'സ്നേഹം തുളുമ്പുന്ന എഴുത്തുകൾ', ഓഷ്‌വിറ്റ്‌സിലേക്കയക്കപ്പെടും മുമ്പ് ഒരച്ഛൻ ഭാര്യക്കും മക്കൾക്കുമയച്ച കത്തുകൾ

By Web TeamFirst Published Jul 16, 2020, 10:03 AM IST
Highlights

കുടുംബം എവിടെയെന്നു വെളിപ്പെടുത്താൻ നാസികൾ നിരന്തരം ഡാനിയേലിനുമേൽ സമ്മർദ്ദം ചെലുത്തി. ഒന്നിലധികം തവണ ജർമൻ രഹസ്യപ്പോലീസുകാർ അയാളെ ആ തുറുങ്കിലിട്ട് പീഡിപ്പിച്ചു. എത്ര തല്ലിച്ചോദിച്ചിട്ടും ഡാനിയേൽ അന്നയും മക്കളും ഒളിച്ചിരിക്കുന്നിടം വെളിപ്പെടുത്തിയില്ല. 

ഡാനിയേൽ ഇസ്രായേൽ എന്ന ജർമൻ അപ്‌ഹോള്‍‌സ്‌റ്ററിക്കാരൻ ഒരേയൊരു കുറ്റമേ ചെയ്‍തിരുന്നുള്ളൂ. ഒരു ജൂതനായി നാസി ജർമനിയിൽ ജനിച്ചു എന്നതായിരുന്നു അത്. അതിന്റെ പേരിൽ നാസികൾ അയാളെ വർഷങ്ങളോളം ട്രെയ്‍സ്റ്റെയിൽ തടവിൽ പാർപ്പിച്ചു. ഒടുവിൽ ഓഷ്‌വിറ്റ്‌സിലേക്ക് പറഞ്ഞയച്ചു. തുറുങ്കിൽ കിടന്നുകൊണ്ട് ഡാനിയേൽ തന്റെ ഭാര്യ അന്നയ്ക്കും മക്കൾ ദാരിയോ, വിറ്റോറിയോ എന്നിവർക്കും അയച്ച കത്തുകൾ പുറത്തുവന്നത് അടുത്തിടെ മാത്രമാണ്. അവ, ഹോളോകോസ്റ്റ് ഒരു കുടുംബത്തെ തകർത്തെറിഞ്ഞതിന്റെ നേർസാക്ഷ്യമാണ്. കണ്ണിൽ നനവോടെയല്ലാതെ ഈ കത്തുകൾ വായിച്ചു മുഴുമിപ്പിക്കാനായെന്നു വരില്ല.

"അപ്പന് പണി അപ്‌ഹോള്‍‌സ്‌റ്ററിയായിരുന്നു. തുന്നാനും വിദഗ്ധനായിരുന്നു" എൺപത്തഞ്ചുകാരൻ ദാരിയോ ഇസ്രായേൽ ഓർത്തെടുക്കുന്നു. "തുന്നാൻ അപ്പനെക്കഴിഞ്ഞേ ഉള്ളൂ ആരും. തുന്നലിലെ എന്ത് പണിയും അപ്പൻ വളരെ എളുപ്പത്തിൽ ചെയ്തെടുക്കുമായിരുന്നു..." ചിരിച്ചുകൊണ്ട്, ദാരിയോയെക്കാൾ ഒരു വയസ്സിന്റെ ഇളപ്പമുള്ള അനിയൻ വിറ്റാറിയോയും ശരിവെച്ചു. 

ട്രെയ്‍സ്റ്റെ സെൻട്രൽ ജയിലിൽ കിടന്ന കാലത്ത്, ഷർട്ടിന്റെ കോളറിലും കഫിലും തുന്നിയൊളിപ്പിച്ച് അപ്പൻ തങ്ങൾക്കയച്ച കത്തുകൾ, ഹോളോകോസ്റ്റിന്റെ നടുക്കുന്ന ഓർമകളുടെ സ്പന്ദിക്കുന്ന സാക്ഷ്യങ്ങൾ പുറത്തുവിട്ടത് ഈ രണ്ടു മക്കൾ ചേർന്നാണ്. അന്ന് ജയിലിൽ നിന്ന് വീട്ടിലേക്ക് തുണികൾ അലക്കാൻ കൊണ്ടുപോരുന്ന പതിവുണ്ടായിരുന്നു. ആ തുണികളിലാണ് ഡാനിയേൽ കുടുംബത്തിനുള്ള തന്റെ കത്തുകൾ ഒളിച്ചു കടത്തിയിരുന്നത്.

