ് ക്വാർട്ടേഴ്സിൽ സന്തോഷത്തിന്റെ മേളമായി. പരസ്പരമുള്ള അഭിനന്ദനങ്ങൾ അടങ്ങിയ ഉടൻ കേണൽ തന്റെ ഫീൽഡ് ക്യാപ്റ്റന് സന്ദേശം കൈമാറി, "ബ്രിങ്ങ് പാപ്പാ റ്റു ലാ ഹിഗ്വെറാ" ഏഴു കിലോമീറ്റർ ദൂരം, നാല് റേഞ്ചർമാർ ചുമന്നുകൊണ്ടാണ് പരിക്കേറ്റ ചെഗുവേരയെ കൊണ്ടുപോയത്. ഇരുട്ടും മുമ്പ് അവർ ലാ ഹിഗ്വെറയിലെ താൽക്കാലിക ക്യാമ്പിലേക്ക് എത്തിച്ചേർന്നു. സ്ഥലത്തെ ഒരു രണ്ടുമുറി സ്‌കൂൾ ആയിരുന്നു താത്കാലിക മിലിട്ടറി ക്യാമ്പാക്കി മാറ്റിയിരുന്നത്. മൂന്നാമത് ഒരു ഗറില്ല കൂടി ജീവനോടെ പിടിക്കപ്പെട്ടിരുന്നു, പേര് ആൻഷ്യന്റോ. അന്നത്തെ പോരാട്ടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും അന്നുരാത്രിയോടെ ലാ ഹിഗ്വേറയിലേക്ക് കൊണ്ടുവന്നു.

അടുത്ത ദിവസം ചെഗുവേരയെ കണ്ടു ബോധ്യപ്പെടാൻ സിഐഎ ഏജന്റ്, ബൊളീവിയൻ പട്ടാള ഉദ്യോഗസ്ഥനായി വേഷമിട്ട ഫെലിക്സ് റോഡ്രിഗസ് സ്‌കൂളിലേക്കെത്തി. ചെയുടെ ദേഹത്താകെ ചെളിയായിരുന്നു. തലമുടി ആകെ അലങ്കോലപ്പെട്ടിരുന്നു. കുപ്പായമെല്ലാം ആകെ കീറിപ്പോയിരുന്നു. കൈകളും കാലും തമ്മിൽ ബന്ധിച്ചിരുന്നു. ചെയെ ജീവനോടെ ചോദ്യം ചെയ്യാൻ വേണ്ടി കൊണ്ടുപോകണം എന്നായിരുന്നു സിഐഎയുടെ ആവശ്യം. എന്നാൽ, ജീവനോടെ പിടിക്കപ്പെട്ടു എന്ന വിവരം പുറത്തുവിട്ടാൽ അത് അനാവശ്യമായ ജനപ്രീതി ചെഗുവേരയ്ക്ക് ഇനിയും സമ്മാനിക്കും എന്ന് നന്നായി അറിവുണ്ടായിരുന്ന ബൊളീവിയൻ പട്ടാളം അതിന് തയ്യാറായില്ല. കൈവന്ന ഈ സുവർണ്ണാവസരത്തിൽ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് അവർ ഉറപ്പിച്ചു.
 


വർഷങ്ങളായി തന്റെ ശത്രുവായിരുന്ന, കൊല്ലാൻ വേണ്ടി എത്രയോ കാലമായി പിന്തുടർന്നിരുന്ന, അതിനുവേണ്ടി എത്രയോ ഓപ്പറേഷനുകൾ നടത്തിയിട്ടുള്ള ഒരു ഗറില്ലാ നേതാവായിരുന്നിട്ടും, ചെയെ ആ രൂപത്തിൽ കണ്ടപ്പോൾ ഫെലിക്സിന് സങ്കടം തോന്നി. അദ്ദേഹം ചെയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ടുതന്നെ ബൊളീവിയൻ പട്ടാളത്തിന്റെ ആ തീരുമാനം ചെയെ അറിയിച്ചു. നിർന്നിമേഷനായി ചെഗുവേര മറുപടി നൽകി,"അതേ, അത് അങ്ങനെ തന്നെ സംഭവിക്കുന്നതായിരുന്നു നല്ലത്. അവർ എന്നെ ജീവനോടെ പിടികൂടാൻ പാടില്ലായിരുന്നു..."

