ഏഷ്യയിലെ ഏറ്റവും വലിയ റെഡ് ലൈറ്റ് ഏരിയയാണ് കൊൽക്കത്തയിലെ സോനാഗാഛി. ലൈംഗികത്തൊഴിലാളികളുടെ സേവനം തേടി വരുന്ന പുരുഷന്മാരുടെ സാന്നിധ്യം സോനാഗാഛിയുടെ തെരുവുകളെ സദാ ശബ്ദായമാനമാക്കുമായിരുന്നു. ഇന്ന് അവിടെ വല്ലാത്തൊരു ശ്മശാനമൂകത തളംകെട്ടിക്കിടക്കുകയാണ്. ഇന്ത്യയെ മുഴുവൻ ലോക്ക് ഡൗണിലാക്കിയ കൊറോണ വൈറസ് സോനാഗാഛിയെയും ആളൊഴിഞ്ഞതാക്കി മാറ്റി. നിയോൺവിളക്കുകളുടെ പ്രഭയിൽ തിളങ്ങി നിൽക്കുന്ന ഇവിടത്തെ ഉറക്കമില്ലാത്ത രാത്രികളിൽ ഇന്ന് ഈയാംപാറ്റകളല്ലാതെ മറ്റൊന്നുമില്ല. രാത്രി-പകൽ ഭേദങ്ങളൊന്നും തിരിച്ചറിയാത്ത അവസ്ഥയിലേക്ക് പോയിക്കഴിഞ്ഞു സോനാഗാഛി. 

ഈ ചുവന്നതെരുവിലെ ലൈംഗികത്തൊഴിലാളികൾ ഇന്ന് പട്ടിണിയിൽ ഉഴലുകയാണ്. അവിടെ സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളുടെ സംഘടനയായ ദൂർബാർ മോഹിളാ സൊമൻബ്വയ ഷോമിതി (DMSC) പറയുന്നത്, കൊവിഡ് 19 ബാധ സ്ഥിരീകരിച്ച്, ഇത്രയും ഭീതിയും പരന്ന്, രാജ്യം ലോക്ക് ഡൗണിൽ ആവും മുമ്പ് പ്രതിദിനം 35,000 - 40,000 പേരോളം സന്ദർശിച്ചു കൊണ്ടിരുന്ന സോനാഗാഛിയിൽ ഇന്ന് വന്നുപോകുന്നത് കഷ്ടി അഞ്ഞൂറോളം പേർ മാത്രമാണ് എന്നാണ്. സന്ദർശകരുടെ വരവിലുണ്ടായ ഈ ഇടിവ് ഇവിടെ താമസിച്ച് ലൈംഗികതൊഴിലിലൂടെ ഉപജീവനം നടത്തുന്ന സ്ത്രീകളെ വല്ലാത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. തൊഴിലിൽ ഏർപ്പെട്ടു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതം മാത്രമല്ല അവതാളത്തിലായത്. അവരെ ആശ്രയിച്ചു ജീവിക്കുന്ന ഏജന്റുമാർ, ഇവിടേക്ക് ആളുകളെ കൊണ്ടെത്തിക്കുന്ന റിക്ഷക്കാർ, ഈ തെരുവിൽ വരുന്നവർക്ക് സാധനങ്ങൾ വിറ്റു ജീവിക്കുന്ന പീടികക്കാർ തുടങ്ങി പലർക്കും ഇത് ക്ഷാമകാലമാണ്. 
 

 

