'ഇന്ത്യ നമുക്ക് വീട് തന്നെയാണ്'; എങ്ങനെയാണ് കോലാപ്പൂരില്‍ ഒരു കൊച്ചു പോളണ്ട് രൂപപ്പെട്ടത്?

By Web TeamFirst Published Dec 3, 2019, 1:21 PM IST
Highlights

ആ യുദ്ധത്തിന്‍റെ എണ്‍പത് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. പക്ഷേ, തെരേസയടക്കമുള്ള അന്ന് അഭയം തിരഞ്ഞ് ഇന്ത്യയിലെത്തിച്ചേര്‍ന്നവര്‍ക്ക് അവരുടെ രണ്ടാമത്തെ വീടാവുകയായിരുന്നു ഇന്ത്യ. 

തെരേസ ഇവ ലാബസും അവരുടെ കുടുംബത്തിലെ നാലുപേരും യുദ്ധസമയത്ത് പോളണ്ടില്‍ നിന്നും നാട് കടന്നോടേണ്ടി വന്നവരാണ്. അതിനെ കുറിച്ച് തെരേസ പറയുന്നതിങ്ങനെ, 'യുദ്ധം അതുവരെയുണ്ടായിരുന്നതിനെയെല്ലാം തുടച്ചുമാറ്റിക്കളഞ്ഞു. ഇന്ത്യ എനിക്ക് അതിമനോഹരമായ ഒരു കുട്ടിക്കാലം തന്നു. കുട്ടിക്കാലത്തെ മധുരിക്കുന്ന ഓര്‍മ്മകളെല്ലാം എനിക്ക് ഇന്ത്യയില്‍ നിന്നുള്ളതാണ്.'

1942 -നും 1946 -നും ഇടയില്‍ ജാമ്‍നാനഗറിലേക്കും കോലാപ്പൂരിലേക്കും അഭയാര്‍ത്ഥികളായി എത്തപ്പെട്ട അനേകം പോളണ്ടുകാരില്‍ ഒരാളാണ് തെരേസയും. 1939 സപ്‍തംബര്‍ ഒന്നിനാണ് നാസി ജര്‍മ്മനി പോളണ്ടില്‍ അധിനിവേശം നടത്തുന്നത്. അതോടെ ജൂതരെയും ജിപ്‍സികളെയും പോലെ പോളണ്ടുകാരും പലരും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലടക്കപ്പെട്ടു. 

 

ആ യുദ്ധത്തിന്‍റെ എണ്‍പത് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. പക്ഷേ, തെരേസയടക്കമുള്ള അന്ന് അഭയം തിരഞ്ഞ് ഇന്ത്യയിലെത്തിച്ചേര്‍ന്നവര്‍ക്ക് അവരുടെ രണ്ടാമത്തെ വീടാവുകയായിരുന്നു ഇന്ത്യ. ഈ അഭയാര്‍ത്ഥികള്‍ക്ക് മറ്റൊരു വീടും നാടുമായി മാറിയ ഇടം ഇന്ത്യയിലെ കോലാപ്പൂര്‍ ആണ്. അവിടുത്തെ ഭരണാധികാരിയാണ് അന്നവര്‍ക്ക് അഭയം നല്‍കിയത്. നാസി അധിനിവേശത്തിന്‍റേയും പലായനത്തിന്‍റെയും ആ അനുഭവങ്ങള്‍ പുസ്‍തകങ്ങളുടെയും ഡോക്യുമെന്‍ററിയുടെയും രൂപത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അനു രാധ, സുമിത് ഒസ്‍മന്ത് ഷോ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ 'എ ലിറ്റില്‍ പോളണ്ട് ഇന്‍ ഇന്ത്യ' (2013) എന്ന ഇന്‍ഡോ-പോളിഷ് സിനിമ ഇതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. 

 

അഞ്ജലി ഭൂഷന്‍ സംവിധാനം ചെയ്‍ത 'മൈ ഹോം ഇന്ത്യ' എന്ന സിനിമ കോണ്‍സുല്‍ ജനറലായിരുന്ന യൂജിന്‍ ബനാസിന്‍സ്‍കിയുടെ ഭാര്യ കിര ബനാസിന്‍സ്‍കയ്‍ക്ക് ആദരമര്‍പ്പിക്കുന്നതാണ്. ചാർനി റോഡിലെ റെഡ് ക്രോസ് ഹോസ്‍പിറ്റലിൽ തുടങ്ങി ഇന്ത്യയിലുടനീളമുള്ള യുദ്ധ ദുരിതാശ്വാസ ക്യാമ്പുകളും അഭയകേന്ദ്രങ്ങളിലും അവര്‍ ഈര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. 

