യുവതിയെ കൊന്നതിന് ഭർത്താവിനെയും, അമ്മയെയും, അച്ഛനെയും ജയിലിലടച്ചു, ആറുമാസത്തിനു ശേഷം കോടതിയിൽ പ്രത്യക്ഷപ്പെട്ട് സകലരെയും ഞെട്ടിച്ച് യുവതി!

By Web TeamFirst Published Jan 15, 2020, 2:54 PM IST
Highlights

"ഞങ്ങളെയവർ അതിക്രൂരമായ മൂന്നാംമുറയ്ക്ക് വിധേയരാക്കി. വേദന സഹിക്കാനാകാതെ ലോക്കപ്പിൽ കിടന്ന് ആർത്തു നിലവിളിച്ചുകൊണ്ടിരുന്നപ്പോഴും ഞങ്ങൾ അവളെ കൊന്നു എന്നുമാത്രം സമ്മതിച്ചില്ല..."

ഇത് ഒരു സസ്പെൻസ് ത്രില്ലർ സിനിമയിൽ കുറഞ്ഞൊന്നുമല്ല. ഗർഭിണിയായ ഒരു യുവതിയെ പ്രസവത്തിന് സ്വന്തം വീട്ടിലേക്കുള്ള യാത്രയിൽ കാണാതാകുന്നു. ഭർത്താവും ബന്ധുക്കളും ചേർന്ന് 'ആളെ കാണ്മാനില്ല' എന്ന് പൊലീസിൽ പരാതി നൽകുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ, സ്റ്റേഷൻ പരിധിക്കുള്ളിൽ നിന്ന് ഒരു അജ്ഞാതയുവതിയുടെ മൃതദേഹം കിട്ടുന്നു. കാണാതായ സ്ത്രീയുമായി അപാരമായ സാമ്യമുള്ള ഒരു ജഡം. അടുത്ത ദിവസം പൊലീസ് ഭർത്താവിന്റെ വീട്ടിലെത്തുന്നു. യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് ഭർത്താവും അമ്മയും അച്ഛനും പീഡിപ്പിച്ചിരുന്നു എന്നും അവർ തന്നെ കൊന്നുകളഞ്ഞതാണ് യുവതിയെ എന്ന് പൊലീസ് ആരോപിക്കുന്നു. കോടതി ആ കഥ വിശ്വസിക്കുന്നു, അവർക്ക് ജാമ്യം നിഷേധിക്കുന്നു. ആറുമാസം വിചാരണ നീണ്ടുപോകുന്നു. അത്രയുംകാലം അവർ ജയിലിൽ കഴിച്ചു കൂട്ടുന്നു. ഒടുവിലിതാ, ആറുമാസങ്ങൾക്ക് ശേഷം അതേ യുവതി കോടതിയിലേക്ക് കടന്നുവരുന്നു. നിരപരാധികളായ തന്റെ ഭർത്താവിനെയും അച്ഛനമ്മമാരെയും മോചിപ്പിക്കണേ എന്നപേക്ഷിക്കുന്നു. അന്നുവരെ വിചാരണത്തടങ്കലിൽ പാർപ്പിച്ചുകൊണ്ടിരുന്നവരെ അതോടെ കോടതി വെറുതെ വിടുന്നു. സർവം ശുഭം. 

സംഭവപരമ്പരക്ക് ഒടുവിൽ ശുഭാന്ത്യമായി എങ്കിലും, അവശേഷിക്കുന്ന ചോദ്യങ്ങൾ പലതുണ്ട്. ആ യുവതിയെ എങ്ങനെയാണ് കാണാതായത് ? ആരാണ് അവരെ തട്ടിക്കൊണ്ടു പോയത്? ഇത്രയും കാലം അവർ എവിടെ ചെലവിട്ടു? അവർക്ക് തട്ടിക്കൊണ്ടുപോയ കാലയളവിൽ വല്ല അപകടവും പിണഞ്ഞുവോ? അവരുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞിപ്പോൾ എവിടെപ്പോയി? എല്ലാറ്റിനുമുള്ള ഉത്തരവുമായിട്ടായിരുന്നു യുവതിയുടെ മടക്കം. 

