പശ്ചിമഘട്ട സംരക്ഷണത്തിലെ വീഴ്‍ച, നിയമങ്ങളുടെ ലംഘനം; മാധവ് ഗാഡ്‍ഗില്‍ സംസാരിക്കുന്നു

By Web TeamFirst Published Aug 12, 2019, 6:37 PM IST
Highlights

ആദ്യം ഇപ്പോൾ ഉള്ള നിയമങ്ങളെ കർശനമാക്കി നടപ്പിലാക്കാനുള്ള ഇച്ഛാശക്തി സർക്കാരുകൾ കാണിക്കട്ടെ. ഇപ്പോൾ, നിലവിലെ നിയമങ്ങള്‍ കണ്ണുമടച്ച്  ലംഘിക്കപ്പെടുകയാണ്. 

കേരളം വീണ്ടും പ്രളയസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിൽ ഗാഡ്ഗില്‍ കമ്മീഷന്‍ അധ്യക്ഷന്‍ മാധവ് ഗാഡ്ഗിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നു.

കേരളം ഇത് തുടർച്ചയായ രണ്ടാം വർഷമാണ് പ്രളയത്തെ അഭിമുഖീകരിക്കുന്നത്. ഈ വിഷയത്തിലുള്ള നൈപുണ്യത്തെ മുൻ നിർത്തി അങ്ങിതിനെ എങ്ങനെ നോക്കിക്കാണുന്നു?

പശ്ചിമഘട്ടത്തിന്റെ കേരളത്തിലുള്ള ഭാഗത്തും, വടക്കോട്ടുള്ള അതിന്റെ തുടർച്ചയിലും പരിസ്ഥിതി ലോലമായ ഭൂപ്രദേശങ്ങളെ, അനുചിതമായി ഭൂവിനിയോഗം നടത്തിയും, പെയ്തിറങ്ങുന്ന മഴവെള്ളത്തെ വേണ്ടരീതിയിൽ  കൈകാര്യം ചെയ്യാതെയും വളരെ മോശമായ രീതിയിലാണ് കഴിഞ്ഞ കുറേ വർഷങ്ങളായി പരിചരിച്ചു പോന്നിട്ടുള്ളത്. ചുരുക്കം ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് ചൂട്ടുപിടിക്കാൻ വേണ്ടി, ബഹുഭൂരിപക്ഷം വരുന്ന പൊതുജനങ്ങളിലൂടെയും, പ്രകൃതിയുടെയും താല്‍പര്യങ്ങൾ അവഗണിക്കപ്പെടുകയാണ് ഉണ്ടായത്. 

പാറമടകളും ജനവാസകേന്ദ്രങ്ങളായ ഗ്രാമങ്ങളും തമ്മിൽ നിയമം അനുശാസിച്ചിരുന്ന ചുരുങ്ങിയ ദൂരം ഗവണ്മെന്‍റ് ഇടപെട്ട് മുമ്പുണ്ടായിരുന്നതിലും കുറച്ചുകൊടുക്കുന്ന ഒരു സാഹചര്യവും നമ്മൾ കണ്ടു. 

കൂടുതൽ ശക്തമായ പാരിസ്ഥിതിക നിയമങ്ങൾ വേണമെന്നാണോ അങ്ങ് പറയുന്നത്?

ആദ്യം ഇപ്പോൾ ഉള്ള നിയമങ്ങളെ കർശനമാക്കി നടപ്പിലാക്കാനുള്ള ഇച്ഛാശക്തി സർക്കാരുകൾ കാണിക്കട്ടെ. ഇപ്പോൾ, നിലവിലെ നിയമങ്ങള്‍ കണ്ണുമടച്ച് ലംഘിക്കപ്പെടുകയാണ്. പാരിസ്ഥിതിക നിയമങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം വികേന്ദ്രീകരിച്ച് പഞ്ചായത്ത് തലത്തിലേക്ക് കൈമാറിയിരുന്നതിനെ ഒക്കെയും തികഞ്ഞ ലാഘവത്തോടെ ലംഘിക്കുകയാണ് ഇപ്പോൾ അവർ ചെയ്യുന്നത്. 

മഹാരാഷ്ട്രയിലെ കോലാപ്പൂർ, സാംഗ്ലി പ്രദേശങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. അങ്ങേയ്ക്ക് എന്താണ് തോന്നുന്നത്? ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണോ? അതോ ആഗോളതലത്തിൽ നോക്കിയാൽ ഇതൊരു അപഭ്രംശമാണെന്ന് പറയാമോ? 

സാംഗ്ലി, കോലാപ്പൂർ, ബെലാഗാവി എന്നിവിടങ്ങളിൽ നടന്ന പ്രശ്നങ്ങൾ കേരളത്തിൽ കഴിഞ്ഞ വർഷം നടന്ന മഹാപ്രളയവുമായി ഏറെ സാമ്യമുള്ളതാണ്. കർണാടകത്തിൽ അൽമട്ടി എന്നുപേരായ ഒരു അണക്കെട്ടുണ്ട്. കനത്ത മഴയിൽ അത് നിറഞ്ഞു കവിഞ്ഞുകൊണ്ടിരുന്നു. പലഘട്ടത്തിലും അതിന്റെ ഷട്ടറുകൾ  തുറന്നുവിടാൻ വേണ്ടി എഞ്ചിനീയര്‍മാര്‍ അപേക്ഷിച്ചെങ്കിലും അതിനുവേണ്ട അനുമതി ലഭിച്ചില്ല. ഒടുവിൽ ഏറെ വൈകി മാത്രമാണ് തുറന്നുവിട്ടതും, വെള്ളം ഒന്നിച്ചിറങ്ങിച്ചെന്നു പ്രളയത്തിനു കാരണമായതും. 

തയ്യാറാക്കിയത്: റെബിന്‍ ഗ്രാലന്‍

click me!