കിരയുടെ പരിശ്രമത്തിലൂടെയാണ് മാതാപിതാക്കളെ നഷ്‍ടപ്പെട്ട ആയിരത്തോളം കുട്ടികളടങ്ങുന്ന ആദ്യത്തെ സംഘം 1942 -ൽ നാസികളില്‍ നിന്നും രക്ഷപ്പെട്ട് ജാമ്‍നഗറിലേക്ക് പലായനം ചെയ്‍തെത്തുന്നത്. ജാംനഗറില്‍ നിന്നും 25 കിലോമീറ്റര്‍ വിട്ടുമാറിയുള്ള ബാലാകാഡി പ്രദേശത്ത് തന്‍റെ വേനല്‍ക്കാല വസതിക്കരികിലായി അന്നത്തെ ഭരണാധികാരി ജാം സാഹേബ് ദിഗ്‍വിജയ്‍സിങ്‍ജി രഞ്ജിത്ത്‍സിങ്ജി ജഡേജ അവര്‍ക്ക് കാമ്പ് ചെയ്യാനായി ഇടം നല്‍കി. ഇതിനുപുറമെ വാലിവാഡയിലും പലായനം ചെയ്‍തെത്തിയ അയ്യായിരത്തോളം പേര്‍ക്ക് അദ്ദേഹം അഭയമൊരുക്കി. അതാണ് ഒറ്റക്കുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ പോളിഷ് സെറ്റില്‍മെന്‍റ്. 

'നമ്മുടെ വീട്ടില്‍നിന്നും മാറി വളരെ അകലെ നമുക്ക് നമുക്ക് കിട്ടിയ വീടാണിത്. ഒരിക്കലും ഞാനത് മറക്കില്ല.' പലായനം ചെയ്യുന്ന സമയത്ത് കുട്ടിയായിരുന്ന വാന്‍ഡാ കുറാസ് പറയുന്നു. ഇന്ന് ഇംഗ്ലണ്ടിലാണ് വാന്‍ഡയുടെ താമസം. 1946 -ലാണ് അവര്‍ ഇന്ത്യ വിടുന്നത്. യു എസ്, യു കെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് അന്ന് പലരും പലായനം ചെയ്‍തത്. വളരെ കുറച്ച് ശതമാനം പേര്‍ മാത്രമാണ് പോളണ്ടിലേക്ക് തിരികെ പോയത്. അമ്പതുകളുടെ ആരംഭത്തില്‍ യൂറോപ്പ് രണ്ട് ബ്ലോക്കുകളായി വിഭജിക്കപ്പെടുന്നതുവരെ നാസികള്‍ പോളണ്ടില്‍ ആധിപത്യം തുടര്‍ന്നിരുന്നു. 

സോവിയറ്റ് റഷ്യ നേരത്തേതന്നെ വംശീയ ഉന്മൂലനത്തിന് തീരുമാനിച്ചിരുന്നവരായിരുന്നു. പോളിഷ് പൗരന്മാരെ യുഎസ്എസ്ആറിന്‍റെ പ്രാന്തപ്രദേശങ്ങളിലേക്ക് അതിനായി കൂട്ടത്തോടെ നാടുകടത്തിയിരുന്നു. നാല് തവണയാണ് ഈ നാടുകടത്തല്‍ നടന്നത്. ആദ്യത്തേത് 1940 ഫെബ്രുവരിയിലാണ്. ആളുകളെ കന്നുകാലികളെക്കൊണ്ടുപോകുന്ന ട്രക്കുകളിലിട്ടിട്ടായിരുന്നു ട്രെയിനില്‍ കയറ്റാന്‍ കൊണ്ടുപോയിരുന്നത്. 1990 വരെ റഷ്യന്‍ ആര്‍മി പോളണ്ടില്‍ തുടര്‍ന്നു. 

 

ഇന്ത്യയിലേക്കെത്തിയ പല പോളണ്ടുകാരും ഇന്നവരുടെ എണ്‍പതുകളിലോ തൊണ്ണൂറുകളിലോ ആണ്. ഓരോ വര്‍ഷവും അവര്‍ തങ്ങളുടെ ഓര്‍മ്മ പുതുക്കുന്നതിനായി തങ്ങള്‍ക്ക് അഭയമേകിയ ഇന്ത്യന്‍ മണ്ണിലെത്താറുണ്ട്. ഈ കഴിഞ്ഞ സപ്‍തംബറില്‍ തെരേസ, കുറാസ് തുടങ്ങിയ പലരും കുടുംബത്തോടൊപ്പം അവിടെയെത്തിച്ചേര്‍ന്നു. ഓര്‍മ്മ പുതുക്കലിനൊപ്പം പലായനം ചെയ്‍തെത്തിയതിന്‍റെ എണ്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പോളണ്ട് ഡെപ്യൂട്ടി ഫോറിന്‍ മിനിസ്റ്റര്‍ അന്നത്തെ ആ ഓര്‍മ്മയ്ക്കായി തയ്യാറാക്കിയ സ്തംഭം അനാച്ഛാദനം ചെയ്യുകയുമുണ്ടായി. 

പോളണ്ടുകാര്‍ പലപ്പോഴും തങ്ങളുടെ അന്നത്തെ വീടായി മാറിയ ഇന്ത്യയോട് ആദരവ് പ്രകടിപ്പിച്ചിട്ടുണ്ട്. 2011 -ൽ പോളിഷ് സർക്കാർ മരണാനന്തരം ‘കമാൻഡേഴ്‌സ് ക്രോസ് ഓഫ് ഓർഡർ ഓഫ് മെറിറ്റ് ഓഫ് പോളിഷ് റിപ്പബ്ലിക്’ ജാം സാഹിബ് ദിഗ്‌വിജയ്‍സിങ്‌ജി ആർ. ജഡേജയ്ക്ക് നൽകി. അതിനുശേഷം വാർസയിൽ ആറ് സ്‍കൂളുകൾക്ക് ആ പേരും നൽകിയത് അതിലൊന്നുമാത്രമാണ്.  
 

click me!