40 വർഷത്തിലധികമായി ആ മഞ്ഞിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നൊരാൾ, ആൾത്താമസമുള്ള പട്ടണം കിലോമീറ്ററുകളകലെ

By Web TeamFirst Published Feb 22, 2021, 4:52 PM IST
Highlights

അദ്ദേഹം ഒരു ക്യാബിനിലാണ് ഇപ്പോൾ താമസിക്കുന്നത്. അവിടെ ജീവിതം തികച്ചും വ്യത്യസ്തമാണ്. അടുത്തുള്ള പട്ടണത്തിൽ പോകണമെങ്കിൽ 10 മൈൽ ദൂരം പോകണം. 

നാമെല്ലാവരും ഇപ്പോൾ സാമൂഹിക അകലം പാലിക്കുകയും, വീടുകളിൽ പരമാവധി ഒറ്റപ്പെട്ടു കഴിയാൻ ശ്രമിക്കുകയുമാണല്ലോ. എന്നാൽ ബില്ലി ബാർ എന്ന 69 കാരൻ 40 വർഷത്തിലധികമായി ഇങ്ങനെ ഒറ്റപ്പെട്ട് കഴിയുകയാണ്. യു എസ്സിലെ ഒരു ഉപേക്ഷിക്കപ്പെട്ട ഖനി പട്ടണമായ ഗോതിക്കിലെ ഏക നിവാസിയാണ് അദ്ദേഹം. “ഞാൻ തന്നെയാണ് ഇവിടത്തെ മേയറും പൊലീസ് മേധാവിയും. എല്ലാ വർഷവും  ഞാൻ ഇവിടെ  തെരഞ്ഞെടുപ്പ് നടത്തുന്നു, മറ്റാരും ഇല്ലാത്തതുകൊണ്ടു ഞാൻ തന്നെ എന്നെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നു" അദ്ദേഹം പറഞ്ഞു. മഞ്ഞു മൂടിയ ആ മലനിരകളിൽ അദ്ദേഹം തനിച്ച് എന്താണ് ചെയ്യുന്നതെന്നൊരു സംശയം ആർക്കായാലും തോന്നാം? അദ്ദേഹം വർഷങ്ങളായി കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ശ്രദ്ധേയമായ കുറിപ്പുകൾ തയ്യാറാക്കുകയാണ്.  

കൊളറാഡോയിൽ ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് ഖനനനഗരങ്ങളുണ്ട്. അതിലൊന്നായ ഗോതിക് കൊളറാഡോ, എന്നാൽ ഇന്ന് അത് ജൈവശാസ്ത്ര ഗവേഷണത്തിനുള്ള ഒരു പ്രധാന കേന്ദ്രമാണ്. 1928 -ൽ ഡോ. ജോൺ ജോൺസനാണ് അവിടം വാങ്ങിയത്. അദ്ദേഹം അത് റോക്കി മൗണ്ടൻ ബയോളജിക്കൽ ലബോറട്ടറിയാക്കി മാറ്റി. ഇന്ന്, പ്രാദേശിക ആവാസവ്യവസ്ഥയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ചരിത്രപരമായ വിവരങ്ങൾ സംരക്ഷിക്കുന്ന ഇടമാണ് ആ ലാബ്. ഒരു വേനൽക്കാലം മാത്രം ചെലവഴിക്കാനായിരുന്നു   ഗവേഷണ വിദ്യാർത്ഥിയായ ബില്ലി ഗോതിക്കിൽ എത്തിയത്. 1972 ൽ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിൽ 21 വയസ്സുള്ള പരിസ്ഥിതി ശാസ്ത്ര വിദ്യാർത്ഥിയായിരുന്നു അദ്ദേഹം അപ്പോൾ. ഗോതിക്കിന്റെ റോക്കി മൗണ്ടൻ ബയോളജിക്കൽ ലാബിൽ കിഴക്കൻ നദിയിലെ ജലത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പഠിക്കാനായിരുന്നു ബില്ലി വന്നത്. അവിടത്തെ പർവതങ്ങളും, ഗോതിക്കിലെ ശാന്തമായ ജീവിതവും അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു.

