ഹൃദയഭേദകമായ ആ ചിത്രം ജീവൻ പണയപ്പെടുത്തി പകർത്തിയ അജ്ഞാതനാര്? ഒടുവിൽ വെളിപ്പെടുന്നത്...

By Web TeamFirst Published Nov 19, 2020, 4:36 PM IST
Highlights

പോളിഷ് മാധ്യമപ്രവര്‍ത്തകനായ തോമസ് ബോറോവ്കയാണ് ചിത്രത്തിന്റെ ആംഗിളും മറ്റും പരിശോധിച്ച് അത് ഏത് കെട്ടിടത്തില്‍ നിന്ന് പകര്‍ത്തിയതാവുമെന്നും അങ്ങനയെങ്കില്‍ അത് ആര് പകര്‍ത്തിയതാണെന്നും കണ്ടെത്തുന്നത്. 

കയ്യുയർത്തിപ്പിടിച്ച് പോളിഷ് പൗരന്മാര്‍ മാര്‍ച്ച് ചെയ്യുകയാണ്, ആ മാര്‍ച്ച് നാസികളുടെ വെടിയേറ്റ് തങ്ങളുടെ ജീവിതം തീരാന്‍ പോവുകയാണ് എന്ന് അറിയാതെയായിരുന്നു. ജര്‍മ്മനി പോളണ്ട് കയ്യേറിയതിന്റെ മൂന്നാമത്തെ ദിവസമായിരുന്നു അത്. അതായിരുന്നു നാസികളാല്‍ കൊല്ലപ്പെട്ട പോളിഷ് ആണ്‍കുട്ടികളുടെയും പുരുഷന്മാരുടെയും ആദ്യസംഘം. അവരുടെ അവസാനനിമിഷത്തിന് തൊട്ടുമുമ്പ് ഹൃദയഭേദകമായ ഒരു ചിത്രം പകര്‍ത്തപ്പെട്ടിരുന്നു. എന്നാല്‍, അത് പകര്‍ത്തിയത് ആരാണ് എന്നത് രഹസ്യമായിരുന്നു. ആ ചരിത്രദൃശ്യം പകര്‍ത്തിയത് ഏതോ ഒരു അജ്ഞാതനാണ് എന്ന് മാത്രം അറിയപ്പെട്ടു. എന്നാല്‍, അടുത്തിടെ നടന്ന ഒരു ഗവേഷണം ആ ചിത്രം പകര്‍ത്തിയത് പോളണ്ടിലുണ്ടായിരുന്ന ഇറ്റാലിയന്‍ നയതന്ത്രപ്രതിനിധി ഗിനോ ബസി ആണെന്ന് കണ്ടെത്തുകയുണ്ടായി. പോളണ്ടിലെ അനേകം പേരുടെ ജീവനും അക്കാലത്ത് അദ്ദേഹം രക്ഷിക്കുകയുണ്ടായി എന്ന് പറയപ്പെടുന്നു. 

നാല് മാസത്തേക്ക് മാത്രം അവിടെയുണ്ടായിരുന്ന ആളാണ് ബസി. ആണ്‍കുട്ടികളെയും പുരുഷന്മാരെയും നാസികൾ മാർച്ച് ചെയ്യിച്ചു കൊണ്ടുപോകുന്നതുകണ്ട ബസി ബാല്‍ക്കണിയില്‍നിന്നും ആ ചിത്രം പകര്‍ത്തുകയായിരുന്നു. അതിനുമുമ്പ് തന്നെ നിരവധി പോളിഷ് സൈനികരെ കോണ്‍സുലേറ്റില്‍ ഒളിച്ചിരിക്കാനും അദ്ദേഹം സഹായിച്ചിരുന്നു. പിന്നീട് യുദ്ധത്തില്‍, ജൂതന്മാരെ രക്ഷിക്കാനുള്ള വ്യാജരേഖകളുണ്ടാക്കുകയും ഹിറ്റ്‌ലറുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പോളണ്ടില്‍ നിന്ന് എക്‌സിറ്റ് വിസ അനുവദിക്കുകയും ചെയ്തു.

