ഇത് മറ്റൊരു എന്‍മകജെ? തളിച്ചത്, നൂറ്റാണ്ടുകളോളം ദൂഷ്യഫലങ്ങളുണ്ടാക്കിയേക്കാവുന്ന കീടനാശിനി

By Web TeamFirst Published Nov 5, 2019, 12:44 PM IST
Highlights

യു എസ്സിലെ ഒരു ഫാക്ടറിയില്‍ ക്ലോര്‍ഡെകോണ്‍ ഉത്പാദിപ്പിക്കുകയും കെപോണ്‍ എന്ന പേരില്‍ അവ വില്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍, ഈ ഫാക്ടറിയിലെ ജോലിക്കാര്‍ക്ക് തന്നെ അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് 1975 -ല്‍ ഫാക്ടറി അടച്ചുപൂട്ടി. 

ഫ്രഞ്ച് കരീബിയന്‍ ദ്വീപായ ഗ്വാഡലൂപ്പും മാര്‍ട്ടിനിക്കും മനോഹരമായ കാഴ്‍ചകള്‍ കൊണ്ട് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നവയാണ്. എന്നാല്‍, അതില്‍ ചില സഞ്ചാരികള്‍ക്കെങ്കിലും അറിയാം ആ ഉഷ്‍ണമേഖലാ ദ്വീപുകളെ അലട്ടുന്ന ഗുരുതരമായ ആ പ്രശ്‍നങ്ങളെ കുറിച്ച്. വര്‍ഷങ്ങളായി ഒരു ദുരന്തം വിടാതെ ആ ദ്വീപിനെ പിന്തുടരുകയാണ്. 

അതെ, നമ്മുടെ കാസര്‍കോടന്‍ ഗ്രാമമായ എന്‍മകജെ പോലെ മറ്റൊരിടമാണ് ഈ കരീബിയന്‍ ദ്വീപുകളും. എന്‍ഡോസള്‍ഫാനാണ് ഈ കാസര്‍കോടന്‍ ഗ്രാമങ്ങളെ ഇല്ലാതാക്കിയതെങ്കില്‍ കാന്‍സറിന് കാരണമായേക്കാവുന്ന ക്ലോര്‍ഡെകോണ്‍ എന്ന കീടനാശിനിയാണ് ഇവിടെ വിഷമഴയായി മണ്ണിലേക്ക് പെയ്‍തത്. ഇവിടെ നമ്മുടെ കേരളത്തില്‍ കശുമാവിന്‍ തോട്ടങ്ങളിലാണെങ്കില്‍ അവിടെ വാഴത്തോട്ടങ്ങളില്‍... രണ്ട് പതിറ്റാണ്ടുകളാണ് ഈ വിഷം തളിച്ചത്. ഇന്ന്, അവിടെ ജീവിക്കുന്ന മുതിര്‍ന്ന ആളുകളിലെല്ലാം ഈ കീടനാശിനി പ്രയോഗത്തിന്‍റെ ദൂഷ്യഫലങ്ങള്‍ പ്രകടമാണ്. 

ഫ്രഞ്ച് പ്രസിഡണ്ടായ ഇമ്മാനുവല്‍ മക്രോണ്‍ ഇതിനെ വിശേഷിപ്പിച്ചത് 'പാരിസ്ഥിതിക അഴിമതി' എന്നാണ്. രാജ്യം ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിലെ, ആന്‍റിലീസ് എന്നറിയപ്പെടുന്ന മാര്‍ട്ടിനിക് ദ്വീപ് സന്ദര്‍ശിച്ച പ്രസിഡണ്ട് അവിടമനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തെയും കടന്നുപോവുന്ന പ്രതിസന്ധികളെയും കുറിച്ച് വിശദീകരിച്ചിരുന്നു. 

