ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ച് ശരദ് പവാർ എന്ന മറാഠാ യോദ്ധാവ്

By Web TeamFirst Published Oct 25, 2019, 11:23 AM IST
Highlights

തിരഞ്ഞെടുപ്പിന് മുമ്പുള്ള മാസങ്ങളിൽ എൻസിപിയിൽ നിന്ന് ബിജെപിയിലേക്ക് പ്രാദേശിക നേതാക്കളുടെ വൻതോതിലുള്ള കൊഴിഞ്ഞുപോക്കുണ്ടായിരുന്നു. അതേപ്പറ്റി ഏറെ പരിഹാസ സൂചകമായി ഒരു പരാമര്‍ശവും അമിത് ഷാ അന്ന് നടത്തിയിരുന്നു.

സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ എൻസിപിയോളം പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു പാർട്ടിയും കാണില്ല. പാർട്ടിയുടെ അടിവേരറുക്കാൻ പോന്ന അക്രമണങ്ങളായിരുന്നു നാലുപാടുനിന്നും. ശരദ് പവാറിന്റെ തട്ടകമായ പടിഞ്ഞാറൻ മഹാരാഷ്ട്രയിലും, മറാഠ്‌വാഡയിലും ഒക്കെ പാർട്ടിയിൽ നിന്ന് പല നേതാക്കളും കൊഴിഞ്ഞുപോയി ബിജെപിയിൽ ചേർന്നു. സാമുദായിക കക്ഷികളും ജാതിക്കൂട്ടായ്മകളും ഒക്കെ എൻസിപിയെ ഉപേക്ഷിച്ച മട്ടായിരുന്നു. സഹകരണ മേഖലയിലും അതിന്റെ സ്വാധീനം ക്ഷയിച്ചുകൊണ്ടിരുന്നു. പവാറിനെതിരെ എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് വരുന്നു, പ്രഫുൽ പട്ടേലിനെതിരെ റിയൽ എസ്റ്റേറ്റ് അഴിമതി, അധോലോക ബന്ധങ്ങൾ എന്നിവ ആരോപിക്കപ്പെടുന്നു. അങ്ങനെ അടിയന്തരമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ പാർട്ടിയുടെ അസ്തിത്വം തന്നെ അപകടത്തിലാകുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുന്നത്. കൂട്ടുകക്ഷിയായ കോൺഗ്രസ് ആകെ അവശനിലയിലായിരുന്നതിനാൽ, ബിജെപി-ശിവസേനാ സഖ്യം തെരഞ്ഞെടുപ്പിൽ ഏകപക്ഷീയമായ വിജയം നേടും എന്ന് തോന്നിച്ചിരുന്നു പ്രചാരണത്തിന്റെ അവസാനപാദം വരെയും. എന്നിട്ടും അവസാന നിമിഷം വരെയും വിട്ടുകൊടുക്കാതെ പോരാടിയ ഈ എൺപതുകാരൻ യുവാവ്, ശരദ് പവാർ, കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി പൂർവാധികം ശക്തിയോടെ മഹാരാഷ്ട്രാ പൊളിറ്റിക്‌സിൽ തന്റെ പ്രസക്തി തെളിയിച്ചിരിക്കുന്നു. 

ഇത്തവണ ബിജെപി-ശിവസേന സഖ്യമായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഷ്ടിച്ച് ഗവണ്മെന്റ് രൂപീകരിക്കാൻ വേണ്ടുന്ന ഭൂരിപക്ഷവും സഖ്യത്തിന് കിട്ടിയിട്ടുണ്ട്. എന്നാലും നിയമസഭയിൽ ശക്തമായ ഒരു പ്രതിപക്ഷമായി നിലകൊള്ളാൻ വേണ്ടത്ര സീറ്റുകൾ എൻസിപി-കോൺഗ്രസ് സഖ്യത്തിനും കിട്ടിയിട്ടുണ്ട് എന്നതാണ് വസ്തുത. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും മാധ്യമങ്ങൾ എൻസിപി-കോൺഗ്രസ് സഖ്യത്തെ പഴിക്കുകയായിരുന്നു. ബിജെപിക്ക് അനായാസമായ ഒരു തൂത്തുവാരൽ നടത്താനാകും മഹാരാഷ്ട്രയിൽ എന്ന് അവർ പ്രവചിച്ചു. എന്നാൽ, ആ പ്രവചനങ്ങളെയൊക്കെ തെറ്റിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിലെ ഫലങ്ങൾ വന്നിരിക്കുന്നത്.

