വെള്ളം നല്‍കിയില്ലെങ്കില്‍ തക്കാളിച്ചെടിയും പ്രതികരിക്കും; ചെടികളും അസ്വസ്ഥരാണ്

By Web TeamFirst Published Dec 16, 2019, 3:01 PM IST
Highlights

പല ശലഭങ്ങളും തങ്ങളുടെ മുട്ടകള്‍ വിരിയിക്കുന്നത് തക്കാളിച്ചെടിയുടെയും പുകയിലച്ചെടിയുടെയും ഇലകളിലാണ്. ഇത്തരം ലാര്‍വകള്‍ ചെടികള്‍ പുറപ്പെടുവിക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. '

മനുഷ്യരെപ്പോലെ ചെടികളും അസ്വസ്ഥരാകുമ്പോള്‍ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തുന്നു. അസ്വസ്ഥതയുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ചുറ്റുമുണ്ടാകുമ്പോള്‍ അള്‍ട്രാസൗണ്ട് പോലെയുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ ചെടികള്‍ക്ക് കഴിയും. തക്കാളിയിലും പുകയിലച്ചെടിയിലും നടത്തിയ പരീക്ഷണങ്ങളാണ് ഇത്തരമൊരു കണ്ടെത്തലിലേക്ക് നയിച്ചത്.

തക്കാളിച്ചെടിയിലും പുകയിലച്ചെടിയിലും വെള്ളമില്ലാതെ വളരുന്ന സാഹചര്യം സമ്മര്‍ദം സൃഷ്ടിക്കുന്നു. അതുപോലെതന്നെ തണ്ടുകള്‍ മുറിച്ചെടുക്കമ്പോഴും ചെടികള്‍ക്ക് അസ്വസ്ഥതയുണ്ടാകുന്നു. ഇവ പുറപ്പെടുവിക്കുന്ന അള്‍ട്രാസൗണ്ട് തരംഗങ്ങള്‍ 20 കിലോഹെര്‍ട്‌സിനും 100 കിലോ ഹെര്‍ട്‌സിനും ഇടയിലുള്ളതാണ്. ഇത്തരം ശബ്ദതരംഗങ്ങള്‍ 3 മൂതല്‍ 5 മീറ്റര്‍ അകലെ നിന്ന് രേഖപ്പെടുത്താന്‍ കഴിയുന്നതാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.

ഇസ്രായേലിലെ ടെല്‍-അവീവ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പ്ലാന്റ് സയന്‍സ് ആന്റ് ഫുഡ് സെക്യൂരിറ്റിയില്‍ ജോലി ചെയ്യുന്ന ലിലാച്ച് ഹഡാനി എന്ന ഗവേഷകന്റെ നേതൃത്വത്തിലുള്ള ടീം ആണ് ഇത് കണ്ടെത്തിയത്. ഇത്തരം പ്രതികൂലമായ സാഹചര്യങ്ങളില്‍ ചെടികള്‍ പുറപ്പെടുവിക്കുന്ന ശബ്ദം തിരിച്ചറിയാന്‍ സമീപത്ത് വളരുന്ന ചെടികള്‍ക്ക് കൂടി കഴിയുമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്.

'ചെടികളില്‍ നടക്കുന്ന പ്രതികരണത്തിന്റെ പിന്നിലുള്ള പ്രവര്‍ത്തനം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അടുത്ത കാലത്തായി പരാഗണം നടത്തുന്ന ജീവികളുടെ ശബ്ദത്തിനനുസരിച്ച് പ്രതികരിക്കാന്‍ ചെടികള്‍ക്ക് കഴിവുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കിയിരുന്നു. ഈ അള്‍ട്രാസൗണ്ട് ശബ്ദങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്നുവെങ്കില്‍ ചെടികളുടെ വളരുന്ന ഭാഗങ്ങളില്‍ ആയിരിക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് കരുതുന്നത്.' പ്രൊ. ഹഡാനി പറയുന്നു.

പല ശലഭങ്ങളും തങ്ങളുടെ മുട്ടകള്‍ വിരിയിക്കുന്നത് തക്കാളിച്ചെടിയുടെയും പുകയിലച്ചെടിയുടെയും ഇലകളിലാണ്. ഇത്തരം ലാര്‍വകള്‍ ചെടികള്‍ പുറപ്പെടുവിക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. 'ഇത്തരം അസ്വസ്ഥമായ ശബ്ദങ്ങള്‍ കേള്‍ക്കുന്ന ശലഭങ്ങള്‍ അത്തരം ചെടികളില്‍ മുട്ടയിടുന്നത് ഒഴിവാക്കാറുണ്ട്'.  ഹഡാനി സൂചിപ്പിക്കുന്നു.

ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നത്

കാവിറ്റേഷന്‍ എന്ന പ്രവര്‍ത്തനത്തിലൂടെയാണ് ശബ്ദങ്ങള്‍ പുറപ്പെടുവിക്കപ്പെടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ആ സമയത്ത് വായു അടങ്ങിയ കുമിളകള്‍ ഉണ്ടാകുകയും വികസിക്കുകയും സൈലത്തിനകത്ത് വെച്ച് പൊട്ടിപ്പോകുകയും ചെയ്യുന്നു.' കാവിറ്റേഷന്‍ പൊട്ടുമ്പോള്‍ കമ്പനം പോലുള്ള ശബ്ദം പുറപ്പെടുന്നു'  ഗവേഷകര്‍ പറയുന്നത് ഇതാണ്.

