'ഓപ്പറേഷൻ തണ്ടർ ബോൾട്ട്'-ഈദി അമീന്റെ മൂക്കിൻ ചുവട്ടിൽനിന്ന് ബന്ദികളെ ഇസ്രായേലി കമാൻഡോകൾ രക്ഷിച്ചതിന്റെ ഓർമ്മ

By Web TeamFirst Published Jul 4, 2020, 6:40 PM IST
Highlights

ഈദി അമീൻ എന്ന സ്വേച്ഛാധിപതിയുടെ മൂക്കിന് തുമ്പിൽ നിന്ന്, തങ്ങളുടെ 106 പൗരന്മാരെ രക്ഷിച്ചെടുക്കാൻ വേണ്ടി, ഏറെ സാഹസികമായ ഒരു കമാൻഡോ ഓപ്പറേഷൻ ഇസ്രായേൽ നടപ്പിലാക്കിയത് ഇന്നേക്ക് 44 വർഷം മുമ്പാണ്.

ഇന്ന് ജൂലൈ 4. ഇന്നത്തെ ദിവസത്തിന് വ്യോമയാന ചരിത്രത്തിൽ, വിശിഷ്യാ ഹൈജാക്കുകളുടെ ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്.'ഓപ്പറേഷൻ തണ്ടർ ബോൾട്ട്' എന്ന പേരിൽ പ്രസിദ്ധമായ രക്ഷ ദൗത്യം ഇസ്രായേൽ എന്ന രാഷ്ട്രം വിജയകരമായി നടപ്പിലാക്കിയത് ഇന്നാണ്. പലസ്തീനി ചാവേറുകൾ ഹൈജാക്ക് ചെയ്ത എയർ ഫ്രാൻസ് വിമാനത്തിൽ നിന്ന്, തീവ്രവാദികളോട് സൗഹൃദം പുലർത്തിയിരുന്ന ഈദി അമീൻ എന്ന സ്വേച്ഛാധിപതിയുടെ മൂക്കിന് തുമ്പിൽ നിന്ന്, തങ്ങളുടെ 106 പൗരന്മാരെ രക്ഷിച്ചെടുക്കാൻ വേണ്ടി, ഏറെ സാഹസികമായ ഒരു കമാൻഡോ ഓപ്പറേഷൻ അവർ നടപ്പിലാക്കിയത് ഇന്നേക്ക് 44 വർഷം മുമ്പ്, ഇതുപോലൊരു ജൂലൈ നാലാം തീയതിയാണ്. ഇത് ആ രോമാഞ്ചജനകമായ ഓപ്പറേഷന്റെ ഉദ്വേഗം നിറഞ്ഞ വിവരണമാണ്.

ഈ 'രക്ഷാദൗത്യം' നടക്കുന്നത് 1976  ജൂലൈ നാലാം തീയതിയായിരുന്നു. പ്രശ്നങ്ങളുടെയെല്ലാം തുടക്കം കുറിച്ച ആ അഭിശപ്തമായ വിമാനയാത്ര തുടങ്ങുന്നത് അതിനും ഒരാഴ്ച മുമ്പും. ജൂൺ 27ന് ഇസ്രായേലിലെ ടെൽ അവീവിൽ നിന്നും പാരീസിലേക്ക് പറന്നുയർന്ന എയർ ഫ്രാൻസ് വിമാനം A300, യാത്രാ മദ്ധ്യേ ഗ്രീസിലെ ഏഥൻസിൽ ഒന്ന് നിർത്തി. അവിടെ നിന്നും കുറച്ച് യാത്രക്കാർ കേറി. അവരുടെ കൂട്ടത്തിൽ നാല് തീവ്രവാദികളും ഉണ്ടായിരുന്നു. പലസ്തീൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'പോപ്പുലർ ഫ്രണ്ട് ഫോർ പലസ്തീൻ ലിബറേഷൻ' എന്ന തീവ്രവാദ സംഘടനയിലെ രണ്ടു ചാവേറുകളും, അവരെ സഹായിക്കാനായി ജർമ്മൻ വിപ്ലവാഭിമുഖ്യ സംഘടനകളിൽ ഒന്നിലെ രണ്ടു ജർമ്മൻകാരും. ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് പറന്നു പൊന്തിയ വിമാനം, വെറും അരമണിക്കൂറിനുള്ളിൽ ഹൈജാക്കർമാരുടെ നിയന്ത്രണത്തിലായി. വിമാനം അവർ ആദ്യമായി ആദ്യം ലിബിയയിലെ ബംഗാസിയിൽ വിമാനമിറക്കി. അവിടെ ഇന്ധനം നിറയ്ക്കാനും മറ്റുമായി ഏഴുമണിക്കൂറോളം ചെലവിട്ട ശേഷം വിമാനം വീണ്ടും പറന്നുയർന്നു. പിന്നീടവർ ലാൻഡ് ചെയ്തത് ഉഗാണ്ടയിലെ എന്റെബ്ബെ വിമാനത്താവളത്തിലായിരുന്നു. 

