ആരായിരുന്നു വി ജി സിദ്ധാര്‍ത്ഥ? ഇന്ത്യയുടെ കാപ്പിരാജാവിന്‍റെ ജീവിതം...

By Web TeamFirst Published Jul 31, 2019, 1:39 PM IST
Highlights

അച്ഛന്റെ തോട്ടത്തിൽ കാര്യക്കാരനായി നിൽക്കാനൊന്നും സിദ്ധാർത്ഥ തയ്യാറായിരുന്നില്ല. പകരം,  തന്റെ ഭാവി ബിസിനസ് സ്വപ്നങ്ങൾക്കുള്ള മൂലധനമായി അച്ഛനോട് ഏഴുലക്ഷം രൂപ കടംവാങ്ങി. ആ പണവുമായി നേരെ ബംഗളൂരുവിലെത്തിയ അദ്ദേഹം അവിടെ ഒരു ഓഫീസ് തുറന്നു.

ടുവിൽ എല്ലാവരും ഭയന്നിരുന്ന ആ അശുഭവാർത്ത വന്നു. കഫേ കോഫീ ഡേ എന്ന പ്രസിദ്ധമായ കോഫി ഷോപ്പ് ശൃംഖലയുടെ അമരക്കാരൻ, വി ജി സിദ്ധാർത്ഥയുടെ മൃതദേഹം, ഇന്ത്യൻ നേവിയും കർണാടക പോലീസും സംഘടിതമായി നടത്തിയ തിരച്ചിലിനൊടുവിൽ  നേത്രാവതീ നദിയിൽ നിന്നു കണ്ടെടുത്തു. അതോടെ അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ടുകൊണ്ട് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്കും വിരാമമായി. തന്റെ സ്വപ്നസാമ്രാജ്യം കടക്കെണിയിലായത് സിദ്ധാർത്ഥയെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടിരുന്നു. 

എന്നാൽ, അങ്ങനെ തോൽവികളിൽ മനസ്സുമടുത്ത് പിന്മാറുന്ന ഒരാളല്ലായിരുന്നു സിദ്ധാർത്ഥ എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയും. സിദ്ധാർത്ഥയെ തന്റെ ജീവിതത്തിലെ ആദ്യത്തെ തോൽവി തേടിയെത്തിയത് അദ്ദേഹത്തിന്റെ പതിനെട്ടാമത്തെ വയസ്സിലായിരുന്നു. വർഷം 1978. മാതൃരാജ്യത്തിനുവേണ്ടി പോരാടുന്ന ഒരു സൈനിക ഓഫീസറാകണം എന്നായിരുന്നു സിദ്ധാർത്ഥ സ്‌കൂൾ കാലം മുതലേ ആഗ്രഹിച്ചിരുന്നത്. അതിനുള്ള അദ്ദേഹത്തിന്റെ ആദ്യ പരിശ്രമമായിരുന്നു ഇന്ത്യയുടെ സൈനിക ഓഫീസർമാരുടെ പരിശീലന സ്ഥാപനമായ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷ . അതിൽ അദ്ദേഹം പരാജയം രുചിച്ചു.  തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം അന്ന് ആ പരീക്ഷയിൽ വിജയിക്കാൻ സാധിക്കാതിരുന്നതാണ് എന്നദ്ദേഹം 2016 -ൽ  കാൺപൂർ ഐഐടിയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കവേ പറയുകയുണ്ടായി. 

ആ തോൽ‌വിയിൽ അദ്ദേഹം തളർന്നില്ല. അദ്ദേഹം നേരെ പോയത് മംഗളൂരുവിലെ 140  വർഷത്തെ പാരമ്പര്യമുള്ള സെന്റ് അലോഷ്യസ് കോളേജിലേക്കാണ്. ആ കലാലയത്തിൽ നിന്ന് സിദ്ധാർത്ഥ സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാനപാഠങ്ങൾ പഠിച്ചു. എക്കണോമിക്‌സിൽ ബിരുദാന്തര ബിരുദവുമായിട്ടാണ് അദ്ദേഹം അവിടെനിന്നും ഇറങ്ങിയത്.

