Latest Videos

മിറാക്കിള്‍ ബെറിയും 'സൂപ്പര്‍ ഗ്ലൂ' ചെടിയും 2019 ല്‍ സസ്യശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയ അതിഥികള്‍

By Web TeamFirst Published Dec 18, 2019, 12:50 PM IST
Highlights

നമ്മള്‍ എല്ലാവരും സസ്യങ്ങളെ ആശ്രയിക്കുന്നു. നമ്മള്‍ ഇനിയും കണ്ടെത്തേണ്ട നിരവധി ഇനങ്ങള്‍ ഭൂമിയില്‍ അവശേഷിക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നു. ഈ ഭൂമിയിലെ എല്ലാത്തിനെക്കുറിച്ചും നമുക്ക് അറിയാമെന്ന് കരുതുന്നത് എളുപ്പമാണ്. പക്ഷേ, നമുക്ക് ഒന്നുമറിയില്ലെന്നതാണ് വസ്തുത. 

2019 -ല്‍ ശാസ്ത്രലോകം പുതുതായി കണ്ടെത്തിയ രണ്ട് ചെടികളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. പുതിയ സസ്യവര്‍ഗങ്ങളെ കണ്ടെത്തുകയും യോജിച്ച ശാസ്ത്രനാമങ്ങള്‍ നല്‍കുകയും ചെയ്യുകയെന്നതാണ് അവയെ സംരക്ഷിക്കുന്നതിന്റെ ഏറ്റവും നിര്‍ണായകമായ ഘട്ടമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. ഈ വര്‍ഷം കണ്ടെത്തിയ മിറാക്കിള്‍ ബെറിയും പശ പോലെയുള്ള പദാര്‍ഥം സ്രവിക്കുന്ന മറ്റൊരു കുറ്റിച്ചെടിയുമാണ് വംശനാശ ഭീഷണി നേരിടുന്ന രണ്ടു പ്രധാന ഇനങ്ങള്‍.

ലണ്ടനിലെ ക്യൂവിലുള്ള റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ വിദഗ്ദ്ധര്‍ കണ്ടെത്തിയ കാന്‍സറിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഈലാങ്ങ് -ഈലാങ്ങ് എന്ന ചെടിയാണ് നശിച്ചുകൊണ്ടിരിക്കുന്ന മറ്റൊരിനം. കനാങ്ങ ഒഡോറേറ്റ എന്നാണ്  ഈ ചെടിയുടെ ശാസ്ത്രനാമം. ക്യൂവിലെ ശാസ്ത്രജ്ഞന്‍മാര്‍ 2019 -ല്‍ 102 ചെടികള്‍ക്ക് ഔദ്യോഗികമായി നാമകരണം ചെയ്തിട്ടുണ്ട്. പക്ഷേ പലതും വംശനാശഭീഷണി നേരിടുന്ന വര്‍ഗങ്ങളില്‍പ്പെട്ടവയാണ്. ഇത്തരം സസ്യങ്ങള്‍ വളരുന്ന ആവാസ മേഖലകളില്‍ മനുഷ്യന്റെ കൈകടത്തലുകള്‍ വരുത്തിത്തീര്‍ക്കുന്ന പ്രശ്‌നങ്ങളാണ് ഇവ വേരറ്റുപോകാന്‍ കാരണമാകുന്നത്. കെട്ടിടങ്ങളും ഡാമുകളും പണിയാനും മണല്‍ ഖനനത്തിനും പാറകള്‍ പൊട്ടിക്കാനുമായി മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോള്‍ കാലാവസ്ഥയില്‍ ദോഷകരമായ മാറ്റങ്ങളുണ്ടാകുന്നു. ഇത് സസ്യങ്ങളെ വംശനാശത്തിന്റെ വക്കിലെത്തിക്കുന്നു.

