കർതാർപൂർ ഗുരുദ്വാരയുടെ നിയന്ത്രണം സിഖ് ഇതര സമിതിക്ക് നൽകിക്കൊണ്ട് ഏകപക്ഷീയ പാക് നടപടി; അമർഷം രൂക്ഷം

By Web TeamFirst Published Nov 5, 2020, 1:03 PM IST
Highlights

ഏകപക്ഷീയമായി ഇങ്ങനെ ഒരു നടപടി എടുത്ത പാക് ഗവണ്മെന്റിന്റെ തീരുമാനത്തിൽ കടുത്ത അമർഷമാണ് സിഖ് മതവിശ്വാസികൾക്കിടയിൽ ഉണ്ടായിട്ടുള്ളത്. 

 
പാകിസ്ഥാന്റെ മതകാര്യ വകുപ്പ് ലോകപ്രസിദ്ധ സിഖ് ആരാധനാലയമായ കർതാർപൂർ ഗുരുദ്വാരയുടെ നിയന്ത്രണം, പാകിസ്ഥാൻ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി എന്ന സിഖ് സമിതിയിൽ നിന്ന് ഏകപക്ഷീയമായി ഏറ്റെടുത്ത്, അത് പാകിസ്ഥാനിലെ ഇവാക്വീ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് എന്ന സിഖ് ഇതര സമിതിക്ക് കൈമാറിയിരിക്കുകയാണ്. പാക് മണ്ണിൽ, ഇന്ത്യൻ അതിർത്തിയോട്  ചേർന്ന് കിടക്കുന്ന പഞ്ചാബ് പ്രവിശ്യയിലെ നരോവൽ ജില്ലയിലാണ്  ഈ പ്രസിദ്ധ സിഖ് ആരാധനാലയം സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ സിഖ് വംശജരായ ഭക്തരോട് ഒരു ചർച്ചയും നടത്താതെ അവിചാരിതമായി, തീർത്തും ഏകപക്ഷീയമായി ഇങ്ങനെ ഒരു നടപടി എടുത്ത പാക് ഗവണ്മെന്റിന്റെ തീരുമാനത്തിൽ കടുത്ത അമർഷമാണ് സിഖ് മതവിശ്വാസികൾക്കിടയിൽ ഉണ്ടായിട്ടുള്ളത്. 

 


 

ഇപ്പോൾ ഗുരുദ്വാര ദർബാർ സാഹിബിന്റെ നിയന്ത്രണം കയ്യാളുന്ന PSGPC വരുന്ന നവംബർ 9 -ന് കർതാർപൂർ ഇടനാഴിയുടെ ആദ്യ വാർഷികം ആഘോഷിക്കാനിരിക്കെയാണ് പാക് സർക്കാരിൽ നിന്ന് ഇങ്ങനെ ഒരു ഇരുട്ടടി അവർക്ക് കിട്ടിയിരിക്കുന്നത്. 'സിഖ് ഹൃദയങ്ങൾക്കിടയിൽ വിസ വേണ്ടാത്ത ഒരു ഇടനാഴി' എന്ന വിശേഷണത്തോടെ ഇമ്രാൻ ഖാനും നരേന്ദ്ര മോദിയും ഒരുപോലെ മുന്നോട്ടുവെച്ച ഈ ഇടനാഴി ഇരുരാജ്യങ്ങളിലെയും ഭക്തർക്ക് തീർത്ഥാടനത്തിനുള്ള ഭാഗ്യമൊരുക്കിയിരുന്നു.  കർതാർപൂർ ഗുരുദ്വാര സിഖ് മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ലോകത്തിലേക്കും വെച്ച് ഏറ്റവും പവിത്രമായ പ്രാർത്ഥനാലയങ്ങളിൽ ഒന്നാണ്. ഗുരുനാനാക്ക് നേരിട്ടാണ് ഈ ഗുരുദ്വാര സ്ഥാപിച്ചത് എന്നാണ് വിശ്വാസം. ഇവിടെത്തന്നെയാണ് ഗുരു അന്ത്യവിശ്രമം കൊള്ളുന്ന മണ്ണുമുള്ളത്. അദ്ദേഹം തന്റെ ജീവിതത്തിന്റെ അവസാനദിനങ്ങൾ ചെലവിട്ട ഇടം. ഇവിടെ നിന്ന് വെറും നാലു കിലോമീറ്റർ അകലെയാണ് ഇന്ത്യയും പാകിസ്താനുമിടയിലുള്ള ഗുരുദാസ്‌പൂർ അതിർത്തി. അവിടെ ഒരു വേലിക്കപ്പുറമുള്ളത്  ഇന്ത്യയാണ്. 