സാമ്പത്തികശാസ്ത്ര പഠനം അദ്ദേഹത്തെ കാൾ മാര്‍ക്സുമായും അടുപ്പിച്ചിരുന്നു. ഒരുവേള, കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രാഥമികാംഗത്വം എടുക്കുന്നതിലേക്കു വരെ അത് അദ്ദേഹത്തെ നയിക്കുമായിരുന്നു. പക്ഷേ, റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പഠിച്ചതിൽ നിന്നും അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായി. പ്രത്യയശാസ്ത്രത്തെ മുൻനിർത്തി  അധികാരത്തിലേറുന്ന പാർട്ടികൾ, അധികം താമസിയാതെ ആ തത്വങ്ങളുടെ അന്തസ്സത്ത വിസ്മരിക്കുകയാണ് പതിവ്. എൺപതുകളിലായിരുന്നു അദ്ദേഹത്തിന്റെ കോളേജിലെ അവസാന വർഷങ്ങൾ. അന്നൊക്കെ  സിദ്ധാർത്ഥ ചിന്തിച്ചത് ഒരു റോബിൻഹുഡിനെപ്പോലെ എങ്ങനെ ധനികരുടെ പണം കവർന്ന് പാവപ്പെട്ടവർക്ക് വീതിച്ചു നൽകാം എന്നായിരുന്നു. ദരിദ്രമായ ഈ രാജ്യത്ത് പണമുണ്ടാക്കുക എത്ര ദുഷ്കരമാണ് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 

ഇന്ത്യയിൽ ആദ്യമായി കാപ്പിച്ചെടി നട്ടുവളർത്തിയ ചിക്‌മംഗളൂരിലെ 130  വർഷത്തെ പാരമ്പര്യമുളള ഒരു  'കാപ്പി' കുടുംബത്തിലെ ഒരേയൊരു അനന്തരാവകാശിയായിരുന്നു അദ്ദേഹം. എന്നിട്ടും പഠിച്ചിറങ്ങി  കുറേക്കാലം അച്ഛന്റെ ബിസിനസിലേക്ക് തിരിഞ്ഞുപോലും നോക്കിയില്ല സിദ്ധാർത്ഥ.  ദലാൽ സ്ട്രീറ്റിൽ നടക്കുന്ന ഓഹരിക്കച്ചവടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ താത്പര്യം. 1985 വരെ തന്റെ മുംബൈവാസം തുടർന്ന അദ്ദേഹം, അക്കൊല്ലം തന്റെ ജന്മനാട്ടിലേക്ക് മടങ്ങി. അച്ഛനെ ബിസിനസ്സിൽ സഹായിക്കാനും അത് പുഷ്ടിപ്പെടുത്താനും ഉറപ്പിച്ചായിരുന്നു ആ മടക്കം. 1870  മുതൽ കാപ്പി കൃഷിചെയ്യുന്ന അവർക്ക് അന്ന് 300 ഏക്കറോളം വരുന്ന കാപ്പിത്തോട്ടങ്ങൾ ഉണ്ടായിരുന്നു. 

അച്ഛന്റെ തോട്ടത്തിൽ കാര്യക്കാരനായി നിൽക്കാനൊന്നും സിദ്ധാർത്ഥ തയ്യാറായിരുന്നില്ല. പകരം,  തന്റെ ഭാവി ബിസിനസ് സ്വപ്നങ്ങൾക്കുള്ള മൂലധനമായി അച്ഛനോട് ഏഴുലക്ഷം രൂപ കടംവാങ്ങി. ആ പണവുമായി നേരെ ബംഗളൂരുവിലെത്തിയ അദ്ദേഹം അവിടെ ഒരു ഓഫീസ് തുറന്നു. ആ ഓഫീസ് കേന്ദ്രീകരിച്ചുകൊണ്ട് അദ്ദേഹം ഷെയർ മാർക്കറ്റിൽ വീണ്ടും പണം നിക്ഷേപിച്ചു. കാപ്പി വിപണിയിലെ തന്റെ ഭാവി പ്രവർത്തനങ്ങൾക്കുള്ള പണം സ്വരൂപിക്കുകയായിരുന്നു ലക്ഷ്യം. അന്നത്തെ ഓഹരിവിപണിയിൽ നിലവിലുണ്ടായിരുന്ന 'ലൂപ്പ് ഹോളുകൾ' പ്രയോജനപ്പെടുത്തികൊണ്ട് പ്രതിദിനം 1-2  ലക്ഷം രൂപവരെ വരുമാനമുണ്ടാക്കിയിരുന്നു സിദ്ധാർത്ഥ അന്നൊക്കെ. അങ്ങനെ കിട്ടുന്ന കാശുകൊണ്ട് അദ്ദേഹം തന്റെ അച്ഛന്റെ കാപ്പിത്തോട്ടങ്ങൾക്ക് അപ്പുറമിപ്പുറമുള്ള തോട്ടങ്ങളൊക്കെ വാങ്ങിക്കൂട്ടാൻ തുടങ്ങി. 1991  ആയപ്പോഴേക്കും ഏകദേശം 5000 ഏക്കറോളം കാപ്പിത്തോട്ടം സിദ്ധാർത്ഥയ്ക്ക് സ്വന്തമായി. 