"എല്ലാം നല്ല ഓർമയുണ്ട് ഈ പ്രായത്തിലും ഞങ്ങൾക്ക്. അപ്പന്റെ കത്തുവരാൻ വേണ്ടി ഞങ്ങൾ കാത്തുകാത്തിരിക്കുമായിരുന്നു അന്നൊക്കെ." വിറ്റോറിയോ പറഞ്ഞു. "അപ്പന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ ജയിലിൽ നിന്ന് കൊണ്ടുവന്നാൽ അമ്മയുടെ ആദ്യത്തെ പണി അതിനുള്ളിലെ കത്തുകൾ പുറത്തെടുക്കലാണ്. തുന്നൽ അഴിച്ച് അമ്മ കത്തുകൾ പുറത്തെടുക്കും വരെ ഞങ്ങൾ ക്ഷമയോടെ കാത്തിരിക്കും. കത്തിലെ വരികൾ നിർത്തിനിർത്തി ഞങ്ങളെ വായിച്ചു കേൾപ്പിക്കും അമ്മ." അദ്ദേഹം തുടർന്നു.

"അപ്പൻ എന്തിനു ഞങ്ങൾക്ക് അങ്ങനെ റിസ്കെടുത്തെഴുതി എന്ന് ഞങ്ങൾ ചിലപ്പോഴൊക്കെ ഓർക്കാറുണ്ട്. അപ്പനില്ലാതെ വളരുന്ന കുട്ടികളാവരുത്, കത്തിലൂടെയെങ്കിലും ഞങ്ങളുടെ കൂടെത്തന്നെ ജീവിക്കാൻ അപ്പനാവണം എന്ന് നിർബന്ധമുണ്ടായിരുന്നപോലെ... ഞങ്ങളുടെ ക്ഷേമം അന്വേഷിക്കാൻ, ഞങ്ങളുടെ അസുഖങ്ങൾ യഥാസമയം അറിയാൻ ഒക്കെ അപ്പൻ ശ്രമിച്ചിരുന്നു. ഞങ്ങളെ നാസികൾ പിടികൂടുമോ എന്ന് അപ്പൻ ആ ജയിലിനുള്ളിൽ കിടന്നും വിഷമിച്ചിരുന്നു. "പിടികൊടുക്കരുതേ അന്നാ..." എന്ന് ഓരോ കത്തിലും അപ്പൻ അമ്മയെ മുടങ്ങാതെ ഓർമിപ്പിക്കുമായിരുന്നു." വിറ്റോറിയോ പറഞ്ഞു. 

ഭർത്താവിന്റെ കത്തുകൾ വായിച്ച ശേഷം ആ കുപ്പായങ്ങൾ ആദ്യം തന്നെ കഴുകിയുണക്കി എടുക്കും അന്ന. എന്നിട്ട് കത്തുകൾക്കുള്ള മറുപടികൾ എഴുത്തും. അവ അതേ കോളറുകൾക്കുള്ളിൽ വെച്ച് വീണ്ടും തുന്നും. എന്നിട്ട് ആ കത്തുകൾ ജയിലിൽ കിടക്കുന്ന തന്റെ ഭർത്താവിന്റെ അടുത്തേക്ക് വന്ന വഴിയേ തിരികെ കൊടുത്തയക്കും. ഒപ്പം അടുത്ത കത്തുകൾക്കുള്ള കടലാസുകൾ, മഷി, ചില ഭക്ഷണ സാധനങ്ങൾ എന്നിവയും അന്ന രഹസ്യമാർഗ്ഗത്തിലൂടെ കൊടുത്തുവിടും.

