Latest Videos

ഏഴുനിലയില്‍ പൊട്ടി ബ്രസീലിലെ 'ട്രംപ്', ഇടതുപക്ഷത്തിന്റെ കരുത്തില്‍ താരമായി ലുല!

By P R VandanaFirst Published Oct 31, 2022, 4:45 PM IST
Highlights

കിട്ടിയ വോട്ടുകളുടെ എണ്ണം നോക്കിയാല്‍ ലുലക്ക് സന്തോഷിക്കാന്‍ വേറെയും വകുപ്പുണ്ട്. 60 ദശലക്ഷത്തിലധികം വോട്ട് എന്നത് ബ്രസീല്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന കണക്കാണ്.  

ഇരട്ടപ്പേരിന് പ്രചോദനമായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പോലെ ബോല്‍സൊണാറോയും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമോ എന്നതാണ് ആ ആശങ്കക്ക് കാരണം. ഒരു അടിസ്ഥാനവും ഇല്ലാതെ ഒരു തെളിവും ഇല്ലാതെ വോട്ടിങ് മെഷീനുകളുടെ ആധികാരികതയെ പറ്റി പരാതിയും ആക്ഷേപങ്ങളും ഉന്നയിച്ചിട്ടുള്ള നേതാവാണ് ബോല്‍സൊണാറോ. അദ്ദേഹത്തിന് പട്ടാളത്തിലുള്ള സ്വാധീനം കൂടിയാകുമ്പോള്‍ സാമാന്യ ജനതയുടെ ആശങ്കക്ക് കനം കൂടുന്നു.

 

 

ബ്രസീല്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും ഇടതുചേരിയിലേക്ക് ചാഞ്ഞിരിക്കുന്നു. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 50.9 ശതമാനം വോട്ടു നേടി മുന്‍ പ്രസിഡന്റായ ലുല ഡി സില്‍വ അധികാരത്തിലേക്ക്.  തീവ്രനിലപാടുകളുടെ നേതാവായതിനാല്‍ Trump of the Tropics എന്ന് വിളിപ്പേര് സ്വന്തമാക്കിയ  ബോല്‍സൊണാറോ അധികാരത്തില്‍ നിന്ന് പടിയിറങ്ങേണ്ടി വന്ന ആദ്യ പ്രസിഡന്റ് ആയിരിക്കുന്നു. 49.10 ശതമാനം വോട്ടാണ്  ബോല്‍സൊണാറോക്ക് കിട്ടിയത്. ആദ്യഘട്ട പോളിങ്ങില്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടി വ്യക്തമായ ഭൂരിപക്ഷം ഒരു സ്ഥാനാര്‍ത്ഥി നേടിയില്ലെങ്കില്‍ രണ്ടാമതും വോട്ടെടുപ്പ് എന്നതാണ് ബ്രസീലിലെ ചട്ടം. ഈ മാസം രണ്ടിന് നടന്ന ആദ്യഘട്ടത്തില്‍ ലുല 48.4 ശതമാനവും ബോല്‍സൊണാറോ 43.2 ശതമാനവും വോട്ടാണ് നേടിയത്. ഇതേത്തുടര്‍ന്നാണ് ഒക്ടോബറിലെ അവസാന ഞായറാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നതും ലുല ഭൂരിപക്ഷം ഉറപ്പിച്ച് പ്രസിഡന്റ് പദവിയില്‍ തിരിച്ചെത്തുന്നതും. 

കിട്ടിയ വോട്ടുകളുടെ എണ്ണം നോക്കിയാല്‍ ലുലക്ക് സന്തോഷിക്കാന്‍ വേറെയും വകുപ്പുണ്ട്. 60 ദശലക്ഷത്തിലധികം വോട്ട് എന്നത് ബ്രസീല്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന കണക്കാണ്.  ആദ്യം ഭരണത്തിലേറുന്ന വേളയില്‍ താന്‍ നേടിയ വോട്ടുകണക്കിനെ മറികടന്നു ഇക്കുറി ലുല. കൊളംബിയക്കും ചിലെക്കും പിന്നാലെ മേഖലയില്‍ മറ്റൊരു നിര്‍ണായക വിജയം കൂടി സ്വന്തമാക്കാനായതില്‍ ലാറ്റിനമേരിക്കന്‍ ഇടതു ചേരിക്ക് പെരുത്ത് സന്തോഷം.  ലുലയുടെ വിജയം പുതിയ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും നാളുകള്‍ക്ക് തുടക്കമിട്ടിരിക്കുന്നു എന്നാണ് അര്‍ജന്റീന പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞത്. ബ്രസീലിന്റെ ചരിത്രത്തിലെ പുതിയ അധ്യായം എന്നാണ് ലുലയുടെ വിജയത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ വിശേഷിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആകട്ടെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതല്‍ ശക്തമാക്കാനുള്ള കാത്തിരിപ്പിലും പ്രതീക്ഷയിലുമാണ്.   