ആ സംഘം വെടിയേറ്റ് കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഈ ചരിത്രപ്രധാനമായ ചിത്രം പകര്‍ത്തപ്പെട്ടിട്ടുള്ളത്. മറ്റൊരു ചിത്രം ഒരു ജര്‍മ്മന്‍ സൈനികന്‍ തന്നെ പകര്‍ത്തിയതാണ്. അതേ സംഘം ആളുകള്‍ തന്നെയായിരുന്നു ആ ചിത്രത്തിലും. തങ്ങളെക്കൊണ്ടുപോകുന്നത് വെടിവച്ചുകൊല്ലാനാണ് എന്ന് അറിയാതെയായിരുന്നു അവരുടെ യാത്ര. ഇറ്റാലിയന്‍ കോണ്‍സുലേറ്റിലെ 53 -കാരനായ ഫസ്റ്റ് സെക്രട്ടറി ബസി 1939 -ല്‍ ജര്‍മ്മനി പോളണ്ട് ആക്രമിച്ചതിനെ ശക്തമായി എതിര്‍ത്തിരുന്നു. സൈനികരുടെ അതിക്രമങ്ങള്‍ അദ്ദേഹം രേഖപ്പെടുത്താന്‍ തുടങ്ങിയതും അങ്ങനെയാണ്. അതേവര്‍ഷം മെയ് മാസത്തില്‍, ഹിറ്റ്ലറും ഇറ്റാലിയന്‍ നേതാവ് ബെനിറ്റോ മുസ്സോളിനിയും ജര്‍മ്മനിയും ഇറ്റലിയും തമ്മിലുള്ള സൗഹൃദ ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നു. ഇതാണ് പിന്നീട്  ഇറ്റലിയെ ബ്രിട്ടനും ഫ്രാന്‍സുമായുള്ള യുദ്ധത്തിലേക്ക് നയിച്ചത്. 

അക്കാലത്ത് റോമിലേക്കുള്ള ഒരു എഴുത്തില്‍ ബസി എഴുതി: 'കലാപകാരികളില്‍ യഥാര്‍ത്ഥ വീരന്മാരുണ്ടായിരുന്നു, എന്നാല്‍, കൈകളില്‍ ആയുധങ്ങളോട് കൂടിയതോ സമാനചാഹചര്യങ്ങളിലോ പിടികൂടുന്നവരെ അപ്പോൾ തന്നെ വധിച്ചുകളയുകയാണിവിടെ.' 

മറ്റൊന്നില്‍ അദ്ദേഹം എഴുതി: 'പോളിഷ് പൗരന്മാരോട് അവര്‍ കഠിനമായിട്ടാണ് പെരുമാറുന്നത്, പ്രത്യേകിച്ചും ജര്‍മ്മന്‍ വിരുദ്ധ വികാരങ്ങളുണ്ടെന്ന് സംശയിക്കപ്പെട്ടാല്‍. പിന്നീട് അവരുടെ പശ്ചാത്തലം പോലും അന്വേഷിക്കാതെ അവരെ ജര്‍മ്മനിയിലേക്കയക്കുന്നു. ഒന്നുകില്‍ അവിടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക്. അല്ലെങ്കില്‍ പണിയെടുപ്പിക്കാന്‍.' 

ജര്‍മ്മനിയോടുള്ള വിധേയത്വം തെളിയിക്കാന്‍ പറ്റാതെ വരുന്ന പോളിഷ് പൗരന്മാര്‍ക്ക് നിരവധി തരത്തിലുള്ള ശിക്ഷകളാണ് നല്‍കി വരുന്നതെന്നും ബസി എഴുതുന്നു. ഇങ്ങനെ എഴുതുന്നതോടൊപ്പം തന്നെ ആ ക്രൂരതകളെല്ലാം ക്യാമറയില്‍ പകര്‍ത്തുക കൂടി ചെയ്തു അദ്ദേഹം. അങ്ങനെയാണ് ആ ഹൃദയഭേദകമായ ചിത്രവും കോണ്‍സുലേറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് അദ്ദേഹം പകര്‍ത്തുന്നത്. 1939 സപ്തബംര്‍ നാലിലേതായിരുന്നു അത്. ആ ചിത്രം ചരിത്രകാരന്മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിചിതമായിരുന്നുവെങ്കിലും ഫോട്ടോഗ്രാഫര്‍ മാത്രം അജ്ഞാതനായി തുടരുകയായിരുന്നു. അടുത്തിടെ മാത്രമാണ് ആ നിഗൂഢത തെളിയുന്നത്. 