പവാറിന്റെ കുശാഗ്രബുദ്ധി മാത്രമല്ല എൻസിപിയുടെ ഈ അപ്രതീക്ഷിത വിജയത്തിന് പിന്നിൽ. പരാജയം തൊട്ടുമുന്നിൽ വന്ന് ഉറ്റുനോക്കുമ്പോഴും കീഴടങ്ങാൻ കൂട്ടാക്കാതെ പോരാട്ടം തുടരുന്ന അദ്ദേഹത്തിനെ മറാഠാവീര്യമാണ് അതിനദ്ദേഹത്തെ സഹായിച്ചത്. തനിക്കുനേരെ വന്ന കൂരമ്പുകൾ പോലും അദ്ദേഹം അതിന് ആയുധമാക്കി. പവാറിന്റെ പാളയത്തിൽ നിന്ന് പലരെയും അടർത്തിമാറ്റിക്കൊണ്ടുള്ള വളരെ അക്രമാസക്തമായ ഒരു നയമാണ് ബിജെപി സ്വീകരിച്ചുപോന്നത്. അതിനുപുറമെയായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെക്കൊണ്ട് പവാറിനെതിരെ ഒരു നോട്ടീസ് കൊടുപ്പിച്ചത്. ശരദ് പവാറിനും മരുമകൻ അജിത് പവാറിനും മറ്റ് 70 പേർക്കുമെതിരെമഹാരാഷ്ട്രാ കോപ്പറേറ്റിവ് ബാങ്കിൽ തങ്ങളുടെ അധികാരസ്ഥാനങ്ങൾ ദുർവിനിയോഗം ചെയ്തുകൊണ്ട്  25,000 കോടി രൂപ യാതൊരു ഈടും കൂടാതെ വിവിധ കക്ഷികൾക്ക് വിതരണം ചെയ്തു എന്ന് ചൂണ്ടിക്കാട്ടി  എഫ്‌ഐആർ പോലും ഇട്ടുകളഞ്ഞു അവർ. ഒരൊറ്റ കുഴപ്പം മാത്രം. ഈടൊന്നും വാങ്ങാതെ പ്രസ്തുത ബാങ്ക് ചിലപ്പോൾ പലർക്കും കടം കൊടുത്തുകാണും. എന്നാൽ, ആ ബാങ്കിൽ ശരദ് പവാർ  ഒരിക്കലും ഡയറക്ടറോ, എന്തിന് ഒരു സാധാരണ മെമ്പർ പോലുമോ ആയിരുന്നിട്ടില്ല. വസ്തുത ഇതായിരിക്കെ കേസ് രജിസ്റ്റർ ചെയ്ത് വെട്ടിലായത് ഇഡി ആയിരുന്നു.

ശരദ് ഗോവിന്ദറാവു പവാർ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങിവന്നിട്ട് അഞ്ചുപതിറ്റാണ്ടു കഴിഞ്ഞു. കൃത്യമായിപ്പറഞ്ഞാൽ 52 കൊല്ലം. മൂന്നുവട്ടം മഹാരാഷ്ട്രാ മുഖ്യമന്ത്രിയായിട്ടുണ്ട് പവാർ. കേന്ദ്രസർക്കാരിൽ പ്രതിരോധ, കൃഷി വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ ബാരാമതിയിൽ നിന്നുള്ള ഈ അനിഷേധ്യ നേതാവ്, കോൺഗ്രസ് പാർട്ടിയിൽ യശ്വന്ത്റാവു ചൗഹാന്റെ അടുത്ത അനുയായി ആയിട്ടാണ് കടന്നുവരുന്നത്. ആദ്യം അവിഭക്ത കോൺഗ്രസിലും, പിന്നീട് ഇന്ദിരാ ഫാക്ഷനിലും ഒക്കെയായി കോൺഗ്രസിനോട് തികഞ്ഞ വിശ്വസ്തത പുലർത്തിപ്പോന്ന പവാർ 1991 -ൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോൾ പ്രധാനമന്ത്രി പദത്തിലേക്കുവരെ പരിഗണിക്കപ്പെട്ടിരുന്നു. അന്ന് നരസിംഹറാവു പ്രധാനമന്ത്രിയായതോടെ പവാറിന് പ്രതിരോധ മന്ത്രിപദം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1999 -ൽ സോണിയാ ഗാന്ധിയെ AICC പ്രസിഡണ്ട് പദത്തിലേക്ക് പരിഗണിച്ചപ്പോൾ, സ്വദേശിവാദം ഉയർത്തിക്കൊണ്ടാണ് ശരദ് പവാർ, പി എ സംഗ്മ, താരിഖ് അൻവർ എന്നിവർ ചേർന്ന് മഹാരാഷ്ട്ര കോൺഗ്രസ് പിളർത്തി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) തുടങ്ങുന്നത്. 

