പാൽവില്പനക്കാരൻ, വ്യോമസേനാ പൈലറ്റ്, കേന്ദ്രമന്ത്രി - രാജേഷ് പൈലറ്റ് പറന്നെത്തിയ ആകാശങ്ങൾ

By Web TeamFirst Published Jun 11, 2020, 12:08 PM IST
Highlights

അന്ന് മുടങ്ങാതെ പാലുകൊണ്ടുകൊടുത്തിരുന്ന പല മാളികകളിലും ആ പയ്യൻസ് പിന്നീട് രാഷ്ട്രീയ നേതാവെന്ന നിലയിൽ, കേന്ദ്രമന്ത്രി എന്ന നിലയിൽ താമസിച്ചു. 

ഇന്ന് പ്രസിദ്ധ കോൺഗ്രസ് നേതാവായിരുന്ന രാജേഷ് പൈലറ്റിന്റെ ഇരുപതാം ചരമവാർഷിക ദിനമാണ്. രാജീവ് ഗാന്ധിയെപ്പോലെ ഒരു പൈലറ്റായിരുന്നു രാജേഷ് പൈലറ്റും. ഇന്ത്യൻ വ്യോമസേനയിൽ ഡെക്കറേറ്റഡ് സ്ക്വാഡ്രൺ ലീഡർ ആയിരുന്ന, ആ ജോലിയിൽ നിന്ന് രാജിവെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് ലോക്സഭയിലേക്ക് മത്സരിച്ച് ഇരുപതു വർഷത്തോളം കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് അദ്ദേഹം. 2000 ജൂൺ 11 -ന് തന്റെ ജിപ്സിയിൽ സ്വയം ഡ്രൈവ് ചെയ്ത് പാർട്ടി പ്രവർത്തകരോടൊപ്പം പൊയ്ക്കൊണ്ടിരിക്കെ ഒരു ട്രാൻസ്‌പോർട്ട് ബസ്സിടിച്ചാണ് അദ്ദേഹം മരിക്കുന്നത്. ദരിദ്രനായൊരു ഒരു പാൽവില്പനക്കാരനിൽ നിന്ന് വ്യോമസേനാ ഫൈറ്റർ പൈലറ്റിലേക്കും, തുടർന്ന് രാഷ്ട്രീയ നേതാവിലേക്കും കേന്ദ്രമന്ത്രിയിലേക്കും ഒക്കെയുള്ള അദ്ദേഹത്തിന്റെ വളർച്ച ഒരു രാഷ്ട്രീയ പാരമ്പര്യത്തിന്റെയോ ഗോഡ്ഫാദറിന്റെയോ ബലത്തിൽ ആയിരുന്നില്ല. ഏറെ പ്രചോദനകരമായ ആ ജീവിതത്തിന്റെ വിശദമായ വിവരങ്ങൾ പത്നി രമാ പൈലറ്റ് എഴുതിയ 'രാജേഷ് പൈലറ്റ് എ ബയോഗ്രഫി' എന്ന പുസ്തകത്തിലുണ്ട്. 

 

 

വർഷങ്ങൾക്ക് മുമ്പ് ദില്ലിയിലെ വിഐപി ഏരിയ ആയ 112, ഗുരുദ്വാര രകാബ്ഗഞ്ച് റോഡിലെ ഒരു മാളികയുടെ ഔട്ട് ഹൗസിൽ പത്തുവയസ്സുള്ള ഒരു പയ്യൻ കഴിഞ്ഞിരുന്നു. മഞ്ഞായാലും മഴയായാലും വെയിലായാലും ആ പയ്യൻ എന്നും പുലർച്ചെ നാലുമണിക്ക് എഴുന്നേൽക്കുമായിരുന്നു. തന്റെ അമ്മാവന്റെ മകനായ നത്ഥി സിംഗിന്റെ ജഴ്‌സിപ്പശുക്കൾക്ക് പിണ്ണാക്കും, കാടിവെള്ളവും, പുല്ലും കൊടുക്കും. അവയുടെ പാൽ കറന്നെടുക്കും, ചാണകം വാരി തൊഴുത്ത് വൃത്തിയാക്കും, എന്നിട്ട് കറന്നെടുത്ത് നറുംപാൽ പ്രദേശത്തെ വിഐപികളുടെ മാളികകളിൽ അതിരാവിലെ തന്നെ കൊണ്ടുക്കൊടുക്കും. ആ പയ്യന്റെ പേര് രാജേശ്വർ പ്രസാദ് ബിധൂരി എന്നായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായ വളർന്ന ആ പയ്യനെ ലോകം പിന്നീട് 'രാജേഷ് പൈലറ്റ്' എന്ന പേരിൽ ഏറെ ബഹുമാനത്തോടെ വിളിച്ചു. അന്ന് മുടങ്ങാതെ പാലുകൊണ്ടുകൊടുത്തിരുന്ന പല മാളികകളിലും ആ പയ്യൻസ് പിന്നീട് രാഷ്ട്രീയ നേതാവെന്ന നിലയിൽ, കേന്ദ്രമന്ത്രി എന്ന നിലയിൽ താമസിച്ചു. അവിടങ്ങളിലെ തോട്ടക്കാരുമായി സൗഹൃദം സ്ഥാപിച്ച് അവിടെ നിന്ന് വെട്ടുന്ന പുല്ല് ചാക്കുനിറയെ ശേഖരിച്ച് പശുക്കൾക്ക് തിന്നാൻ കൊണ്ടുപോകുമായിരുന്നു രാജേഷ് എന്ന മിടുക്കനായ പാൽക്കാരൻ അന്നും എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. 

