Latest Videos

നേരത്തെ സമൂഹത്തില്‍ നിന്നും പുറത്താണ്, ഇപ്പോള്‍ പട്ടിണിയിലും; ബംഗ്ലാദേശില്‍ 'ചുവന്ന തെരുവി'ലെ ജീവിതം...

By Web TeamFirst Published Jun 30, 2020, 3:41 PM IST
Highlights

12 ഏക്കറിലായിട്ടുള്ള സ്ഥലത്ത് 1500 -നടുത്ത് സ്ത്രീകളും പെണ്‍കുട്ടികളും താമസിക്കുന്നു. ജനസാന്ദ്രത കൂടുതലുള്ള ഈ സ്ഥലത്ത് ചെറിയ ചെറിയ കടകളും മറ്റുമുണ്ട്. 

വെറും പതിനാലാമത്തെ വയസ്സിലാണ് നോഡി ആ 'ചുവന്ന തെരുവി'ല്‍ എത്തിച്ചേരുന്നത്. അവിടേക്കാണ് ആ യാത്ര എന്നറിയാതെയായിരുന്നു അവള്‍ പുറപ്പെട്ടത്. വിവാഹിതയും ഒരു ചെറിയ കുഞ്ഞിന്‍റെ അമ്മയുമായിരുന്നു ആ സമയത്തവള്‍. വീട്ടില്‍നിന്നും മുങ്ങിയ ഭര്‍ത്താവിന് വേണ്ടിയുള്ള തെരച്ചിലിനിടയിലാണ് അവള്‍ ചതിയിലകപ്പെടുന്നത്. ആ അന്വേഷണത്തിനിടയില്‍ അവള്‍ ഒരു ഡ്രൈവറെ കണ്ടുമുട്ടുകയായിരുന്നു. അയാള്‍ സഹായിക്കാമെന്ന് പറഞ്ഞ് അവള്‍ക്കൊപ്പം കൂടി. എന്നാല്‍, അയാള്‍ പെട്ടെന്നുതന്നെ ഒരു ബ്രോക്കറായിത്തീരുകയും അവളെ വില്‍ക്കുകയും ചെയ്‍തു കളഞ്ഞു. ദൗലത്ത് ദിയയിലേക്കാണ് അവളെ അയാള്‍ കൊണ്ടുചെന്നിട്ടത്. ബംഗ്ലാദേശിലെ ലൈംഗികത്തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമാണിത്. 'ഞാന്‍ ചതിക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നു...' നോഡി പറയുന്നു. 

എന്നാല്‍, അവളുടെ ഭര്‍ത്താവും വീട്ടുകാരും സംഭവിച്ചതെല്ലാം അറിഞ്ഞിരുന്നു. അവളെ സഹായിക്കുന്നതിന് പകരം കയ്യൊഴിയുകയായിരുന്നു അവര്‍ ചെയ്‍തത്. ഇപ്പോള്‍ ഒരു പതിറ്റാണ്ടെങ്കിലും ആയിക്കാണും അവള്‍ അവിടെ ലൈംഗികത്തൊഴിലാളിയായി കഴിയാന്‍ തുടങ്ങിയിട്ട്. കൊവിഡ് 19 -നെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവളാകെ പട്ടിണിയിലുമായി. ഈ മഹാമാരി കാരണം തങ്ങള്‍ക്ക് ജോലി ഇല്ലെന്നും പ്രശ്‍നത്തിലാണെന്നും നോഡി പറയുന്നു. മാര്‍ച്ച് അവസാനത്തിലാണ് ബംഗ്ലാദേശില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. സ്ഥാപനങ്ങളും പൊതുഗതാഗതങ്ങളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. അതിനൊപ്പം തന്നെ ലൈംഗികത്തൊഴിലാളികള്‍ താമസിക്കുന്ന ആ പ്രദേശവും അടക്കേണ്ടി വന്നു. പുറമേനിന്ന് ആരും അങ്ങോട്ട് പ്രവേശിക്കരുത്. (2000 മുതല്‍ ലൈംഗികത്തൊഴില്‍ ബംഗ്ലാദേശില്‍ നിയമവിധേയമാണ്.)

