നീരാളിക്കും കൊഞ്ചിനുമെല്ലാം വേദനയറിയാം, നിയമത്തിലൂടെ സംരക്ഷിക്കണമെന്ന് ആവശ്യം, ജീവനോടെ കയറ്റുമതി ചെയ്യരുത്?

By Web TeamFirst Published Jun 19, 2021, 3:41 PM IST
Highlights

"അവരുടെ സമീപത്തുകൂടി നടന്നു പോയാൽ അവ ടാങ്കിനു മുകളിൽ വന്നു നോക്കുന്നു. അവ നിങ്ങളെ നിരീക്ഷിക്കുന്നത് നിങ്ങൾക്ക് കാണാം. വേദനയോ ദുരിതമോ അനുഭവപ്പെടുമ്പോൾ അവയുടെ പെരുമാറ്റത്തിൽ വളരെയധികം വ്യത്യാസം വരുന്നതായും കാണാം" എമിലി പറയുന്നു. 

നീരാളിയ്ക്കും കൊഞ്ചിനും വേദന അനുഭവിക്കാനുള്ള ശേഷിയുണ്ടെന്നും, അതുകൊണ്ട് ആനിമൽ വെൽഫെയർ (സെന്റിൻസ്) ബില്ലിൽ അവയെ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യവുമായി മുന്നോട്ട് വരികയാണ് യുകെ -യിൽ ഒരു സംഘം കൺസർവേറ്റീവ് എംപിമാർ. വേദനയും, സന്തോഷവും പോലുള്ള വികാരങ്ങൾ അനുഭവിക്കാൻ സാധ്യമായ ജീവികൾക്ക് സംരക്ഷണം നൽകുന്ന ഒരു നിയമമാണ് അത്. ഇതിൽ ഉൾപ്പെട്ടിട്ടുള്ള മൃഗങ്ങളെ ജീവനോടെ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.

മത്സ്യത്തിനും മറ്റ് കശേരുക്കൾക്കും വേദന അനുഭവപ്പെടുന്നുണ്ടെന്നും, അതുകൊണ്ട് അവയെ കഴിയുന്നത്ര സംരക്ഷിക്കണമെന്നും ഇപ്പോൾ നിയമം പറയുന്നു. അതേസമയം കൊഞ്ച്, നീരാളി പോലുള്ള ജീവികൾ നിലവിൽ ബില്ലിൽ ഉൾപ്പെട്ടിട്ടില്ല. കാരണം, അകശേരുകികൾ എന്ന നിലയിൽ അവയുടെ ശരീരം നമ്മുടേതിൽ നിന്ന് വ്യത്യസ്തമാണ് എന്നും, അതിനാൽ അവയ്ക്ക് സങ്കീർണമായ വികാരങ്ങൾ ഉണ്ടെന്ന് കരുതുന്നില്ലെന്നുമാണ് കരുതിയിരുന്നത്.

എന്നാൽ, എം‌പിമാർ കൊഞ്ച് പോലുള്ള ജീവികൾക്ക് ഇപ്പോൾ കൂടുതൽ സംരക്ഷണം നൽകാൻ ആഗ്രഹിക്കുന്നു. കൺസർവേറ്റീവ് ആനിമൽ വെൽഫെയർ ഫൗണ്ടേഷന്റെ റിപ്പോർട്ടിൽ, ഈ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങളാണ് ഇതുവരെ ശ്രദ്ധിക്കപ്പെട്ടിരുന്നതെന്നും, അവയുടെ വികാരങ്ങളെക്കുറിച്ച് മനസിലാക്കാൻ ഇതുവരെ ശ്രമങ്ങൾ ഒന്നും നടന്നിട്ടില്ലെന്നുമാണ് പറയുന്നത്. നമ്മിൽ നിന്ന് വേറിട്ട് വളരെ വ്യത്യസ്തമായ രീതിയിലാണ് ആ ജീവിവർ​ഗങ്ങൾ ലോകത്തെ അനുഭവിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. അവയ്ക്ക് സന്തോഷവും വേദനയും അനുഭവപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അതിൽ പറയുന്നു.

മറ്റ് ജീവികൾ നമ്മെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും, അതിനാൽ ഇപ്പോൾ ആ സഹായം നാം അവയ്ക്ക് തിരികെ നൽകണമെന്നും സമുദ്ര ജീവശാസ്ത്രജ്ഞ എമിലി സള്ളിവൻ റേഡിയോ 1 ന്യൂസ്ബീറ്റിനോട് പറഞ്ഞു. ഈ 25 -കാരി മറൈൻ ബയോളജിക്കൽ അസോസിയേഷനിലെ റിസർച്ച് അക്വേറിയം കൈകാര്യം ചെയ്യുന്നു. ഇത്തരം ജീവിവർ​ഗങ്ങളുമായി ധാരാളം ഇടപഴകിയിട്ടുള്ള എമിലി പറയുന്നത് സ്വയം എന്താണെന്നും, ചുറ്റുപാടും എന്താണെന്നും അവയ്ക്ക് നല്ല ബോധ്യമുണ്ടെന്നാണ്. "ഇത് മറ്റ് ജീവിവർഗ്ഗങ്ങളിൽ നിന്ന് അവയെ വ്യത്യസ്തമാക്കുന്നു" അവൾ പറയുന്നു.

"അവരുടെ സമീപത്തുകൂടി നടന്നു പോയാൽ അവ ടാങ്കിനു മുകളിൽ വന്നു നോക്കുന്നു. അവ നിങ്ങളെ നിരീക്ഷിക്കുന്നത് നിങ്ങൾക്ക് കാണാം. വേദനയോ ദുരിതമോ അനുഭവപ്പെടുമ്പോൾ അവയുടെ പെരുമാറ്റത്തിൽ വളരെയധികം വ്യത്യാസം വരുന്നതായും കാണാം" എമിലി പറയുന്നു. അവയുടെ ദുരിതങ്ങൾ പരമാവധി കുറക്കുക എന്നതാണ് ഈ നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. അതിന് മുൻപ് അവയ്ക്ക് വികാരങ്ങൾ അനുഭവിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ട്. ഫീൽഡിനുള്ളിൽ നിന്നുള്ള വിദഗ്ധരുൾക്കൊള്ളുന്ന ഒരു സമിതിയാണ് ഇത് തീരുമാനിക്കുക. 

click me!