രാവിലെ നാലുമണിമുതൽ എട്ടുമണിവരെ നീണ്ടുനിന്ന പശുപാലനം, പാൽ വില്പന അദ്ധ്വാനങ്ങൾക്ക് ശേഷം രാജേഷ് അന്ന് മന്ദിർമാർഗ് മുനിസിപ്പൽ സ്‌കൂളിൽ പഠിക്കാനും പോകുന്നുണ്ടായിരുന്നു. അത് ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളായിരുന്നു. അന്ന് സാമ്പത്തികമായി വളരെ പിന്നാക്കമായിരുന്നു രാജേഷിന്റെ കുടുംബം. എന്നാൽ സാമ്പത്തികമായ പിന്നാക്കാവസ്ഥ തന്റെ പഠിപ്പിനെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ച രാജേഷ് താമസിയാതെ ഇന്ത്യൻ എയർഫോഴ്സിൽ പൈലറ്റായി തെരഞ്ഞെടുക്കപ്പെട്ടു. അന്നുതന്നെ വലിയ സ്വപ്‌നങ്ങൾ കണ്ടിരുന്ന ഒരാളായിരുന്നു രാജേഷ് എന്ന് ഒപ്പം കമ്മീഷൻ ചെയ്ത ഫ്ളയിങ് ഓഫീസർമാർ ഓർത്തെടുക്കുന്നു. വായുസേനയുടെ തലവനാകും താൻ ഒരു നാൾ എന്നായിരുന്നു രാജേഷ് ട്രെയിനിങ് സമയത്തുതന്നെ സഹപാഠികളോട് പറഞ്ഞിരുന്നത്.  കേഡറ്റായിരിക്കെ തോളത്ത് ബാഡ്ജും വിങ്‌സും സ്‌ട്രൈപ്‌സും ധരിപ്പിച്ചു കൊടുത്തിരുന്ന കമാൻഡർമാരെക്കണ്ട രാജേഷ്  ഒപ്പം നിന്ന കേഡറ്റുകളോട് പറഞ്ഞത് ഒരു ദിവസം ഞാനും ഇതുപോലെ കേഡറ്റുകൾ വിങ്‌സ് ധരിപ്പിക്കും എന്നാണ്. വായുസേനാ ആസ്ഥാനം സന്ദർശിക്കാൻ വല്ലപ്പോഴുമൊക്കെ രാഷ്ട്രീയത്തിലെ വിഐപികൾക്കും വന്നുപോയിരുന്നു വിമാനങ്ങളിൽ. അവരെ കാണുമ്പോൾ രാജേഷ് പറഞ്ഞിരുന്നത്, " ഒരു ദിവസം ഞാനും ഇതുപോലെ വിഐപി ആയി സന്ദർശനത്തിന് വരും. നിങ്ങൾ എന്നെ ഇതുപോലെ സ്വീകരിക്കും" എന്നായിരുന്നു. 