കഥ ആദ്യം മുതൽ തുടങ്ങാം. ഭർത്താവിന്റെ മൊഴിയിൽ നിന്നാകാം തുടക്കം, "ഇവൾ സ്വന്തം വീട്ടിലേക്കെന്നും പറഞ്ഞു വീട്ടിൽ നിന്നിറങ്ങിതാണ് അന്ന്. വഴിയിൽ എവിടെയോ വെച്ച് ഇവളെ കാണാതായി. അവിടെ എത്തിയില്ല. തിരികെ ഇങ്ങോട്ടും വന്നില്ല. അങ്ങനെ നാലഞ്ചുനാൾ കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടുകാര്‍ എല്ലാവരും ഒന്നിച്ചുപോയി പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പൊലീസുകാർക്ക് ഒരു മൃതദേഹം, അതും ഒരു അജ്ഞാതജഡം വീണുകിട്ടി. അത് എന്റെ ഭാര്യയുടെ മൃതദേഹമാണ് എന്ന് ആരോപിച്ചുകൊണ്ട് പൊലീസുകാർ എന്നെയും, എന്റെ അച്ഛനെയും, അമ്മയെയും ഒക്കെ വീട്ടിൽ വന്ന് അറസ്റ്റു ചെയ്തു കൊണ്ടുപോയി. ഞങ്ങൾക്കുമേൽ കൊലക്കുറ്റം ചുമത്തിക്കൊണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഞങ്ങളെ ജാമ്യം പോലും തരാതെ ജയിലിലടപ്പിച്ചു. പിന്നെ ചോദ്യം ചെയ്യാൻ എന്നും പറഞ്ഞ് കസ്റ്റഡിയിൽ വാങ്ങി, എന്നെയും അച്ഛനെയും അമ്മയെയും പൊതിരെ തല്ലി. അതിക്രൂരമായ മൂന്നാംമുറയ്ക്ക് വിധേയരാക്കി. ചെയ്യാത്ത കുറ്റം ഞങ്ങൾ എങ്ങനെ സമ്മതിക്കാനാണ് ? അതുകൊണ്ട് വേദന സഹിക്കാനാകാതെ ലോക്കപ്പിനുള്ളിൽ കിടന്ന് ആർത്തു നിലവിളിച്ചുകൊണ്ടിരുന്നപ്പോഴും ഞങ്ങൾ അവളെ കൊന്നു എന്നുമാത്രം സമ്മതിച്ചില്ല..."
 


 

'രഞ്ജിത്തിന്റെ അമ്മ' 

ഇത് ബിഹാറിലെ സുപ്പോൾ ജില്ലയിലെ, രാധേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ, ബേർധ ഗ്രാമത്തിൽ താമസിക്കുന്ന രഞ്ജിത്ത് പാസ്വാൻ എന്നയാളുടെ മൊഴിയാണ്. ബിബിസിയോട് അയാളത് പറഞ്ഞത്, സ്വന്തം ഭാര്യയുടെ മുഖത്തേക്ക് നോക്കിക്കൊണ്ടുതന്നെയാണ്. ആരെക്കൊന്നു എന്നപേരിലാണോ അയാളും അച്ഛനമ്മമാരും ആറുമാസം സബ് ജയിലിൽ കഴിച്ചു കൂട്ടിയത്, അതേ ഭാര്യയുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ടുതന്നെ. അവരുടെ പേര്, സോണിയാ യാദവ്. 