1943 -ൽ ഇറ്റലിയിൽ മുസോളിനിയുടെ സ്വാധീനം വർധിച്ചപ്പോൾ, ജർമനിയിൽ ജൂതർ ഏതുനിമിഷവും ആക്രമിക്കപ്പെടാം എന്ന നില വന്നപ്പോൾ തന്നെ ഡാനിയേൽ അന്നയെയും രണ്ടുമക്കളെയും താത്കാലികമായി ഒരിടത്തേക്ക് ഒളിവിൽ പാർക്കാൻ പറഞ്ഞുവിട്ടിരുന്നു. സ്ഥിതിഗതികൾ ശാന്തമാകുമ്പോൾ തിരികെ കൊണ്ടുവരാം അവരെ എന്നദ്ദേഹം പ്രതീക്ഷിച്ചു. ഡാനിയേൽ കരുതിയ പോലെ അത്ര എളുപ്പത്തിൽ ശാന്തമാകുന്നതായിരുന്നില്ല ജർമനിയിലെ സ്ഥിതിഗതികൾ അന്ന്. 1943 ഡിസംബർ 30 -ന് ഡാനിയേൽ, അദ്ദേഹത്തിന്റെ ഭാര്യാപിതാവ്, ഭാര്യാമാതാവ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഒരു കാത്തലിക് കാർപെന്റർ ആയിരുന്ന അന്നയുടെ സഹോദരീ ഭർത്താവാണ് അവൾക്കും മക്കൾക്കുമുള്ള അഭയസ്ഥാനമൊരുക്കിക്കൊടുത്തത്. അത് വെളിച്ചമോ വായുവോ കടക്കാത്ത, ടോയ്‌ലറ്റോ വെള്ളമോ ഇല്ലാത്ത ഒരു കുടുസ്സ് ഗാരേജ് ആയിരുന്നു. അമേരിക്കക്കാർ ബോംബിട്ടുതകർത്ത ക്രൊയേഷ്യയിൽ നിന്ന് വന്നവരാണ് അവരെന്നാണ് അയൽക്കാരോട് അയാൾ പറഞ്ഞത്.  

കുടുംബം എവിടെയെന്നു വെളിപ്പെടുത്താൻ നാസികൾ നിരന്തരം ഡാനിയേലിനുമേൽ സമ്മർദ്ദം ചെലുത്തി. ഒന്നിലധികം തവണ ജർമൻ രഹസ്യപ്പോലീസുകാർ അയാളെ ആ തുറുങ്കിലിട്ട് പീഡിപ്പിച്ചു. എത്ര തല്ലിച്ചോദിച്ചിട്ടും ഡാനിയേൽ അന്നയും മക്കളും ഒളിച്ചിരിക്കുന്നിടം വെളിപ്പെടുത്തിയില്ല. പകൽ മുഴുവൻ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയ ശേഷം, രാത്രി ഉറക്കമിളച്ചിരുന്നയാൾ ആ മർദ്ദനങ്ങളെപ്പറ്റി ഭാര്യക്ക് കത്തെഴുതി. ഒന്നും രണ്ടുമല്ല, ഡാനിയേൽ അന്നയ്ക്കും മക്കൾക്കുമായി കുറിച്ച 250 -ൽ പരം കത്തുകൾ കാലത്തെ അതിജീവിച്ച് ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