1971 -ലെ ഇന്തോ പാക് യുദ്ധത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം രാജേശ്വർ പ്രസാദിന് സിദ്ധിച്ചു. ആ യുദ്ധത്തിൽ അതിസാഹസികമായ ഏറെ ഫ്ളയിങ്  സോർട്ടികൾ അദ്ദേഹം വിജയകരമായി പൂർത്തിയാക്കി. അങ്ങനെ ശോഭനമായ ഒരു എയർഫോഴ്സ് കരിയറിന്റെ നെറുകയിൽ നിൽക്കുമ്പോഴാണ് രാജേന്ദർ പ്രസാദിന് ഒരു ഉൾവിളി ഉണ്ടാകുന്നത്. ജനങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കണമെങ്കിൽ എയർഫോഴ്സിൽ നിന്നാൽ പോരാ. രാഷ്ട്രീയത്തിൽ ഇറങ്ങണം. ജനങ്ങളുടെ നാടുവിലേക്കിറങ്ങിച്ചെന്ന് മുന്നിൽ നിന്ന് പ്രവർത്തിക്കണം. അങ്ങനെയിരിക്കെയാണ് 1980 -ലെ ലോക് സഭാ തെരഞ്ഞെടുപ്പ് വരുന്നത്. രാഷ്ട്രീയത്തിൽ ഒരു ഗോഡ്‌ഫാദറുടെയും പിൻബലമില്ലാതിരുന്നിട്ടും അക്കൊല്ലം, ജയ്സാൽമീർ എയർബേസിൽ നിയുക്തനായിരിക്കെ, രാജേഷ് എന്ന വ്യോമസേനാ പൈലറ്റ് തന്റെ  ജീവിതത്തിലെ ഏറ്റവും വലിയ റിസ്ക് എടുത്തു. ഇന്ത്യൻ എയർഫോഴ്സിലെ  ഫൈറ്റർ പൈലറ്റ് എന്ന ആരും കൊതിക്കുന്ന ജോലി വലിച്ചെറിഞ്ഞ് ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു അയാൾ. 

 

 

രാജിവെക്കാൻ തീരുമാനിച്ചതിനു പിന്നാലെ രാജേഷ് പൈലറ്റ് സമ്മതം ചോദിച്ച് കത്തെഴുതിയത് അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ഫക്റുദ്ദിൻ അലി അഹമ്മദിനെ ആയിരുന്നു. കത്തെഴുതി വിവരമറിയിച്ച് ആശിർവാദം തേടിയ ശേഷം, നേരെ രാജിവെക്കുകയാണ് രാജേഷ് ചെയ്തത്. പിന്നാലെ അദ്ദേഹം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ നേരിൽ ചെന്നുകണ്ടു. " മാഡം, ഞാൻ രാജേഷ്. വ്യോമസേനയിൽ പൈലറ്റായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിൽ ചൗധരി ചരൺസിംഗിനെതിരെ ബാഗ്പതിൽ നിന്ന് മത്സരിക്കാൻ താത്പര്യപ്പെടുന്നു. അനുഗ്രഹിക്കണം..." രാജേഷിന്റെ ആഗ്രഹം കേട്ട ഇന്ദിരാ ഗാന്ധി ഞെട്ടി. ഇന്ദിര ചോദിച്ചു,"എവിടെ നിന്ന് മത്സരിക്കണം എന്നാ പറഞ്ഞത്?" "ബാഗ്പതിൽ നിന്ന്, ചൗധരി ചരൺസിംഗിനെതിരെ..." രാജേഷ് പറഞ്ഞു. കുറച്ചുനേരം രാജേഷിനെ മിഴിച്ച് നോക്കി നിന്ന ശേഷം  ഇന്ദിര ചോദിച്ചു "രാജേഷ്, നിങ്ങൾ ആർക്കെതിരെയാണ് മത്സരിക്കണം എന്ന് പറയുന്നതെന്നറിയുമോ? ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ആളാണ് ചൗധരി സാബ്. അറിയില്ലേ? "അറിയാം മാഡം... അദ്ദേഹം എന്റെ നാട്ടുകാരനാണ്. എനിക്ക് നല്ല പരിചയമുള്ള ആൾ." രാജേഷ് ആത്മവിശ്വാസത്തോടെ മറുപടി നൽകി. എന്നാൽ ഇന്ദിര രാജേഷിന്റെ രാഷ്ട്രീയപ്രവേശം അത്ര നല്ല ആശയമാണ് എന്ന് കരുതിയിരുന്നില്ല. അവർ പറഞ്ഞു, " രാജേഷ്... എന്തിനാണ് നിങ്ങൾ വെറുതേ ജീവിതത്തിൽ ഉള്ള സമാധാനം കളയുന്നത്? രാഷ്ട്രീയം നിങ്ങളെപ്പോലുള്ളവർക്ക് പറ്റിയതല്ല. നിങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെ നിങ്ങൾക്ക് ശോഭനമായൊരു ഭാവിയുണ്ട്. അത് കളഞ്ഞ് ഇങ്ങോട്ട് വരണ്ട..." എന്നാൽ രാജേഷ് അതിനോട് യോജിച്ചില്ല, " അയ്യോ... മാഡം. ഞാൻ അനുഗ്രഹം വാങ്ങാൻ വേണ്ടി മാത്രമാണ് ഇവിടെ വന്നത്. തീരുമാനമൊക്കെ എടുത്തുകഴിഞ്ഞു. ഞാൻ ജോലി രാജിവെച്ചിട്ടാണ് ഇങ്ങോട്ട് വന്നതുതന്നെ.." 