 

അന്ന് ഈദി അമീൻ എന്ന കുപ്രസിദ്ധ സ്വേച്ഛാധിപതി ഉഗാണ്ട അടക്കിവാഴുന്ന കാലമാണ്. ഇസ്‌ലാമിക തീവ്രവാദത്തോടും വിശിഷ്യാ പലസ്തീന്റെ വിമോചനത്തോടും പ്രതിപത്തി പുലർത്തിയിരുന്ന ഈദി അമീന്റെ നാടായ ഉഗാണ്ടയിലേക്ക്, അതിന്റെ തലസ്ഥാനമായ എന്റെബ്ബെയിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അവർ ചെന്നിറങ്ങിയത്. ഉഗാണ്ടയിൽ നിന്നും  അവരുടെ കൂടെ നാലുപേർ കൂടി ചേർന്നു. ഗ്രൗണ്ടിൽ അവർക്ക് പൂർണ്ണ പിന്തുണയറിയിച്ചുകൊണ്ട് ഈദി അമീന്റെ പട്ടാളവും ഉണ്ടായിരുന്നു.  

 

 

മനസ്സ് തീവ്രവാദികൾക്കൊപ്പമായിരുന്നപ്പോഴും ഈദി അമീൻ ഒരു മധ്യസ്ഥന്റെ റോൾ വിദഗ്ധമായി അഭിനയിച്ചുകൊണ്ടിരുന്നു. വിമാനത്തിൽ കുടുങ്ങിക്കിടന്ന യാത്രികരെ  ഈ നാടകം നീണ്ടുനിന്ന ഒരാഴ്ചയോളം ഏതാണ്ട് എന്നുമെന്നോണം സന്ദർശിച്ചുകൊണ്ടിരുന്ന അമീൻ അവരെ മോചിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് വാക്കുകൊടുത്തുകൊണ്ടിരുന്നു. ഇരുപത്തെട്ടാം തീയതി തീവ്രവാദികൾ അവരുടെ ആവശ്യങ്ങൾ ഈദി അമീൻ വഴി പുറം ലോകത്തിന് കൈമാറി. ഇസ്രായേലി സൈന്യം തടവിലിട്ടിരിക്കുന്ന അവരുടെ സഹ തീവ്രവാദികളെ മോചിപ്പിക്കണം. ഒപ്പം അഞ്ചു മില്യൺ അമേരിക്കൻ ഡോളറും കൈമാറണം. ജൂലൈ ഒന്നിന് മുമ്പ് അത് നടന്നില്ലെങ്കിൽ വിമാനത്തിലുള്ള യാത്രക്കാരെ ഒന്നടങ്കം വെടിവെച്ചു കൊന്നുകളയും എന്നായിരുന്നു ഭീഷണി. ഇരുപത്തൊമ്പതാം തീയതി തീവ്രവാദികൾ തങ്ങളുടെ ബന്ദികളെ ഇസ്രായേലികൾ എന്നും മറ്റുള്ളവരെന്നും രണ്ടായി വേർതിരിച്ചു. മുപ്പതാം തീയതി അവർ ഇസ്രായേലികൾ അല്ലാത്ത കൂട്ടത്തിൽ നിന്നും മുതിർന്നവരും കുട്ടികളുമടങ്ങുന്ന 48  പേരെ തെരഞ്ഞെടുത്ത് മോചിപ്പിച്ചു.  