സ്വാതന്ത്ര്യലബ്‌ധിക്ക് മുമ്പ്, അതായത് ഇന്ത്യ വിഭജിതമാകുന്നതിന് മുമ്പ്, ഗുരുദാസ്‌പൂരിന്റെ തന്നെ ഭാഗമായിരുന്നു കർത്താർപൂരും, അവിടത്തെ ദർബാർസാഹിബുമൊക്കെ. വിഭജനം നടന്ന സമയത്ത് ഇന്ത്യയിലുള്ള സിഖുകാർ ധരിച്ചിരുന്നത്, തങ്ങളുടെ തീർത്ഥാടനകേന്ദ്രമായ ദർബാർസാഹിബ് ഇന്ത്യയിൽ തന്നെ നിലനിർത്തപ്പെടുമെന്നായിരുന്നു. എന്നാൽ, സംഭവവശാൽ വിഭജനം കർത്താർപൂരിനെ പാകിസ്താന്റെ ഭാഗമാക്കി. അതോടെ ദർബാർസാഹിബും അവർക്കുപോയി. അവിടെ നിന്ന് വെറും ഏഴുകിലോമീറ്ററിൽ താഴെ ദൂരം വന്നാൽ, അതായത് ഗുർദാസ്‌പൂർ അതിർത്തി കടന്ന് മൂന്നുകിലോമീറ്ററോളം ദൂരം ഇന്ത്യക്കകത്തോട്ടു വന്നാൽ ദേരാ ബാബാ നാനക് സാഹേബ് എന്ന മറ്റൊരു പുണ്യസ്ഥാനമുണ്ട് സിഖുകാരുടെ. വിഭജനം ഈ രണ്ടു പുണ്യസ്ഥലങ്ങളെയും തമ്മിൽ എന്നെന്നേക്കുമായി വേലികെട്ടിത്തിരിച്ചു. 
 

 

 

രണ്ടിനെയും തൊട്ടുകൊണ്ട് റാവി നദി  ഒഴുകുന്നുണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് കർത്താർപൂർ വരെ പോയി, ഗുരുസന്നിധിയിൽ ചെന്ന് പ്രാർത്ഥിച്ച് തിരിച്ചു പോരാൻ, പാസ്പോർട്ടിന്റെയോ വിസയുടെയോ ഒന്നും നൂലാമാലകളില്ലാത്ത ഒരു വഴി, ഒരു കോറിഡോർ വേണമെന്ന് ഇന്ത്യയിലെ സിഖുകാർ ഏറെക്കാലമായി മോഹിക്കുന്നതാണ്. തിരിച്ച്  ദേരാ ബാബാ നാനക് സാഹേബിലേക്ക് അങ്ങനൊന്നു വേണമെന്ന് പാകിസ്താനിലുള്ളവരും. എന്നാൽ, ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിന്നിരുന്ന ശത്രുത കാരണം ഒന്നും നടന്നില്ല. 

1948 -ൽ തന്നെ അകാലിദൾ പാകിസ്ഥാനിൽ നിന്ന് കർത്താർപൂർ ദർബാർ സാഹേബ് സ്ഥിതിചെയ്യുന്ന സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. വിഭജനത്തിനു ശേഷവും ഇന്ത്യയിൽ നിന്നുള്ള സിഖ് തീർത്ഥാടകർ റാവി നദിക്ക് കുറുകെയുള്ള പാലം കടന്ന്, കർത്താർപൂർ ദർബാർസാഹിബിലേക്ക് പോയി വന്നുകൊണ്ടിരുന്നു. എന്നാൽ, 1965 -ലെ ഇന്തോ-പാക് യുദ്ധത്തിൽ ആ പാലം തകർക്കപ്പെട്ടു. അതോടെ യാത്രകളും മുടങ്ങി. 1969 -ൽ ഗുരു നാനാക്കിന്റെ അഞ്ഞൂറാം ജന്മവാർഷികത്തിൽ ഇന്ദിരാഗാന്ധി പാകിസ്താനുമായി സ്ഥലം പരസ്പരം വെച്ചുമാറി, ദർബാർ സാഹേബ് ഇന്ത്യയുടേതാക്കാൻ ശ്രമിച്ചു. എന്നാൽ, ഒന്നും തന്നെ പ്രാവർത്തികമാവുകയുണ്ടായില്ല.  

