24 വർഷത്തെ പോരാട്ടം, ഒടുവിൽ സ്വപ്നജോലിയിൽ പ്രവേശിക്കാൻ തയ്യാറായി കേദാരേശ്വര റാവു

By Web TeamFirst Published Jun 26, 2022, 9:06 AM IST
Highlights

ഏകദേശം എട്ട് വർഷം മുമ്പ് അദ്ദേഹം സ്വന്തം ഗ്രാമത്തിലേക്ക് തിരികെ മടങ്ങി. അമ്മയുടെ മരണം അദ്ദേഹത്തെ കൂടുതൽ ഒറ്റപ്പെടുത്തി. ഉപജീവനത്തിനായി ഗ്രാമങ്ങൾതോറും സൈക്കിളിൽ വസ്ത്രങ്ങൾ കൊണ്ട് നടന്ന് വിൽക്കാൻ തുടങ്ങി.

ആന്ധ്രാപ്രദേശിൽ നിന്നുള്ള അള്ളക കേദാരേശ്വര റാവു 1998 -ലാണ് ജില്ലാ സെലക്ഷൻ കമ്മിറ്റി പരീക്ഷ പാസായത്. എന്നാൽ, ഒരു സർക്കാർ അധ്യാപകനാകാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹത്തിന് ദശാബ്ദങ്ങൾ കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ ഇപ്പോൾ റാവു തന്റെ ചിരകാല സ്വപ്‍നം സഫലമാകാൻ പോവുന്ന സന്തോഷത്തിലാണ്. റാവു തന്റെ ജീവിതത്തിന്റെ അവസാന രണ്ട് പതിറ്റാണ്ടുകളായി ഈ ജോലിക്കായി കാത്തിരിക്കുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സീധി ഗ്രാമവാസിയാണ് റാവു. 1998 -ലാണ് അദ്ദേഹം ഡിഎസ്‌സി പരീക്ഷ പാസാകുന്നത്. ആന്ധ്രാപ്രദേശിൽ സർക്കാർ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷയാണിത്. എന്നാൽ, നിയമപ്രശ്‌നങ്ങളും സർക്കാരിന്റെ പിടിപ്പുകേടും കാരണം 1998 -ൽ ഡിഎസ്‌സി പാസായ ഉദ്യോഗാർത്ഥികൾക്ക് അലോട്ട്‌മെന്റ് ലഭിച്ചില്ല. ഇവരിൽ ചിലർ അന്നുമുതൽ നിയമപോരാട്ടം നടത്തുകയാണ്. ഇപ്പോൾ, 1998 -ലെ ഡിഎസ്‌സി ഫയൽ സംസ്ഥാന സർക്കാർ ഒടുവിൽ ക്ലിയർ ചെയ്തു. അപ്പോഴും റാവു ഇതൊന്നും അറിഞ്ഞില്ല. വീടുതോറും തുണികൾ സൈക്കിളിൽ കൊണ്ട് നടന്ന് വിൽക്കുകയാണ് അദ്ദേഹം ഇന്ന്. സീധിയിലെ ഗ്രാമവാസികളാണ് അദ്ദേഹത്തെ വിവരം അറിയിച്ചത്. ഗ്രാമം മുഴുവൻ ഇപ്പോൾ ആഘോഷ തിമിർപ്പിലാണ്. ഇത് റാവുവിന്റെ മാത്രം വിജയമല്ല, 1998 -ൽ പരീക്ഷ പാസായ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ വിജയമാണ്.