 

'ഞങ്ങളുടെ പ്രദേശം അടച്ചിട്ടിരിക്കുകയാണ്. പുറത്തുനിന്നുള്ള ഒരാളെയും നാം അകത്തേക്ക് കടക്കാനനുവദിക്കുന്നില്ല. ഇപ്പോള്‍, ലൈംഗികത്തൊഴിലാളികള്‍ക്ക് വരുമാനം നിലച്ചിരിക്കുകയാണ്' എന്ന് ബംഗ്ലാദേശി ചാരിറ്റി മുക്തി മഹിളാ സമിതി (Free Woman Union) എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൊര്‍ജിന ബീഗം പറയുന്നു. ബീഗം നേരത്തെ ഒരു ലൈംഗികത്തൊഴിലാളി ആയിരുന്നു. ഇപ്പോള്‍ സര്‍ക്കാരും പൊലീസും എന്‍.ജി.ഒ -കളും തന്‍റെ സംഘടനയുമൊക്കെയാണ് അവര്‍ക്ക് ആശ്വാസമാകുന്നതെന്നും അവര്‍ പറയുന്നു. എന്നാല്‍, ഇവിടെയുള്ള സ്ത്രീകള്‍ വേണ്ടത്ര സഹായമെത്തിക്കാന്‍ അതൊന്നും പര്യാപ്‍തമല്ല എന്ന് സ്ത്രീകള്‍ പറയുന്നതായി സിഎന്‍എന്‍ എഴുതുന്നു. 

12 ഏക്കറിലായിട്ടുള്ള സ്ഥലത്ത് 1500 -നടുത്ത് സ്ത്രീകളും പെണ്‍കുട്ടികളും താമസിക്കുന്നു. ജനസാന്ദ്രത കൂടുതലുള്ള ഈ സ്ഥലത്ത് ചെറിയ ചെറിയ കടകളും മറ്റുമുണ്ട്. അവിടെയുള്ള നിരവധി സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. ഗവേഷകര്‍ പറയുന്നത് നിലവില്‍ അഞ്ഞൂറോളം കുട്ടികള്‍ അവിടെയുണ്ടെന്നാണ്. അതില്‍ത്തന്നെ മുന്നൂറോളം കുട്ടികള്‍ ആറ് വയസ്സില്‍ താഴെയുള്ളവരാണ് എന്നും. ഞങ്ങള്‍ക്ക് ഭക്ഷണം പോലും കിട്ടുന്നില്ല. ഇതിങ്ങനെ തുടര്‍ന്നുപോയാല്‍ കുഞ്ഞുങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് നോഡി പറയുന്നു. ആ കുഞ്ഞുങ്ങളില്‍ പലരും അമ്മമാരുടെ ജീവിതത്തിന്‍റെ ഭാഗമായിരിക്കാന്‍ ആഗ്രഹിക്കാത്തവരാണ്. നോഡിയുടെ മകന് ഇപ്പോള്‍ 11 വയസ്സായി. എന്നാല്‍, അവളുടെ ഭര്‍ത്താവിന്‍റെ സഹോദരങ്ങള്‍ക്കൊപ്പമാണ് അവന്‍ വളരുന്നത്. അവന്‍റെ ഭാവിക്ക് അതുതന്നെയാണ് നല്ലതെന്നും നോഡി പറയുന്നു. 'ഞങ്ങളുടെ മക്കള്‍ ഞങ്ങളില്‍ നിന്നകന്ന് ദൂരെ കഴിയുന്നതാണ് ഞങ്ങള്‍ക്കിഷ്‍ടം. അങ്ങനെ അവര്‍ നല്ല മനുഷ്യരായി വളരുമല്ലോ' എന്നും നോഡി പറയുന്നു. 