അവർ ഇരുവരും പരസ്പരം ഹസ്തദാനം നൽകി. പരസ്പരം ബഹുമാനം കാത്ത് സൂക്ഷിച്ചിരുന്ന ആ ആജന്മശത്രുക്കൾ തമ്മിൽ അവസാനമായി ഒന്ന് കെട്ടിപ്പിടിച്ചു. പോകും വഴി റോഡ്രിഗസ് റേഞ്ചേഴ്സിന്റെ കമാൻഡോക്ക് ഒരു ചെറിയ ഉപദേശവും നൽകി, "കഴുത്തിന് ചുവട്ടിൽ വേണം വെടിവെക്കാൻ. എന്നാലേ പോരാട്ടത്തിനിടെ പറ്റിയതാണ് എന്ന് തോന്നൂ." 


 

സർജന്റ് ജെയ്മി ടെറാൻ എന്ന കമാൻഡോയ്ക്കായിരുന്നു ചെയെ വധിക്കാനുള്ള നിയോഗം. അവർ തമ്മിലുള്ള അവസാനത്തെ സംഭാഷണം, ജോൺ ലീ ആൻഡേഴ്സന്റെ 'ചെഗുവേര-എ റെവല്യൂഷനറി ലൈഫ്' എന്ന ജീവചരിത്രത്തിലുണ്ട്. തന്നെ കൊല്ലാനാണ് ടെറാൻ വന്നിട്ടുളളത് എന്ന് ചെഗുവേരയ്ക്ക് മനസ്സിലായിരുന്നു. "നിങ്ങൾ ഇപ്പോൾ വന്നിരിക്കുന്നത് എന്നെ കൊല്ലാനാണ് എന്നെനിക്കറിയാം. വെടിവെച്ചോളൂ, ഭീരൂ... നിങ്ങൾ വെറുമൊരു മനുഷ്യനെ മാത്രമാണ് കൊല്ലാൻ പോകുന്നത്..." അദ്ദേഹം പറഞ്ഞു. ടെറാന്റെ തോക്കിൽ നിന്നുതിർന്ന വെടിയുണ്ടകൾ ചെഗുവേരയുടെ കയ്യിലും, കാലിലും, കഴുത്തിലും തുളച്ചുകേറി. 
 



അങ്ങനെ ലക്ഷങ്ങളുടെ ആരാധനയ്‌ക്കും വെറുപ്പിനും ഒരേസമയം പാത്രമായ ആ ഗറില്ലാപ്പോരാളി 1967  ഒക്ടോബർ 9 -ന് വെടിയുണ്ടകളേറ്റു കൊല്ലപ്പെട്ടു. യന്ത്രത്തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ തുളച്ചുകേറിയ ചെയുടെ മൃതദേഹം ആദ്യം ഗ്രാമീണർക്ക് കാണാനായി പ്രദർശിപ്പിക്കപ്പെട്ടു. പിന്നീട് ഫോട്ടോഗ്രാഫർമാർക്ക് ചിത്രമെടുക്കാൻ വേണ്ടി ആശുപത്രിയിലെ ലോൺഡ്രി സിങ്കില്‍ കിടത്തി. ആ ചിത്രങ്ങൾ ലോകമെമ്പാടുമുള്ള പത്രങ്ങളിൽ അച്ചടിച്ചു വന്നു. മരണാനന്തരം ചെയുടെ കൈകൾ വെട്ടിയെടുത്ത് കൊണ്ടുചെല്ലാനും ബൊളീവിയൻ കമാണ്ടർ ഉത്തരവിട്ടിരുന്നു. വിരലടയാളങ്ങൾ പകർത്തി ചെഗുവേര എന്ന വിപ്ലവസഹയാത്രികനെ വകവരുത്തി എന്നതിന്റെ നിഷേധിക്കാനാവാത്ത തെളിവുകൾ ഫിദൽ കാസ്‌ട്രോയ്ക്ക് കൊടുക്കാൻ വേണ്ടിയായിരുന്നു അത്. 
 


 

എന്നാൽ അതിനോട്, അമേരിക്കയോട് ചെഗുവേരയുടെ മരണവർത്തമാനമറിഞ്ഞ് ഫിദൽ കാസ്ട്രോ പറഞ്ഞ ശ്രദ്ധേയമായ മറുപടി ഇപ്രകാരമായിരുന്നു, "ചെഗുവേര എന്ന മനുഷ്യനെ വധിച്ചതുകൊണ്ട്, അദ്ദേഹത്തിന്റെ ആശയങ്ങളെ, അദ്ദേഹത്തിന്റെ തന്ത്രങ്ങളെ, അദ്ദേഹത്തിന്റെ ഗറില്ലാ ആശയങ്ങളെ ഇല്ലാതാക്കാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അവർക്ക് തെറ്റി..!" 

 


 

References : 
1. Che Guevara: A Biography : Richard L. Harris 
2. Che Guevara - A Revolutionary Life - Jon Lee Anderson

 

click me!