ഈ കേസിൽ, പൊലീസിന്റെ പ്രാഥമികമായ അന്വേഷണ റിപ്പോർട്ടിൽ പറയുന്ന കഥ ഇപ്രകാരമാണ്. 2018 മെയ് 24 -ന്, സോണിയ യാദവ് എന്ന യുവതി തന്റെ ഭർത്താവിന്റെ വീട്ടിൽ നിന്ന്, സ്വന്തം വീട്ടിലേക്ക് യാത്ര പുറപ്പെടുന്നു. അതിനുശേഷം ആളെ കാണാതാകുന്നു. ഭർത്താവടക്കമുള്ള ബന്ധുക്കളിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങുന്നു. രണ്ടു ദിവസങ്ങൾക്കകം, പൊലീസിന്  ഒരു അജ്ഞാതയുവതിയുടെ അഴുകിത്തുടങ്ങിയ ജഡം കിട്ടുന്നു. കാര്യമായ സാമ്യങ്ങൾ പൊലീസിന് ഈ ജഡത്തിൽ, കാണാതായ യുവതിയുമായി കണ്ടെത്താൻ കഴിഞ്ഞു. അതുകൊണ്ടുതന്നെ ജഡം തിരിച്ചറിയാനായി അവർ യുവതിയുടെ അച്ഛനെ വിളിച്ചുവരുത്തുന്നു. അയാൾ അത് തന്റെ മകളുടെ ശരീരമാണ് എന്ന് മൊഴിനൽകുന്നു. 

അതോടെ പൊലീസിന്റെ സംശയം യുവതിയുടെ ഭർത്താവ് രഞ്ജിത്തിനും അച്ഛനമ്മമാർക്കും നേരെ തിരിയുന്നു. ദുരൂഹമായ സാഹചര്യങ്ങളിലുള്ള ആ തിരോധാനം ഒരു സ്ത്രീധനപീഡനമരണമായി അവർ വ്യാഖ്യാനിച്ചു. അതിൽ രഞ്ജിത്തും, അച്ഛനമ്മമാരും പ്രതിചേർക്കപ്പെട്ടു. എന്നുമാത്രമല്ല, അന്ന് സുപ്പോളിൽ എസ്പി ആയിരുന്ന മൃത്യുഞ്ജയ് കുമാർ ചൗധരി പത്രസമ്മേളനം വിളിച്ചുകൂട്ടി, ഏറെ സങ്കീർണ്ണമായ ഒരു ക്രിമിനൽ കേസ് തങ്ങൾ നാല്പത്തെട്ടുമണിക്കൂറിനകം തന്നെ തെളിയിച്ചിരിക്കുന്നു എന്ന് അവകാശപ്പെട്ടു. ഐപിസി 304 (B) - ഗാർഹിക പീഡന ഹത്യ, 120 (B) - ക്രിമിനൽ ഗൂഢാലോചന, 201/34 - തെളിവ് നശിപ്പിക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകൾ എഫ്‌ഐആറിൽ ചാർത്തിക്കിട്ടിയതോടെ രഞ്ജിത്തിനോ അച്ഛനമ്മമാർക്കോ ജാമ്യം കിട്ടാനുള്ള സാധ്യത അടഞ്ഞു. പിന്നീടങ്ങോട്ട് നീണ്ട വിചാരണക്കാലയളവായിരുന്നു. 

അഞ്ചു മാസങ്ങൾക്കു ശേഷം, 2018 നവംബർ 21 -ന് യുവതി സുപ്പോൾ പൊലീസ് സ്റ്റേഷനിലേക്ക് കടന്നുവരുന്നു. "ഞാൻ സോണിയാ യാദവ്. എന്നെ കൊന്നു എന്ന കുറ്റത്തിനാണ് നിങ്ങൾ എന്റെ ഭർത്താവിനെയും അദ്ദേഹത്തിന്‍റെ അച്ഛനമ്മമാരെയും ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. അവരെ വെറുതെ വിടണം." എന്നായിരുന്നു അവരുടെ ആവശ്യം. 
 


 

അത് സോണിയാ യാദവ് ആണെന്ന് സമ്മതിക്കാൻ പോലും ആദ്യം പൊലീസ് തയ്യാറായില്ല. അതെങ്ങനെ സോണിയാ യാദവ് ആകും. സോണിയ മരിച്ചതല്ലേ? അവരെ കൊന്നതിന് മൂന്നുപേരെ പിടിച്ച് ജയിലിൽ അടച്ചിരിക്കുകയല്ലേ? സോണിയയുടെ ജഡാവശിഷ്ടങ്ങൾ അവളുടെ വീട്ടുകാർക്ക് കൈമാറി അതൊക്കെ ദഹിപ്പിച്ചുകഴിഞ്ഞതാണല്ലോ. പിന്നെ ഇതെങ്ങനെ സോണിയയാകും? അവർ ആ യുവതിയെ സ്റ്റേഷനിൽ നിന്ന് ഓടിച്ചുവിട്ടു. 

