മണിപ്പൂരില്‍ കര്‍ഷകര്‍ വളര്‍ത്തുന്നത് പോപ്പിച്ചെടികള്‍, നിരോധിക്കപ്പെട്ട കറുപ്പ് വിളയുന്ന കൃഷിഭൂമി

By Web TeamFirst Published Nov 30, 2019, 3:48 PM IST
Highlights

കുട്ടികളുടെ പഠനത്തിനാവശ്യമായ പണം കണ്ടെത്താനാണ് പല കര്‍ഷകരും പോപ്പിക്കൃഷി തുടങ്ങിയത്. ഇവരുടെ കുട്ടികളില്‍ ഭൂരിഭാഗം പേരും പ്രൈവറ്റ് സ്‌കൂളുകളില്‍ പഠിക്കുന്നവരാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്തതും പഠനോപകരണങ്ങളുടെ അപര്യാപ്തതയും ഇവരെ പണം നല്‍കി പഠിപ്പിക്കുന്ന സ്‌കൂളിലേക്ക് കുട്ടികളെ അയക്കാന്‍ പ്രേരിപ്പിക്കുന്നു.

മണിപ്പൂരില്‍ നെല്‍ക്കൃഷി ചെയ്ത് വിളവെടുത്തിരുന്ന കര്‍ഷകര്‍ ഇന്ന് നിരോധിക്കപ്പെട്ട പോപ്പിക്കൃഷിയിലേക്ക് മാറിയിരിക്കുന്നു. മറ്റുള്ള വിളകള്‍ കൃഷി ചെയ്താല്‍ കിട്ടുന്ന വരുമാനം കൊണ്ട് കുടുംബത്തെ തീറ്റിപ്പോറ്റാന്‍ കഴിയുന്നില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം. ഏകദേശം 50 ശതമാനത്തില്‍ക്കൂടുതല്‍ കര്‍ഷകര്‍ പോപ്പിച്ചെടികള്‍ കൃഷി ചെയ്യുന്നുണ്ട്. യഥാര്‍ഥത്തില്‍ നെല്ലും മറ്റു ധാന്യങ്ങളും കൃഷി ചെയ്തിരുന്നവര്‍ പോപ്പിച്ചെടി കൃഷി ചെയ്തുണ്ടാക്കുന്ന ലാഭത്തിലൂടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയും ഭക്ഷണത്തിനാവശ്യമായ അരി വാങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് മണിപ്പൂരിലെ ഗ്രാമങ്ങളില്‍.

മണിപ്പൂരിന്റെ ഗ്രാമീണ മേഖലയിലുള്ള വീടുകളില്‍ പോപ്പിച്ചെടികള്‍ വ്യാപകമായി വളര്‍ത്തുന്നുണ്ട്. ചുരാചന്ദ്പൂരിലും ഉള്‍നാടന്‍ മലനിരകളിലും പോപ്പിച്ചെടികള്‍ ധാരാളമായി വളര്‍ത്തുന്നുണ്ട്. 1985 -ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്റ്റ് അനുസരിച്ച് ലഹരി പദാര്‍ഥമായ പോപ്പി നിരോധിക്കപ്പെട്ടതാണ്. പോപ്പിച്ചെടികള്‍ വളര്‍ത്തുന്ന 30 കര്‍ഷകരില്‍ നിന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ദാരിദ്ര്യവും ഭക്ഷണത്തിനുള്ള ബുദ്ധിമുട്ടുമാണ് നിയമ വിരുദ്ധമായി കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നതെന്നാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോപ്പിച്ചെടി വളര്‍ത്തുന്നത് കര്‍ഷകര്‍ അംഗീകരിച്ചിരുന്നില്ല. പക്ഷേ ഇതില്‍ നിന്നും കിട്ടുന്ന ലാഭം മനസിലാക്കിയപ്പോള്‍ കൂടുതല്‍ കര്‍ഷകര്‍ ഈ കൃഷിയിലേക്ക് വരികയും ഗ്രാമങ്ങളില്‍ വ്യാപകമായി പോപ്പിച്ചെടികള്‍ നിറയുകയും ചെയ്തു.

മണിപ്പൂരില്‍ ഹെറോയിന്‍ അമിതമായി ഉപയോഗിച്ചതുമൂലമുള്ള മരണങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഞരമ്പിലൂടെ കടത്തിവിടുന്ന മയക്കുമരുന്നുകളുടെ ഉപയോഗം മൂലം എയ്ഡ്‌സ് രോഗവും വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മണിപ്പൂരിലാണ് ഏറ്റവും കൂടുതല്‍ എച്ച്.ഐ.വി ബാധിതരുള്ളതെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ 2018 ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടികളുടെ പഠനത്തിനാവശ്യമായ പണം കണ്ടെത്താനാണ് പല കര്‍ഷകരും പോപ്പിക്കൃഷി തുടങ്ങിയത്. ഇവരുടെ കുട്ടികളില്‍ ഭൂരിഭാഗം പേരും പ്രൈവറ്റ് സ്‌കൂളുകളില്‍ പഠിക്കുന്നവരാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്തതും പഠനോപകരണങ്ങളുടെ അപര്യാപ്തതയും ഇവരെ പണം നല്‍കി പഠിപ്പിക്കുന്ന സ്‌കൂളിലേക്ക് കുട്ടികളെ അയക്കാന്‍ പ്രേരിപ്പിക്കുന്നു.

ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ നിയമവിരുദ്ധമായി പോപ്പിച്ചെടികള്‍ കൃഷി ചെയ്ത് തുടങ്ങിയത് കറുപ്പ് എന്ന ലഹരിപദാര്‍ഥം നിര്‍മിക്കാനാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പോപ്പിച്ചെടിയുടെ ഉത്പാദനം കൂടി വരികയാണ്. തൊഴിലില്ലായ്മയും ഇത്തരം നിയമവിരുദ്ധമായ കൃഷിയിലേക്കിറങ്ങാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നുണ്ട്. പ്രാദേശികമായി പലിശയ്ക്ക് പണം കടംകൊടുക്കുന്നവരില്‍ നിന്നും കുടുംബത്തെ രക്ഷപ്പെടുത്താനും കൂടിയാണ് പലരും ഈ കൃഷി ഏറ്റെടുക്കുന്നത്.

'പല മേഖലകളിലും നിലനില്‍ക്കുന്ന അഴിമതി കാരണം ഞങ്ങള്‍ക്ക് ജോലി ലഭിക്കാത്ത അവസ്ഥയാണ്. മതിയായ വിദ്യാഭ്യാസ യോഗ്യതയും കഴിവും ഉണ്ടായിട്ടും എനിക്ക് ജോലി ലഭിക്കാതായപ്പോള്‍ എന്റെ മാതാപിതാക്കള്‍ കൃഷിസ്ഥലം അഴിമതിക്കാരായ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് വിറ്റു. പോലീസ് വകുപ്പില്‍ ജോലി നേടാനായിരുന്നു കൃഷിസ്ഥലം നഷ്ടപ്പെടുത്തിയത്. പക്ഷേ എന്നെ അവര്‍ നിയമിച്ചില്ലെന്ന് മാത്രമല്ല കുടുംബം പുലര്‍ത്താന്‍ വഴിയില്ലാതെ കഷ്ടപ്പെടുകയും ചെയ്തു.' അടുത്തിടെ വിവാഹം കഴിച്ച ഒരു ചെറുപ്പക്കാരന്‍ വെളിപ്പെടുത്തിയ വിവരമാണ് ഇത്.

ഏകദേശം 10 ശതമാനത്തോളം ചെറുപ്പക്കാരും അവരുടെ ഭൗതികമായ ആവശ്യങ്ങള്‍ നിറവേറ്റാനാണ് പോപ്പി കൃഷി ചെയ്യാന്‍ തുടങ്ങിയത്. പോപ്പി വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് ചികിത്സ നടത്തുന്നവരും ഇവര്‍ക്കിടയിലുണ്ട്.

പോപ്പി കൃഷി നിരോധിക്കാന്‍ സര്‍ക്കാരിന്റെ നീക്കം

പോപ്പിക്കൃഷി മണിപ്പൂരില്‍ നിരോധിച്ചതാണെങ്കിലും കൃഷി വ്യാപകമായി നടക്കുന്നുണ്ട്. പണമുണ്ടാക്കാന്‍ പോപ്പിയെ ആശ്രയിക്കുന്ന പല കര്‍ഷകര്‍ക്കും തങ്ങള്‍ നിരോധിക്കപ്പെട്ട വസ്തുവാണ് കൃഷി ചെയ്തുണ്ടാക്കുന്നതെന്ന അറിവ് ഇല്ലെന്നതാണ് രസകരമായ വസ്തുത. തങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തണമെന്നും കുട്ടികളുടെ വിദ്യാഭ്യാസം നന്നായി മുന്നോട്ടുപോകണമെന്നും മാത്രമാണ് അവര്‍ ചിന്തിക്കുന്നത്.

ഇവിടങ്ങളില്‍ ഏലക്കായ കൃഷി ചെയ്യാന്‍ സേനാപതി ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേഷന്‍ നേരിട്ട് ശ്രമിച്ചിരുന്നു. പോപ്പിച്ചെടി ഒഴിവാക്കാനും കര്‍ഷകര്‍ക്ക് വരുമാനമുണ്ടാക്കാവുന്ന മറ്റൊരു കൃഷി എന്ന രീതിയിലുമായിരുന്നു ഇതിന്റെ തുടക്കം. ഇന്റഗ്രേറ്റഡ് വാട്ടര്‍ഷെഡ് മാനേജ്‌മെന്റ് പ്രോഗ്രാമും ജില്ലാ ഭരണകൂടവും കോമേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചാണ് ഇത്തരമൊരു സംരംഭം സേനാപതി ജില്ലയില്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടത്.

പോപ്പിക്കൃഷി മൂലം പരിസ്ഥിതിയില്‍ ഉണ്ടാകുന്ന ദോഷകരമായ മാറ്റങ്ങള്‍ കണക്കിലെടുത്ത് കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിക്കാനും സ്ഥിരവരുമാനം നേടിക്കൊടുക്കുന്ന മറ്റു കൃഷികളായ ലെമണ്‍ഗ്രാസ്, പഴവര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യാനുമുള്ള അവസരം നല്‍കാനും മന്ത്രിസഭയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നത് മൂലം അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന ദോഷകരമായ മാറ്റങ്ങളെ പ്രതിരോധിക്കാനും മറ്റുള്ള ഉപയോഗയോഗ്യമായ വിളകള്‍ വ്യാപകമായി കൃഷി ചെയ്യുന്നതിലൂടെ കഴിയും.

click me!