ഇതേസംബന്ധിച്ച് ഫ്രഞ്ച് പാര്‍ലമെന്‍റ് നടത്തുന്ന പൊതുഅന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ ഡിസംബറില്‍ സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. ആന്‍റിലീസിലെ ജനങ്ങള്‍ക്കിടയില്‍ കോപവും ഉത്കണ്ഠയുമെല്ലാം പ്രകടമാണ്. അവിടെയുള്ള മനുഷ്യരെ റിപ്പബ്ലിക് ഉപേക്ഷിച്ചതായാണ് അവര്‍ കാണുന്നത് എന്നാണ് അന്വേഷണ റിപ്പോര്‍ട്ടിന്‍റെ ചുമതലയുള്ള ഗ്വാഡലൂപ്പ് എം പി ജസ്റ്റിന്‍ ബെനിന്‍ പറഞ്ഞത്. നേരത്തെ ചുഴലിക്കാറ്റ് വരെ ആഞ്ഞടിച്ച പ്രദേശമാണത്. ആ ആളുകള്‍ അതിനെയെല്ലാം അതിജീവിച്ചവരുമാണ്. പക്ഷേ, ഇപ്പോള്‍ അവര്‍ക്ക് നഷ്‍ടപ്പെട്ടിരിക്കുന്ന വിശ്വാസം തിരിച്ചുകൊണ്ടുവരേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്‍തു. 

ഈ കീടനാശിനി പ്രയോഗം കാരണം ഭൂരിഭാഗം പ്രദേശത്തെയും മണ്ണ് മലിനപ്പെട്ടതുപോലെ തന്നെ നദികളും തീരദേശത്തെ ജലവുമെല്ലാം മലിനമായിട്ടുണ്ട്. ഭക്ഷ്യശൃംഖലയില്‍നിന്നും ഈ രാസവസ്‍തുക്കളെ മാറ്റിനിര്‍ത്താന്‍ അധികാരികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് ഫലവത്താകുന്നുമില്ല. ചെറുകിട കര്‍ഷകര്‍ ഈ ഉത്പന്നങ്ങള്‍ റോഡരികുകളില്‍ പോലും വില്‍പ്പനയ്ക്ക് വെക്കുകയും ആളുകളത് വാങ്ങുകയും ചെയ്യുന്നുണ്ട്. കാര്‍ബണ്‍ ഫില്‍ട്ടറുകളുപയോഗിച്ച് ശുദ്ധീകരിച്ചെടുക്കുന്നതിനാല്‍ കുടിവെള്ളം സുരക്ഷിതമാണ് എന്നാണ് കരുതുന്നത്. 

യു എസ്സിലെ ഒരു ഫാക്ടറിയില്‍ ക്ലോര്‍ഡെകോണ്‍ ഉത്പാദിപ്പിക്കുകയും കെപോണ്‍ എന്ന പേരില്‍ അവ വില്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍, ഈ ഫാക്ടറിയിലെ ജോലിക്കാര്‍ക്ക് തന്നെ അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് 1975 -ല്‍ ഫാക്ടറി അടച്ചുപൂട്ടി. പക്ഷേ, അപ്പോഴും ആന്‍റിലീസിലെ വാഴക്കര്‍ഷകര്‍ ഈ കീടനാശിനി ഉപയോഗിക്കുന്നത് നിര്‍ത്തിയില്ല. 

ക്ലോര്‍ഡെകോണ്‍ ഹോര്‍മ്മോണ്‍ പ്രശ്‍നങ്ങളുണ്ടാക്കുകയും കാന്‍സറിന് വരെ കാരണമായേക്കാവുന്നതുമായ ഒരു രാസവസ്‍തുവാണ്. ലോകാരോഗ്യസംഘടന ഇതിനെ വിശേഷിപ്പിക്കുന്നത് തന്നെ potentially carcinogenic (കാന്‍സറിന് കാരണമാകുന്ന) എന്നാണ്. എന്നാല്‍, വാഴകളെ അക്രമിക്കുന്ന വണ്ടുകളെയും തുരപ്പന്മാരെയുമെല്ലാം ഇല്ലാതാക്കാനായി ദ്വീപിലെ വാഴക്കര്‍ഷകര്‍ കീടനാശിനി ഉപയോഗിച്ചുപോന്നു. 