അതോടെ ഗത്യന്തരമില്ലാതെ യുവതി കോടതിയെ സമീപിക്കുന്നു. മജിസ്‌ട്രേറ്റിനു മുന്നിൽ തന്റെ മൊഴി രേഖപ്പെടുത്തുന്നു. അങ്ങനെ ഒടുവിൽ ആറുമാസത്തോളം കാലം ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന രഞ്ജിത്തും അച്ഛനമ്മമാരും കുറ്റവിമുക്തരാക്കി പുറത്തിറങ്ങി. എന്നുമാത്രമല്ല, രഞ്ജിത്തിനും കുടുംബത്തിനും അനുഭവിക്കേണ്ടിവന്ന മാനസികവും ശാരീരികവുമായ പീഡനങ്ങളുടെ പേരിൽ ചുരുങ്ങിയത് ആറുലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ആ തുക, കേസ് അന്വേഷിച്ച പൊലീസ് അധികാരികളുടെ ശമ്പളത്തിൽ നിന്ന് പിടിക്കാനും ഉത്തരവിൽ നിഷ്കർഷിക്കുന്നുണ്ട്.

എവിടെയായിരുന്നു സോണിയ ഇത്രയും നാൾ ?

മജിസ്‌ട്രേറ്റിനു മുന്നിൽ സോണിയ നൽകിയ മൊഴിയിലാണ് അതേപ്പറ്റിയുള്ള വിശദമായ വിവരണങ്ങൾ ഉള്ളത്. അന്ന് സ്വന്തം വീട്ടിലേക്ക് യാത്രപുറപ്പെട്ട സോണിയക്ക് ഇടക്കെവിടെയോ വെച്ച് വഴി തെറ്റി. നേരം ഇരുട്ടിയിട്ടും അവർ സ്വന്തം വീട്ടിൽ എത്തിയില്ല. ഇരുട്ടുവീണു തുടങ്ങിയതോടെ അവർക്ക് പരിഭ്രമമാകാൻ തുടങ്ങി. പേടിച്ചരണ്ടുപോയ അവർ ഏങ്ങിയേങ്ങിക്കരഞ്ഞുതുടങ്ങി. വഴിവക്കിൽ ഇരുന്നു കരഞ്ഞ അവരെ വീട്ടിൽ കൊണ്ടുവിടാം എന്നുപറഞ്ഞു വിശ്വസിപ്പിച്ച് ഒരു സ്ത്രീ അവരുടെ വാഹനത്തിൽ കയറ്റി. എന്നാൽ ആ വണ്ടി പിന്നീട് ചെന്ന് നിന്നത് ഗാസിയാബാദ് എന്ന പട്ടണത്തിലാണ്.  തുടർന്ന് നടന്ന കാര്യങ്ങൾ സോണിയയുടെ വാക്കുകളിൽ, 

" എന്നെ കൊണ്ടുചെന്നാക്കിയ ആ വീട്ടിൽ അപ്പോൾ തന്നെ പത്തുപതിനഞ്ചു പെൺകുട്ടികൾ ഉണ്ടായിരുന്നു. എന്നെ കൂട്ടിക്കൊണ്ടുപോയ സ്ത്രീയുടെ പേര് കിരൺ ദേവി എന്നായിരുന്നു. അവരുടെ മകളുടെ പേര് കാമിനി എന്നും. അവർക്ക് പെൺകുട്ടികളുടെ കടത്തും കച്ചവടവുമായിരുന്നു തൊഴിൽ. അവിടെ കണ്ട സ്ത്രീകൾ ഒക്കെയും എന്നെപ്പോലെ വഞ്ചിക്കപ്പെട്ട് അവിടെ എത്തിയവർ തന്നെ. എല്ലാവരെയും അവർ ഒരൊറ്റ മുറിയിലിട്ടാണ് അടച്ചിരുന്നത്. 

