'മഹിഷ്യർ' - ബംഗാളിൽ ബിജെപിയും തൃണമൂലും ഒരുപോലെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടർ ആരാണ് ?

By Web TeamFirst Published Mar 18, 2021, 4:21 PM IST
Highlights

ബംഗാളിലെ പ്രബലമായ, ഒരു പക്ഷേ ഏറ്റവും അധികം വോട്ടർമാർ ഉള്ള സമുദായമാണ് മഹിഷ്യർ. 


ഇന്നലെ പുറത്തിറങ്ങിയ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും മഹിഷ്യ ജാതിക്കാർക്ക് ഒബിസി വിഭാഗത്തിൽ പെടുത്തി സംവരണം നൽകും എന്ന് പ്രഖ്യാപിക്കപ്പെട്ടതോടെ ഒരു കാര്യം വ്യക്തമായിട്ടുണ്ട്. ബംഗാളിൽ ജയിക്കാൻ വേണ്ടി, വോട്ടു കിട്ടാനിടയുള്ള എല്ലാ വഴിക്കും ഏത് വിധേനയും പരിശ്രമങ്ങൾ ഉണ്ടാകും എന്നുറപ്പാണ്. ബിജെപിയുടെ പ്രചാരണ യോഗങ്ങളിൽ ഒന്നിൽ  ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയും പറഞ്ഞത് പാർട്ടിയെ അധികാരത്തിലെത്തിച്ചാൽ ഇതേ മഹിഷ്യ ജാതിയിൽ പെട്ടവർക്ക് ഒബിസി റിസർവേഷൻ നൽകുമെന്ന് തന്നെയാണ്. ആരാണ് ഈ മഹിഷ്യ വിഭാഗക്കാർ? എന്താണ് ബംഗാൾ രാഷ്ട്രീയത്തിൽ ഇവർക്കുള്ള സ്വാധീനം? 

അധികാരത്തിലേറാൻ സാധ്യതയുള്ള ഇരുകൂട്ടരും ഒരേ  വാഗ്ദാനം വെച്ചു നീട്ടിയ സാഹചര്യത്തിൽ, മഹിഷ്യർക്ക് തെരഞ്ഞെടുപ്പ് ഫലം എന്തായാലും ഒബിസി സ്റ്റാറ്റസ് കിട്ടും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ബംഗാളിലെ പ്രബലമായ, ഒരു പക്ഷേ ഏറ്റവും അധികം വോട്ടർമാർ ഉള്ള സമുദായമാണ് മഹിഷ്യർ. സെൻസസിലെ പട്ടികജാതി പട്ടിക വർഗം ഒഴിച്ചുള്ളവരിൽ ജാതി തിരിച്ചുള്ള കണക്കെടുപ്പ് പതിവില്ലാത്ത കൊണ്ട് കൃത്യമായ കണക്കുകൾ ലഭ്യമല്ല എങ്കിലും ഇന്ന് ഏതാണ്ട് ഒമ്പതു കോടിയോളം ജനസംഖ്യയുള്ള ബംഗാളിൽ ഒന്നരക്കോടിയോളം മഹിഷ്യർ ഉണ്ടെന്നാണ് ഏകദേശ കണക്ക്. 