മുമ്പ് രണ്ടു തവണ ബ്രസീല്‍ ഭരിച്ച ആളാണ് ലുല. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല, കാരണം അഴിമതിക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്നു. പ്രമുഖ സര്‍ക്കാര്‍ എണ്ണക്കമ്പനിയായ പെട്രോബ്രാസുമായി കരാര്‍ നല്‍കുന്നതിന് ഒരു നിര്‍മാണ കമ്പനിയില്‍ നിന്ന് കോഴ വാങ്ങിയെന്ന കേസില്‍ 580 ദിവസമാണ് ലുല ജയിലില്‍ കിടന്നത്. പിന്നീടാണ് കേസില്‍ നിന്ന് ലുലക്ക് കോടതിയുടെ വിടുതല്‍ കിട്ടിയതും വീണ്ടും രാഷ്ട്രീയ ജീവിതത്തില്‍ സജീവമായതും. 

 

ബോല്‍സൊണാറോ

 

അഴിമതിക്കേസ് തന്നെയാണ് ബോല്‍സൊണാറോയും കൂട്ടരും ലുലക്ക് എതിരെ പ്രധാനമായും ഉന്നയിച്ചത്. പക്ഷേ ബ്രസീല്‍ ജനത അതു തള്ളി. കാരണം അതിനേക്കാളും ഗൗരവമുള്ള വീഴ്ചകള്‍ ബോല്‍സൊണാറോയുടെ ഭരണകാലത്ത് അവര്‍ അനുഭവിച്ചിരുന്നു. പ്രധാനമായും കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ ഗുരുതര പാളിച്ചകള്‍. 680,000 ലധികം പേരാണ് ബ്രസീലില്‍ കൊവിഡ് കാരണം മരിച്ചത്. പിന്നെ സാമ്പത്തിക സ്ഥിതി അങ്ങേയറ്റം മോശമായി. പട്ടിണി കൂടി. വളര്‍ച്ചാനിരക്ക് ഇടിഞ്ഞു.  ജനാധിപത്യ സ്ഥാപനങ്ങളുടെ നേരെ നടന്ന അതിക്രമങ്ങളും പാരമ്പര്യവാദത്തിലെ അതിതീവ്രതയും ബോല്‍സൊണാറോ ഭരണകാലത്തിന്റെ മുഖമുദ്രകളായിരുന്നു. ലോകത്തിന്റെ തന്നെ ശ്വാസകോശമായ ആമസോണ്‍ മഴക്കാടുകള്‍ വെട്ടിത്തെളിക്കാനുള്ള പദ്ധതികള്‍ ഉയര്‍ത്തിയ പ്രതിഷേധം ബ്രസീലിന്റെ അതിരുകള്‍ക്ക് അപ്പുറത്തും വ്യാപിച്ചു. ഇതെല്ലാമാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ പ്രതിഫലിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
 
പക്ഷേ സാമാന്യ ജനതയുടെ ആശങ്ക തീര്‍ന്നിട്ടില്ല. ഇരട്ടപ്പേരിന് പ്രചോദനമായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പോലെ ബോല്‍സൊണാറോയും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമോ എന്നതാണ് ആ ആശങ്കക്ക് കാരണം. ഒരു അടിസ്ഥാനവും ഇല്ലാതെ ഒരു തെളിവും ഇല്ലാതെ വോട്ടിങ് മെഷീനുകളുടെ ആധികാരികതയെ പറ്റി പരാതിയും ആക്ഷേപങ്ങളും ഉന്നയിച്ചിട്ടുള്ള നേതാവാണ് ബോല്‍സൊണാറോ. അദ്ദേഹത്തിന് പട്ടാളത്തിലുള്ള സ്വാധീനം കൂടിയാകുമ്പോള്‍ സാമാന്യ ജനതയുടെ ആശങ്കക്ക് കനം കൂടുന്നു. ബോല്‍സൊണാറോയുടെ അനുകൂലികള്‍ ചില സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെടുത്തി ലുലയുടെ വിജയത്തില്‍ പ്രതിഷേധിച്ചത് ഇതിനോടു ചേര്‍ത്തു വായിക്കേണ്ട സംഭവങ്ങളാണ്. 

അങ്ങേയറ്റം ചേരിതിരിഞ്ഞിട്ടായിരുന്നു  ബ്രസീലിലെ തെരഞ്ഞെടുപ്പ് പ്രചാരണകാലം  കഴിഞ്ഞത്. ഇനിയിപ്പോള്‍ നിലപാടുകളിലെ തീവ്രതയുമായി ബോല്‍സൊണാറോ എന്ത് നിലപാടെടുക്കും എന്നതിനെ ആശ്രയിച്ചാകും ലോകത്തിലെ നാലാമത്തെ വലിയ ജനാധിപത്യ രാജ്യമായ ബ്രസീലിന്റെ തൊട്ടടുത്ത നാളുകള്‍

click me!