രാജാ മാന്‍സിംഗിന്റെ കൊലപാതകം: രാജസ്ഥാനെ പിടിച്ചുകുലുക്കിയ എന്‍കൗണ്ടര്‍ കേസ്, സംഭവമിങ്ങനെ

By Web TeamFirst Published Jul 21, 2020, 5:36 PM IST
Highlights

മരണം കണ്മുന്നിൽ വന്നു നിൽക്കുകയാണ് എന്ന് രാജാ മാൻ സിങ്ങും സംഘവും തിരിച്ചറിഞ്ഞു എങ്കിലും, അതിൽ നിന്ന് ഒളിച്ചോടാതെ അതിനെ നേരിടാൻ തന്നെ അവർ തീരുമാനിച്ചു.

1985 ഫെബ്രുവരി 21 -ന് രാജസ്ഥാനിലെ ഭരത് പൂരിൽ നാടിനെ നടുക്കിയ ഒരു പൊലീസ് എൻകൗണ്ടർ നടന്നു. എൻകൗണ്ടറിൽ വധിക്കപ്പെട്ടത് സിറ്റിങ് എംഎൽഎ രാജാ മാൻസിങ് സമേതം മൂന്നുപേരായിരുന്നു. ആ കൊലപാതകത്തിന് ശേഷം ദിവസങ്ങളോളം രാജസ്ഥാൻ ആകെ നിന്നു കത്തി. മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി സമരങ്ങൾ നടന്നു. ഒടുവിൽ മുഖ്യമന്ത്രിയുടെ രാജിയോടെയാണ് അന്ന് പ്രതിഷേധങ്ങൾ ഒരുവിധം കെട്ടടങ്ങിയത്. പിന്നെ പോരാട്ടം കോടതിമുറിക്കുള്ളിൽ ആയിരുന്നു. ആ കൊലപാതകക്കേസിന്റെ വിചാരണ നടന്നത് നീണ്ട 35 വർഷങ്ങളായിരുന്നു. ഒടുവിൽ ഇന്ന് വിധി പ്രസ്താവിക്കപ്പെട്ടപ്പോൾ അന്ന് ഡി‌എസ്‌പി ആയിരുന്ന കാൻ സിങ്ങ് ഭാട്ടി അടക്കം പതിനൊന്നു പൊലീസുകാർ ഈ കൂട്ടക്കൊലയിൽ പ്രതികളാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. 

 

 

കേസിന്റെ വിചാരണ തുടങ്ങിയ സമയത്ത് 18 കുറ്റാരോപിതരാണ് ആകെ ഉണ്ടായിരുന്നത്. വിചാരണ പുരോഗമിക്കെ നാലുപേർ മരണമടഞ്ഞു. നിരപരാധികളാണ് എന്ന് കണ്ടെത്തി കോടതി മൂന്നു പൊലീസുകാരെ വെറുതെ വിട്ടു. കേസിൽ വിധി പ്രസ്താവിച്ച മഥുരാ സെഷൻസ് കോടതി ശിക്ഷ വിധിക്കുന്നത് നാളേക്ക് മാറ്റി. 

എന്താണ് സംഭവം? 

പ്രശ്നം അന്നത്തെ രാജസ്ഥാൻ സർക്കാരും രാജകുടുംബാംഗവും എംഎൽഎയുമായിരുന്ന രാജാ മാൻസിങും തമ്മിലായിരുന്നു. സ്ഥലത്തെ രാജാവിന്റെ ഇളയസഹോദരനായിരുന്നു രാജാ മാൻസിങ്. 1952 -ലെ ആദ്യ ഊഴം തൊട്ടിങ്ങോട്ട് തുടർച്ചയായ ഏഴു വട്ടമാണ് അദ്ദേഹം ഭരത്പൂർ ജില്ലയിലെ ദീഗിൽ നിന്ന് സ്വതന്ത്രനായി നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്.  