ചെറുപ്പത്തിൽ തന്നെ റാവുവിന്റെ അച്ഛൻ മരണപ്പെട്ടു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അമ്മയും. അദ്ദേഹത്തിന് വിവാഹിതയായ ഒരു അനുജത്തിയുണ്ട്. ജോലി കിട്ടിയാൽ മാത്രമേ വിവാഹം കഴിക്കൂ എന്ന് പ്രതിജ്ഞയെടുത്തതിനാൽ അദ്ദേഹം ഇപ്പോഴും അവിവാഹിതനായി തുടരുന്നു. 1992 -ൽ അണ്ണാമലൈ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഡിഎസ്‌സി പരീക്ഷയ്ക്ക് ശ്രമിക്കാൻ തുടങ്ങി. മൂന്ന് തവണ ശ്രമിച്ചിട്ടാണ് ഒടുവിൽ പരീക്ഷ പാസായത്. എന്നാൽ അപ്പോഴാണ് നിയമനം സർക്കാർ നിർത്തി വയ്ക്കുന്നത്. പിന്നീട് മറ്റ് ജോലികൾക്കായി ശ്രമം തുടങ്ങി. അമ്മയോടൊപ്പം ഹൈദരാബാദിലേക്ക് മാറി. തന്റെ യോഗ്യതയ്ക്ക് അനുയോജ്യമായ ജോലി ലഭിക്കാതെ വന്നപ്പോൾ ഹൈദരാബാദിലെ ഒരു വസ്ത്രശാലയിൽ പണിയ്ക്ക് ചേർന്നു. താൻ കഷ്ടപ്പെട്ട് പഠിച്ചതൊക്കെ വെറുതെയായി എന്നദ്ദേഹം പരിതപിച്ചു. അധ്യാപക ജോലി ലഭിക്കാത്തത് മാനസികമായി അദ്ദേഹത്തെ തളർത്തി.    

ഏകദേശം എട്ട് വർഷം മുമ്പ് അദ്ദേഹം സ്വന്തം ഗ്രാമത്തിലേക്ക് തിരികെ മടങ്ങി. അമ്മയുടെ മരണം അദ്ദേഹത്തെ കൂടുതൽ ഒറ്റപ്പെടുത്തി. ഉപജീവനത്തിനായി ഗ്രാമങ്ങൾതോറും സൈക്കിളിൽ വസ്ത്രങ്ങൾ കൊണ്ട് നടന്ന് വിൽക്കാൻ തുടങ്ങി. ചില ദിവസങ്ങളിൽ കച്ചവടം കുറവായിരിക്കും. അങ്ങനെയുള്ള ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ പോലും പാടുപെട്ടു. തന്നെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

"എന്റെ ജീവിതലക്ഷ്യം ഒരു അദ്ധ്യാപകനാവുക എന്നതായിരുന്നു. ഞാൻ പഠിച്ച് പരീക്ഷ പാസായി. നിയമപരമായ പ്രശ്‌നങ്ങൾ കാരണം, ആ  സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്ക് വർഷങ്ങളെടുത്തു. ഒരു കുടുംബത്തെ പോറ്റാൻ കഴിവില്ലാത്ത ഞാൻ അവിവാഹിതനായി തുടർന്നു” റാവു പറയുന്നു. നിയമപ്രശ്നങ്ങൾ കാരണം, അദ്ദേഹത്തിന് നഷ്ടമായത് തന്റെ ജീവിതത്തിലെ ഇരുപത്തിനാല് വർഷങ്ങളായിരുന്നു. 33 -ാമത്തെ വയസിൽ ലഭിക്കേണ്ടിയിരുന്ന ജോലിയാണ് ഇപ്പോൾ ഈ അൻപത്തേഴാമത്തെ വയസ്സിൽ അദ്ദേഹത്തിന് ലഭിച്ചത്. എന്നാലും അദ്ദേഹം സന്തോഷവാനാണ്. എവിടെ കിട്ടിയാലും താൻ പോകാൻ തയ്യാറാണെന്ന് അദ്ദേഹം പറയുന്നു. ആറു മുതൽ പത്ത് ക്ലാസ്സുകളിൽ പഠിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. നൽകുന്ന ഏത് വിഷയം പഠിപ്പിക്കാനും താൻ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. 

click me!