രാഷ്ട്രീയത്തിൽ അധികാരസ്ഥാനങ്ങൾ കയ്യാളിയപ്പോഴും, ബിസിസിഐ പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നപ്പോഴും, പവാറിനെതിരെ   ആരോപണങ്ങൾ പലതും  പലതവണ  ഉയർത്തപ്പെട്ടിട്ടുണ്ട്. എന്നാൽ, കേന്ദ്രത്തിലും സംസ്ഥാനത്തിലും ആരൊക്കെ മാറിമാറിവന്നിട്ടും, എന്തിന്റെയെങ്കിലും പേരിൽ, ഒരിക്കൽ പോലും അദ്ദേഹത്തെ അറസ്റ്റുചെയ്യാൻ ഒരു കേന്ദ്ര/സംസ്ഥാന ഏജൻസിക്കും ഇന്നുവരെ ആയിട്ടില്ല. 

അവസാനമായി പവാറിന് നേരെ ചെളി വാരിയെറിഞ്ഞത് രണ്ട് മാധ്യമസ്ഥാപനങ്ങളായിരുന്നു. ഒന്ന്, ഒരു ഇംഗ്ലീഷ് പത്രം. രണ്ട്, ഒരു മറാത്തി വാരിക. രണ്ടും തങ്ങളുടെ ഫ്രണ്ട് പേജിൽ തന്നെ പവാർ കോടിക്കണക്കിനു രൂപയുടെ ഹവാലാ തട്ടിപ്പ് നടത്തി എന്നുള്ള റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തി. പവാർ അവർക്കെതിരെ കോടതിയിൽ 100 കോടി രൂപയ്ക്ക് നഷ്ടപരിഹാരക്കേസുനല്കി. കാര്യം വ്യവഹാരത്തിലേക്ക് നീങ്ങും എന്ന ഘട്ടത്തിൽ പത്രസ്ഥാപനങ്ങൾക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. കോടതിയിലെത്തിയാൽ സംഗതി വഷളാകും. കാരണം, അവരുടെ കയ്യിൽ ആകെയുണ്ടായിരുന്നത്‌ ഏതോ ഒരു ഗവണ്മെന്റൽ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ ഫോട്ടോകോപ്പി മാത്രമായിരുന്നു. പ്രസ്തുത റിപ്പോർട്ടാണെങ്കിൽ, കാര്യമായ തെളിവുകളൊന്നും ഇല്ലാതെ കാടടച്ചുള്ള വെടികൾ നിറഞ്ഞതും.  ഒടുവിലെന്തായി, രണ്ടു മാധ്യമസ്ഥാപനങ്ങളും പവാറിനുമുന്നിൽ സാഷ്ടാംഗം നമസ്കരിച്ച്, പശ്ചാത്താപ വിവശരായി മാപ്പുപറഞ്ഞു. അതുകൊണ്ടൊന്നും പവാർ വിട്ടില്ല. രണ്ടിന്റെയും മുൻപേജിൽ തന്നെ വെണ്ടയ്ക്കാ അക്ഷരത്തിൽ ക്ഷമാപണറിപ്പോർട്ടും പ്രസിദ്ധപ്പെടുത്തിയിട്ടേ പവാർ തന്റെ ഹർജി പിൻവലിക്കാൻ തയ്യാറായുള്ളൂ.