ഇസ്രായേൽ സർക്കാർ അപ്പോഴേക്കും ഒരു കമാൻഡോ ഓപ്പറേഷനുവേണ്ടി മാനസികമായി തയ്യാറെടുത്തു തുടങ്ങിയിരുന്നു. അങ്ങനെയൊരു ഓപ്പറേഷൻ നടത്തിയെടുക്കാൻ വേണ്ട പരിശീലനം സിദ്ധിച്ച കമാൻഡോകൾ ഇസ്രേയൽ സൈന്യത്തിൽ ഉണ്ടായിരുന്നു. ഒപ്പം, ഇങ്ങനെയൊരു ഓപ്പ്പറേഷന് വേണ്ട ആയുധബലവും, സാങ്കേതിക ശേഷിയും അവർക്കുണ്ടായിരുന്നു. ആകെയുള്ള പ്രശ്നം ഈദി അമീന്റെ സാന്നിധ്യം മാത്രമായിരുന്നു. ഈദി അടക്കി വാഴുന്ന  ഉഗാണ്ട പോലൊരു വിദൂര രാജ്യത്ത്, അതും വളരെ 'ഹോസ്റ്റൈൽ' ആയ സാഹചര്യത്തിൽ ഇത്രയധികം ആളുകളെ മോചിപ്പിക്കാൻ വേണ്ടി ഒരു ഓപ്പറേഷൻ നടത്താൻ വേണ്ടുന്ന സാവകാശവും അവർക്ക് വേണമായിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ പ്രധാനമന്ത്രി ഇസ്ഹാക് റബ്ബിനും ആഭ്യന്തര മന്ത്രി ഷിമോൺ പെരസും തങ്ങളുടെ സ്വാധീനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി. പല കേന്ദ്രങ്ങൾ വഴി സമ്മർദ്ദം ചെലുത്തി. അങ്ങനെ ഒരുവിധത്തിൽ അവർ ഡെഡ് ലൈൻ ജൂലൈ നാലിലേക്ക് നീട്ടി. ആദ്യ ഘട്ടമായി അവർ നയതന്ത്ര തലത്തിൽ ഒരു ശ്രമം നടത്തി. ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തും, PLO നേതാവ് യാസർ അറാഫാത്തും വഴി അവർ ചർച്ചകൾ നടത്തിനോക്കിയെങ്കിലും തീവ്രവാദികൾ വഴങ്ങിയില്ല. 

 

 

സമാധാന പൂർണ്ണമായ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടതോടെ ഇസ്രായേൽ തങ്ങളുടെ 'പ്ലാൻ ബി' നടപ്പിലാക്കാൻ തീരുമാനിച്ചു. ആ രക്ഷാദൗത്യത്തിന് അവർ നൽകിയ പേര്  'ഓപ്പറേഷൻ തണ്ടർ ബോൾട്ട്' എന്നായിരുന്നു. ലെഫ്റ്റനന്റ് കേണൽ ജോഷ്വാ സാനി ആയിരുന്നു ഓപ്പറേഷന്റെ കമാണ്ടർ. വിക്ടോറിയ തടാകത്തിൽ കമാൻഡോകളെ എയർ ഡ്രോപ്പ് ചെയ്ത്, റബ്ബർ ബോട്ടുകളിൽ  ലക്ഷ്യസ്ഥാനത്തേക്ക് ഒളിച്ചു കടക്കാനായിരുന്നു ആദ്യ പ്ലാൻ. എന്നാൽ സമയക്കുറവും, തടാകത്തിലെ മുതലകളുടെ സാന്നിധ്യവും ആ പ്ലാൻ ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിച്ചു. 