1985 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ദീഗിൽ നിന്നുള്ള  രാജാ മാൻസിങ്ങിന്റെ എട്ടാം ഊഴമായിരുന്നു. ഇത്തവണ അറുപത്തിരണ്ടുകാരനായ മാൻസിങിനെതിരെ കോൺഗ്രസ് രണ്ടും കല്പിച്ചായിരുന്നു. അദ്ദേഹത്തിനെതിരെ പതിവിനു വിരുദ്ധമായി ഒരു സ്ഥാനാർത്ഥിയെ നിർത്തിക്കളഞ്ഞു അവർ. അതുവരെ അങ്ങനെയൊന്ന് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. സംഗതി, ഒരു സ്വതന്ത്ര എംഎൽഎ മാത്രമായിരുന്നു രാജാ മാൻസിങ് എങ്കിലും, ദേശീയ രാഷ്ട്രീയത്തിൽപോലും അദ്ദേഹത്തിന് കാര്യമായ സ്വാധീനമുണ്ടായിരുന്നു. സ്വാഭാവികമായും തനിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയതിലുള്ള പ്രതിഷേധമറിയിച്ച് മാൻസിങ് ദില്ലിയിലെ കോൺഗ്രസ് ഹൈക്കമാൻഡിന് കത്തയച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ കോൺഗ്രസിന്റെ മുഖ്യമന്ത്രി ശിവ് ചരൺ മാഥുര്‍ വരില്ലെന്നും, തങ്ങളുടെ സ്ഥാനാർഥിക്കുവേണ്ടി കാര്യമായ പ്രചാരണങ്ങളൊന്നും തന്നെ നടത്തില്ലെന്നും ഹൈക്കമാൻഡ്  രാജാ മാൻസിങ്ങിന് അവർ ഉറപ്പു നൽകി. പക്ഷേ, ആ വാക്കുതെറ്റിച്ചുകൊണ്ട്,1985 ഫെബ്രുവരി 20 -ന് , മുഖ്യമന്ത്രി മാഥുര്‍, ദീഗിലെ കോൺഗ്രസ് സ്ഥാനാർഥിയായ വിജേന്ദ്ര സിങിന്റെ പ്രചാരണാർഥം ദീഗിൽ എത്തി.

സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ട് ഒരു റാലിയിൽ പ്രസംഗിക്കാനായിരുന്നു മുഖ്യന്റെ പ്ലാൻ. മുഖ്യമന്ത്രിയുടെ വരവോടെ തന്നെ അലോസരപ്പെട്ടിരുന്ന രാജാ മാൻസിങ്ങിന്റെ കോപം ഇരട്ടിപ്പിക്കുന്ന മറ്റൊരു സംഭവം കൂടി പ്രാദേശിക കോൺഗ്രസ് പ്രവർത്തകരിൽ നിന്നുണ്ടായി. മുഖ്യമന്ത്രിയെ സ്വീകരിക്കാൻ തടിച്ചുകൂടിയിരുന്നു കോൺഗ്രസ് അണികളിൽ ചിലർ, രാജാ മാൻസിങ്ങിന്റെ കോട്ടയുടെ മുകളിൽ ഉണ്ടായിരുന്ന രാജകുടുംബത്തിന്റെ ചിഹ്നങ്ങളും കൊടികളും മറ്റും നീക്കി അവിടെ പകരം കോൺഗ്രസിന്റെ കൊടികൾ നാട്ടി. വിവരമറിഞ്ഞ രാജാ മാൻസിംഗ് ക്ഷുഭിതനായി. ആ സംഭവം അദ്ദേഹത്തിന്റെ 'ജാട്ട് അഭിമാന'ത്തെ വ്രണപ്പെടുത്തി. ചുവരിൽ സ്ഥാപിച്ചിരുന്ന പഴയ ഇരട്ടക്കുഴൽ തോക്കെടുത്ത്, തന്റെ രണ്ടാം ലോകമഹായുദ്ധകാലത്തെ വിന്റേജ് വെപ്പൺസ് കാരിയർ ജോംഗാ ജീപ്പിൽ വെച്ച്, അത്  സ്വയം ഡ്രൈവ് ചെയ്ത് റാലി നടക്കുന്നേടത്തേക്ക് കുതിച്ചു. വേറെ വാഹനങ്ങളിൽ പിന്നാലെ മാൻസിങിന്റെ അണികളും വച്ചുപിടിച്ചു. 