 
 
ശരദ് പവാർ ഈ ആരോപണത്തിൽ കണ്ടത്, ഏറെനാളായി ആകെ ഉദാസീനമായിക്കിടക്കുന തന്റെ അണികളെ ഒന്നുണർത്തിയെടുക്കാനുള്ള സുവർണാവസരമാണ്. അതിനിടെ മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും മീറ്റിംഗുകൾ സംഘടിപ്പിച്ച് തന്റെ ഭാഗം കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ പവാർ തയ്യാറായി. ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞത്, തനിക്ക് എൻഫോഴ്സ്മെന്റിന്റെ ഒരു ഇണ്ടാസും കിട്ടിയിട്ടില്ല, കാര്യങ്ങളിൽ വ്യക്തതയുണ്ടാക്കാൻ വേണ്ടി സമൻസൊന്നും ഇല്ലാതെ തന്നെ, താൻ സെപ്റ്റംബർ 27 -ന്  ED -ക്കു മുന്നിൽ നേരിട്ട് ഹാജരായി അവരുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ പോവുകയാണ് എന്നാണ്. 

പവാറിന്റെ ഈ പ്രഖ്യാപനം മുംബൈയിൽ ഒരു ക്രമാസമാധാനപ്രശ്നം തന്നെ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ മീറ്റിങ്ങിലേക്ക് പതിനായിരക്കണക്കിന് പേർ ഒഴുകിയെത്തി. അതോടെ ED തിരിഞ്ഞു. പവാർ ഹാജരാകും എന്ന് പറഞ്ഞ ദിവസം രാവിലെ പവാറിന്  ED ഔപചാരിക സന്ദേശമയച്ച് അവിടേക്ക് ചെല്ലരുതെന്ന് അറിയിച്ചു. ചെന്നാൽ കയറ്റില്ല എന്നും. എന്നിട്ടും അന്നേദിവസം പതിനായിരങ്ങൾ ED ഓഫീസിൽ പരിസരത്ത് തടിച്ചുകൂടി. എത്രപേരുണ്ട് എന്നറിയാൻ മുംബൈ പോലീസ് ഡ്രോൺ വരെ പ്രയോഗിച്ചു. 

അന്നേദിവസം, അതിരാവിലെ മുംബൈ പൊലീസ് കമ്മീഷണറും മറ്റുള്ള ഉന്നത ഉദ്യോഗസ്ഥരും പവാറിനെ ചെന്നുകണ്ട്, പ്രസ്തുത സന്ദർശനം റദ്ദാക്കാൻ ആവശ്യപ്പെട്ടു. ക്രമസമാധാന പ്രശ്നമുണ്ടാകും എന്ന ഇന്റലിജൻസ് സന്ദേശം കണക്കിലെടുത്ത് പവാർ സന്ദർശനം റദ്ദാക്കി. 

അതോടെ, നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ, കാര്യങ്ങളൊക്കെ ബിജെപി പക്ഷത്തിന് അനുകൂലമായിരുന്ന അവസ്ഥയിൽ നിന്ന് പെട്ടെന്ന് ജനങ്ങളുടെ രാഷ്ട്രീയ ചായ്‌വ് ഒറ്റയടിക്ക് പവാർ പക്ഷത്തേക്ക് മാറി. അതിനു കാരണം പവാർ നടത്തിയ ഒരു പ്രസംഗവും അതിൽ അദ്ദേഹം പറഞ്ഞുവെച്ച കാര്യങ്ങളുമായിരുന്നു. അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു, "ഞാൻ ആണത്തമുള്ള  മറാഠയാണ് ( മറാഠ മർദ്). ശിവാജി മുതൽക്ക് ഇങ്ങോട്ടുള്ള ഒരു മറാഠയും ഇന്നുവരെ ദില്ലിയിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയ ചരിത്രമില്ല" എന്ന്. അത് ബിജെപിയുടെ മർമത്ത് തന്നെയുള്ള ഒരു ആഞ്ഞടിയായിരുന്നു. അതോടെ മറാഠാ സ്പിരിറ്റിൽ മഹാരാഷ്ട്ര മൊത്തം ഇളകി മറിഞ്ഞു. കാര്യങ്ങൾ മറാഠാ Vs നോൺ മറാഠാ എന്ന  അവസ്ഥയിലേക്ക് പോയി. തർക്കത്തിൽ മോദിക്ക് ഒരു 'ഔറംഗസേബ് ' പരിവേഷം വന്നു. 