അന്ന് ഉദാരീകരണം വന്നിട്ടില്ല. ഇന്ത്യൻ മാർക്കറ്റിലെ കാപ്പിയുടെ വില വളരെ കുറവായിരുന്നു. അതേ ഗുണനിലവാരമുള്ള കാപ്പിക്ക് വിദേശമാർക്കറ്റുകളിൽ നാലിരട്ടി വിലയുണ്ടന്ന്. പക്ഷേ, ഇന്ത്യൻ ഗവണ്മെന്റിന്റെ നയങ്ങൾ അത്തരത്തിലൊരു വിപണനം നടത്താൻ സഹായകരമായിരുന്നില്ല. ഇന്ത്യയിൽ അന്ന് നടന്നിരുന്ന കാപ്പിപ്പൊടി കച്ചവടങ്ങളുടെ സിംഹഭാഗവും നിയന്ത്രിച്ചിരുന്നത് 'കോഫീ ബോർഡാ'യിരുന്നു. തുറന്ന ഒരു വിപണി കാപ്പിയ്ക്കുണ്ടായിരുന്നില്ല അന്നൊന്നും. കാപ്പി കർഷകരിൽ നിന്നും കോഫീ ബോർഡ് കാപ്പിക്കുരു ശേഖരിക്കും. റഷ്യയായിരുന്നു കോഫിബോർഡിന്റെ പ്രധാന വിപണി. അവർക്കു വിൽക്കുന്ന കാപ്പിയ്ക്ക് ബദലായി അവർ റഷ്യൻ നിർമിത ടാങ്കുകൾ ഇന്ത്യൻ കരസേനയ്ക്ക് നൽകും. അതായിരുന്നു അന്നു നിലനിന്നിരുന്ന ബാർട്ടർ സമ്പ്രദായം. 

1991 ആയിരുന്നു ഇന്ത്യയുടെ വിപണിയെ പാടെ മാറ്റിമറിച്ച ഒരു വർഷം. അക്കൊല്ലമാണ് ഇന്ത്യൻ ഗവണ്മെന്റ് ഉദാരീകരണം എന്ന പുതിയ ഒരു നയവുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുന്നത്. 92-ൽ സർക്കാർ വിപണികൾ തുറക്കുന്നു. അക്കൊല്ലം തന്നെ സിദ്ധാർത്ഥ, 'അമാൽഗമേറ്റഡ് ബീൻ കോഫീ  ട്രേഡിങ്ങ് കമ്പനി ' ( Amalgamated Bean Coffee Trading Company ) എന്ന പേരിലുള്ള കോഫീ  ട്രേഡിങ്ങ് കമ്പനി തുടങ്ങുന്നു. ലഭ്യമായിടത്തുനിന്നെല്ലാം കാപ്പിക്കുരു വാങ്ങുക. അതിനെ പ്രോസസ് ചെയ്ത്, വറുത്ത്, പൊടിച്ച് റീട്ടെയിൽ വിപണിയിൽ ലഭ്യമാക്കുക, കയറ്റുമതി ചെയ്യുക. അങ്ങനെ കാപ്പി വിപണിയിൽ സാധ്യമായതൊക്കെയും സിദ്ധാർത്ഥയുടെ കമ്പനി അന്ന് ചെയ്തുപോന്നു. 'ഫ്രഷ് & ഗ്രൗണ്ട് '( Fresh &  Ground )  എന്ന ബ്രാൻഡിൽ അദ്ദേഹം ചില്ലറയായും കാപ്പിപ്പൊടി വിറ്റു. ബ്രസീലിലുണ്ടായ ശൈത്യം അവിടത്തെ കാപ്പി ഉത്പാദനത്തെ തളർത്തിയപ്പോൾ 1992-95  കാലഘട്ടത്തിൽ അന്താരാഷ്ട്ര വിപണിയിൽ കാപ്പിക്കുണ്ടായ വിലക്കയറ്റത്തിൽ, ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയത് സിദ്ധാർത്ഥയായിരുന്നു. 

