'ഞാൻ ഒരു ഇന്ത്യക്കാരനാണ്, എനിക്ക് ഇഷ്ടമുള്ള ഭാഷ എന്‍റെ അവസാനശ്വാസം വരെയും പഠിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു...' ആ ഉര്‍ദു ഭാഷാസ്നേഹിയെക്കുറിച്ച്

By Web TeamFirst Published Dec 26, 2019, 6:09 PM IST
Highlights

ചില ദിവസങ്ങളിൽ അദ്ദേഹം തീരെ അവശനായിരുന്നു. എന്നാൽ, അദ്ദേഹത്തിന്‍റെ നിർബന്ധപ്രകാരം അദ്ദേഹത്തെ ഞാൻ ലൈബ്രറിയിലേക്ക് കൊണ്ടുപോയി. എഴുന്നേറ്റ് നില്‍ക്കാനാവാത്ത അവസ്ഥയിലും അദ്ദേഹം തന്‍റെ ഉർദു ക്ലാസ്സിനെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്.

വിഭജനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അതിലൂടെ കടന്നുപോയവരെ കുറിച്ച് ഓർക്കാതിരിക്കാനാവില്ല. വേദനയുടെയും നൊമ്പരങ്ങളുടെയും കഥകളായിരിക്കും അവർക്ക് പങ്കുവെക്കാനുണ്ടാവുക. അതിർത്തികളിൽ ജീവിതം ഉപേക്ഷിച്ചവരും, ജീവിതം വീണ്ടുകിട്ടിയവരും, ഒരു രാത്രി കൊണ്ട് ഇന്ത്യക്കാരനോ പാകിസ്ഥാനിയോ എന്ന് തിരിച്ചറിയാൻ കഴിയാതെ വേദനിച്ചവരും ഉണ്ട് അക്കൂട്ടത്തിൽ. 

1931 ഫെബ്രുവരി 13 -ന് ജനിച്ച പ്രേം സിംഗ് ബജാജ് വിഭജന സമയത്ത് പാകിസ്ഥാനിലെ സർഗോദയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയതാണ്. അദ്ദേഹത്തിന്‍റെ ജീവിതം പക്ഷേ, ഉർദു ഭാഷയോടുള്ള അടങ്ങാത്ത അഭിനിവേശത്താൽ ജ്വലിച്ചിരുന്നു. അദ്ദേഹം ഉർദു ഭാഷയോടുള്ള സ്നേഹം കാരണം സ്വന്തം നാടും വീടും വിട്ട് ഇവിടെ വന്നു. പിന്നീടുള്ള ജീവിതം ഭാഷയെ സ്നേഹിക്കാനും പ്രചരിപ്പിക്കാനുമായി ചെലവഴിച്ചു. ഉർദു സാഹിത്യത്തിന് ജീവൻ നൽകിയ ബജാജിനെപ്പോലെ അർപ്പണബോധവും, ആത്മാർത്ഥതയുമുള്ള മറ്റൊരാളെ കണ്ടെത്താനാവില്ല.

ജാഗ്രാവിലെ ലജ്‍പത് റായ് ഡി. എ. വി കോളേജിൽ നിന്ന് വിരമിച്ചിട്ടും ഭാഷയോടുള്ള സ്നേഹം മൂലം അദ്ദേഹം പഞ്ചാബി ഭവനത്തിനുള്ളിൽ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സൗജന്യമായി ഉർദു ഭാഷാ പഠിപ്പിക്കുമായിരുന്നു. പഞ്ചാബിലെ ഭാഷാ വകുപ്പ് നടത്തുന്ന ഉർദുവിലെ ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിന്‍റെ ഭാഗമായിരുന്നു ആ ക്ലാസ്. അത് മാത്രമല്ല, കോളേജിൽ നിന്ന് വിരമിച്ച ശേഷം ബജാജ് രണ്ട് പതിറ്റാണ്ടിലേറെ പഞ്ചാബ് സാഹിത് അക്കാദമിയുടെ റഫറൻസ് ലൈബ്രറിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിഭജനത്തിനു മുമ്പുള്ള പഞ്ചാബിൽ പൊതുവായി ഉപയോഗിച്ചിരുന്ന ഭാഷയായിരുന്നു ഉർദു. അതിനെ പുതിയ നൂറ്റാണ്ടിൽ സജീവമായി നിലനിർത്താൻ അദ്ദേഹം തന്‍റെ ജീവിതാവസാനം വരെ പരിശ്രമിച്ചുകൊണ്ടിരുന്നു. 1947 -ന് ശേഷം ഉർദുവിന് പകരം  ഗുർമുഖിയാണ് ഇന്ത്യൻ ഭാഗത്ത് കൂടുതലായി ഉപയോഗിക്കുന്ന ഭാഷ. പഴയ തലമുറയിലെ പഞ്ചാബികൾ ഇന്നും ഗുർമുഖിയെക്കാളും ഉർദു ലിപിയാണ് ഉപയോഗിക്കുന്നത്.