കഴിഞ്ഞ കുറേക്കാലമായി മറാഠകൾ  കോൺഗ്രസിൽ നിന്നും എൻസിപിയിൽ നിന്നുമൊക്കെ അകന്നുമാറിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിപ്പോൾ ബിജെപിയുടെ ഭാഗത്തു നിന്ന് ശരദ് പവാറിന്റെ നേർക്കുണ്ടായിരിക്കുന്ന ഈ പ്രകോപനവും, അതിനോട് 'മറാഠാ സ്പിരിറ്റ്' ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പവാറിന്റെ മറുപടിയും കാര്യങ്ങളെ വീണ്ടും പവാറിന്റെ പക്ഷത്തേക്ക് തിരിച്ചു കൊണ്ടുവന്നു എന്നുവേണം പറയാൻ. എന്തായാലും, ബിജെപി ഒഴിച്ച് മഹാരാഷ്ട്ര രാഷ്ട്രീയത്തിലുള്ള സകലരും ശരദ് പവാറിന് പിന്തുണയറിയിച്ചുകൊണ്ട് രംഗത്തെത്തി അന്ന്. രാഹുൽ ഗാന്ധി ശരദ് പവാറിനെ പിന്തുണച്ചു കൊണ്ട് ട്വീറ്റ് പോലും ചെയ്തു. എന്തിന് ശത്രുപക്ഷത്തുള്ള ശിവസേന വരെ പിന്തുണയുമായി എത്തി. ഇത് ഒരു മഹാരാഷ്ട്രിയൻ-ഗുജറാത്തി പോരാട്ടമായി ഉയർത്തിക്കൊണ്ടു വരാൻ പവാറിന് കഴിഞ്ഞു. ഇത് വോട്ടുകളുടെ വൻതോതിലുള്ള പുനർവിന്യാസത്തിനും കാരണമായി. . 

തിരഞ്ഞെടുപ്പിന് മുമ്പുള്ള മാസങ്ങളിൽ എൻസിപിയിൽ നിന്ന് ബിജെപിയിലേക്ക് പ്രാദേശിക നേതാക്കളുടെ വൻതോതിലുള്ള കൊഴിഞ്ഞുപോക്കുണ്ടായിരുന്നു. അതേപ്പറ്റി ഏറെ പരിഹാസ സൂചകമായി ഒരു പരാമര്‍ശവും അമിത് ഷാ അന്ന് നടത്തിയിരുന്നു. അതായത്, തെരഞ്ഞെടുപ്പടുക്കുമ്പോൾ എൻസിപിയിൽ ആകെ രണ്ടു നേതാക്കളേ കാണൂ, ഒന്ന് പൃഥ്വിരാജ് ചൗഹാൻ, രണ്ട് ശരദ് പവാർ എന്ന്. 

അഞ്ചുവർഷത്തോളം സംസ്ഥാനത്ത് ഭരണം കിട്ടിയിട്ടും പവാറിനെ ഏതെങ്കിലുമൊരു അഴിമതിക്കേസിൽ പൂട്ടാൻ ബിജെപിക്ക് സാധിച്ചില്ല. വേണ്ടത്ര തെളിവുകളുടെ പിൻബലമില്ലാതെ ED പോലൊരു കേന്ദ്ര ഏജൻസി ആരോപണം ഉന്നയിച്ചപ്പോൾ അതിനെ അവനവനും പാർട്ടിക്കു തന്നെയും ഗുണം ചെയ്യുന്നതരത്തിൽ പ്രയോജനപ്പെടുത്താൻ പവാറിന് സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയമിടുക്ക്. ദില്ലിയിലെ മുഗളരോട് ഒരിക്കലും മുട്ടുമടക്കാത്ത ശിവാജി മഹാരാജാവിന്റെ പിന്മുറക്കാരനായി സ്വയം അവരോധിക്കുകയാണ് പവാർ, ED ക്കെതിരായ തന്റെ പ്രസ്താവനയിലൂടെ ചെയ്തത്. എൻസിപിയുടെ സീറ്റുനേട്ടത്തിന് ഒരുപരിധിവരെ കാരണമായത് ഈ അധ്യായമാണ്.