അവിടെ ഇടയ്ക്കിടെ കുട്ടികളെ കൊണ്ടുവരികയും, കൊണ്ടുപോവുകയും ഒക്കെ ചെയ്തിരുന്നു. ഗർഭിണിയായിരുന്നതുകൊണ്ടാവും, എന്നെയവർ ഒന്നും ചെയ്തിരുന്നില്ല. അങ്ങനെയിരിക്കെ ഞാൻ പ്രസവിച്ചു. കുട്ടി യാത്രക്ക് പാകമാകും വരെ എനിക്ക് കാത്തിരിക്കേണ്ടി വന്നു. ഒരു ദിവസം ആ അവസരവും വന്നു. വീട്ടിൽ കുറച്ചുനേരത്തേക്ക് ആരുമില്ലാതെ വന്നു. അങ്ങനെ ആരും കാണാതെ ഞാൻ അവിടെ നിന്ന് കുഞ്ഞിനേയും എടുത്തുകൊണ്ട് ഓടി രക്ഷപ്പെട്ടുപോന്നു. തെരുവിൽ ആദ്യം കണ്ടയാളിന്റെ കയ്യിൽ നിന്ന് ഭർത്താവിന്റെ ഫോണിലേക്ക് വിളിച്ചു. ആ നമ്പർ സ്വിച്ചോഫ് ആയിരുന്നു ( രഞ്ജിത്ത് ജയിലിൽ ആയിരുന്നല്ലോ). ചോദിച്ചുചോദിച്ച് ദില്ലിവരെ എങ്ങനെയോ എത്തി. അവിടെ നിന്ന് ട്രെയിൻ കയറി തിരികെ നാട്ടിലേക്കും. "

തിരിച്ച് നാട്ടിലേക്ക് എത്തിപ്പെട്ടപ്പോഴാണ് സോണിയ ഇവിടെ നടന്ന പുകിലൊക്കെ അറിയുന്നത്. ഭർത്താവും അച്ഛനമ്മമാരും ജയിലിൽ ആണെന്നറിഞ്ഞത്. ജയിലിലേക്ക് ചെന്ന് ഭർത്താവിനെ കാണാൻ നോക്കിയപ്പോൾ ആരും സമ്മതിച്ചില്ല. അടുത്ത ദിവസം സുപ്പോൾ സ്റ്റേഷനിലേക്ക് കയറിച്ചെന്നു. അവർ വന്നത് സോണിയ ആണെന്നുപോലും സമ്മതിച്ചുകൊടുക്കാൻ തയ്യാറായിരുന്നില്ല. അങ്ങനെ കരഞ്ഞുവിളിച്ചുകൊണ്ട് പൊലീസ് സ്റ്റേഷൻ പരിസരത്തു നിൽക്കുന്ന സോണിയയ്ക്ക് ഒടുവിൽ അനിൽ കുമാർ എന്നുപേരായ ഒരു സോഷ്യൽ വർക്കറാണ് കോടതിയെ സമീപിക്കാൻ വേണ്ട സഹായങ്ങൾ നൽകിയത്. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് പിന്നീട് ഭർത്താവിന്റെയും, അച്ഛനമ്മമാരുടെയും കുറ്റവിമുക്തിയും, മോചനവുമെല്ലാം സാധ്യമായത്. 
 


'രഞ്ജിത്തും കുടുംബവും സോഷ്യൽ വർക്കറായ അനിൽകുമാറിനൊപ്പം'
 

പൊലീസിന്റെ കാര്യക്ഷമത സംശയത്തിന്റെ നിഴലിൽ 

ആകെ ഒരു സസ്പെൻസ് ത്രില്ലർ സിനിമ പോലെ തോന്നിക്കുന്ന ഈ സംഭവകഥ ബീഹാർ പൊലീസിലെ ഓഫീസർമാരുടെ കാര്യക്ഷമതക്കുമേൽ ഗുരുതരമായ ആരോപണങ്ങൾ ആണ് ഉന്നയിക്കുന്നത്. ഈ കേസിന്റെ അന്വേഷണത്തിൽ ഉണ്ടായ വീഴ്ചകളെപ്പറ്റി വിശദമായ അന്വേഷണം നടത്തണം എന്നാണ് കോടതി ഡിപ്പാർട്ടുമെന്റിനോട് പറഞ്ഞിരിക്കുന്നത്. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുന്നത്ര പരിഹാസ്യമാണ് ഈ കേസിലെ പൊലീസിന്റെ ഇടപെടൽ എന്നും കോടതി നിരീക്ഷിച്ചു. 