ബോക്‌സ് ഉപയോഗിച്ച് പരീക്ഷണശാലയില്‍ ആദ്യമായി ഉണ്ടാക്കിയ ശബ്ദം ഗ്രീന്‍ഹൗസിലെ അന്തരീക്ഷത്തിലും പരീക്ഷണം നടത്തി നിര്‍ണയിച്ചതായിരുന്നു. വരള്‍ച്ചയുടെ ആധിക്യം മൂലം അസ്വസ്ഥമാകുന്ന തക്കാളിച്ചെടികള്‍ ഒരു മണിക്കൂറില്‍ 35 ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. അതേസമയം പുകയിലച്ചെടിയില്‍ വെറും 11 എണ്ണമാണ് കണ്ടെത്താനായത്.

അതുപോലെ തക്കാളിച്ചെടികളുടെ തണ്ട് മുറിച്ചപ്പോള്‍ മണിക്കൂറില്‍ ശരാശരി 25 ശബ്ദങ്ങളായി കുറഞ്ഞു. എന്നാല്‍ പുകയിലച്ചെടിയുടെ തണ്ടുകള്‍ മുറിച്ചുമാറ്റിയപ്പോള്‍ മണിക്കൂറില്‍ 15 എണ്ണമായി വര്‍ധിക്കുകയാണ് ചെയ്തത്.

ഗ്രീന്‍ഹൗസില്‍ നടത്തിയ പഠനങ്ങള്‍

വെള്ളമില്ലാച്ചപ്പോള്‍ ചെടികള്‍ എങ്ങനെയാണ് ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതെന്നതിനെക്കുറിച്ചായിരുന്നു ഗ്രീന്‍ഹൗസില്‍ പരീക്ഷണത്തിലൂടെ അറിയാന്‍ ശ്രമിച്ചത്. വെള്ളം നനച്ച തക്കാളിച്ചെടികള്‍ ഗ്രീന്‍ഹൗസില്‍ 10 ദിവസത്തോളം വെള്ളമില്ലാതെ വളര്‍ത്തുകയായിരുന്നു. വളരെക്കുറച്ച് ശബ്ദങ്ങള്‍ മാത്രമേ ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ കേള്‍ക്കാന്‍ കഴിഞ്ഞുള്ളു. കാരണം അത്യാവസ്യത്തിന് വെള്ളം ചെടിയില്‍ ഉണ്ടായിരുന്നു. പൊതുവേ പറഞ്ഞാല്‍ ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദങ്ങള്‍ രണ്ടുചെടികളില്‍ നിന്നും ഉണ്ടായത് വെള്ളമില്ലാത്ത സാഹചര്യത്തില്‍ തണ്ടുകള്‍ മുറിച്ചുമാറ്റിയപ്പോളാണ്. ഏകദേശം 50 കിലോ ഹെര്‍ട്‌സിന്റെ അടുത്തുള്ള ശബ്ദമാണ് തക്കാളിയില്‍ നിന്ന് പുറപ്പെടുവിച്ചത്. 55 കിലോ ഹെര്‍ട്‌സിനോടടുത്ത ശബ്ദമാണ് പുകയിലച്ചെടി പുറപ്പെടുവിച്ചത്.  

തണ്ടുകള്‍ മുറിച്ചു മാറ്റിയപ്പോള്‍ തക്കാളിച്ചെടിയില്‍ നിന്ന് പുറപ്പെടുവിച്ച ശബ്ദത്തിന്റെ ഏറ്റവും ഉയര്‍ന്ന ആവൃത്തി 57 കിലോ ഹെര്‍ട്‌സ് ആയിരുന്നു. പുകയിലച്ചെടികളുടെ ശബ്ദം ഇതേ സാഹചര്യത്തില്‍ 58 കിലോഹെര്‍ട്‌സ് ആയിരുന്നു.

രണ്ട് വ്യത്യസ്തമായ ഇനങ്ങളില്‍പ്പെട്ട ചെടികളില്‍ പരീക്ഷണം നടത്തിയപ്പോള്‍ രണ്ടില്‍ നിന്നും അള്‍ട്രാസൗണ്ട് ശബ്ദങ്ങള്‍ പുറപ്പെട്ടതായാണ് പഠനം സൂചിപ്പിക്കുന്നത്. 'ചെടികളില്‍ ഉണ്ടായ അസ്വസ്ഥതയുടെ തീവ്രതയും സ്വഭാവവും ഒരു പോലെ ആയിരുന്നില്ല. അവ ശബ്ദം പുറപ്പെടുവിക്കുന്നുവെന്നത് ഉറപ്പായ കാര്യമാണ്. കൂടുതല്‍ പരീക്ഷണങ്ങള്‍ ഇതു സംബന്ധിച്ച് നടത്തണം'. ഗവേഷകര്‍ പറയുന്നു.

'കൂടുതല്‍ പുതിയ ഇനം ചെടികളിലേക്കും ഈ പരീക്ഷണം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ഇത്തരം കണ്ടെത്തലുകള്‍ക്ക് കാര്‍ഷിക മേഖലയില്‍ എന്തു പ്രയോജനം ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ചും നമ്മള്‍ ഗവേഷണം നടത്തുകയാണ്' പ്രൊ. ഹഡാനി പറയുന്നു.


 

click me!