പോളിഷ് മാധ്യമപ്രവര്‍ത്തകനായ തോമസ് ബോറോവ്കയാണ് ചിത്രത്തിന്റെ ആംഗിളും മറ്റും പരിശോധിച്ച് അത് ഏത് കെട്ടിടത്തില്‍ നിന്ന് പകര്‍ത്തിയതാവുമെന്നും അങ്ങനയെങ്കില്‍ അത് ആര് പകര്‍ത്തിയതാണെന്നും കണ്ടെത്തുന്നത് ഡെയ്‍ലി മെയിൽ എഴുതുന്നു. മാസങ്ങളോളമെടുത്തു ഈ പരിശോധനയ്ക്ക്. പതിറ്റാണ്ടുകളോളം ബാല്‍ക്കണിയിലെ ആ മനുഷ്യന്‍ ആരാണെന്നത് നിഗൂഢതയായി അവശേഷിച്ചു എന്നാണ് ബറോവ്ക ഇതേക്കുറിച്ച് പറഞ്ഞത്. അതേ കെട്ടിട്ടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് കോണ്‍സുലേറ്റില്‍ നിന്നും ചിത്രം പകര്‍ത്തപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍, ആദ്യത്തെ കൊല നടന്ന ആ ദിവസം 1939 സപ്തംബര്‍ നാലിന് അവിടെ ഫ്രഞ്ചുകാരാരും ഉണ്ടായിരുന്നില്ല.

അക്കാലത്ത് ഫ്രാന്‍സ് ജര്‍മ്മനിയുമായി യുദ്ധത്തിലായിരുന്നു. അക്കാലത്ത് കറ്റോവീസിലുണ്ടായിരുന്ന ബ്രിട്ടീഷ് പത്രപ്രവര്‍ത്തക ക്ലെയര്‍ ഹോളിംഗ്വര്‍ത്ത്, സെപ്റ്റംബര്‍ രണ്ടിന് ബ്രിട്ടീഷ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പോയതായി നമുക്കറിയാം. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരേയോരു ഡിപ്ലോമാറ്റ് ഗിനോ ബസി മാത്രമായിരുന്നു. സാധ്യതകള്‍ പരിശോധിച്ചാല്‍ ക്യാമറയുമായി ബാല്‍ക്കണിയില്‍ നിന്നിരുന്ന മനുഷ്യന്‍ ബസി തന്നെയാണെന്നാണ് മനസിലാവുന്നത് -ബറോവ്ക ചൂണ്ടിക്കാട്ടുന്നു. 

ആ ചിത്രങ്ങള്‍ അന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ബസി അയച്ചുകൊടുത്തു. ആര്‍ക്കൈവുകളിലെയും അക്കാദമിക് പേപ്പറുകളിലെയും സൂക്ഷ്മമായ ഗവേഷണങ്ങളിലൂടെ, കറ്റോവീസില്‍ വേട്ടയാടപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നവരെ രക്ഷിക്കാന്‍ ബസി സ്വന്തം ജീവന്‍ പണയപ്പെടുത്തിയെന്നും ബോറോവ്ക കണ്ടെത്തി. അദ്ദേഹം പോളിഷ് സൈനികര്‍ക്ക് കോണ്‍സുലേറ്റില്‍ അഭയം നല്‍കി. കറ്റോവീസ് മേഖലയെ സഹായിക്കുന്നതിന് ബിഷപ്പ് സ്റ്റാനിസ്വാ ആഡംസ്‌കിയെ പോളിഷ് സര്‍ക്കാറിനെ ബന്ധപ്പെടാന്‍ അദ്ദേഹം സഹായിച്ചു. കൂടാതെ, നവംബറില്‍ ക്രാകോവില്‍ വെച്ച് 183 പോളിഷ് അക്കാദമിസ്റ്റുകളെ അറസ്റ്റു ചെയ്തതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ 101 പേരെ മോചിപ്പിക്കുന്നതിന് കാരണമായിത്തീര്‍ന്നു. 

ഹിറ്റ്‌ലറിന് ജൂതരോടുള്ള മനോഭാവം വ്യക്തമായതോടെ തനിക്ക് പറ്റാവുന്നത്രയും കാര്യം ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. റോമുമായുള്ള കത്തിടപാടുകളില്‍ അദ്ദേഹം എഴുതി: 'ജൂതരോടുള്ള പെരുമാറ്റം വളരെ മോശമാണ്. അവരുടെ സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും പൂര്‍ണമായും കണ്ടുകെട്ടി. കറ്റോവിസില്‍ ജൂതസ്ത്രീകള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. പുരുഷന്മാര്‍ അപ്രത്യക്ഷരായി, അവരെ എവിടെയാണ് അയച്ചതെന്ന് ആര്‍ക്കും അറിയില്ല... '