ഡാനിയേൽ അന്നയ്ക്കയച്ച കത്തുകൾ അവശേഷിച്ചു എങ്കിലും, അന്ന ഭർത്താവിനയച്ച കത്തുകൾ ഒന്നും തന്നെ ബാക്കിയായില്ല. വായിച്ച ശേഷം ഒട്ടും വൈകാതെ അവ ഡാനിയേൽ തന്നെ നശിപ്പിച്ചിരുന്നു, തെളിവുകൾ ഇല്ലാതാക്കിയിരുന്നു എന്നതാണ് അതിനു കാരണം. "അന്നാ, നീ അടുത്തതവണ കടലാസ്സ് വാങ്ങുമ്പോൾ കുറേക്കൂടി പതമുള്ളത് വാങ്ങണം. ഇതിന് വല്ലാത്ത ഉരസലുണ്ട്. ഇതിന്റെ പടപടാ ശബ്ദം കേട്ട് ഗാർഡുമാർ വന്നാൽ അതോടെ ഈ എഴുത്തും കുത്തും ഒക്കെ നിന്നുപോകും. നിനക്കുചുറ്റും ചാരന്മാർ കറങ്ങുന്നുണ്ടെന്ന കാര്യം മറന്നുപോകരുത്. മക്കൾ അവരുടെ കണ്ണിൽപ്പെടാതെ സൂക്ഷിച്ചോണം" ഒരിക്കൽ ഡാനിയേൽ അന്നയ്ക്കെഴുതി.

ആ കത്തുകളിൽ കൊറോണിയോ ജയിലിലെ ദൈനംദിന പ്രവൃത്തികളുടെ വിസ്തരിച്ചുള്ള വർണനകളുണ്ട്. അതാതുദിവസം ആരെയൊക്കെ അറസ്റ്റു ചെയ്ത് കൊണ്ടുവന്നു. അന്നേ ദിവസം താൻ എന്തൊക്കെ ചെയ്തു എന്നതൊക്കെ കത്തിൽ കുറിച്ചിരുന്നു ഡാനിയേൽ. ആ വർണ്ണനകള്‍ക്കിടെ ഉള്ളുനുറുങ്ങുന്ന വേദനയുടെ ചില മിന്നലൊളികളും കണ്ടിരുന്നു കത്തുകളിൽ. "നിന്നെയും മക്കളെയും വല്ലാതെ മിസ് ചെയ്യുന്നുണ്ടിവിടെ, അന്നാ..." എന്ന്  ഹൃദയം നൊന്ത് ഡാനിയേൽ എഴുതിയത് വായിച്ച രാത്രികളിൽ അന്നയും മക്കളെക്കെട്ടിപ്പിടിച്ചുകിടന്നുകൊണ്ട് ഒച്ചയുണ്ടാക്കാതെ കരഞ്ഞു. "നിന്റെ മറുപടികളാണ് അന്നാ, എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്" എന്നും ഡാനിയേൽ ഒരു കത്തിൽ കുറിച്ചു.

ഡാനിയേൽ എഴുതിയ ചില കത്തുകളിൽ വരികൾ ആരെയും കരയിക്കുന്നതാണ്. ഒരിക്കൽ അയാൾ ഇങ്ങനെ എഴുതി, "അന്നാ, ഇവിടെ ഈ ജയിലിലെ സെല്ലിൽ രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ പലതുമിങ്ങനെ തികട്ടി വരും. പലതും ഓർക്കുമ്പോൾ സങ്കടം വരും. ജീവിതം വേണ്ടുംവിധം ജീവിച്ചു കൊതി തീർന്നില്ലല്ലോ എന്ന സങ്കടം. കഴിഞ്ഞുപോയ പല സന്ദർഭങ്ങളിലും ഞാൻ ചെയ്തതും പറഞ്ഞതും പലതും ശരിയായിരുന്നില്ലലോ എന്ന സത്യം അപ്പോൾ ഞാൻ തിരിച്ചറിയും. അന്നൊരിക്കൽ, ദാരിയോയും വിറ്റോറിയോയും കളിയ്ക്കാൻ പോയി, കരഞ്ഞു വിളിച്ചു കൊണ്ട് തിരിച്ചു വന്ന നാൾ നീ ഓർക്കുന്നുണ്ടോ അന്നാ? അടുത്ത ലൈനിൽ താമസിക്കുന്ന ആ സ്ത്രീ അവരെ "യഹൂദപ്പന്നികൾ" എന്ന് വിളിച്ചതിനായിരുന്നില്ലേ അന്നവർ കരഞ്ഞത്? അവരെ ഒന്നാശ്വസിപ്പിക്കുകയല്ലല്ലോ ഞാൻ അന്ന് ചെയ്തത്? അവർക്ക് ചുട്ടമറുപടി കൊടുത്ത് വരാഞ്ഞതെന്ത് എന്നുവരെ ശാസിക്കയല്ലേ? അവർക്ക് എന്ത് വിഷമമായിക്കാണും ഞാൻ അന്നുവരെ ചീത്തപറഞ്ഞപ്പോൾ. എന്റെ മക്കളോട് ഞാനതിന് മാപ്പുപറഞ്ഞതായി നീ അവരെ അറിയിക്കണം അന്നാ. എനിക്ക് ചിലപ്പോൾ നേരിട്ടുവന്നത് ഇനിയെന്നെങ്കിലും അവരോട് പറയാൻ, ഒരുപക്ഷേ ആയെന്നു വരില്ല. ഇന്ന് തന്നെ പറയണം നീ."