ഓരോ ദിവസവും ആ പ്രദേശം സന്ദര്‍ശിക്കുന്നത് ഏകദേശം മൂവായിരത്തോളം പേരാണ്.  ദൗലത്ത് ദിയയില്‍ നിര്‍ത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍, ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരൊക്കെയാണ് അതില്‍ പലരും. വൈകുന്നേരമാകുന്നതോടെ സ്ത്രീകളും പെണ്‍കുട്ടികളും പുരുഷന്മാര്‍ നടന്നുവരാറുള്ള വഴിയരികില്‍ വന്നുനില്‍ക്കും. സംസാരിച്ച് എല്ലാം ഉറപ്പിച്ച് കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് അവിടെയുള്ള ഏതെങ്കിലും ഒരു ചെറിയ മുറിയിലേക്ക് പോകാം. മുറിയില്‍ ഒരു ബെഡ്ഡും ഒരു വാര്‍ഡ്രോബും ഉണ്ടാവും. ശാരീരികബന്ധം മാത്രമാണ് ആവശ്യമെങ്കില്‍ 150 രൂപയും ഒരു രാത്രി മുഴുവന്‍ കഴിയണമെങ്കില്‍ 1500 രൂപയും നല്‍കണം. 'നേരത്തെ ഒരു ദിവസം ചിലപ്പോള്‍ 4500 രൂപയൊക്കെ സമ്പാദിക്കുമായിരുന്നു, എന്നാല്‍ ചിലദിവസം 150 രൂപയൊക്കെയേ കിട്ടൂ, ചിലദിവസം ഒന്നും കിട്ടിയെന്നും വരില്ല. ഇപ്പോഴാകട്ടെ എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുകയാണ്' എന്നും അവള്‍ പറയുന്നു. അവിടെത്താമസിക്കുന്ന ഓരോ സ്ത്രീകളും/പെണ്‍കുട്ടികളും അവിടെ വാടക നല്‍കണം. ബ്രോക്കര്‍ വഴി എത്തുന്ന ഓരോ പെണ്‍കുട്ടികളും അയാള്‍ക്ക് കൊടുക്കുന്ന തുകപോലും തിരിച്ചടക്കാന്‍ വിധിക്കപ്പെട്ടവരാണ്. 

2018 -ല്‍ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ സൊസൈറ്റി ഫോര്‍ എന്‍വയോണ്‍മെന്‍റ് ആന്‍ഡ് ഹ്യുമന്‍ ഡെവലെപ്മെന്‍റ് നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത് അവര്‍ പഠനം നടത്തിയ 135 ലൈംഗികത്തൊഴിലാളികളില്‍ 80 പേരും ചതിയിലൂടെയോ അല്ലെങ്കില്‍ മനുഷ്യക്കടത്തിന്‍റെയോ ഭാഗമായി അവിടെയെത്തിയവരാണ് എന്നാണ്. ആ പ്രദേശത്തെ അവസ്ഥ വളരെ മോശമാണ് എന്നും അവര്‍ക്കിവിടെ ചൂഷണം അനുഭവിക്കേണ്ടി വരുന്നുവെന്നും സംഘടനയുടെ ഡയറക്ടറായ ഗെയിന്‍ പറയുന്നു. പല പെണ്‍കുട്ടികളെയും അവിടെയെത്തിച്ചിരിക്കുന്നത് നല്ല ശമ്പളത്തിന് ഫാക്ടറിയില്‍ ജോലി ശരിപ്പെടുത്തിത്തരാമെന്ന് പറഞ്ഞോ അല്ലെങ്കില്‍ നിര്‍ബന്ധിച്ചോ ആണ്. ഒരിക്കല്‍ അവിടെ എത്തിപ്പെട്ടാല്‍ രക്ഷപ്പെട്ട് പോരുക പ്രയാസമാണെന്നും ഗെയിന്‍ പറയുന്നു. 

കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരുന്നൂറിലധികം പെണ്‍കുട്ടികളെ ബ്രോക്കര്‍മാര്‍ ഇങ്ങോട്ട് കടത്തിക്കൊണ്ടുവന്ന് വിറ്റിട്ടുണ്ട് എന്ന് ബംഗ്ലാദേശ് ലീഗല്‍ എയ്‍ഡ് ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് കോര്‍ഡിനേറ്റര്‍ ശിപ്ര ഗോസ്വാമി പറയുന്നു. ഇവരുടെ ഓര്‍ഗനൈസേഷന്‍ ഇവിടെനിന്നും പെണ്‍കുട്ടികളെ രക്ഷിക്കുകയും ആവശ്യമെങ്കില്‍ നിയമസഹായവും അഭയവും നല്‍കുകയും ചെയ്യുന്നുണ്ട്. കഴിയാവുന്നവരെയൊക്കെ വീട്ടുകാരുമായി ഒരുമിപ്പിക്കുകയും ചെയ്യുന്നു ഇവര്‍. അവര്‍ രക്ഷിച്ചു പുറത്തുകൊണ്ടുവന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും 12-16 വയസ്സിനിടയിലുള്ളവരാണ്. ഇവിടെയുള്ളവര്‍ സമൂഹത്തില്‍ നിന്നും പരിഹസിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നവരാണ്. കൊവിഡ് 19 മഹാമാരി കൂടി വന്നതോടെ അവരുടെ അവസ്ഥ കൂടുതല്‍ ദയനീയമായിരിക്കുകയാണ് എന്നും ശിപ്ര ഗോസ്വാമി പറയുന്നു. 

എന്നാല്‍, ഇവിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളൊന്നും തന്നെയില്ല എന്നാണ് ലോക്കല്‍ പൊലീസ് ചീഫ് ആഷിഖുര്‍ റഹ്മാന്‍ പറയുന്നത്. ജനുവരിയില്‍ താന്‍ സ്റ്റേഷനില്‍ ജോയിന്‍ ചെയ്‍തിനുശേഷം മൂന്ന് മനുഷ്യക്കടത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അവിടെയുള്ള സ്ത്രീകളോട് നിര്‍ബന്ധപൂര്‍വമാണോ എത്തിയത് എന്ന് അന്വേഷിച്ചിരുന്നതായും അല്ല എന്നാണ് മറുപടി ലഭിച്ചിരുന്നത് എന്നും പൊലീസ് ചീഫ് പറയുന്നു. മേയ് 14 -ന് ഒരു ചാരിറ്റി സംഘടന വിതരണം ചെയ്‍ത സാധനങ്ങള്‍ വാങ്ങുന്നതിനായി നിരവധിപ്പേരാണ് മഴപോലും വകവയ്ക്കാതെ അവിടെയെത്തിച്ചേര്‍ന്നത്. 

ഇതുവരെ ഇവിടെ കൊവിഡ് പൊസിറ്റീവ് കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാല്‍ പോലും എത്രമാത്രം സാമൂഹിക അകലം ഇവര്‍ക്ക് സൂക്ഷിക്കാനാവുമെന്നത് സംശയമാണ്. മാര്‍ച്ച് 28 -ന് ലോക്കല്‍ ഗവണ്‍മെന്‍റിന്‍റെ നേതൃത്വത്തില്‍ 1300 ഓളം സ്ത്രീകള്‍ക്ക് അവശ്യവസ്തുക്കളും സാനിറ്റൈസറുമെല്ലാം വിതരണം ചെയ്‍തിരുന്നു. അതുപോലെ ലോക്കല്‍ പൊലീസ് ഇവിടേക്ക് പുറമെനിന്നും ആരും വരാതെ നോക്കുന്നുണ്ട്. കൊവിഡില്‍ നിന്നും ഈ പ്രദേശത്തെ സംരക്ഷിക്കാനായിട്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു. പറ്റാവുന്ന സഹായങ്ങള്‍ നല്‍കുന്നുണ്ട് എന്നും എന്നാല്‍ അതൊക്കെ അപര്യാപ്‍തമാണെന്നും പൊലീസ് പറയുന്നുണ്ട്. നിലവില്‍ അവസ്ഥ മോശമാണെന്നും പൊലീസ് സമ്മതിക്കുന്നു. 