കണക്കുകള്‍ പരിശോധിച്ചാല്‍ ഭൂമിയില്‍ 82 ശതമാനം ചെടികളാണ്. മനുഷ്യര്‍ വെറും 0.01 ശതമാനം മാത്രമേയുള്ളു. സസ്യജാലങ്ങള്‍ ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായ ഘടകമാണ്. ജീവജാലങ്ങള്‍ക്ക് ശ്വസിക്കാന്‍ ഓക്‌സിജനും കഴിക്കാന്‍ ഭക്ഷണവും താമസിക്കാന്‍ വീടുകളും രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ മരുന്നുകളും സസ്യങ്ങള്‍ നല്‍കുന്നുവെന്ന വസ്തുത നാം മറക്കരുത്.

എല്ലാ വര്‍ഷവും ലോകത്ത് ഏതാണ്ട് 4 ലക്ഷത്തോളം സസ്യവര്‍ഗങ്ങള്‍ക്കും 2000 -ത്തോളം പുതിയതായി കണ്ടെത്തിയ ഇനം ചെടികള്‍ക്കും ശാസ്ത്രനാമം നല്‍കുന്നുണ്ട്.

 

'നമ്മള്‍ എല്ലാവരും സസ്യങ്ങളെ ആശ്രയിക്കുന്നു. നമ്മള്‍ ഇനിയും കണ്ടെത്തേണ്ട നിരവധി ഇനങ്ങള്‍ ഭൂമിയില്‍ അവശേഷിക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നു. ഈ ഭൂമിയിലെ എല്ലാത്തിനെക്കുറിച്ചും നമുക്ക് അറിയാമെന്ന് കരുതുന്നത് എളുപ്പമാണ്. പക്ഷേ, നമുക്ക് ഒന്നുമറിയില്ലെന്നതാണ് വസ്തുത. പ്രാദേശികമായി കാണപ്പെടുന്ന ഇനങ്ങളെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്ക് അറിവുണ്ടാകാം. പക്ഷേ, ശാസ്ത്രലോകത്തിന് അത്തരം ചെടികള്‍ അജ്ഞാതമായിത്തന്നെ തുടരുന്നു' ക്യൂവിലെ മുതിര്‍ന്ന സസ്യശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ ചീക്ക് പറയുന്നു.

'പ്രകൃതിദത്തമായി ആവാസ വ്യവസ്ഥകള്‍ നാള്‍തോറും നശിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ചെടികള്‍ക്ക് പേര് നല്‍കുകയെന്നത് പ്രധാനമാണ്. അവയ്ക്ക് പ്രത്യേകം പേരുകള്‍ നല്‍കിയാല്‍ മാത്രമേ ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വറിന്റെ ഔദ്യോഗികമായ ഇടപെടലിനായി നമുക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയൂകയുള്ളു. അങ്ങനെ അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ മാത്രമേ വംശനാശം നേരിടുന്ന ഇത്തരം വര്‍ഗത്തില്‍പ്പെട്ട ചെടികളെ സംരക്ഷിക്കാന്‍ പറ്റൂ', അദ്ദേഹം പറയുന്നു.

പുതിയ സ്‌നോഡ്രോപ് വര്‍ഗത്തില്‍പ്പെട്ട ചെടിയെ തിരിച്ചറിഞ്ഞത് വടക്കു പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ നിന്നാണ്. അവിടെ പീഡിയാട്രീഷ്യനായ ഒരാള്‍ ഒഴിവുസമയം ആസ്വദിക്കുന്ന ഫോട്ടോകള്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്  ചെയ്തപ്പോള്‍ ഉക്രയിനില്‍ നിന്നുള്ള സ്‌നോഡ്രോപ് സ്‌പെഷലിസ്റ്റാണ് ഈ ചെടിയെ കണ്ടെത്തിയത്. ഇതും വംശനാശഭീഷണി നേരിടുന്ന സസ്യമാണ്.