1972 -ല്‍ തന്നെ ക്ലോര്‍ഡെകോണ്‍ അപകടകരമാണെന്ന് കണ്ടെത്തിയിരുന്നു. വെര്‍ജിനിയയിലെ ഹോപ്‍വെല്ലിലുള്ള ഫാക്ടറിയടിലെ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് അസുഖം ബാധിച്ചതോടെയാണ് 1975 -ല്‍ ഇത് അടച്ചുപൂട്ടുന്നത്. നാഡീ സംബന്ധമായ പ്രശ്‍നങ്ങള്‍, സംസാരത്തിലെ അവ്യക്തത/വേഗക്കുറവ്, കുറച്ചുനേരത്തേക്കുള്ള ഓര്‍മ്മ നഷ്‍ടമാകല്‍, ബീജങ്ങളിലെ എണ്ണക്കുറവ് എന്നിവയൊക്കെയായിരുന്നു ഈ തൊഴിലാളികളിലുണ്ടായ പ്രധാന പ്രശ്‍നങ്ങള്‍. 

1972 -ല്‍ ഫ്രഞ്ച് കൃഷി മന്ത്രിയായിരുന്ന ജാക്ക് ചിരാക് (പിന്നീട് പ്രസിഡണ്ടായി) ക്ലോര്‍ഡെകോണിനെ കീടനാശിനിയായി അംഗീകരിച്ചു. പക്ഷേ, ആന്‍റിലീസില്‍ 1993 വരെ ഇത് നിരോധിച്ചിരുന്നില്ല. വാഴക്കര്‍ഷകരില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്നുതന്നെയായിരുന്നു ഈ കാലതാമസം.

 

വളരെ മന്ദഗതിയിലാണ് ക്ലോര്‍ഡെകോണിന്‍റെ പ്രവര്‍ത്തനമെന്നും എന്നാല്‍, അതിന്‍റെ ദൂഷ്യഫലങ്ങള്‍ നൂറ്റാണ്ടുകളോളം തന്നെ പിന്തുടര്‍ന്നേക്കാമെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. 2016 -ലെ സ്റ്റോക്ക്ഹോം കൺവെൻഷനില്‍വെച്ചാണ് ആഗോളതലത്തിൽ ഈ കീടനാശിനിക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. 

''ഇത് പ്രദേശത്തിനുണ്ടാക്കുന്ന സാമ്പത്തികമായ ആഘാതം വളരെ വലുതാണ്'' എന്ന് ഫ്രഞ്ച് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ച്, ഇൻസേം ഗവേഷണ വിഭാഗം മേധാവി പ്രൊഫ. ലൂക്ക് മൾട്ടിഗ്നർ പറയുന്നു. പ്രൊഫ. മൾട്ടിഗ്നർ ക്ലോർഡെകോൺ പ്രതിസന്ധിയെക്കുറിച്ച് പഠിച്ച ഒരാളാണ്. ആന്‍റിലീസ് നിവാസികൾ വളരെയധികം ഉത്കണ്ഠാകുലരാണെന്നും ഫ്രഞ്ച് ഭരണകൂടം വേണ്ട നടപടികളൊന്നും തന്നെയെടുക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. തീരത്തിനടത്തുനിന്ന് മീന്‍പിടിക്കുന്നത് അധികൃതര്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ചെറുകിട മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും അത് തുടരുന്നുണ്ട്. അവരീ നിരോധനത്തിന് പുറത്താണിപ്പോഴുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തീരദേശത്തെ ജലത്തില്‍ മൂന്നിലൊരു ഭാഗവും മലിനമാണ്. നദി മുഴുവന്‍ മലിനമാണ്. അതിനാലാണ് മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നത്. കൃഷിഭൂമിയില്‍ 30 മുതല്‍ 50 ശതമാനം വരെ മലിനമാണ്. അതിനാല്‍ത്തന്നെ അവിടെ ചിലയിടങ്ങളിലെല്ലാം കൃഷി നിരോധിച്ചിരിക്കുകയാണ് എന്നും അദ്ദേഹം ബിബിസി -യോട് പറഞ്ഞു. എങ്കിലും വാഴപ്പഴങ്ങളില്‍ വിഷമില്ല എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

ആരോഗ്യപ്രശ്‍നങ്ങളെന്തെല്ലാമാണ്?