 

ഇവിടെനിന്നും പോവാന്‍ ഒരിടമില്ലാത്തവരോ ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ കാണാത്തവരോ ഒക്കെയാണ് ഇവിടെ ജീവിക്കുന്നത്. ഒരു ഇരുപത്തിരണ്ടുകാരി ജനിച്ചത് തന്നെ ഇവിടെയാണ്. എന്നാല്‍, പിന്നീട് അടുത്തുള്ള ഒരു ചാരിറ്റി സ്ഥാപനം അവളെ സുരക്ഷിതമായി നോക്കുകയും പഠിപ്പിക്കുകയും ചെയ്‍തു. എന്നാല്‍, പിന്നീട് അവള്‍ ധാക്കയിലേക്ക് വിവാഹം ചെയ്‍തുപോയി. പക്ഷേ, നാല് മാസങ്ങള്‍ക്കുശേഷം അവളുടെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും അവള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്‍തു. എന്നാല്‍, പിന്നീട് പോകാനൊരിടമില്ലാത്തതും സാമ്പത്തികപ്രയാസവുമെല്ലാം അവള്‍ എവിടെനിന്നാണോ രക്ഷപ്പെടാന്‍ ആഗ്രഹിച്ചത് അവിടെത്തന്നെ അവളെ എത്തിച്ചു. എന്നാല്‍, കുറച്ചു പണം ആയിക്കഴിഞ്ഞാല്‍ അവിടെനിന്നും രക്ഷപ്പെടണമെന്നും കുറച്ചു സ്ഥലം വാങ്ങി വീടുവെച്ച് ജീവിക്കണമെന്നും തീരുമാനിച്ചതാണ് അവള്‍. എന്നാല്‍, അവര്‍ ഗര്‍ഭിണിയാവുകയും അതിനെത്തുടര്‍ന്നുണ്ടായ ചില ആവശ്യങ്ങള്‍ക്ക് കടം വാങ്ങേണ്ടി വന്നതുമെല്ലാം അവളുടെ ജീവിതം പിന്നെയും പിന്നെയും അവിടെത്തന്നെ തുടരുന്നതിലേക്ക് നയിക്കുകയായിരുന്നു. 

അവളുടെ മകനും അമ്മയും തൊട്ടപ്പുറത്തെ മുറിയില്‍ താമസിക്കുന്നുണ്ട്. അവളെപ്പോലുള്ള നിരവധിപ്പേരാണ് അവിടെ കഴിയുന്നത്. കൊവിഡ് മഹാമാരി കൂടി വന്നതോടെ അവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായിരിക്കുകയാണ് എന്നും സിഎന്‍എന്‍ എഴുതുന്നു. ഇത് ബംഗ്ലാദേശിലെ മാത്രം അവസ്ഥയല്ല. ലോകത്താകമാനം ലൈംഗികത്തൊഴില്‍ ചെയ്‍ത് ജീവിക്കുന്നവര്‍ പട്ടിണിയിലും ദുരിതത്തിലുമാണ്. നേരത്തെ തന്നെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു ഇവര്‍ക്ക് ഈ മഹാമാരിക്കാലം കടന്നുകൂടുക വളരെ പ്രയാസമായിരിക്കും എന്നതില്‍ സംശയമില്ല.  

(സിഎന്‍എന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന് കടപ്പാട്. ദൗലത്ത് ദിയയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് കടപ്പാട് ഗെറ്റി ഇമേജസിന്) 

വായിക്കാം:

കൊവിഡ് 19 ബാധയുടെ ദുരിതം അങ്ങ് കൊൽക്കത്തയിലെ ചുവന്നതെരുവായ സോനാഗാഛിയിലും...

click me!