സ്ഥിതിഗതികളിൽ പുരോഗതിയുണ്ടാകുന്നത് 2018 ഓഗസ്റ്റിലാണ്. പഞ്ചാബിലെ ടൂറിസം മന്ത്രിയും ഇന്ത്യൻ ടീമിലെ മുൻകാല ഓപ്പണിങ്ങ് ബാറ്റ്‌സ്മാനുമായ നവജ്യോത് സിങ്ങ് സിദ്ധു, തന്റെ ക്രിക്കറ്റ് കാലത്തെ സുഹൃത്തായ ഇമ്രാൻ ഖാന്റെ പ്രധാനമന്ത്രി സ്ഥാനാരോഹണത്തിൽ പങ്കെടുക്കാൻ വേണ്ടി ഇസ്ലാമാബാദ് സന്ദർശിക്കുന്നു. അവിടെ വെച്ച് പാക് സൈനിക മേധാവിയായ ഖമർ ജാവേദ് ബാജ്‌വയാണ് സിദ്ധുവിനോട് വീണ്ടും 'കർത്താർപൂർ കോറിഡോർ' എന്ന ആശയം പൊടിതട്ടി എടുക്കുന്നതിനെപ്പറ്റി പറയുന്നത്. ആ മാസം തന്നെ പഞ്ചാബ് നിയമസഭയിൽ അമരിന്ദർ സിങ്ങും ഇതേ വിഷയം ഉന്നയിച്ചുകൊണ്ട് പ്രമേയം അവതരിപ്പിക്കുകയും, അത് ഏകകണ്ഠമായി പാസാക്കപ്പെടുകയും ചെയ്‌തു. ഒക്ടോബറിൽ അമേരിക്കൻ സിഖ് വംശജരുടെ ഒരു നിവേദകസംഘം പ്രധാനമന്ത്രിയെ ചെന്നുകണ്ട് ഇതേ ആവശ്യം ഉന്നയിച്ചു. നവംബറിൽ കേന്ദ്ര മന്ത്രിസഭ ഇങ്ങനെ ഒരു കോറിഡോറിന്റെ നിർമാണത്തിന് അനുമതി നൽകി. പാകിസ്ഥാനി വിദേശകാര്യമന്ത്രി എസ് എം ഖുറേഷിയും ഇതേ വിഷയത്തിൽ സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചതോടെ നിർമ്മാണത്തിനുള്ള ഗ്രീൻ സിഗ്നലായി. 2019  ഓഗസ്റ്റിലാണ് വിസ കൂടാതെ തീർത്ഥാടനം അനുവദിക്കാൻ തീരുമാനമായത്. 

ദർബാർ സാഹേബ് ഗുരുദ്വാരയെ ചുറ്റിപ്പറ്റി നിലവിലുള്ള ഐതിഹ്യം 

ഗുരു നാനാക്ക് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹം ഈ ഗുരുദ്വാരയിൽ നിന്ന് അപ്രത്യക്ഷമായി എന്നും, മരിച്ചു കിടന്നേടത്ത് ഒരുപിടി പൂക്കൾ മാത്രമാണ് അവശേഷിച്ചിരുന്നത് എന്നുമാണ് പറയപ്പെടുന്നത്. പാതി പൂക്കൾ സിഖുകാർക്ക് കിട്ടി. പാതി പൂക്കൾ മുസ്ലിങ്ങൾക്കും കിട്ടി. സിഖുകാർ  തങ്ങൾക്കു കിട്ടിയ പൂക്കളെ വിധിപ്രകാരം ചിതയിൽ ദഹിപ്പിച്ച് അതിൽ നിന്ന് ഭസ്മമെടുത്ത് ഒരു കുംഭത്തിൽ സൂക്ഷിച്ച് അതിനെ സമാധിയാക്കി.  മുസ്ലിങ്ങൾ അവർക്കു കിട്ടിയ പാതി, മണ്ണിൽ മറവുചെയ്ത് അതിനു ചുറ്റും ഒരു ശവകുടീരം കെട്ടി. അതിനെ പ്രാർത്ഥിച്ചുതുടങ്ങി. പതിറ്റാണ്ടുകൾക്ക് ശേഷവും, നിരവധി മുസ്ലീങ്ങൾ  ഈ കുടീരത്തിൽ വന്ന് പ്രാർത്ഥിക്കാറുണ്ട്. സിഖുകാർക്ക് നാനാക്ക് ഗുരുവാണെങ്കിൽ, മുസ്ലീങ്ങൾക്ക് അദ്ദേഹം പ്രവാചകനാണ്. 

 

അധികാര കൈമാറ്റത്തിന് ശേഷം 

എന്തായാലും ഇരു രാജ്യങ്ങൾക്കിടയിലെ സിഖ് മത വിശ്വാസികൾക്ക് പൊതുവായി വന്നുപോകാൻ അവസരം നൽകിയിരുന്ന ഈ ഗുരുദ്വാരയുടെ നിയന്ത്രണം സിഖുകാരിൽ നിന്ന് പിൻവലിച്ച്, അതിനെ സിഖ് മതവുമായി പുലബന്ധം പോലുമില്ലാത്ത, സിഖ് മതക്കാരുടെ വിശ്വാസങ്ങളെക്കുറിച്ച് അറിവുപോലും ഇല്ലാത്ത ഒരു സമിതിയെ ഏൽപ്പിക്കുന്നത് അതിന്റെ നടത്തിപ്പിനെ ബാധിക്കുമെന്നാണ് നിലവിലെ അഡ്മിനിസ്ട്രേറ്റർമാരുടെ അഭിപ്രായം. 

 

click me!