ഈ പ്രദേശത്തെ കെട്ടിടങ്ങളുടെ വാടക വലിപ്പത്തിനനുസരിച്ച് അയ്യായിരം മുതൽ ഒരു ലക്ഷം വരെയാണ്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്ര വലിയ ഒരു പട്ടിണിക്കാലം ഈ റെഡ് ലൈറ്റ് ഏരിയയിലേക്ക് കടന്നുവന്നിരിക്കുന്നത്. പശ്ചിമ ബംഗാളിൽ ഏകദേശം അഞ്ചുലക്ഷത്തോളം ലൈംഗികത്തൊഴിലാളികളുണ്ട് എന്നാണ് കണക്ക്. അവരിൽ പതിനൊന്നായിരം പേരാണ് സോനാഗാഛി പ്രദേശത്ത് സ്ഥിരമായി പാർത്തുകൊണ്ട് ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നത്. " ജനങ്ങൾ കൊറോണയെ വല്ലാതെ ഭയപ്പെട്ടിരിക്കുകയാണ്. അവർക്ക് പുറത്തിറങ്ങുന്നതിനും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇങ്ങോട്ടാണ് എന്ന് പറഞ്ഞാൽ പൊലീസ് കടത്തിവിടില്ലല്ലോ. വഴിയിലെ പൊലീസിന്റെ തടസ്സങ്ങൾ മറികടന്നുകൊണ്ട് കഷ്ടിച്ച് അഞ്ഞൂറുപേർ വന്നാലായി. അവരിൽ തന്നെ ചുമയും പനിയും ഒക്കെയുള്ളവരെ കൊറോണ ഭയന്ന് ഞങ്ങൾ സ്വീകരിക്കാറില്ല." DMSC -യുടെ നേതാവ് വിശാഖാ ലസ്കർ ബിബിസിയോട് പറഞ്ഞു. 

" ഇവിടെ ഞങ്ങൾക്ക് വേണ്ടത്ര മാസ്കുകൾ കിട്ടുന്നില്ല. അതുമാത്രമല്ല, രോഗം പകരാതിരിക്കാൻ ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നും ആരും ബോധവൽക്കരണങ്ങൾ നടത്തുന്നില്ല" DMSC -യുടെ മറ്റൊരു പ്രവർത്തക മഹാശ്വേതാ മുഖർജി പറഞ്ഞു. പ്രദേശവാസികളായ ലൈംഗികത്തൊഴിലാളികളെ രോഗബാധയിൽ നിന്ന് സംരക്ഷിക്കാനും, അവർക്ക് പട്ടിണികിടക്കേണ്ടി വരുന്നില്ല എന്നുറപ്പിക്കാനും വേണ്ടത് ചെയ്യാൻ DMSC ശ്രമിക്കുന്നുണ്ട് എന്നും അതിന്റെ ഭാരവാഹികൾ പറഞ്ഞു. 

 

 

ഡോ. സമർജിത് ജാന ആണ് DMSC എന്ന പേരിൽ സോനാഗാഛിയിലെ ലൈംഗിക തൊഴിലാളികളെ ഒരു സംഘടനയ്ക്ക് കീഴിൽ ഒരുമിപ്പിച്ചത്.  അദ്ദേഹം പറയുന്നത് സോനാഗാഛിയുടെയോ കൊൽക്കത്തയുടെയോ ചരിത്രത്തിൽ ഇന്നോളം ഇത്രയും വലിയ ഒരു പ്രതിസന്ധിഘട്ടം നേരിടേണ്ടി വന്നിട്ടില്ല എന്നാണ്. " കാര്യം കഷ്ടമാണ് ഇവരുടെ. സ്ഥിതിഗതികൾ മെച്ചപ്പെടും വരെ ഇവർക്ക് ഒരു നിശ്ചിത സംഖ്യ ഭക്ഷണത്തിനും മറ്റുമായി നൽകണം എന്നാണ് എനിക്ക് പറയാനുള്ളത്. സർക്കാർ സഹായിച്ചില്ലെങ്കിൽ ചിലപ്പോൾ ഈ സ്ത്രീകൾ ലോക്ക് ഡൗൺ കഴിയുമ്പോഴേക്കും ഇവിടെ പട്ടിണികിടന്നു മരിച്ചു പോയെന്നുമിരിക്കും." അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീ ശിശു സംരക്ഷണ വകുപ്പ് മന്ത്രി ശശി പൻജയും അതിനുവേണ്ട നടപടികൾ കൈക്കൊള്ളും എന്നുതന്നെയാണ് പറയുന്നത്. 

ഇവിടെക്കിടന്നു കഷ്ടപ്പെട്ടുണ്ടാക്കിയ പണം നാട്ടിലയച്ചുകൊടുത്ത് അവിടെ മക്കളെയും അച്ഛനമ്മമാരെയും ഒക്കെ പുലർത്തുന്നവരും സോനാഗാഛിയിലുണ്ട്. ആ വീടുകളിലെ അടുപ്പുകൾ പുകയുന്നതും ഈ കൊവിഡ് ഭീതിക്കാലവും ലോക്ക് ഡൗണും ചേർന്ന് ഇല്ലാതാക്കുമെന്നാണ് തോന്നുന്നത്.