മിഡ്നാപൂർ, ഹൌഡാ, ഹൂഗ്ലി എന്നീ ജില്ലകളിലാണ് മഹിഷ്യ വിഭാഗക്കാർക്ക് കാര്യമായ സ്വാധീന ശക്തിയുള്ളത്. ഇരുപതാം നൂറ്റാണ്ടു മുതൽ, നാഡിയാ, 24 പാർഗനാസ് എന്നീ ജില്ലകളിലും അവർ അധിവസിക്കുന്നുണ്ട്. കൽക്കട്ടയിൽ ഹൂഗ്ലി നദിയുടെ തീരത്തുള്ള ദക്ഷിണേശ്വറിൽ ഒരു കാളിക്ഷേത്രമുണ്ട് മഹീഷ്യരുടേതായി. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇവിടെ ശ്രീ രാമകൃഷ്ണപരമഹംസരെ മുഖ്യ പൂജാരിയായി നിയമിച്ച റാണി റഷ്‌മോണി ആണ് ബംഗാളിലെ ഏറ്റവും അറിയപ്പെടുന്ന മഹിഷ്യസമുദായ വ്യക്തിത്വം. അന്ന് കീഴ്ജാതിയിൽ പെട്ട ഒരു സ്ത്രീയുടെ ചെലവിൽ പരിപാലിക്കപ്പെട്ടിരുന്ന ആ അമ്പലത്തിൽ ശാന്തിപ്പണിക്ക് ബ്രാഹ്മണ പൂജാരികൾ വിസമ്മതിച്ചു എന്നൊരു കഥയുമുണ്ട്. അന്ന് സമൂഹത്തിൽ ഉന്നത ജാതിക്കാർ എന്ന് സ്വയം അവകാശപ്പെട്ടിരുന്ന കൂട്ടർക്ക് വെള്ളം വാങ്ങിച്ചു കുടിക്കാൻ പോലും അയിത്തമുള്ളത്ര കീഴ്ജാതിയായിട്ടാണ് അന്ന് കൈബർത്തർ എന്നറിയപ്പെട്ടിരുന്ന ഈ വിഭാഗം കണക്കാക്കപ്പെട്ടിരുന്നത്. പിന്നീട്, അവർക്കിടയിൽ നിന്നുയർന്നു വന്ന പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് അവർ മഹിഷ്യർ എന്ന് അറിയപ്പെട്ടു തുടങ്ങിയത്. 1920 -കൾ മുതൽക്കാണ് ഈ ജാതിപ്പേരിന് സമൂഹത്തിൽ അംഗീകാരം കിട്ടിത്തുടങ്ങുന്നത്. 

മഹിഷ്യ സമുദായത്തിൽ നിന്നുള്ള ഏറ്റവും ജനപ്രിയനായ നേതാവ് ബീരേന്ദ്ര നാഥ് സസ്‌മൽ ആയിരുന്നു. 1920 -ൽ കൊൽക്കത്തയുടെ മേയർ സ്ഥാനത്തേക്ക് സുഭാഷ് ചന്ദ്ര ബോസിനെതിരെ മത്സരിച്ച രാഷ്ട്രീയ നേതാവ്. അന്ന്, ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിച്ച മഹിഷ്യ സമുദായം അവരെ പട്ടികജാതിയിൽ ഉൾപ്പെടുത്തരുത് എന്നാണ് ആവശ്യപ്പെട്ടത്. തങ്ങളും മറ്റുള്ള ഉന്നത ബംഗാളി സമുദായങ്ങളോളം തലപ്പൊക്കമുള്ളവരാണ് എന്നാണ്  അവർ അന്ന് രേഖാമൂലം നൽകിയ പ്രമേയത്തിൽ അറിയിച്ചത്. പിന്നീട് ഈ സമുദായത്തിൽ നിന്ന് നിരവധി കോൺഗ്രസ് നേതാക്കൾ ഉയർന്നു വന്നു. അവരിൽ പലരും നിസ്സഹകരണ പ്രസ്ഥാനത്തിലും, ക്വിറ്റ് ഇന്ത്യാ മുന്നേറ്റത്തിലും ഒക്കെ പങ്കെടുത്തു. 'ബിപ്ലബി' എന്നൊരു മാസികയും അന്ന് അവർ നടത്തിയിരുന്നു. സതീഷ് ചന്ദ്ര സാമന്ത പോലുള്ള പല ഗാന്ധിയന്മാരും അന്ന് ഈ സമുദായത്തിൽ നിന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടി. 