ഇസ്രായേലി ഇന്റലിജൻസ് ഓഫീസർമാരുടെ കയ്യിൽ എന്റെബ്ബെ എയർപോർട്ടിനെപ്പറ്റി ഒരു രഹസ്യവിവരങ്ങളും ഉണ്ടായിരുന്നില്ല. എയർപോർട്ടിന്റെ ബ്ലൂപ്രിന്റോ, തീവ്രവാദികൾ എവിടെയാണ് ഹോസ്റ്റേജുകളെ തടഞ്ഞു വെച്ചിരിക്കുന്നതെന്നോ, ആ കെട്ടിടത്തിൽ സ്‌ഫോടക വസ്തുക്കളുണ്ടോ എന്നോ ഒന്നും അറിയില്ലായിരുന്നു അവർക്ക്. അതുമാത്രമല്ല, അവരുടെ മുന്നിലെ അതിലും വലിയ മറ്റൊരു പ്രശ്നവും ഉണ്ടായിരുന്നു. ഇസ്രായേലിൽ നിന്നും കമാണ്ടോകളുമായി പുറപ്പെടുന്ന വ്യോമസേനാ വിമാനങ്ങൾക്ക് അങ്ങ് ഉഗാണ്ടവരെ പറക്കാനുള്ള ഇന്ധന ശേഷിയില്ലായിരുന്നു. കിഴക്കൻ ആഫ്രിക്കയിലെ ഒരു രാജ്യവും ഈ മിഷന് സഹായം ചെയ്യുക വഴി ഈദി അമീന്റെ കോപത്തിന് ഇരയാകാൻ ആഗ്രഹിക്കുന്നുമുണ്ടായിരുന്നില്ല.  അവിടെയും തങ്ങളുടെ അന്താരാഷ്‌ട്ര നയതന്ത്ര ബന്ധങ്ങൾ ഇസ്രായേലിനു ഗുണകരമായി. കെനിയൻ പ്രസിഡന്റ് ജോമോ കെനിയാത്തയെ സ്വാധീനിച്ച് നെയ്‌റോബിയിൽ ലാൻഡ് ചെയ്ത് ഇന്ധനം നിറയ്ക്കാൻ ധാരണയായി. അന്ന് കെനിയാത്തയെ  അതിനു പ്രേരിപ്പിച്ചത് കെനിയൻ കൃഷി വകുപ്പ് മന്ത്രിയായിരുന്ന ബ്രൂസ് മക്കെൻസി ആയിരുന്നു. മക്കെൻസി സഞ്ചരിച്ച വിമാനത്തിൽ ബോംബുവെച്ച് അദ്ദേഹത്തെ വധിച്ചുകൊണ്ട് ഈദി അമീൻ പിൽക്കാലത്ത് അതിനു പകരം വീട്ടുകയും ചെയ്തു. 

തങ്ങൾക്ക് എന്റെബ്ബെ എയർപോർട്ടിനെ സംബന്ധിച്ചുള്ള ഇന്റലിജൻസ് അവ്യക്തത ഇസ്രായേലി കമാൻഡോ സംഘം മറികടന്നത് 'സൊലെൽ ബോനെ' എന്ന ഇസ്രായേലി വേരുകളുള്ള  കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ സഹായത്തോടെയാണ്.  അവരായിരുന്നു എന്റെബ്ബെ എയർപോർട്ട് ഡിസൈൻ ചെയ്തതും നിർമിച്ചതും. ആ കമ്പനി തങ്ങളുടെ അതേ പ്രോജക്റ്റ് ടീമിനെ വിളിച്ചുവരുത്തി, ചുരുങ്ങിയ സമയത്തിനുള്ളിൽ   കമാണ്ടോകൾക്കുവേണ്ടി എന്റെബ്ബെ എയർപോർട്ടിന്റെ ഒരു ചെറിയ റിപ്ലിക്ക തന്നെ ഉണ്ടാക്കി നൽകി. 