രണ്ടാമത്തെ ഘടകം, അദ്ദേഹത്തിന്റെ സ്ഥിരോത്സാഹമാണ്. മഴ തോരാതെ പെയ്തുകൊണ്ടിരുന്ന പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് സത്താറയിൽ എൻസിപി റാലി സംഘടിപ്പിക്കുന്നത്. ലോക്സഭയിലും ഉപതെരഞ്ഞടുപ്പ് നടക്കുന്നുണ്ടായിരുന്നു സത്താറയിൽ. എൻസിപിയിൽ നിന്ന് കൂറുമാറി, ബിജെപി പാളയത്തിലെത്തിയ ഉദയൻരാജെ ഭോസലെ ആയിരുന്നു ബിജെപിയുടെ സ്ഥാനാർഥി. എൻസിപിയുടെ സിറ്റിംഗ് എംപിയായിരുന്ന ഉദയൻരാജെ കൂറുമാറി ബിജെപിയിൽ ചെന്ന് ചേർന്നതോടെയാണ് മഹാരാഷ്ട്രയിലെ സത്താറാ പാർലമെന്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. തന്റെ കാലുവാരി പാർട്ടി വിട്ട ശിവാജി മഹാരാജാവിന്റെ പിന്മുറക്കാരൻ കൂടിയായ ഉദയൻരാജെക്കെതിരെ തന്റെ ഏറ്റവും മികച്ച പോരാളിയെത്തന്നെ നിർത്തണമെന്നും ഭോസലെയെ ഒരു പാഠം പഠിപ്പിക്കണം എന്ന വാശിയുണ്ടായിരുന്നു പവാറിന്. അതുകൊണ്ടുതന്നെ, ഈ ദൗത്യത്തിനായി അദ്ദേഹം വിളിച്ചുവരുത്തിയത് സാക്ഷാൽ ശ്രീനിവാസ് പാട്ടീലിനെയായിരുന്നു. 

ഏത് ശ്രീനിവാസ് പാട്ടീലെന്നോ? മുമ്പ് സിക്കിം ഗവർണറായിരുന്ന അതേ ശ്രീനിവാസ് പാട്ടീൽ. മഹാരാഷ്ട്ര വിട്ട് ഇനിയൊരു അങ്കത്തിനില്ല എന്ന കടുംപിടുത്തത്തിലായിരുന്നു ഇത്രയും കാലമായി ശ്രീനിവാസ് പാട്ടീൽ. എന്നാൽ, ഇത് തന്റെ അഭിമാനത്തിന്റെ പ്രശ്നമാണെന്നും, മത്സരിച്ചേ പറ്റൂ എന്നും ശരദ് പവാർ നേരിട്ട് നിർബന്ധിച്ചതോടെ, അതിന് വഴങ്ങുകയായിരുന്നു പാട്ടീൽ.  കോൺഗ്രസ് വിട്ട് പവാർ എൻസിപി രൂപീകരിച്ച കാലം തൊട്ടേ പവാറിന്റെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളാണ് ശ്രീനിവാസ് പാട്ടീൽ. 

ഇരുപക്ഷവും കൊണ്ടുപിടിച്ച പ്രചാരണങ്ങൾ നടത്തി.  ഭോസലേക്കുവേണ്ടി വോട്ടുചോദിക്കാൻ നരേന്ദ്ര മോദി തന്നെ നേരിട്ടിറങ്ങി. തന്റെ സ്ഥാനാർത്ഥിയെ നേരിടാൻ ധൈര്യമില്ലാത്ത ശരദ് പവാറിനെ 'ഭീരു' എന്നുവരെ വിളിച്ചു. അന്നൊന്നും പവാർ മറുപടി പറഞ്ഞില്ല. 