"അച്ഛന് അന്നത്തെ സംഭവം വല്ലാത്ത മനഃപ്രയാസം പിന്നീടുണ്ടാക്കിയിരുന്നു. വല്ലാത്ത പശ്ചാത്താപവും" ദാരിയോ പറഞ്ഞു. മക്കളോടുള്ള ഡാനിയേലിന്റെ സ് നേഹവും കത്തുകളിൽ അണപൊട്ടി ഒഴുകിയിരുന്നു. ഒരു ദിവസം കത്തിനുള്ളിൽ അടക്കം ചെയ്ത നിലയിൽ 200 ലയർ അന്നയെ തേടിയെത്തി. 'ദാരിയോക്കും വിറ്റോറിയോക്കും പിറന്നാളിന് പുതിയ കുപ്പായം വാങ്ങിക്കൊടുക്ക് അന്നാ...' എന്നായിരുന്നു കത്തിൽ.

കൊറോണിയോ ജയിലിന്റെ അടുത്തായി ഒരു ബഹുനിലക്കെട്ടിടമുണ്ടായിരുന്നു. തടവുകാരെ അവിടെ ഇടക്കൊക്കെ നടത്താൻ കൊണ്ടുപോകും. ഒരിക്കൽ അന്ന ദാരിയോയെയും കൊണ്ട് ആ കെട്ടിടത്തിന്റെ മട്ടുപ്പാവിൽ കയറി നിന്നു. മുറ്റത്തുനിന്ന് നോക്കിയ ഡാനിയേൽ എങ്ങനെയോ അവരെ കണ്ടു, കൈവീശിക്കാട്ടി. അടുത്ത കത്തിൽ അയാൾ ഇങ്ങനെ എഴുതി, "എന്തേ അന്നാ, നീ വിറ്റോറിയോയെ കൊണ്ടുവരാഞ്ഞത്. അവനെക്കൂടി അടുത്ത തവണ കൂടെക്കൂട്ടൂ, ഒന്ന് കണ്ടിട്ടെത്ര നാളായി മോനെ..."