 

 

ഇതിനും പുറമെ, യാദൃച്ഛികമായാണെങ്കിലും, അവർക്ക് നിർണായകമായ വേറൊരു ഇന്റലിജൻസ് വിവരം കൂടി കിട്ടി. തീവ്രവാദികൾ 48 പേരെ റിലീസ് ചെയ്തെന്നു പറഞ്ഞിരുന്നല്ലോ. അക്കൂട്ടത്തിൽ ഒരു ഫ്രഞ്ച്-ജൂയിഷ് പശ്ചാത്തലമുള്ള വിമുക്ത സൈനിക ഓഫീസറുണ്ടാണ്ടായിരുന്നു. അപാരമായ ഓർമ്മ ശക്തിയും നിരീക്ഷണ പാടവവും കൈമുതലായുണ്ടായിരുന്ന അദ്ദേഹം വിമാനത്തിൽ ഉണ്ടായിരുന്ന തീവ്രവാദികളെപ്പറ്റിയും അവരുടെ കയ്യിലുണ്ടായിരുന്ന ആയുധങ്ങളെപ്പറ്റിയും ഒക്കെയുള്ള വളരെ സൂക്ഷ്മമായ വിവരങ്ങൾ ഇസ്രായേലി ഇന്റലിജൻസിന് കൈമാറി. അതും അവർക്ക് ഈ ദൗത്യത്തിൽ വളരെ സഹായകമായിരുന്നു. 

ഈജിപ്തിലെ 'ഷം അൽ ഷെയ്ക്കി'ൽ നിന്നും പറന്നുയർന്ന രണ്ടു C130  കാർഗോ വിമാനങ്ങളെ രണ്ടു ബോയിങ്ങ് 707   വിമാനങ്ങളും അനുഗമിച്ചു. ചെങ്കടലിലൂടെ മറ്റുരാജ്യങ്ങളുടെ റഡാറുകളാൽ കണ്ടുപിടിക്കപ്പെടാതിരിക്കാൻ കടലിൽ നിന്നും വെറും 30  മീറ്റർ ഉയരത്തിലാണ് വിമാനങ്ങൾ പറന്നുകൊണ്ടിരുന്നത്. ജിബൂട്ടിക്കടുത്തുവെച്ച് തിരിഞ്ഞ് ആഫ്രിക്കൻ വൻകരയിലേക്ക് കേറിയ വിമാനങ്ങൾ കെനിയയിലെ നെയ്‌റോബിയിലൂടെ സൊമാലിയ - എത്യോപ്യ വഴി, ആഫ്രിക്കൻ റിഫ്റ്റ് താഴ്വരയിലൂടെ സഞ്ചരിച്ച് പതുക്കെ അവർ വിക്ടോറിയാ തടാകത്തിനു മുകളിലൂടെ ആരുമറിയാതെ എന്റെബ്ബെ വിമാനത്താവളത്തിൽ വന്നിറങ്ങി. 

സമയം തീരെ കുറവായതിനാൽ ലാൻഡ് ചെയ്തതും ആ കാർഗോ വിമാനത്തിന്റെ വാതിലുകൾ തുറന്നതും ഒക്കെ ഒന്നിച്ചായിരുന്നു. നിമിഷനേരത്തിനുള്ളിൽ അതിൽ നിന്നും ഈദി അമീന്റെ വാഹനവുമായി സാമ്യമുള്ള ഒരു മെഴ്‌സിഡസ് ബെൻസും പിന്നെ  അദ്ദേഹത്തിന്റെ അകമ്പടി വാഹനങ്ങളുമായി സാമ്യമുള്ള ലാൻഡ് റോറോവറുകളും കമാണ്ടോകളുമായി വിമാനത്തിന്റെ റൺവേയിലേക്ക് ഇറങ്ങി.