 

 

റാലി ഗ്രൗണ്ടിലെ ഹെലിപാഡിൽ മുഖ്യമന്ത്രി വന്നിറങ്ങിയ ഹെലികോപ്റ്റർ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. കുപിതനായി മൈതാനത്തേക്ക് ജീപ്പോടിച്ചെത്തിയ രാജാ മാൻസിങ്  നേരെ ഹെലികോപ്റ്ററിൽ തന്റെ ജീപ്പ് കൊണ്ടുചെന്ന് ഒരൊറ്റ ഇടി. എന്നിട്ടും കലിയടങ്ങാതെ വണ്ടി പിന്നോട്ടെടുത്ത് വീണ്ടും നാലഞ്ച് ഇടി ഇടിച്ചു മാൻസിങ്. ചോപ്പറിൽ വിശ്രമിക്കുകയായിരുന്ന പൈലറ്റിന് നിസ്സാരമായ പരിക്കേ പറ്റിയുള്ളൂ എങ്കിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹെലികോപ്റ്റർ പറന്നു പൊങ്ങാനാവാത്ത വിധം നാശമായി. അതിന്റെ ഫൈബർ ഗ്ലാസിൽ തീർത്ത കോക്ക്പിറ്റ് പാടെ തകർന്നുപോയി.

ഹെലിപ്പാഡിലെ മാൻസിങിന്റെ പ്രകടനത്തെക്കുറിച്ചുള്ള വിവരം അറിഞ്ഞ് കോൺഗ്രസ് നേതാക്കൾ തങ്ങളുടെ മുഖ്യമന്ത്രിയെ സ്റ്റേജിൽ നിന്നിറക്കി സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി. മുഖ്യൻ മാറി രണ്ടു മിനിറ്റിനകം രാജാ മാൻസിങിന്റെ ജീപ്പ് സ്റ്റേജ് നിന്നേടത്തും എത്തി. അവിടെയും സംസാരം ഒന്നുമുണ്ടായില്ല. വണ്ടി നേരെ ചെന്ന് സ്റ്റേജിലും ഒരൊറ്റ ഇടിയായിരുന്നു. ആദ്യ ഇടിക്കുതന്നെ സ്റ്റേജ് നിലം പൊത്തി. മുഖ്യമന്ത്രിയെ മാറ്റിയില്ലായിരുന്നു എങ്കിൽ ആ ഇടയ്ക്ക് മുഖ്യനോടൊപ്പം ആയിരുന്നേനെ സ്റ്റേജ് നിലംപൊത്തിയിരിക്കുക. 

 

 

ലോക്കൽ പൊലീസിന് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി. ഒരു വശത്ത് അവർ ദൈവത്തെപ്പോലെ കാണുന്ന രാജാ മാൻസിങ്. മറുവശത്ത് സംസ്ഥാനത്തെ മുഖ്യമന്ത്രി. ആരോട് കൂറുകാണിക്കണം? പലർക്കും സംശയമായി. എന്തായാലും, വൈകുന്നേരത്തേക്ക് ദീഗ് പൊലീസ് സ്റ്റേഷനിൽ രാജാ മൻസിങിനെതിരെ രണ്ടു ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. അദ്ദേഹം ഏത് നിമിഷം വേണമെങ്കിലും അറസ്റ്റ് ചെയ്യപ്പെടാം എന്ന അവസ്ഥ വന്നു. 