സ്വാതന്ത്ര്യാനന്തരം, വിഭജനത്തിന്റെ കയ്പുനീർ ഏറ്റവും കുറച്ചു കുടിക്കേണ്ടി വന്നത് തെക്കൻ പ്രവിശ്യകളിൽ പാർപ്പുറപ്പിച്ചിരുന്ന മഹിഷ്യ സമുദായക്കാരാണ്. അറുപതുകളോടെ മഹിഷ്യ സമുദായത്തിൽ നിന്നും രാഷ്ട്രീയത്തിലേക്ക് വന്ന, സുശീൽ ധാര, സുനിൽ ജന തുടങ്ങിയ ജനനേതാക്കൾ ബംഗാൾ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന താക്കോൽ സ്ഥാനങ്ങളിൽ എത്തിച്ചേർന്നു. സിപിഎമ്മിലും ഇവർക്ക് കാര്യമായ സ്വാധീനം ഉണ്ടായിരുന്നു എങ്കിലും, പാർട്ടിക്കുള്ളിൽ തങ്ങളുടെ ജാതിസ്വത്വം വെളിപ്പെടുത്തുന്നതിലോ അതിന്റെ പേരിൽ എന്തെങ്കിലും സമ്മർദ്ദം ചെലുത്തുന്നതിലോ ഒക്കെ അവർ വിമുഖത പ്രകടിപ്പിച്ചിരുന്നു. മഹിഷ്യർക്ക് ബംഗാളി രാഷ്ട്രീയത്തിലുള്ള സ്വാധീനം എഴുപതുകളോടെ ക്ഷയിക്കുകയാണ് പിന്നീടുണ്ടായത്. 

1989 -ൽ മണ്ഡൽ കമ്മീഷൻ ജാത്യാധിഷ്ഠിതമായ സംവരണങ്ങൾ കൊണ്ടുവന്നപ്പോൾ, മഹിഷ്യ സമുദായത്തിൽ നിന്ന് ഒബിസി സംവരണത്തിന് വേണ്ടി മുറവിളി ഉയർന്നിരുന്നു എങ്കിലും, അത് ഏറെ ദുർബലമായിരുന്നു. പിന്നീടുള്ള പതിറ്റാണ്ടുകളിലും ആ ചോദ്യത്തിന് മുന്നിൽ ഏകകണ്ഠമായ ഒരു സ്വരം സമുദായത്തിൽ നിന്ന് ഉയർന്നു വന്നില്ല എന്നതാണ് സത്യം. ജനസംഖ്യയിൽ കാര്യമായ പ്രാതിനിധ്യമുള്ള മഹിഷ്യ സമുദായം കൂടി ഒബിസി പരിഗണനപട്ടികയിലേക്ക് വരുന്നത് നിലവിൽ ആ സംവരണാനുകൂല്യം പറ്റുന്ന മറ്റു ജാതിക്കാർക്കിടയിൽ വലിയ മുറുമുറുപ്പുണ്ടാക്കാൻ സാധ്യതയുണ്ട്. അങ്ങനെയൊന്നുണ്ടായാൽ അത് ഒരു പക്ഷേ നയിക്കാൻ പോവുന്നത് ഒബിസി സംവരണത്തിന്റെ ശതമാന നിയന്ത്രണത്തിൽ അയവു വരുത്താൻ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുന്നതിലേക്ക് പോലും ആകാം. ചുരുക്കത്തിൽ ബംഗാളിലെ ജാതി-രാഷ്ട്രീയ സമവാക്യങ്ങൾ പാടെ തിരുത്തിക്കുറിക്കുന്ന ഒരു പരീക്ഷണമാകാം ഈ സംവരണ വാഗ്ദാനത്തിലൂടെ ബിജെപിയും തൃണമൂലും ഈ തെരഞ്ഞെടുപ്പിൽ ഇക്കുറി നടത്തുന്നത്.  

click me!