 

 

കാര്യം, ഇങ്ങനെ സംസാരമൊക്കെ നടന്നു എങ്കിലും കോൺഗ്രസിന്റെ പ്രാഥമിക സ്ഥാനാർത്ഥിപ്പട്ടികയിൽ രാജേശ്വർ പ്രസാദിന്റെ പേരുണ്ടായിരുന്നില്ല. രണ്ടാം ലിസ്റ്റിൽ പക്ഷേ രാജസ്ഥാനിലെ ഭാരത്പൂരിൽ നിന്ന് മത്സരിക്കാനുള്ള അവസരം ഇന്ദിരാഗാന്ധിയുടെ സവിശേഷ പരിഗണനയുടെ പുറത്ത് രാജേശ്വർ പ്രസാദിന് ലഭിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തൊട്ടുമുമ്പ്, സഞ്ജയ് ഗാന്ധിയുടെ നിർദേശപ്രകാരമാണ് രാജേശ്വർ പ്രസാദ് ഗസറ്റിൽ പരസ്യം നൽകി തന്റെ പേര് രാജേഷ് പൈലറ്റ് എന്ന് മാറ്റിയത്. ആ പേരിലായിരുന്നു നാമനിർദേശപട്ടികയും നൽകിയത്. അന്ന് വർഷങ്ങളായി കോൺഗ്രസിന് വേണ്ടി വിയർപ്പൊഴുക്കുന്നവരും അടികൊള്ളുന്നവരും ഇരിക്കെ  ഇന്ദിരാഗാന്ധി നൂലിൽ കെട്ടി ഇറക്കിയ ആൾ എന്ന നിലക്ക് എങ്ങനെയും രാജേഷ് പൈലറ്റിനെ തോൽപിക്കണം എന്നൊരു വികാരം പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കിടയിൽ ഉണ്ടായിരുന്നു. പ്രചാരണത്തിനായി അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് സീതാറാം കേസരി അനുവദിച്ചു നൽകിയത് വളരെ തുച്ഛമായ ഒരു സംഖ്യ, പതിനായിരം രൂപ മാത്രമാണ്. എന്നിട്ടും ആ തെരഞ്ഞെടുപ്പിൽ രാജേഷ് പൈലറ്റ് ജയിച്ച് പാർലമെന്റിലെത്തി.

 

 

കശ്മീർ, നോർത്ത് ഈസ്റ്റ് വിഷയങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തിയ രാജേഷ് പൈലറ്റ് കാശ്മീരിൽ പ്രശ്നപരിഹാരത്തിനായി നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട്. കശ്മീരിലെ ഇടപെടലുകൾ കാരണം നിരവധി തവണ ആക്രമണങ്ങളും പൈലറ്റിനെതിരെ ഉണ്ടായിട്ടുണ്ട്. രാജീവ് ഗാന്ധി മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു പൈലറ്റ്. നരസിംഹറാവു ഗവണ്മെന്റിലും വാർത്താവിതരണ, ഗതാഗത, ആഭ്യന്തര സുരക്ഷാ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് രാജേഷ് പൈലറ്റ് ആയിരുന്നു. ചന്ദ്രസ്വാമിയെ അഴിമതിക്കേസിൽ ജയിലിലേക്കയക്കുന്നത് പൈലറ്റ് ആഭ്യന്തര സുരക്ഷാ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മുൻകൈയിലാണ്. ഇന്ന് രാജസ്ഥാനിലെ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ ആയ സച്ചിൻ പൈലറ്റ് മകനാണ്. 

 

 

ഒടുവിൽ 2000 ജൂൺ 11 -ന്, ജയ്പൂരിൽ വെച്ച് അകാലമരണം ഒരു കാറപകടത്തിൽ രൂപത്തിൽ തേടിയെത്തിയപ്പോഴാണ് രാജേഷ് പൈലറ്റിന്റെ സജീവമായ രാഷ്ട്രീയജീവിതത്തിന് തിരശീല വീണത്. സ്വന്തമായി ഓടിച്ച ജിപ്സി കാർ ഒരു ട്രാൻസ്‌പോർട്ട് ബസുമായി കൂട്ടിയിടിച്ചാണ് അദ്ദേഹം മരണപ്പെട്ടത്. മരിക്കുമ്പോൾ 55 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന രാജേഷ് പൈലറ്റ് ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റാൻ ശേഷിയുണ്ടായിരുന്ന ഒരു  ജനനേതാവായി ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നിരുന്നേനെ. 

click me!