തന്നെ പൊലീസ് അറസ്റ്റ് ചെയ്യുന്ന അവസ്ഥ ഒഴിവാക്കാൻ സ്റ്റേഷനിൽ ചെന്ന് കീഴടങ്ങാൻ തന്നെ രാജാ മാൻസിങ് തീരുമാനിച്ചു. അടുത്ത ദിവസം രാവിലെ തന്റെ അതേ WW II  ജോംഗാ ജീപ്പിൽ സ്റ്റേഷനിലേക്ക് പോകും വഴി, അനാർമണ്ഡിയിൽ വെച്ച്  ഡി‌എസ്‌പി കാൻ സിങ് ഭാട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി അവരുടെ മഹീന്ദ്രാ ജീപ്പിൽ എതിരെ വന്ന് അവരോട് നിർത്താൻ ആംഗ്യം കാണിച്ചു.  പൊതുജനമധ്യത്തിൽ വെച്ച് അറസ്റ്റു ചെയ്യപ്പെടുക എന്നത് രാജാ മാൻസിങിന് അചിന്ത്യമായ ഒരു കാര്യമായിരുന്നു. ഡി‌എസ്‌പി ഭാട്ടിയുടെ കൂടെയുള്ള പോലീസുകാർ എല്ലാവരും തന്നെ നിറതോക്കുകളുമായാണ് വന്നത്. അവർക്കു കിട്ടിയ നിർദേശം രാജാ മാൻസിങിനെ ജീവനോടെ പിടികൂടാൻ ആയിരുന്നില്ല. മരണം കണ്മുന്നിൽ വന്നു നിൽക്കുകയാണ് എന്ന് രാജാ മാൻ സിങ്ങും സംഘവും തിരിച്ചറിഞ്ഞു എങ്കിലും, അതിൽ നിന്ന് ഒളിച്ചോടാതെ അതിനെ നേരിടാൻ തന്നെ അവർ തീരുമാനിച്ചു. ഏതാനും നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം പൊലീസ് സംഘത്തിന്റെ ഭാഗത്തുനിന്ന് ചറപറാ വെടിയുണ്ടകൾ പുറപ്പെട്ടു. ഇരുന്ന ഇരുപ്പിന് ആ ജോംഗാ ജീപ്പിലെ സകലരെയും തുളച്ചുകൊണ്ട് വെടിയുണ്ടകൾ തുരുതുരാ കടന്നുപോയി. കീഴടങ്ങാൻ വേണ്ടി സ്റ്റേഷനിലേക്ക് പുറപ്പെട്ട രാജാ മാൻസിംഗും അദ്ദേഹത്തിന്റെ അനുയായികൾ ഹരി സിങ്ങും സുമേർ സിങ്ങും സ്റ്റേഷനിൽ നിന്ന് ഏതാനും കിലോമീറ്ററുകൾക്കപ്പുറമുള്ള മാർക്കറ്റ് റോഡിൽ വെടിയേറ്റ് ചത്തുമലച്ചു കിടന്നു. മൂന്നുപേരും അറുപതുവയസ്സിനുമേൽ പറയമുള്ളവരായിരുന്നു.

 

 

പൊലീസ് അവകാശപ്പെട്ടത് അറസ്റ്റു ചെയ്യാൻ ചെന്നപ്പോൾ തങ്ങളെ മാൻസിങ്ങും അനുയായികളും ചേർന്ന് ആക്രമിക്കുകയായിരുന്നു എന്നും പ്രാണരക്ഷാർത്ഥം തങ്ങൾ തിരികെ വെടിവെച്ചതാണ് എന്നുമായിരുന്നു. എന്നാൽ, ആ ആക്രമണം നടന്നത് തിരക്കുള്ള ഒരു ധാന്യ മാർക്കറ്റിന്റെ നടുവിലൂടെ കടന്നുപോകുന്ന റോഡിൽ വെച്ചായിരുന്നു. തങ്ങളുടെ കള്ളക്കഥ കോടതിയിൽ നിലനിർത്താൻ പൊലീസിന് സാധിച്ചില്ല. കേസിൽ നിരവധി സാക്ഷികൾ വിസ്തരിക്കപ്പെട്ടു. ആ എൻകൗണ്ടറിൽ പങ്കെടുത്ത പോലീസുകാർക്കെതിരെ കൊലപാതകക്കേസ് ചാർജ് ചെയ്യപ്പെട്ടു.

അതിനുശേഷം സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ നടന്നു. മുഖ്യമന്ത്രിയുടെ രാജിക്ക് വേണ്ടിയുള്ള മുറവിളികൾ ഉയർന്നു. ദിവസങ്ങൾ നീണ്ട സമരങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി ശിവ് ചരൺ മാഥുറിനെക്കൊണ്ട് രാജിവെപ്പിക്കേണ്ടി വന്നു കോൺഗ്രസിന്. അന്ന് ഹീരാലാൽ ദേവ്പുരാ ആണ് മാഥുറിനു പകരം മുഖ്യമന്ത്രി പദത്തിലേറിയത്. അന്ന് രാജസ്ഥാനെ പിടിച്ചു കുലുക്കിയ ആ കുപ്രസിദ്ധമായ കൊലപാതകക്കേസിനാണ് ഇന്ന് പൊലീസുകാർ കുറ്റക്കാരാണ് എന്ന വിധി വന്നിരിക്കുന്നത്. അന്ന് സ്ഥലം എംഎൽഎയെ പൊലീസുകാർ ചേർന്ന് കരുതിക്കൂട്ടി എൻകൗണ്ടർ ചെയ്ത് കൊല്ലുകയായിരുന്നു എന്നാണ് വിധിപ്രസ്താവത്തിൽ പറഞ്ഞിരിക്കുന്നത്.  

click me!