എട്ടുമാസമാക്കാൻ ഡാനിയേൽ കൊറോണിയോയിൽ കഴിച്ചു കൂട്ടിയത്. അപ്പന്റെ അപ്‌ഹോള്‍‌സ്‌റ്ററിയിലെ കരവിരുതാണ് മറ്റുള്ളവരൊക്കെയും ഓഷ്‌വിറ്റ്‌സിലേക്ക് പറഞ്ഞുവിട്ടിട്ടും ഇത്രയും നാൾ അയാളെമാത്രം പറഞ്ഞയക്കാതിരുന്നത്. ."അച്ഛൻ കർട്ടനും, കുഷ്യൻ ചെയറുകളും, കിടക്കകളും, സോഫകളും ഒക്കെ നിഷ്പ്രയാസം നിർമിച്ചിരുന്നു. അറസ്റ്റു ചെയ്ത് അവർ കൊണ്ടുപോകും മുമ്പ് ആളുകൾക്ക് വർക്കിന്റെ പേരിൽ എന്തൊരു ബഹുമാനം ഉണ്ടായിരുന്ന ആളായിരുന്നു അച്ഛൻ എന്നറിയാമോ?" ദാരിയോ ചോദിക്കുന്നു. ജയിലിലെ വാർഡനും, ഡയറക്ടറും, ഗാർഡുമാരും ഒക്കെ ഡാനിയേലിനെക്കൊണ്ട് അവരുടെ വീട്ടിലേക്കു വേണ്ട പലതും ഉണ്ടാക്കിപ്പിച്ചു. തുടക്കത്തിലൊക്കെ കൊറോണിയോയിൽ കിടക്കുമ്പോൾ, തനിക്കു ശേഷം വന്നവർ തന്നെക്കാൾ മുമ്പേ പോകുന്നത് കാണുമ്പൊൾ ഡാനിയേലിന് അമർഷം തോന്നുമായിരുന്നു. "ഇവരെയൊക്കെ പറഞ്ഞുവിട്ടിട്ടും എന്തിനാണിവർ എന്നെമാത്രം ഇവിടെ പിടിച്ചു വെച്ചിരിക്കുന്നത്? " എന്നയാൾ സങ്കടപ്പെട്ടിരുന്നു. എന്നാൽ, തന്റെ സഹതടവുകാരിൽ പലരും അങ്ങനെ 'നേരത്തെ' പോയിരുന്നത് തങ്ങളുടെ മരണത്തിലേക്കാണ് എന്ന് ഏറെ വൈകി മാത്രമാണ് അയാൾ അറിയുന്നത്. കൃത്യമായി പറഞ്ഞാൽ, 1944 സെപ്തംബറിൽ ഓഷ്വിറ്റ്സിലേക്കുള്ള ട്രെയിനിൽ കയറ്റി ഡാനിയേലിനെയും ഭാര്യാപിതാവിനെയും, മാതാവിനെയും പറഞ്ഞുവിട്ടപ്പോഴാണ് അദ്ദേഹം അത് തിരിച്ചറിഞ്ഞത്.

ഓഷ്‌വിറ്റ്‌സിൽ കിടന്നു തങ്ങളുടെ അപ്പൂപ്പനും അമ്മൂമ്മയും മരിച്ച കാര്യം ദാരിയോയും വിറ്റോറിയോയും അറിഞ്ഞിരുന്നു. എന്നാൽ, അച്ഛന് പിന്നെന്തുപറ്റി എന്നവർക്ക് അറിയില്ല സത്യത്തിൽ. ആരും അവരെ ഒരുവിവരവും അതേപ്പറ്റി പിന്നീട് അറിയിച്ചതേയില്ല. യുദ്ധം അവസാനിച്ചശേഷം ഏറെ നാൾ സ്വന്തം ഭർത്താവിനെ തിരഞ്ഞു നടന്നു അന്ന. പക്ഷേ, കണ്ടുകിട്ടിയില്ല. ഓഷ്‌വിറ്റ്‌സിൽ നിന്നു പുറപ്പെട്ട ഏതെങ്കിലുമൊരു 'ഡെത്ത് മാർച്ചി'ന്റെ കൂട്ടത്തിൽ നടന്നു നടന്ന് എവിടെയെങ്കിലും വെച്ച് ഡാനിയേൽ മരിച്ചു വീണിട്ടുണ്ടാകാം എന്നും അജ്ഞാതമായ മൃതദേഹങ്ങളുടെ കൂട്ടത്തിൽ മറവുചെയ്യപ്പെട്ടിട്ടുണ്ടാകാം എന്നും അവർ കരുതുന്നു. യുദ്ധം കഴിഞ്ഞ്, പിന്നെയും അഞ്ചുവർഷക്കാലം ഏറെ പ്രതീക്ഷയോടെ ജർമനിയിൽ തന്നെ കഴിഞ്ഞ ശേഷം, ഭർത്താവ് മരിച്ചു എന്ന് ഏറെക്കുറെ ഉറപ്പായ ശേഷം മാത്രമാണ് അന്നയും മക്കളും ഇസ്രായേലിലേക്ക് കുടിയേറിപ്പാർത്തത്‌. ആ യാത്രയിൽ അന്നയ്ക്ക് കൂട്ട്, ഭർത്താവ് തടവറയിൽ കിടന്നു തനിക്കെഴുതിയ എഴുത്തുകൾ മാത്രമായിരുന്നു.