അപ്പോഴും അവശേഷിക്കുന്ന മറ്റൊരു പ്രധാന ചോദ്യമുണ്ട്. സോണിയാ യാദവിന്റേത് എന്ന ധാരണപ്പുറത്ത് പൊലീസ് ബന്ധുക്കളെ ഏൽപ്പിച്ച്, അവർ അന്തിമകർമങ്ങൾ നിർവഹിച്ച് ദഹിപ്പിച്ച ആ അജ്ഞാതജഡം ആരുടേതായിരുന്നു? അതേപ്പറ്റിയും വിശദമായ പുനരന്വേഷണം വേണമെന്ന് കോടതി പൊലീസ് ഡിപ്പാർട്ടുമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അന്വേഷണം നടത്തിയ ഇൻസ്‌പെക്ടർ ഹരേന്ദ്ര മിശ്രക്ക് നേരെയും കടുത്ത നടപടികൾ ഉണ്ടാകണം. 

സുപ്പോൾ പൊലീസ് പക്ഷേ ഇപ്പോഴും പഴിചാരുന്നത് സോണിയയുടെ അച്ഛന്റെ മേലാണ്. സ്വന്തം മകളുടെ ജഡമാണ് ഇതെന്ന് ആ അച്ഛൻ മൊഴികൊടുത്തതാണ് കാര്യങ്ങൾ ഇത്രകണ്ട് വഷളാക്കിയത് എന്നാണ് അവർ പറയുന്നത്. എന്നാൽ, അന്നുതന്നെ താൻ ഇത് ഭാര്യ സോണിയയുടെ ജഡമല്ല എന്ന് തറപ്പിച്ചു പറഞ്ഞിട്ടും അത് വിശദമായ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ തയ്യാറാകാതിരുന്ന സുപ്പോൾ പൊലീസിന് ആരെയും കുറ്റപ്പെടുത്താൻ അവകാശമില്ല എന്ന് രഞ്ജിത്ത് പാസ്വാൻ പറഞ്ഞു. തനിക്കും അച്ഛനമ്മമാർക്കും നേരിടേണ്ടിവന്ന കൊടിയ മാനസികപീഡനങ്ങൾക്കും, ചോദ്യംചെയ്യൽ എന്ന പേരിൽ പൊലീസ് തങ്ങളെ ഇരയാക്കിയ ക്രൂരമർദ്ദനങ്ങൾക്കും, ജയിലിനുള്ളിൽ ആറുമാസം കഴിച്ചുകൂട്ടേണ്ടിവന്നതിനും, ഇതിന്റെ പേരിലുണ്ടായ ദുഷ്കീർത്തിക്കും ഒന്നും ഇപ്പോൾ കോടതി വിധിച്ചിരിക്കുന്ന ആറു ലക്ഷം രൂപ നഷ്ടപരിഹാരം തികയില്ല എന്നും, മേൽക്കോടതിയിൽ അപ്പീൽ നൽകും എന്നും രഞ്ജിത്തും ബന്ധുക്കളും പറയുന്നു. 

രഞ്ജിത്തിന്റെ അച്ഛന്റെ ചോദ്യം ഏറെ പ്രസക്തമാണ്, "കോടതിയിൽ കേസുപറയാൻ വേണ്ടി ആകെയുണ്ടായിരുന്ന കിടപ്പാടം വിറ്റു. കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെട്ടു. എനിക്കോ എന്റെ മകനോ, ഈ കേസിന്റെ പേരും പറഞ്ഞ് ആരും ജോലി തരാൻ പോലും തയ്യാറാകുന്നില്ല. മരുമകൾ തിരിച്ചെത്തി, കാര്യമൊക്കെ ശരിതന്നെ. ഇനി വീട്ടിലുള്ളോരെ ഞാൻ എങ്ങനെ പോറ്റുമെന്നുകൂടി പറ നിങ്ങൾ...!" 


 

click me!