മഹാരാഷ്ട്രയിൽ അങ്ങോളമിങ്ങോളമുള്ള തന്റെ പ്രചാരണ റാലികൾക്കിടയിൽ ഒടുവിൽ പവാർ സത്താറയിലും എത്തി. അവിടെ ആയിരങ്ങൾ ഒഴുകിയെത്തിയ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ, പെട്ടെന്ന് പെരുമഴ പെയ്തിറങ്ങി. എന്നാൽ അത് സാരമാക്കാതെ പവാർ തന്റെ പ്രസംഗം തുടർന്നു. അന്നദ്ദേഹം പറഞ്ഞ വാക്കുകൾ സത്താറയിലെ വോട്ടർമാരെ വൈകാരികമായി  ഏറെ സ്വാധീനിച്ചു. "ഭോസലെയെ വിശ്വസിച്ചുപോയി. സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തപ്പോൾ തനിക്ക് തെറ്റുപറ്റി. അത് തിരുത്താൻ അവസരം തരണം."

 

പോളിങ്ങ് കഴിഞ്ഞ അന്നുതന്നെ ശരദ് പവാർ ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു. "ശിവാജി മഹാരാജാവിന്റെ ബന്ധുവാണ് പിന്മുറക്കാരനാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. എൻസിപിയെ ചതിച്ച് മറുകണ്ടം ചാടിയ ഭോസലെ പൊട്ടും. പൊട്ടുമെന്നു പറയുമ്പോൾ, ഒന്നും രണ്ടും വോട്ടിനല്ല, ചുരുങ്ങിയത് ഒരുലക്ഷം വോട്ടിനെങ്കിലും പൊട്ടും..." പവാർ പ്രവചിച്ചപോലെ ഭൂരിപക്ഷം ഒരു ലക്ഷം തികഞ്ഞില്ലെങ്കിലും ഏറെക്കുറെ അടുത്തെത്തി. 87,717 വോട്ടിനാണ് ഉദയൻരാജെയെ സത്താറക്കാർ കെട്ടുകെട്ടിച്ചത്.

ഈ രണ്ട് എപ്പിസോഡുകൾ കഴിഞ്ഞതോടെ അതുവരെ മഹാരാഷ്ട്രാ പൊളിറ്റിക്‌സിൽ എഴുതിത്തള്ളപ്പെട്ടിരുന്ന ശരദ് പവാർ എന്ന നേതാവും, അദ്ദേഹത്തിന്റെ എൻസിപിയും വീണ്ടും വോട്ടർമാരുടെ പരിഗണനയിലേക്ക് തിരികെവന്നു. നിനച്ചിരിക്കാതെ കൈവന്ന ഈ ജനപ്രീതി വോട്ടാക്കിമാറ്റുന്നതിൽ പവാറും പാർട്ടിയും വിജയിച്ചു. 54 സീറ്റുകളിൽ അവർ വെന്നിക്കൊടി പാറിച്ചു. കഴിഞ്ഞ തവണത്തേക്കാൾ 13 സീറ്റുകൾ അധികം നേടി എൻസിപി ഇത്തവണ. കൂട്ടുകക്ഷിയായ കോൺഗ്രസും കഴിഞ്ഞ തവണത്തേക്കാൾ രണ്ടുസീറ്റുകൾ അധികം നേടി.

എൻസിപിയും കോൺഗ്രസും ശിവസേനയും കൂടി കൈകോർത്തുകൊണ്ട് ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്തുമോ എന്ന തരത്തിലുള്ള ഊഹാപോഹങ്ങളൊക്കെ തുടക്കത്തിൽ ഉണ്ടായിരുന്നു എങ്കിലും, ശരദ് പവാർ തന്നെ അത്തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് തങ്ങൾ ശിവസേനയുമായി യാതൊരുവിധ സഖ്യത്തിനുമില്ല എന്ന് വ്യക്തമാക്കി. ജനങ്ങൾ തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിനും, തന്ന പിന്തുണയ്ക്കും നന്ദി പറഞ്ഞ അദ്ദേഹം, തെരഞ്ഞെടുപ്പ് ഫലത്തിൽ താൻ സന്തുഷ്ടനാണ് എന്നും പറഞ്ഞു. പാർട്ടിക്ക് നഷ്ടപ്പെട്ടുകൊണ്ടിരുന്ന ജനസ്വാധീനവും പ്രവർത്തകഐക്യവുമെല്ലാം ഈയൊരു തെരഞ്ഞെടുപ്പുഫലത്തിലൂടെ തിരിച്ചുപിടിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാകും ശരദ് പവാർ ഇപ്പോൾ. 
 

click me!