മക്കൾ കാണാതെ അന്ന പിന്നെയും പലപ്പോഴും ആ കത്തുകൾ എടുത്ത് പൊടിതട്ടി വായിച്ചു. നെഞ്ചോടടക്കിപ്പിടിച്ച് നേർത്ത സ്വരത്തിൽ നിലവിളിച്ചു. അമ്മയെ വിഷമിപ്പിക്കരുതല്ലോ എന്നുകരുതി മക്കൾ പിന്നീടൊരിക്കലും "അച്ഛനെന്തു പറ്റി അമ്മാ ?" എന്ന ചോദ്യവുമായി അന്നയുടെ മുന്നിലേക്ക് ചെന്നില്ല. മക്കളുടെ സ്‌കൂളിൽ ഫാമിലി ട്രീ പ്രോജക്റ്റ് വന്നപ്പോൾ പോലും അവർ അന്നയെ വിഷമിപ്പിക്കാതിരിക്കാൻ ശ്രമിച്ചു.

2017 -ൽ മൈ ഹെറിറ്റേജ് എന്ന സംഘടനയുടെ ഗവേഷകർ കണ്ടെടുത്തില്ലായിരുന്നു എങ്കിൽ, ഡാനിയേൽ അന്നയ്ക്കും മക്കൾക്കും എഴുതിയ ആ വൈകാരികമായ കത്തുകൾ ഒരു പക്ഷേ ആ കുടുംബത്തിൽ തന്നെ ഒതുങ്ങി നിന്നേനെ. എന്നാൽ, ഹോളോകോസ്റ്റ് ചരിത്രത്തിന്റെ ഭാഗമാകാൻ തന്നെയായിരുന്നു ആ കത്തുകളുടെ നിയോഗം. "ചരിത്രപരമായി നോക്കിയാൽ ഒരു അക്ഷയഖനിയാണ് ഈ കത്തുകൾ. ഇതുപോലെ സ്പന്ദിക്കുന്നൊരു അനുഭവചരിത്രം മറ്റെവിടെനിന്നും ഞങ്ങൾ ഇന്നോളം കണ്ടെടുത്തിട്ടില്ല" എന്നാണ് ഈ കത്തുകളെപ്പറ്റി മൈ ഹെറിറ്റേജിന്റെ ജെനിയോളജി റിസർച്ച് വിഭാഗം മേധാവി എലിസബത്ത് സെറ്റ് ലാൻഡ് പറഞ്ഞത്.

ജയിലിലെ നരകജീവിതത്തിനിടെ ദിവസത്തിൽ ഒരു കത്തെങ്കിലും വെച്ച് ഡാനിയേൽ അന്നയ്ക്ക് എഴുതിയിട്ടുണ്ട്. അവസാനമായി എഴുതിയ കത്തുകളിൽ ഒന്നിൽ ഡാനിയേൽ അന്നയ്ക്ക് ഇങ്ങനെ എഴുതി. " അന്നാ, നിനക്കും മക്കൾക്കും സുഖമെന്ന് കരുതുന്നു. ഇവിടെ എനിക്ക് സുഖം തന്നെ. ഇവിടെ എന്റെ ഈ പ്രിസൺ സെല്ലിൽ, എന്നും രാത്രി ഞാൻ കിടന്നുറങ്ങും മുമ്പ് ദൈവത്തെ വിളിച്ച് കരഞ്ഞു പറയുന്നതെന്തെന്ന് നിനക്കറിയുമോ അന്നാ?, 'മരിച്ചുപോകും മുമ്പ് ഒരിക്കൽ, ഒരൊറ്റവട്ടം എന്റെ അന്നയെയും മക്കളെയും ഒന്ന് നേരിൽ കാണാൻ, അവരെ ഒന്ന് കെട്ടിപ്പിടിച്ചുമ്മവെക്കാൻ എന്നെ അനുവദിക്കണേ ദൈവമേ...' എന്ന്. "


 

click me!