 

മൊസാംബിക്കിന്റെയും സിംബാബ്‌വേയുടെയും അതിര്‍ത്തിയിലുള്ള ചിമണിമണി കുന്നുകളിലെ മഴക്കാടുകളില്‍ നിന്നാണ് പുതിയ മിറാക്കിള്‍ ബെറി കണ്ടെത്തിയത്. മിറാക്കുലിന്‍ എന്ന പദാര്‍ഥം അടങ്ങിയിരിക്കുന്നതിനാല്‍ പുളിപ്പുള്ള ഭക്ഷണം കഴിച്ചശേഷം ഈ പഴം കഴിച്ചാല്‍ മധുരം തോന്നും. കാടുകള്‍ നിര്‍ബാധം വെട്ടിനശിപ്പിക്കുന്നതിനാല്‍ ഈ ചെടിയും കുറ്റിയറ്റു പോകുന്നതായാണ് കാണുന്നത്.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗിനിയയിലെ ബാഫിങ്ങ് നദിയ്ക്ക് സമീപമുള്ള വെള്ളച്ചാട്ടത്തിനരികിലാണ് പശ പോലുള്ള പദാര്‍ഥം പുറപ്പെടുവിക്കുന്ന റബ്ബര്‍ പോലെ തോന്നുന്ന കുറ്റിച്ചെടി കാണപ്പെടുന്നത്. ' ഇവയില്‍ പ്രകൃതിദത്തമായ ഒരുതരം സൂപ്പര്‍ ഗ്ലൂ അടങ്ങിയിട്ടുണ്ട്. ഈ ചെടിക്ക് സ്വയം പാറകളിലൊക്കെ ഒട്ടിപ്പിടിച്ചിരിക്കാന്‍ കഴിവുള്ളതുകൊണ്ട് വെള്ളച്ചാട്ടത്തിലൂടെ ഒലിച്ചുപോകില്ല. ഈ കൗതുകമുള്ള പദാര്‍ഥം ഇന്നുവരെ ആരും തിരിച്ചറിഞ്ഞിട്ടില്ല', ചീക്ക് പറയുന്നു.

 

അടുത്ത വര്‍ഷം ഹൈഡ്രോ ഇലക്ട്രിക് ഡാമുകള്‍ പണിയുമ്പോള്‍ ഈ ചെടി പൂര്‍ണമായും നശിച്ചുപോകുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നു. ' ഇതേ കുടുംബത്തില്‍പ്പെട്ട മറ്റു ചെടികള്‍ ഹൈഡ്രോ ഇലക്ട്രിക് ഡാമുകള്‍ വന്നപ്പോള്‍ തുടച്ചുമാറ്റപ്പെട്ടത് ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്'  ഇദ്ദേഹം പറയുന്നു.

വളരെ അപൂര്‍വമായ മറ്റൊരു ഇനമാണ് സോണോ സോണോ. ഇതും 2019 ല്‍ കണ്ടെത്തിയതാണ്. ടാന്‍സാനിയയിലെ ഉസംബര പര്‍വതത്തില്‍ നിന്നാണ് 20 മീറ്റര്‍ നീളമുള്ള ഈ ചെടി കണ്ടെത്തിയത്. അത്യാകര്‍ഷകമായ പുതിയ വയലറ്റ് നിറമുള്ള ചെടികളുടെ കുടുംബത്തിലുള്ളവയെ ന്യൂ ഗിനിയയില്‍ കണ്ടെത്തിയിരുന്നു.

400 വര്‍ഷങ്ങളായി ആര്‍ത്രൈറ്റിസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന പടിഞ്ഞാറന്‍ ചൈനയില്‍ നിന്ന് കണ്ടെത്തിയ ബാംബൂ ഫംഗസിന് ഈ വര്‍ഷമാണ് ശാസ്ത്രനാമം നല്‍കാനായത്. ഹൈപ്പര്‍കെല്ലിന്‍സ് എന്നറിയപ്പെടുന്ന ഘടകമാണ് ശാസ്ത്രലോകത്ത് ഈ ഫംഗസിനോടുള്ള താല്‍പര്യം വര്‍ധിപ്പിക്കുന്നത്.


 

click me!