2013-2014 കാലത്ത് നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് മാര്‍ട്ടിനിക്കില്‍ മുതിര്‍ന്നവരില്‍ 95 ശതമാനം ആളുകളുടെ രക്തത്തിലും ക്ലോര്‍ഡെകോണ്‍ അടങ്ങിയിരിക്കുന്നുവെന്നാണ്. ഗ്വാഡലൂപ്പില്‍ ഇത് 93 ശതമാനമാണ്. അതായത്, ഏകദേശം 750,000 ആളുകളുടെ രക്തത്തില്‍. 

2010 -ൽ പ്രൊഫ. മൾട്ടിഗ്നറും സഹപ്രവർത്തകരും രക്തത്തിലെ ഉയർന്ന ക്ലോർഡെകോൺ സാന്ദ്രതയും പ്രോസ്റ്റേറ്റ് കാൻസറും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഗ്വാഡലൂപ്പില്‍ പുതുതായി പ്രോസ്റ്റേറ്റ് കാന്‍സറുണ്ടെന്ന് കണ്ടെത്തിയ 623 പുരുഷന്മാരിലും 671 പേരടങ്ങിയ നിയന്ത്രിത ഗ്രൂപ്പിലുമാണ് പഠനം നടത്തിയത്. 

ലോകമെമ്പാടുമുള്ള പുരുഷന്മാരിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ അർബുദമാണ് പ്രോസ്റ്റേറ്റ് കാൻസർ എന്ന് ലോക കാൻസർ ഗവേഷണ ഫണ്ട് റിപ്പോർട്ട് ചെയ്യുന്നു. 2018 -ൽ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്ക് ഇതാണ്: ഗ്വാഡലൂപ്പ് (ഒരു ലക്ഷത്തില്‍ 189), മാർട്ടിനിക് (ഒരു ലക്ഷത്തിന് 158). ഫ്രാൻസിലെ പ്രധാന ഭൂപ്രദേശത്തിന്റെ നിരക്കാകട്ടെ 99 ആയിരുന്നു.

'ക്ലോര്‍ഡെക്കോണ്‍ ഇതിനൊരു കാരണമാണ്, എന്നാല്‍ അതുമാത്രമല്ല കാരണം' എന്ന് പ്രൊഫ. മള്‍ട്ടിഗ്നര്‍ പറയുന്നു. ജീവിതരീതിയും മറ്റുമെല്ലാം അതിന് കാരണമായേക്കാം. വെളുത്ത യൂറോപ്പുകാരെയും ഏഷ്യക്കാരെയും അപേക്ഷിച്ച് ആഫ്രോ-കരീബിയൻ, ആഫ്രോ-അമേരിക്കൻ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ കൂടുതലാണ്. (പക്ഷേ, വെളുത്ത യൂറോപ്യൻ പുരുഷന്മാരിൽ ടെസ്റ്റികുലാർ കാൻസർ നിരക്ക് കൂടുതലാണ് എന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.)

കീടനാശിനി തളിച്ച ഈ ദ്വീപുകളിലെ ശിശുക്കളിലും ഈ ക്ലോര്‍ഡെകോണ്‍ സാന്നിധ്യം പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട് എന്നും പഠനങ്ങള്‍ പറയുന്നു. ഒപ്പം ആന്‍റിലീസില്‍ നടന്ന മറ്റൊരു ശാസ്ത്രീയ പഠനം സൂചിപ്പിക്കുന്നത് ഇത് അകാലജനനത്തിനും കാരണമാകുന്നുവെന്നാണ്. 

2008 മുതല്‍ ഈ ദുരവസ്ഥയെ മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫ്രാന്‍സ്, ആന്‍റിലീസില്‍ പൊതുബോധവല്‍ക്കരണ കാമ്പയിനുകളും മുന്നറിയിപ്പുകളും നല്‍കുന്നുണ്ട്. അതുപോലെ തന്നെ പ്രാദേശിക ഭരണസംവിധാനങ്ങളുപയോഗിച്ച് പച്ചക്കറിയും പഴങ്ങളും മത്സ്യവും മാംസവുമെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. എന്നാല്‍, ഈ അതിഗുരുതര പ്രശ്‍നങ്ങളെ മറികടക്കാന്‍ ഇവ കൊണ്ട് എത്രത്തോളം സാധ്യമാകുന്നുവെന്നത് പറയുക എളുപ്പമല്ല. 

click me!