“ചില ദിവസങ്ങളിൽ അദ്ദേഹം തീരെ അവശനായിരുന്നു. എന്നാൽ, അദ്ദേഹത്തിന്‍റെ നിർബന്ധപ്രകാരം അദ്ദേഹത്തെ ഞാൻ ലൈബ്രറിയിലേക്ക് കൊണ്ടുപോയി. എഴുന്നേറ്റ് നില്‍ക്കാനാവാത്ത അവസ്ഥയിലും അദ്ദേഹം തന്‍റെ ഉർദു ക്ലാസ്സിനെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്. അനാരോഗ്യവാനായ അദ്ദേഹം വിദ്യാർത്ഥികളുടെ പരീക്ഷകൾ അടുക്കുമ്പോള്‍ ആശങ്കാകുലനായിരുന്നു. ഒടുവിൽ അവരുടെ ഫലങ്ങൾ കണ്ട് അദ്ദേഹം വളരെ ആവേശഭരിതനാവുമായിരുന്നു" അദ്ദേഹത്തിന്‍റെ മകൻ പറഞ്ഞു. പക്ഷേ, ഉർദുവിനുവേണ്ടി മാത്രം മിടിച്ചിരുന്ന ആ ഹൃദയം കഴിഞ്ഞ ആഴ്‍ച നിലച്ചു. അങ്ങനെ തന്‍റെ ഹൃദയവും ശ്വാസവുമായിരുന്ന ഉര്‍ദു ഭാഷയെ നെഞ്ചിലൊതുക്കി അദ്ദേഹം യാത്രയായി.

“ഞങ്ങൾ സർഗോദയിൽ (ഇപ്പോൾ പാകിസ്ഥാനിൽ) താമസിക്കുമ്പോൾ ഉർദു സാഹിത്യം വായിക്കുന്നതും പഠിക്കുന്നതും എനിക്ക് വളരെ ഇഷ്ടമായിരുന്നു. പാക്കിസ്ഥാനിലെ ഫാറൂഖയിലെ ഖൽസ ഹൈസ്കൂളില്‍ പത്താം ക്ലാസ് വരെ ഞാൻ പഠിച്ച ഭാഷ ഉപേക്ഷിക്കാൻ എന്‍റെ ഹൃദയം അനുവദിച്ചില്ല. ഞാൻ ഉർദു വിടാൻ വിസമ്മതിക്കുകയും ഈ ഭാഷ എത്ര മനോഹരമാണെന്ന് ഇന്ത്യയിലെ ആളുകളോട് പറയാൻ തീരുമാനിക്കുകയും ചെയ്‍തു. ഒരു ഭാഷ എങ്ങനെ ഹിന്ദു അല്ലെങ്കിൽ മുസ്ലീം ആകും. ഇത് ഒരു ഇന്ത്യൻ ഭാഷയാണ്. ഒരു അധ്യാപകന് എങ്ങനെ സിഖോ മുസ്ലീമോ ഹിന്ദുവോ ആകാൻ കഴിയും. ഞാൻ ഒരു ഇന്ത്യക്കാരനാണ്, എനിക്ക് ഇഷ്ടമുള്ള ഭാഷ എന്‍റെ അവസാനശ്വാസം വരെയും പഠിപ്പിക്കാൻ  ഞാൻ ആഗ്രഹിക്കുന്നു. ഉർദു എന്നത് എന്‍റെ കടമയാണ്” എന്ന് ആ ഉര്‍ദു സ്നേഹി ഒരിക്കല്‍ പറഞ്ഞിരുന്നു. 

ജാതിക്കും മതത്തിനും അപ്പുറമായി മനുഷ്യന്‍റെ ഹൃദയത്തെ നിർമ്മലമാക്കാൻ സ്നേഹത്തിന്‍റെ ഭാഷക്ക് സാധിക്കും. ഉർദുവായാലും മലയാളമായാലും പറയുന്നത് മനുഷ്യരുടെ വേദനയുടെ കഥകളാകുമ്പോൾ പ്രത്യേകിച്ചും അത് ഹൃദയത്തിൽ മാറ്റൊലികൊള്ളും. 

click me!