റീട്ടെയിൽ ഔട്ട്ലെറ്റുകൾ തുടങ്ങുക എന്ന ആശയത്തിലേക്ക് സിദ്ധാർത്ഥ വരുന്നത് തികച്ചും യാദൃച്ഛികമായിട്ടാണ്.  1995 -ൽ, യൂറോപ്പിലെ ചില കാപ്പിക്കച്ചവടക്കാരുമായി  ബിസിനസ് സംബന്ധിയായ ചില ചർച്ചകൾക്കുവേണ്ടി പോയതായിരുന്നു അദ്ദേഹം. അവിടെ വെച്ചാണ് ജർമനിയിലെ ഏറ്റവും പ്രസിദ്ധമായ കോഫീ ബ്രാൻഡ് ആയ 'ഷിബോ' (Tchibo)യുടെ ഉടമകളെ പരിചയപ്പെടുന്നത്. ഹാംബർഗിലെ ഒരു കുഞ്ഞു കടയിലൂടെ 1948 -ൽ മാത്രം കോഫീ വിപണിയിലേക്ക് കാലെടുത്തുവെച്ചതാണ് അവയുടെ കുടുംബം എന്നറിഞ്ഞ സിദ്ധാർത്ഥ ഞെട്ടി.  ഹോട്ടൽ മുറിയിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് ആ രാത്രി ഉറങ്ങാനായില്ല. 

1996-ൽ സിദ്ധാർത്ഥ തന്റെ കമ്പനിയുടെ ആദ്യത്തെ കാപ്പിക്കട തുടങ്ങുന്നു. കഫെ കോഫീ ഡേ - 'എ ലോട്ട് കാൻ ഹാപ്പൻ ഓവർ എ കോഫീ - ഒരു കാപ്പി കുടിക്കുന്നതിനിടെ പലതും നടക്കാം' എന്നതായിരുന്നു സിസിഡിയുടെ സ്ലോഗൻ. സിംഗപ്പൂരിൽ അദ്ദേഹം കണ്ട ഒരു സൈബർ കഫെ - കാപ്പി കുടിച്ചുകൊണ്ട് ഇന്റർനെറ്റ് സർഫ് ചെയ്യാനാവുന്ന ഒരിടം - അതായിരുന്നു ഈ നൂതനാശയത്തിന്റെ പ്രചോദനം. അന്ന് ഇന്ത്യക്കാർ സ്വപ്നത്തിൽ പോലും കരുതാത്ത ഒരു ഡീൽ അദ്ദേഹം അവതരിപ്പിച്ചു.  ഇന്ത്യയിൽ ഡയൽ അപ്പ്  ഇന്റർനെറ്റ് കണക്ഷൻ അത്രമേൽ പ്രചാരത്തിൽ ആയിട്ടില്ലാത്ത അന്ന്, നൂറു രൂപയ്ക്ക് 'ഒരു കപ്പ് കാപ്പിയും, ഒരു മണിക്കൂർ നേരം ഇന്റർനെറ്റും' എന്ന ഡീൽ അദ്ദേഹം അവതരിപ്പിച്ചു. ബാംഗ്ലൂർ ഇന്ത്യയുടെ ഐ ടി ഹബ് എന്ന നിലയിൽ വികസിച്ചുവന്നുകൊണ്ടിരിക്കുന്ന കാലവുമാണത് എന്നോർക്കണം. അന്നത്തെ ആ ഒരൊറ്റ കോഫീ ഷോപ്പിൽ നിന്നും കഴിഞ്ഞ ഇരുപതു വർഷം കൊണ്ട്, കോഫീ ഡേ എന്റർപ്രൈസസ് എന്ന അദ്ദേഹത്തിന്റെ സ്ഥാപനം ഇന്ത്യയിലെ ഏറ്റവും വലിയ കോഫീ ഷോപ്പ് ചെയിൻ ആയി മാറി. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനി 1150 കോടി രൂപ മൂലധനമായി  സരൂപിച്ചു. ഇന്നത് മത്സരിക്കുന്നത് സ്റ്റാർ ബക്ക്സ്, ബരിസ്റ്റ തുടങ്ങിയ അന്താരാഷ്ട്രീയ ബ്രാന്ഡുകളുമായിട്ടാണ്. ഇന്ത്യക്ക് പുറമെ ഓസ്ട്രിയ, ചെക്ക് റിപ്പബ്‌ളിക്, മലേഷ്യ തുടങ്ങിയിടങ്ങളിലും കഫെ കോഫീ ഡേയുടെ ഔട്ട് ലെറ്റുകൾ ഉണ്ട്. 240 നഗരങ്ങളിലാണ് 1750  സ്റ്റോറുകൾ ഉണ്ടെന്നാണ് കണക്ക്.  ഇതിൽ നിന്നൊക്കെ ഉണ്ടായ ലാഭമാണ് അദ്ദേഹം മൈൻഡ് ട്രീ, സികൾ ലോജിസ്റ്റിക്സ്, സെവൻസ്റ്റാർ ഹോട്ടലുകൾ, വേ2ഹെൽത്ത്, ഡാഫ്കോ തുടങ്ങിയ സ്ഥാപനങ്ങളിൽ നിക്ഷേപങ്ങൾ നടത്തിയത്. 