 

 

ഏകദേശം നൂറു പേരായിരുന്നു ഇസ്രായേലി ദൗത്യസംഘത്തിൽ ഉണ്ടായിരുന്നത്. ഇറങ്ങിയ ഉടനെ അവർ മൂന്നുസംഘങ്ങളായി തിരിഞ്ഞു.  ഒരു ടീം 'ഓവറോൾ കമാൻഡ്' ആയി ഗ്രൗണ്ട് സ്റ്റേഷനിൽ നിലയുറപ്പിച്ചു.  മറ്റൊരു ടീം  'അസോൾട്ട്' ഏറ്റെടുത്തു. മൂന്നാമതൊരു ടീം 'റെസ്ക്ക്യൂ'വിനും മേൽനോട്ടം വഹിച്ചു. 'അസാൾട്ട്' ടീം, നേരത്തെ ആ വിമുക്തഭടനിൽ നിന്നും കിട്ടിയ വിവരങ്ങളുടെയും  നേരത്തെ മനസ്സിൽ ഉറപ്പിച്ചിരുന്ന എന്റെബ്ബെ എയർപോർട്ടിന്റെ ബ്ലൂപ്രിന്റിന്റെയും സഹായത്തോടെ നേരെ കൃത്യമായി ബന്ദികളെ പാർപ്പിച്ചിരിക്കുന്ന കെട്ടിടം ലക്ഷ്യമാക്കി കുതിച്ചു. 

അവസാന നിമിഷം ഒരു സർപ്രൈസ് അവരെക്കാത്തിരിക്കുന്നുണ്ടായിരുന്നു. ഈദി അമീന്റെ വാഹനവുമായി സാമ്യമുള്ളതിനാൽ ഉഗാണ്ടൻ സുരക്ഷാ സേന തടയില്ല എന്നായിരുന്നു കമാൻഡോ സംഘത്തിന്റെ ധാരണ. എന്നാൽ പരമ സുഖലോലുപനായ ഈദി അമീൻ ആയിടെ തന്റെ കറുത്ത മെഴ്സിഡസ് ബെൻസ് മാറ്റി വെളുത്ത ബെൻസാക്കിയിരുന്നത് അവർ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് ആ വാഹനം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി. എന്നാൽ, സംസാരിച്ച് സമയം പാഴാക്കാൻ നില്കാതെ ഇസ്രായേലി കമാൻഡോ സംഘം സൈലൻസർ ഘടിപ്പിച്ച തോക്കുകളാൽ ആ എതിർപ്പുകളെ നിമിഷനേരം കൊണ്ട് നിശ്ശബ്ദമാക്കി.  

 

കെട്ടിടത്തിലേക്ക് കടന്ന കമാൻഡോ സംഘം ഇസ്രയേലികളായ ബന്ദികൾക്കുമാത്രം മനസ്സിലാവാൻ കണക്കാക്കി ഹീബ്രു ഭാഷയിലായിരുന്നു തമ്മിൽ സംസാരിച്ചിരുന്നതും വിവരങ്ങൾ ആരാഞ്ഞിരുന്നതും. അകത്തേക്ക് കടന്നയുടനെ എല്ലാവരോടും നിലത്തു കിടക്കാൻ അവർ ഹീബ്രുവിൽ ഉറക്കെ വിളിച്ചുപറഞ്ഞു.  എന്നിട്ടും എണീറ്റ് നിന്ന ഒരു ബന്ദി, തീവ്രവാദി എന്ന് തെറ്റിദ്ധരിച്ച് വെടിയേറ്റുമരിച്ചു.  കെട്ടിടത്തിലേക്ക്  പ്രവേശിച്ചതും തീപാറുന്ന വെടിവെപ്പ് തന്നെ നടന്നു തീവ്രവാദികളും കമാണ്ടോകളും തമ്മിൽ. ഒരു ഇസ്രായേലി കമാൻഡോ ആ പോരാട്ടത്തിൽ വീരമൃത്യു പ്രാപിച്ചു. മറ്റൊരു ബന്ദി തീവ്രവാദികളുടെ വെടിയേറ്റും കൊല്ലപ്പെട്ടു. 