1941 -നും 1945 -നും ഇടയില്‍ നാസി ജര്‍മ്മനിയും അതിന്റെ സഖ്യകക്ഷികളും സഹകാരികളും ആറ് ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി കൊലപ്പെടുത്തി - യൂറോപ്പിലെ ജൂത ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം വരുമായിരുന്നു ഇത്. ജൂതരെ വെടിവച്ച് കൊല്ലുകയോ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൊണ്ടുപോയി പട്ടിണിക്കിടുകയോ ചെയ്തിരുന്നു. ഇതെല്ലാം ബസി കാണുന്നുണ്ടായിരുന്നു. ജീവന്‍ പണയപ്പെടുത്തിയിട്ടാണെങ്കിലും പറ്റാവുന്നത്രയും ജൂതരെ രക്ഷിക്കണമെന്ന് അദ്ദേഹം തീരുമാനിക്കുന്നു. ​

പറ്റാവുന്നത്രയും എക്സിറ്റ് വിസകൾ അദ്ദേഹം ഒപ്പുവെച്ചു. ജൂതരുടെ നേതാവായിരുന്ന മാര്‍ക്കസ് ബ്രൗഡ്, അദ്ദേഹത്തിന്റെ ഭാര്യ നടാലിയ ബ്രൗഡ് എന്നിവരായിരുന്നു ആദ്യം. നാസികളില്‍ നിന്നും ഈ ദമ്പതികള്‍ ഒളിച്ചിരിക്കുകയായിരുന്നു. ഗസ്തപ്പോയുടെ പ്രവർത്തനങ്ങളിൽ പരിഭ്രാന്തരായ അവര്‍ 1940 മാര്‍ച്ചില്‍ ഒരു എക്‌സിറ്റ് വിസയ്ക്ക് അപേക്ഷിച്ചു. സാധാരണ, ഇത് അവരുടെ മരണത്തിലേക്ക് നയിക്കുമായിരുന്നു. പക്ഷേ, അവരുടെ അഭ്യര്‍ത്ഥന ബസിയുടെ മേശപ്പുറത്ത് വന്നു, സ്വന്തം ജീവന്‍ തന്നെ അപകടത്തിലാക്കി അദ്ദേഹം അതില്‍ ഒപ്പുവെച്ചു. ജീവന്‍ രക്ഷിച്ച ആ വിസ ഏപ്രില്‍ 10 -നാണ് ഒപ്പുവച്ചതെന്ന് ചരിത്രകാരനായ നീല്‍ കാപ്ലന്‍ പറയുന്നു. 

ഏപ്രില്‍ 14 -ന് ആ ദമ്പതികള്‍ പോളണ്ട് പട്ടണമായ ട്രസെബീനിയ വഴി യാത്ര ചെയ്തു. പിന്നീട് ലണ്ടന്‍ബര്‍ഗിലൂടെ യാത്ര ചെയ്യുകയും ഒടുവില്‍ ഏപ്രില്‍ 15 -ന് അര്‍നോള്‍ഡ്‌സ്‌റ്റൈനിലെ ജര്‍മ്മന്‍ അതിര്‍ത്തി കടന്ന് ഇറ്റലിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഹോളോകോസ്റ്റുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു രേഖയാണിത്. അധിനിവേശ പോളണ്ടില്‍ ഒരുവശത്ത് ജൂതരെ കൂട്ടക്കൊല ചെയ്യുന്ന സമയത്ത് മറ്റൊരിടത്ത് എക്‌സിറ്റ് വിസകള്‍ നല്‍കിയിരുന്നു എന്നതാണ് അതിന്റെ പ്രാധാന്യം. 'അതിജീവനത്തിനായി ആളുകള്‍ക്ക് സഹിക്കേണ്ടി വന്നതെന്തെല്ലാമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണിത്' എന്ന് ബോറോവ്ക പറയുന്നു. 

ജര്‍മ്മന്‍ ഭീകരതയെക്കുറിച്ചുള്ള ബസിയുടെ നിരീക്ഷണങ്ങള്‍, ജൂതര്‍ക്ക് അദ്ദേഹം നല്‍കിയ സഹായം, ഫോട്ടോകള്‍ എടുത്ത സ്ഥലം എന്നിവയെല്ലാം ചിത്രമെടുത്തത് അദ്ദേഹമാണെന്ന് ഉറപ്പിക്കാൻ കാരണമാകുന്നുവെന്നും ബോറോവ്ക പറയുന്നു. ബസി 1961 -ല്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗികാംഗീകാരങ്ങളൊന്നും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായില്ല. 


 

click me!