അദ്ദേഹം തന്റെ സ്ഥാപനമായ കോഫിഡേ എന്റർപ്രൈസസിലെ ഓഹരികൾ പണയം വച്ചെടുത്ത വായ്പകളാണ് അദ്ദേഹത്തെ  ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധികളിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ഒരു സാമ്പത്തിക വർഷത്തിനുള്ളിൽ കടം 4022 കോടിയിൽ നിന്നും 6546  കൂടിയായി വർധിച്ചു. എസ്എം കൃഷ്ണയുമായുണ്ടായ ബാന്ധവം അദ്ദേഹത്തെ പല ഘട്ടങ്ങളിലും സഹായിച്ചിട്ടുണ്ട്. വീരപ്പൻ സിനിമാനടൻ രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയ കാലത്ത് അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ട ചർച്ചകളെല്ലാം നടത്തിയത് സിദ്ധാർത്ഥയുടെ നേതൃത്വത്തിലാണ്.  കൃഷ്ണയുമായുണ്ടായ അടുപ്പമാണ് അദ്ദേഹത്തെ ഡികെ ശിവകുമാറിന്റെ വിശ്വസ്തരിൽ ഒരാളാക്കിയത്. അതേ അടുപ്പം തന്നെയാണ് അദ്ദേഹത്തെ കേന്ദ്രസർക്കാരിന്റെ കണ്ണിലെ കരടാക്കിയതും. ഡികെ ശിവകുമാറിന്റെ സ്ഥാപനങ്ങളിൽ റെയ്ഡുനടത്തിയ ആദായനികുതിവകുപ്പ് സിദ്ധാർത്ഥയുടെ സ്ഥാപനത്തെയും വെറുതെ വിട്ടില്ല. ഈ റെയ്ഡുകളെത്തുടർന്നുണ്ടായ നടപടികളാണ് സിദ്ധാർത്ഥയെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തിയത് എന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ പറയുന്നു. 

അദ്ദേഹം തന്റെ കാൺപൂർ ഐഐടി പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞത് ഇപ്രകാരമായിരുന്നു, " ഒരു സംരംഭകൻ എന്ന നിലയ്ക്ക്, നിങ്ങൾ പണത്തിനു പിന്നാലെ പാഞ്ഞാൽ നിങ്ങൾക്ക് ഒരിക്കലും ലാഭമുണ്ടാക്കാനാവില്ല. പിന്നെ, അഞ്ചോ പത്തോ കോടി ലാഭമുണ്ടാക്കിക്കഴിഞ്ഞാൽ,  പിന്നെ നമുക്ക് കിട്ടുന്ന കോടികൾക്ക് വലിയ പ്രസക്തിയൊന്നുമില്ല. പിന്നെ നമ്മളെ നയിക്കുക നമ്മുടെ ആവേശം മാത്രമായിരിക്കും.."

ഇത്രയൊക്കെ അറിയാവുന്ന ഒരാൾ തന്നെ, കടം  തീർത്ത പത്മവ്യൂഹത്തിനുള്ളിൽ നിന്നും പുറത്തേക്കുള്ള വഴി അറിയാതെ, ജീവിതം മടുക്കുന്ന, അവസാനിപ്പിക്കാൻ തീരുമാനിക്കുന്ന ഒരവസ്ഥയിലേക്കെത്തിച്ചേർന്നു  എന്നത്  എന്തൊരു വിരോധാഭാസമാണ്.

click me!