11 -ാം വയസ്സില്‍ വിവാഹം, ഗര്‍ഭം ധരിക്കണമെന്ന് ഭര്‍ത്താവിന്‍റെ ശാഠ്യം, ഒടുവില്‍ വിവാഹമോചനത്തിനായി പോരാട്ടം

By Web TeamFirst Published Sep 23, 2020, 12:02 PM IST
Highlights

വിവാഹമോചനത്തിനായി ഒരുപാട് പോരാടി അന്ന് രുഖ്മബായി. എന്നാല്‍, കോടതി ഒരിക്കലും അവളുടെ വിവാഹമോചനം അംഗീകരിച്ചില്ല. കോടതിയില്‍ തോല്‍ക്കാനായിരുന്നു അവളുടെ വിധി. 

1864 -ല്‍ മഹാരാഷ്ട്രയിലാണ് രുഖ്മബായി റൗട്ട് ജനിച്ചത്. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടര്‍മാരിലൊരാളായിരുന്നു രുഖ്മാബായി. ഫെമിനിസ്റ്റും ഡോക്ടറും ഒക്കെയായിരുന്നുവെങ്കിലും ചരിത്രത്തില്‍ അവര്‍ അടയാളപ്പെടുത്തപ്പെട്ടത് വേറൊരു കാര്യത്തിന് കൂടിയായിരുന്നു. വിവാഹമോചനം എന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാതിരുന്ന ആ കാലത്ത് അവര്‍ തന്‍റെ വിവാഹമോചനത്തിനുവേണ്ടി കോടതിയില്‍ പോവുകയും പിന്നീട് വിക്ടോറിയ രാജ്ഞിക്ക് തന്നെ കത്തെഴുതുകയും വിവാഹമോചനം നേടിയെടുക്കുകയും ചെയ്തു. 

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ അന്നത്തെ കാലത്ത് ബാലവിവാഹം വളരെ സാധാരണമായിരുന്നു. പതിനൊന്നാമത്തെ വയസ്സിലാണ് രുഖ്മബായിയുടെ വിവാഹം കഴിയുന്നത്. പക്ഷേ, അവളൊരിക്കലും തന്‍റെ ഭര്‍ത്താവിനൊപ്പം ജീവിച്ചിരുന്നില്ല. തന്‍റെ അമ്മയുടെ കൂടെ ജീവിക്കാനാണ് അവളാഗ്രഹിച്ചത്. അങ്ങനെ തന്നെയാണ് ചെയ്തതും. അന്ന് രുഖ്മബായിയുടെ സമുദായത്തില്‍ പെട്ടവര്‍ക്ക് വിധവാവിവാഹം അനുവദനീയമായിരുന്നു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രുഖ്മാബായിയുടെ അമ്മ വിവാഹം ചെയ്തയാള്‍ വിദ്യാഭ്യാസത്തിനും സാമൂഹികമാറ്റത്തിനുമെല്ലാം പ്രാധാന്യം നല്‍കുന്നയാളായിരുന്നു. രുഖ്മബായിയുടെ ഭര്‍ത്താവാകട്ടെ ഇതിനെല്ലാം നേരെ എതിരുമായിരുന്നു. അയാള്‍ വിദ്യാഭ്യാസത്തെ പോലും എതിര്‍ത്തിരുന്നു. രുഖ്മബായിയുടെ വീട്ടുകാര്‍ ആഗ്രഹിച്ചപോലെ അയാള്‍ പഠിക്കാനോ മെച്ചപ്പെട്ടൊരു മനുഷ്യനാവാനോ ശ്രമിച്ചുമില്ല. മാത്രവുമല്ല, വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോള്‍ തന്നെ ഗര്‍ഭധാരണത്തിനായി അവളെ നിര്‍ബന്ധിക്കുക കൂടി ചെയ്തു. ഇത് അവളുടെ വീട്ടുകാര്‍ക്ക് സമ്മതമായിരുന്നില്ല. അങ്ങനെയാണ് രുഖ്മാബായി വിവാഹമോചനം നേടാനാഗ്രഹിക്കുന്നത്. 

വിവാഹമോചനത്തിനായി ഒരുപാട് പോരാടി അന്ന് രുഖ്മബായി. എന്നാല്‍, കോടതി ഒരിക്കലും അവളുടെ വിവാഹമോചനം അംഗീകരിച്ചില്ല. കോടതിയില്‍ തോല്‍ക്കാനായിരുന്നു അവളുടെ വിധി. എന്നാല്‍, അവര്‍ പിന്നോട്ട് പോയില്ല, നേരെ വിക്ടോറിയ രാജ്ഞിക്ക് എഴുതി. എല്ലാത്തിനും മീതെ അധികാരം ഉള്ളയാളാണല്ലോ അന്ന് ക്വീന്‍ വിക്ടോറിയ. ഏതായാലും അതവളെ തുണച്ചു. മാത്രവുമല്ല, അന്ന് ബ്രിട്ടീഷ് ഇന്ത്യയില്‍ വിവാഹത്തിനുള്ള പ്രായം 10 വയസ്സായിരുന്നു. രുഖ്മാബായിയുടെ കേസിനെ തുടര്‍ന്ന് അത് പത്തില്‍ നിന്നും പന്ത്രണ്ട് ആക്കിമാറ്റി. മാത്രവുമല്ല, ബാലവിവാഹങ്ങള്‍ക്കെതിരെയുള്ള പോരാട്ടം തന്നെയായി മാറി രുഖ്മബായിയുടെ വിവാഹമോചനക്കേസ്. എന്നാല്‍, സമൂഹത്തില്‍ അവള്‍ ഭ്രഷ്ടയായി. 

ഏതായാലും 1889 -ല്‍ അവര്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് മെഡിസിനില്‍ നിന്നും ബിരുദം നേടി. എംഡി എടുക്കാനായി ബ്രസല്‍സിലേക്ക് പോയി. പിന്നീട് അവര്‍ ഇന്ത്യയിലേക്ക് തിരികെ വരുന്നത് ഡോക്ടറായി ജനങ്ങളെ സേവിക്കാനാണ്. സ്ത്രീകളുടെ ആരോഗ്യത്തിന് അവര്‍ എപ്പോഴും പ്രാധാന്യം നല്‍കി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് എത്രത്തോളം രുഖ്മബായിയെ അറിയാം എന്നത് ഇപ്പോഴും സംശയമാണ്. എങ്കിലും ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഡോക്ടറെന്ന നിലയിലും ഫെമിനിസ്റ്റ് എന്ന നിലയിലും രുഖ്മബായിയുടെ സ്ഥാനം വളരെ വലുതാണ്. 
 

click me!