ഇതിനു പിന്നാലെ ഇസ്രായേലി ടാങ്കുകളേന്തി രണ്ടു  ചാരക്കു വിമാനങ്ങൾ കൂടി വന്നിറങ്ങി. അവർ എന്റെബ്ബെ എയർ പോർട്ടിലെ കൺട്രോൾ ടവറിൽ  നിന്നുള്ള ഉഗാണ്ടൻ സേനാ ആക്രമണങ്ങളെ നിർവീര്യമാക്കി. ഒപ്പം അവിടെ ഹാങ്ങറിൽ വിശ്രമിച്ചിരുന്ന ഉഗാണ്ടൻ എയർഫോഴ്‌സിന്റെ മിഗ് വിമാനങ്ങളും കൂടി ഇസ്രായേലി ടാങ്കുകൾ നശിപ്പിച്ചതോടെ ഇസ്രായേലി ദൗത്യ സംഘത്തോട് തിരിച്ചടിക്കാൻ ഈദി അമീന് കഴിയാതെ പോയി. 

 

 

ആകെയുണ്ടായിരുന്ന 106 ബന്ദികളിൽ മൂന്നു പേരൊഴിച്ച് ബാക്കി എല്ലാവരെയും ജീവനോടെ അവിടെ നിന്നും രക്ഷിച്ചു കൊണ്ട് പോവാൻ ഇസ്രായേലി കമാൻഡോ സംഘത്തിന് കഴിഞ്ഞു. പത്തു പേർക്ക് അത്ര സാരമല്ലാത്ത പരിക്കുകൾ പറ്റി. രക്ഷപ്പെടുത്തിയ യാത്രക്കാരെയും കൊണ്ട് അവർ നേരെ നെയ്‌റോബിയിലേക്ക് പറന്നു. 

ഈദി അമീനെന്ന അതിശക്തനായ സ്വേച്ഛാധിപതിയുടെ മൂക്കിൻ ചുവട്ടിൽ നിന്നും, പ്രത്യേകിച്ച് ഒരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ, തങ്ങളുടെ പൗരന്മാരെ മുഴുവൻ ഏറെക്കുറെ സുരക്ഷിതമായിത്തന്നെ രക്ഷപ്പെടുത്തിക്കൊണ്ടു പോവാൻ അന്ന് ഇസ്രായേലിനു കഴിഞ്ഞു. 1972ൽ മ്യൂണിക്കിൽ തങ്ങളുടെ കായിക സംഘത്തെ ബന്ദികളാക്കി  'ബ്ലാക്ക് സെപ്തംബർ' എന്ന സംഘം വെല്ലുവിളിച്ചപ്പോഴും ഇസ്രായേൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. അന്ന് പക്ഷേ, ബന്ദികളാക്കപ്പെട്ട പതിനൊന്നു പേരും കൊല്ലപ്പെട്ടു. തീവ്രവാദി സംഘത്തിലെ ആറുപേരെയും അവിടെ വെച്ചുതന്നെ വെടിവെച്ചു കൊല്ലുകയും ചെയ്തു. എന്നു മാത്രമല്ല, ആ തീവ്രവാദ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെന്നു ബോധ്യപ്പെട്ടവരെ, തങ്ങളുടെ ചാരസംഘടനയായ മൊസാദിനെ ഉപയോഗിച്ച് നടത്തിയ 'ഓപ്പറേഷൻ റാത്ത് ഓഫ് ഗോഡ് " എന്ന പേരിൽ നടത്തിയ കോവർട്ട് ഓപ്പറേഷനിലൂടെ, ലോകത്തിന്റെ പലഭാഗങ്ങളിൽ വെച്ചായി വകവരുത്തി പകരം വീട്ടി ഇസ്രായേൽ. 

 



അവസാനനിമിഷം വരെ ആവേശം നിറഞ്ഞുനിന്ന ഓപ്പറേഷൻ തണ്ടർ ബോൾട്ട് പിന്നീട് സെവൻ ഡേയ്സ് ഇൻ എന്റെബ്ബെ എന്ന പേരിൽ ഹോളിവുഡിന്റെ അഭ്രപാളികളിലും ആവേശം നിറച്ചു. ആ അവിസ്മരണീയമായ രക്ഷാ ദൗത്യത്തിന്റെ സ്മരണകൾ അതുമായി ബന്ധപ്പെട്ട പലരുടെയും മനസ്സിലേക്ക് വീണ്ടും കൊണ്ടുവന്നുകൊണ്ട് ഒരു ജൂലൈ നാലാം തീയതി കൂടി...! 

click me!