അവസാന സെമസ്റ്റർ പൂർത്തിയാക്കിയ ശേഷം ബില്ലി ഗോതിക്കിൽ സ്ഥിരതാമസത്തിനായി വന്നു. ആദ്യത്തെ ശൈത്യകാലം ഒരു കൂടാരത്തിലാണ് അദ്ദേഹം ചെലവിട്ടത്. തണുപ്പ് അധികമായപ്പോൾ, ഗോതിക് പർവതത്തിന്റെ അടിത്തട്ടിൽ ഉപേക്ഷിക്കപ്പെട്ട ഖനനശാലയിലേക്ക് അദ്ദേഹം മാറി. പിന്നീടുള്ള കുറെ വർഷം അതായിരുന്നു ബില്ലിന്റെ വീട്. പൊട്ടിപ്പൊളിഞ്ഞ തടി ചുമരുകളും അഴുക്കു തറയുമുള്ള അവിടെ നീണ്ടതും പ്രയാസമേറിയതുമായ തണുപ്പുകാലം അദ്ദേഹം ചെലവഴിച്ചു. തണുപ്പിനേക്കാളും അദ്ദേഹത്തെ അലട്ടിയത്, വിരസതയായിരുന്നു. സമയം കളയാനായി അദ്ദേഹം ഹിമത്തിന്റെ അളവും, കാലാവസ്ഥ വ്യതിയാനവും, അവിടെ കാണപ്പെടുന്ന മൃഗങ്ങളുടെ ആവാസവ്യവസ്ഥയെയും കുറിച്ച് പഠിക്കാൻ തുടങ്ങി. ഓരോ നിരീക്ഷണവും അദ്ദേഹം തന്റെ നോട്ട്ബുക്കിൽ രേഖപ്പെടുത്തി. ഒരു തമാശയ്ക്ക് തുടങ്ങിയത് പിന്നീട് വളരെ ഗൗരവമുള്ള ഒരു ജോലിയായി മാറി. 40 വർഷത്തിനുശേഷം, കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞർക്കായി അദ്ദേഹത്തിന്  ശ്രദ്ധേയമായ ഒരു സുപ്രധാന ഡാറ്റാബേസ് തയ്യാറാക്കാൻ സാധിച്ചു.  

കാലാവസ്ഥാ വ്യതിയാനത്തെയും ആഗോളതാപനത്തെയും കേന്ദ്രീകരിച്ചുള്ള ഡസൻ കണക്കിന് ഗവേഷണ പ്രബന്ധങ്ങളിൽ അദ്ദേഹത്തിന്റെ കുറിപ്പുകളും പ്രത്യക്ഷപ്പെട്ടു. റോസ്മേരി കരോൾ പോലുള്ള ഹൈഡ്രോളജിസ്റ്റുകൾക്ക് കൊളറാഡോ നദിയിലേക്ക് ഒഴുകുന്ന ഒരു ഭൂഗർഭജല സംവിധാനം ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ ഡാറ്റയും മറ്റ് ഉറവിടങ്ങളും സഹായിച്ചു. ഇത് നാൽപത് ദശലക്ഷത്തിലധികം ആളുകൾക്ക് സഹായമായി. കാലാവസ്ഥാ വ്യതിയാനത്തെയും ആഗോളതാപനത്തെയും കുറിച്ചുള്ള ചില അമ്പരപ്പിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബില്ലിന്റെ ദീർഘകാല ചരിത്രരേഖകൾക്ക് കഴിയുന്നു. ഇപ്പോൾ ബില്ലി ഒരു പർവത മനുഷ്യനെന്നതിലുപരി, ഒരു പ്രാദേശിക ഇതിഹാസമായിട്ടാണ് അറിയപ്പെടുന്നത്.

അദ്ദേഹം ഒരു ക്യാബിനിലാണ് ഇപ്പോൾ താമസിക്കുന്നത്. അവിടെ ജീവിതം തികച്ചും വ്യത്യസ്തമാണ്. അടുത്തുള്ള പട്ടണത്തിൽ പോകണമെങ്കിൽ 10 മൈൽ ദൂരം പോകണം. ശൈത്യകാലത്ത് റോഡ് അടക്കും. അപകടകരമായ ഹിമ പ്രദേശങ്ങളിലൂടെ ഒരു നടപ്പാത മാത്രമായിരിക്കും ഉണ്ടാവുക. യാത്ര ചെയ്യാൻ കാറോ മറ്റ് വാഹനങ്ങളോ ഒന്നും ഉണ്ടാകില്ല. പകരം സ്കീ ചെയ്താണ് സാധനങ്ങളും മറ്റും വാങ്ങാൻ പോകുന്നത്. ക്യാബിനിൽ സോളാർ പാനലുകളും പച്ചക്കറികൾക്കുള്ള ഹരിതഗൃഹവും തന്റെ പ്രിയപ്പെട്ട ബോളിവുഡ് ചിത്രങ്ങൾ കാണുന്നതിന് പ്രൊജക്ടറുള്ള തിയേറ്റർ റൂമും അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. മഞ്ഞുവീഴ്ച രേഖപ്പെടുത്താൻ അദ്ദേഹം ദിവസവും വെളിച്ചം വീഴുന്നതിന് മുൻപേ എഴുന്നേൽക്കുന്നു. അദ്ദേഹത്തിന്റെ ഈ പരിശ്രമത്തിന്റെ അംഗീകാരമായി എൻഡ് ഓഫ് സ്നോ എന്ന പേരിൽ ഒരു ഡോക്യുമെന്ററി നിർമ്മിച്ചിട്ടുണ്ട്. കൂടാതെ, ആ ലാബിലെ ഒരു കെട്ടിടത്തിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്, ബില്ലി ബാർ കമ്മ്യൂണിറ്റി സെന്റർ.


 

click me!